UPDATES

ഏതോ ‘ഒരു ശ്രീനിവാസന്‍’; വധേരയുടെ ‘കാര്യസ്ഥന്’ എഐസിസിയില്‍ എന്തുകാര്യം?

ആരാണ് ശ്രീനിവാസന്‍ എന്ന സുധീരന്റെ ചോദ്യം പ്രസക്തമാകുന്നതും രാഹുല്‍ അതിന് മറുപടി പറയേണ്ടി വരുന്നതും റോബര്‍ട്ട് വധേരയുടെ പേര് കൂടി ഇതിനിടയിലേക്ക് വരുന്നതിനാലാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കഴിഞ്ഞ രണ്ട് ദിവസമായി തലപുകഞ്ഞ് ആലോചിക്കുന്നത് ആരാണ് ശ്രീനിവാസന്‍ കൃഷ്ണനെന്നാണ്. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി മലയാളിയായ ശ്രീനിവാസനെ നിയോഗിച്ചുവെന്ന വാര്‍ത്ത വന്നപ്പോഴാണ് ഈയൊരു പേര് മലയാളികളുടെ കേട്ടത് തന്നെ. പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശ്രീനിവാസന്‍.

എ കെ ആന്റണിയ്ക്കും ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനും പി സി വിഷ്ണുനാഥിനും പിന്നാലെ കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സുപ്രധാന പദവിയിലെത്തിയ ശ്രീനിവാസന്‍ ആരാണെന്നത് തന്നെയാണ് ഇവിടുത്തെ പ്രധാന ചര്‍ച്ച. വി എം സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇതേക്കുറിച്ച് പരാതി പറഞ്ഞതും ഇതിനാല്‍ തന്നെയാണ്. കൊച്ചി കേന്ദ്രീകരിച്ച് ജീവിക്കുന്ന ബിസിനസുകാരനെ അപ്രതീക്ഷിതമായി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിച്ചത് എങ്ങനെയാണെന്ന് രാഹുല്‍ മാത്രമാണ് മറുപടി പറയേണ്ടത്. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീനിവാസനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇങ്ങനെയാണ്.

‘കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന സഹായികളില്‍ പ്രമുഖനായി നമ്മുടെ നേതാവ് എ. കെ. ആന്റണി നിലകൊള്ളുന്നു എന്നത് നമുക്കെല്ലാം അഭിമാനകരമാണ്.

ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുല്‍ജിയെ ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ സഹായകമായി ശ്രീ. കെ. സി. വേണുഗോപാലും ശ്രീ പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏല്‍പിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാല്‍ ഇപ്പോള്‍ ഒരു ശ്രീനിവാസന്‍ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്.

ആരാണീ ശ്രീനിവാസന്‍ എന്ന ചോദ്യമാണ് വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സില്‍ ഉയരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു?

ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ജിയെ അറിയിച്ചിട്ടുണ്ട്’. എന്നായിരുന്നു സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം താന്‍ തെലുങ്കാനയില്‍ ബൂത്ത് തലത്തില്‍ പോലും സമ്മതിയുള്ള നേതാവാണെന്നാണ് ശ്രീനിവാസന്‍ ഇന്ന് മനോരമ ന്യൂസിനോട് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ ജീവനക്കാരനായിരുന്നു ശ്രീനിവാസന്‍ എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന മറ്റൊരു വാര്‍ത്ത. വധേരയുടെ നാല് കമ്പനികളിലെ ഡയറക്ടര്‍ ആയിരുന്നു ശ്രീനിവാസന്‍. പിന്‍വാതില്‍ നിയമനമെന്ന് സുധീരന്‍ പറയുമ്പോഴും രാഹുലിന് മറുപടി പറയേണ്ടി വരുന്നത് വധേരയും ശ്രീനിവാസനും തമ്മിലുള്ള ബന്ധം കൊണ്ടാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് റോബര്‍ട്ട് വധേര എപ്പോഴും ചീത്തപ്പേര് മാത്രം സമ്പാദിച്ച് കൊടുക്കുന്ന മരുമകനാണ്. പ്രിയങ്ക ഗാന്ധിയ്ക്ക് പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാനാകാത്തതും വധേരയുടെ ‘ബിസിനസുകള്‍’ കാരണമാണെന്നത് ഇവിടുത്തെ പരസ്യമായ ഒരു രഹസ്യമാണ്. അതേസമയം പാര്‍ട്ടിയില്‍ എന്നും ഒരു പിടുത്തം തനിക്കുണ്ടാകേണ്ടത് വധേരയുടെ ആവശ്യമാണ്. ശ്രീനിവാസന്റെ നിയമനവും അത്തരത്തിലൊരു ബിസിനസ് കളിയായി കരുതേണ്ടി വരുന്നത് അതിനാലാണ്. ആരാണ് ശ്രീനിവാസന്‍ എന്ന സുധീരന്റെ ചോദ്യം പ്രസക്തമാകുന്നതും രാഹുല്‍ അതിന് മറുപടി പറയേണ്ടി വരുന്നതും റോബര്‍ട്ട് വധേരയുടെ പേര് കൂടി ഇതിനിടയിലേക്ക് വരുന്നതിനാലാണ്.

റോബര്‍ട്ട് വധേര- ജയ് ഷാ; ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിദമായ താരതമ്യങ്ങള്‍, വ്യത്യാസങ്ങളും

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍