UPDATES

വായന/സംസ്കാരം

വി.സി ഹാരിസിനെ ആരൊക്കെക്കൂടിയാണ് പിന്‍ബെഞ്ചിലേക്ക് തള്ളിയത്?

സ്‌നേഹത്തിന്റെയും ഫാഷിസ്റ്റ് വിരുദ്ധതയുടെയും സമരങ്ങളില്‍, അക്കാദമിക പാപ്പരത്തങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഒരു പുഴപോലെ ഒഴുകിയയാള്‍

കോട്ടയത്തു പ്രിയസുഹൃത്ത് വി.സി ഹാരിസിനെ അവസാനനോക്ക് കണ്ടു തിരിച്ചുപോരുമ്പോള്‍ ഏകാന്തത്തില്‍ തോന്നിയ ചിന്തകള്‍.

എം.ജി സര്‍വകലാശാലാ അധികൃതര്‍ ഹാരിസിനെ, ലെറ്റേഴ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നയുടന്‍ രണ്ടു ദിനമാണ്, സാമൂഹ്യമാധ്യമങ്ങള്‍ അതിനെതിരെ ഇളകിമറിഞ്ഞു. പലകാലങ്ങളിലായി പലരാലും പല സ്ഥാപനങ്ങളാലും പിന്‍ബെഞ്ചിലേക്കു തള്ളിമാറ്റിയ അവസ്ഥയില്‍നിന്ന് ഒരു ഫിനിക്‌സിനെപ്പോലെ ഹാരിസ് പറന്നുയര്‍ന്നത് പലരെയും അത്ഭുതപ്പെടുത്തി. ഒരു പക്ഷെ, കേരളത്തില്‍ ഇന്നു ജീവിക്കുന്ന മൂന്നോ നാലോ എഴുത്തുകാര്‍ക്ക്/സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കു മാത്രം കിട്ടുന്ന ഒരു ബഹുമതിയായിരിക്കുമിത്.

ഹാരിസിന്റെ ഇടപെടലുകളും ഉത്തരാധുനിക വ്യവഹാരങ്ങളും സര്‍ഗാത്മകമായിരുന്നു, അല്ലാതെ യന്ത്രികമായിരുന്നില്ല എന്നര്‍ത്ഥം. ഒരു ജൈവബുദ്ധിജീവി എന്ന നിലയ്ക്ക് ഹാരിസ്, അരികിലേക്ക് മാറ്റപ്പെട്ടവരോടും നവസാമൂഹിക വ്യവഹാരങ്ങളോടും പുലര്‍ത്തിയ കൂറ് ചെറുതല്ല. എല്ലാ തരക്കാരും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായി. ബുജികള്‍ ധൈഷണികവ്യവഹാരങ്ങളില്‍ മാത്രം കണ്ണ് നട്ടപ്പോള്‍, ഹാരിസ് വൈകാരികമായ ഒരു ബഹുലോകം തന്നെ പടുത്തുയര്‍ത്തി. ലോക രാഷ്ട്രീ ഗതി തിരിച്ചറിഞ്ഞ് സ്വത്വരാഷ്ട്രീയത്തിന്റെ അലകള്‍പോലും അയാളില്‍ നിന്നുണ്ടായി. എന്നിട്ടും, തരംകിട്ടിയപ്പോള്‍ ഹാരിസിനെ പിന്‍ബെഞ്ചിലേക്കു മറിച്ചിട്ടു. വര്‍ഗീയവാദി എന്ന് ചിലര്‍ ആരും കേള്‍ക്കാതെ ചെവികളിലൂടെ കൈമാറി. ഹാരിസിന്റെ പ്രതിഭയുടെ തിളക്കങ്ങള്‍ ജയിക്കാന്‍ അതല്ലാതെ മാര്‍ഗ്ഗമില്ലായിരുന്നു.

ഒരു ദശവര്‍ഷക്കാലം ഹാരിസിനെ അടുത്തറിയുന്ന ഒരു സുഹൃത്ത് എന്ന നിലയ്ക്കും അദ്ദേഹത്തിന്റെയും ലെറ്റേഴ്‌സിന്റെയും സാംസ്‌കാരിക-കലാ ആവിഷ്‌കാരങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കാളി എന്ന നിലയ്ക്കും മാഷിനെ കുതികാല്‍വെട്ടുന്നവരുടെ നിഴലുകളെ കാണാറായിട്ടുണ്ട്. തൊണ്ണൂറുകളില്‍, ദില്ലി രാജ്യാന്തര ഫെസ്റ്റിവലുകളില്‍ പോയിരുന്ന കാലം, ഓപ്പണ്‍ ഫോറം എന്നാല്‍ ഹാരിസായിരുന്നു. തിരുവന്തപുരത്ത്, രാജ്യാന്തര ഫെസ്റ്റ് ആരംഭിച്ചതുമുതല്‍ ഹരിസായിരുന്നു ഓപ്പണ്‍ഫോറത്തില്‍ വാഗ്പ്രമാണി. പിന്നെ എപ്പോഴാണ് അദ്ദേഹം പോലുമറിയാതെ അയാള്‍ക്ക് നിഴല്‍വെടിയേറ്റത്. ഹാരിസ് വരള്‍ച്ച ബാധിച്ച ധൈഷണിക മസ്തിഷ്‌കത്തിന്റെ ഉടമയല്ലായിരുന്നു. മികച്ച അധ്യാപകന്‍, എഴുത്തുകാരന്‍, ഉത്തരാധുനിക വ്യവഹാരങ്ങള്‍ മലയാളത്തിലേക്ക് ഒഴുക്കിവിട്ടയാള്‍, ഗവേഷകന്‍, പ്രഭാഷകന്‍, പരിഭാഷകന്‍ അതിലുപരി തീയേറ്ററിലും ചലച്ചിത്രത്തിലും എല്ലാ യാത്ഥാര്‍ത്തത്തിലും ആവിഷ്‌കാരങ്ങളുടെ കാര്‍ണിവല്‍ വരച്ചിട്ടയാള്‍. പുതിയ ലോകത്തിന്റെ പ്രമാണങ്ങള്‍ ഒന്നൊന്നായി അദ്ദേഹം സര്‍ഗ്ഗചിതയുടെ അവനാഴിയില്‍നിന്നു കെട്ടഴിച്ചുവിട്ടു. സ്‌നേഹത്തിന്റെയും ഫാഷിസ്റ്റ് വിരുദ്ധതയുടെയും സമരങ്ങളില്‍, അക്കാദമിക പാപ്പരത്തങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഒരു പുഴപോലെ ഒഴുകിയയാള്‍. ഹാരിസ് ഒറ്റയാനായിരുന്നില്ല, എന്നും ഒരു മനുഷ്യത്വത്തിന്റെ ബഹുദളങ്ങളായിരുന്നു.

90 കളിലെ ഹാരിസായിരുന്നെങ്കില്‍ എപ്പഴേ വിസി ആയേനെ- കവി അന്‍വര്‍ അലി ഓര്‍ക്കുന്നു

എന്നിട്ടും, എല്ലാവരും തന്നെ ഉപേക്ഷിക്കുകയാണെന്നറിഞ്ഞ്, ക്രാപ്പിന്റെ ടേപ്പും മാര്‍ക്‌സ് നാടകവും അയാള്‍ ഒറ്റയ്ക്കാടിത്തീര്‍ത്തു. അയാള്‍ തന്റെ കടമ നിര്‍വഹിച്ചു, തന്റെ ചലഞ്ച് സമൂഹത്തെ അറിയിച്ചു. എത്ര പേര്‍ക്കറിയാം, സ്വന്തം ആത്മകഥ കൂടിയാണ് ഹാരിസ് ഇത്തരം ആവിഷ്‌കാരങ്ങളിലൂടെ ആടിത്തീര്‍ത്തതെന്ന്; ഫാഷിസ്റ്റ് അക്കാദമിസത്തിനെതിരെ മുന്നണിപ്പോരാളിയായ ഹാരിസിനെ. അനന്തമൂര്‍ത്തി, ശങ്കരപ്പിള്ള, രാജന്‍ ഗുരുക്കള്‍, എം.ഗംഗാധരന്‍, പി. ബാലചന്ദ്രന്‍, വിനയചന്ദ്രന്‍, സനല്‍മോഹന്‍, രാമകൃഷ്ണന്‍… ഇങ്ങനെയിങ്ങനെ എന്നിവരോടൊപ്പം തന്റെ ഹൃദരക്തം കൊണ്ട് മഹത്തായ ഒരു സര്‍വകലാശാലയെ പണിയിച്ചെടുത്ത ഹാരിസിന് അവസാനം ‘സ്ഥാപനം’ കൊടുത്ത പണിയെന്താ? എത്രയെത്രപേര്‍ ഹാരിസിനെ പിന്‍ബെഞ്ചിലേക്കു പിടിച്ചുവലിച്ചു? എന്നിട്ടും വയലാര്‍ എഴുതിയപോലെ, ‘ശകുന്തള മാത്രം മരിച്ചില്ല’. കുതികാല്‍ വെട്ടിയവര്‍, സ്ഥാപനങ്ങള്‍, അക്കാദമികള്‍ ഭരിച്ചു. മറ്റെന്തുണ്ടായി?

വി സി ഹാരിസ് ‘ആത്മകഥ’ പറയുന്നു

അവസാന ശ്വാസംവരെ തന്റെ ലോകത്തുനിന്നുകൊണ്ട് പഴയ മാമൂല്‍ ലോകങ്ങളെ റദ്ദുചെയ്യുകയായിരുന്നു ഹാരിസ്. ഒരു സംഘടിത മതത്തിന്റെയോ, പാര്‍ട്ടിയുടേയോ ആളായില്ല അദ്ദേഹം. അങ്ങനെയായിരുന്നെങ്കില്‍, കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മറപറ്റി അക്കാദമിക ലോകത്തെ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഡൊണാള്‍ഡ് ട്രംപ് ആകാമായിരുന്നു അയാള്‍ക്ക്. അതൊന്നുമല്ലായിരുന്നു അയാള്‍ ആഗ്രഹിച്ചത്. അതറിയാത്ത, എല്ലാമറിയുന്നു എന്ന് നടിക്കുന്ന അവസരവാദബുദ്ധിജീവി/ജീവിത ലോകത്തിന്റെ ചങ്കില്‍ കത്തി വെക്കുകയായിരുന്നു ഹാരിസ്; അതാണ്, വി.സി ഹാരിസ്.

(ഉമര്‍ തറമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

ഡോ. ഉമര്‍ തറമേല്‍

ഡോ. ഉമര്‍ തറമേല്‍

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍