UPDATES

ട്രെന്‍ഡിങ്ങ്

ആരായിരിക്കും റാം റഹിമിന്റെ പിന്‍ഗാമി?

റാം റഹിമിന്റെ പിന്‍ഗാമിയായിരിക്കും കോടികളുടെ ആസ്തിയുള്ള ദേര സച്ച സൗദയുടെ അടുത്ത അവകാശി

ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ മേധാവിയും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിമിനെ പഞ്ച്ഗുളയിലെ പ്രത്യേക സിബിഐ കോടതി പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതോടെ ഇയാളുടെ പിന്‍ഗാമി ആരായിരിക്കുമെന്ന ചോദ്യവും ശക്തമായിരിക്കുകയാണ്. മകന്‍ ജസ്മീത് സിംഗ്, ദത്ത് പുത്രി ഹണിപ്രീത്, ദേര ചെയര്‍പേഴ്‌സണ്‍ വിപാസന എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. റാം റഹിമിന്റെ പിന്‍ഗാമിയായിരിക്കും കോടികളുടെ ആസ്തിയുള്ള ദേര സച്ച സൗദയുടെ അടുത്ത അവകാശി. അതിനാല്‍ തന്നെ അനന്തരാവകാശിയാകുന്നതിനായി ആള്‍ദൈവത്തിന്റെ വീട്ടില്‍ തന്നെ കലാപം ഉയരുമെന്ന് ഉറപ്പാണ്.

2007ല്‍ രണ്ട് സന്യാസിനിമാരെ പീഡിപ്പിച്ച കേസില്‍ പ്രതിയാക്കപ്പെട്ടപ്പോള്‍ റാം റഹിം തന്റെ മകനെയാണ് പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. 1948ല്‍ ആത്മീയ സാമൂഹിക ഉന്നമന ലക്ഷ്യങ്ങളോടെ ഷാ മസ്താന ബലോചിസ്ഥാനി ആരംഭിച്ച ദേര സച്ച സൗദയില്‍ രക്തബന്ധത്തിന്റെ പേരില്‍ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വ്യക്തിയാണ് ജസ്മീത്. 1960ല്‍ ഷാ മസ്താന തന്റെ പിന്‍ഗാമിയായി ഷാ സത്‌നം സിംഗിനെ പ്രഖ്യാപിച്ചു. 1990ല്‍ അദ്ദേഹം തന്റെ പിന്‍ഗാമിയായി റാം റഹിമിനെയും പ്രഖ്യാപിച്ചു.

റാം റഹിം ദേരയുടെ അധിപതിയായതോടെയാണ് ഹരിയാനയിലും പഞ്ചാബിലുമായി ഈ സംഘടനയുടെ ആസ്തി വര്‍ദ്ധിച്ചത്. അതോടെ ദേരയുടെ സ്വത്തുക്കള്‍ റാം റഹിം തന്റെ കുടുംബ സ്വത്ത എന്നതുപോലെയാണ് കൈകാര്യം ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജസ്മീതിന് ചുമതലയേല്‍ക്കാന്‍ ആയില്ല.

2009ലാണ് റാം റഹിം ഹണിപ്രീതിനെ ദത്തെടുക്കുകയും മൂന്നാമത്തെ മകളായി പ്രഖ്യാപിക്കുകയും ചെയ്തത്. പ്രിയങ്ക തനേജയെന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ഘരൗണ്ട എംഎല്‍എയായിരുന്ന റുലിയ റാം ഗുപ്തയുടെ മകന്‍ വിശ്വാസ് ഗുപ്തയുടെ ഭാര്യയായിരുന്നു അപ്പോള്‍ ഇവര്‍. 1999ല്‍ റാം റഹിമിന്റെ സാന്നിധ്യത്തിലാണ് പ്രിയങ്കയും വിശ്വാസും വിവാഹിതരായത്. ഷാ സത്‌നം സിംഗിന്റെ കാലത്ത് ഒരു ദേര അനുയായിരുന്നു റുലിയ. ഹണിപ്രീതും റാം റഹിമും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് പഞ്ചാബ്, ഹരിയാന കോടതിയെ സമീപിച്ചിരുന്നു. അതോടെയാണ് റാം റഹിം ഹണിപ്രീതിനെ മകളായി പ്രഖ്യാപിച്ചത്. പ്രിയങ്കയും വിശ്വാസും അതോടെ തെറ്റിപ്പിരിയുകയും ഇയാള്‍ പിന്നീട് ദേരയോട് മാപ്പ് ചോദിക്കുകയും ചെയ്തു. ദേരയുടെ ഒരു വിഭാഗം ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നത് ഇപ്പോള്‍ വിശ്വാസ് ആണ്.

സോഷ്യല്‍ മീഡിയയില്‍ ഹണിപ്രീത് സ്വയം വിളിക്കുന്നത് പപ്പയുടെ മാലഖയെന്നാണ്. റാം റഹിമിനൊപ്പം എംഎസ്ജി സീരീസ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഹണിപ്രീത് എംഎസ്ജി-2ല്‍ റാം റഹിമിന്റെ മകളായി അഭിനയിക്കുകയും ചെയ്തു. വാരിയര്‍ ലയണ്‍ ഹേര്‍ട്ട്, ഹിന്ദ് ക നപക് കോ ജവാബ്, ജത്തു എന്‍ജിനിയര്‍ എന്നീ ചിത്രങ്ങളും ഹണിപ്രീത് സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കെല്ലാം ഹരിയാന സര്‍ക്കാര്‍ നികുതി ഇളവ് അനുവദിച്ചിരുന്നു.

റാം റഹിമിന്റെ വിശ്വസ്തയെന്ന നിലയിലും ഹണിപ്രീത് ദേരയുടെ ചുമതല ഏറ്റെടുക്കാനാണ് സാധ്യത. മുമ്പ് ദേരയുടെ പിന്‍ഗാമിയായി രക്തബന്ധത്തിലുള്ളവര്‍ വന്നിട്ടില്ലെന്നതും ഇവര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ഇപ്പോഴത്തെ ദേര ചെയര്‍പേഴ്‌സണ്‍ വിപാസ്സനയില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ഇവര്‍ക്ക് നേരിടേണ്ടി വരിക.

സന്യാസ പാരമ്പര്യവും തൊഴിലും റാം റഹിമിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും സാധ്യതയുള്ളത് വിപാസനയാണ്. ഗുര്‍മീത് കഴിഞ്ഞാല്‍ ദേരയില്‍ രണ്ടാം സ്ഥാനം 35കാരിയായ വിപാസനയ്ക്കാണ്. ദേരയെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളുമെടുക്കാനുള്ള അനുമതി റാം റഹിം നല്‍കിയിരിക്കുന്നത് ഇവര്‍ക്കാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവരാണ് അക്ഷരാര്‍ത്ഥത്തില്‍ ദേര ഭരിക്കുന്നത്. പിന്‍ഗാമിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോഴാണ് വിപാസന ചെയര്‍പേഴ്‌സണായി ചുമതലയേറ്റതും. അതിനാല്‍ തന്നെ ദേരയിലെ ഭൂരിഭാഗം അനുയായികളും വിശ്വസിക്കുന്നത് ഇവരായിരിക്കും റാം റഹിമിന്റെ പിന്‍ഗാമിയെന്നാണ്.

റാം റഹിം കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചപ്പോഴുണ്ടായ കലാപം അവസാനിപ്പിക്കണമെന്നും ശാന്തത പാലിക്കണമെന്നും ആവശ്യപ്പെട്ടത് വിപാസനയാണ്. ഏകദേശം 700 ഏക്കറിലാണ് സിര്‍സയിലെ ദേരയുടെ ആസ്ഥാന ആശ്രമം സ്ഥിതിചെയ്യുന്നത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, സ്റ്റേഡിയം, മറ്റ് വസ്തുക്കള്‍ എന്നിവയും ഇവിടെയുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലും ദേരയ്ക്ക് ആശ്രമങ്ങളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍