UPDATES

ട്രെന്‍ഡിങ്ങ്

ദേരെ സച്ചാ സൗദ: ഗുര്‍മീത് സിംഗിന്റെ ഭാര്യ എവിടെ?

ഗുര്‍മീത് സിംഗിന്റെ ഭാര്യയെ ഒരിക്കലും പൊതുചടങ്ങുകളില്‍ കണ്ടിട്ടില്ലെന്ന് ദേരയുടെ സിര്‍സ ആസ്ഥാനത്തുള്ള വിശ്വാസികള്‍.

ബലാല്‍സംഗ കുറ്റത്തിന് ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് സിംഗിനെ 20 വര്‍ഷം കഠിനതടവിന് സിബിഐ കോടതി ശിക്ഷിച്ചതോടെ സംഘടനയുടെയും അതിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തിന്റെയും പിന്തുടര്‍ച്ചാവകാശം ആര്‍ക്കായിരിക്കും എതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതും ദേരയുടെ അധ്യക്ഷ വിപാസന ഇന്‍സാനും തമ്മില്‍ ഇക്കാര്യത്തില്‍ പോരാട്ടം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഗുര്‍മീതിന്റെ ഭാര്യ എവിടെ എന്ന് ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഗുര്‍മീതിന്റെ ഭാര്യയും അയാളുടെ മൂന്ന് മക്കളുടെ അമ്മയുമായ ഹര്‍ജീത് കൗറിനെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ഇപ്പോള്‍ കൗതുകം പകരുന്നത്. ഇവര്‍ ഒരിക്കലും പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അവര്‍ വെള്ളിവെളിച്ചത്തില്‍ പ്രത്യേക്ഷപ്പെടാന്‍ ഇഷ്ടപ്പെടാത്തതാണോ അതോ അവരെ മാറ്റിനിറുത്താന്‍ ബോധപൂര്‍വം ആരെങ്കിലും ശ്രമിക്കുന്നതാണോ എന്ന് വ്യക്തമല്ല. ദേരയുടെ പൊതുചടങ്ങുകളില്‍ ഹര്‍ജീത് പലപ്പോഴും പങ്കെടുക്കാറുണ്ട് എന്നാണ് ചില അനുയായികള്‍ പറയുന്നതെങ്കില്‍ അവരെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും കണ്ടിട്ടില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗുര്‍മീത് സ്‌കൂള്‍ പഠനം ഉപേക്ഷിക്കുകയും ഹര്‍ജീത് കൗറിനെ വിവാഹം കഴിക്കുകയുമായിരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് ദമ്പതികള്‍ക്കുള്ളത്. അമര്‍പ്രീത്, ചരപ്രീത് എന്നീ പെണ്‍മക്കളും ജസ്മീത് സിംഗ് എന്ന പുത്രനും. ഇവരെ കൂടാതെയാണ് 2009 ല്‍ പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തത്. മക്കളില്‍ ഗുര്‍മീതുമായി ഏറ്റവും അടുപ്പം ദത്തുപുത്രിക്കായിരുന്നു. ഹര്‍ജീത് കൗര്‍ ദേരയ്ക്ക് ഉള്ളില്‍ തന്നെയാണ് താമസിക്കുന്നതെങ്കിലും അവിടുത്തെ അന്തേവാസികള്‍ക്ക് പോലും വളരെ അപൂര്‍വമായി മാത്രമേ അവരെ കാണാന്‍ സാധിക്കുവെണ് ചില വിശ്വാസികള്‍ പറയുന്നത്.

സാധാരണ വിശ്വാസികള്‍ ധരിക്കുന്ന ലളിത വസ്ത്രങ്ങള്‍ ധരിച്ച് അവരോടൊപ്പം ഇരിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ അനുയായികള്‍ പറയുന്നു. ഇതുകൊണ്ടുതന്നെ ഭൂരിപക്ഷം ദേര വിശ്വാസികള്‍ക്കും അവരെ തിരിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ല. എന്നാല്‍ അവര്‍ പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ദേരയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്യുന്നുവെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. എന്നാല്‍ അവര്‍ എവിടെയാണുള്ളതെതിനെ കുറിച്ചു ദേര സംഘടനയില്‍ അവര്‍ നിര്‍വഹിക്കുന്ന ചുമതലയെ കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഗുര്‍മീതിന്റെ ശിക്ഷയെ കുറിച്ച് പ്രതികരിക്കാന്‍ അവരോ മക്കളോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍