UPDATES

ട്രെന്‍ഡിങ്ങ്

പിണറായിക്ക് കാക്കിയിട്ട തെരുവു ഗുണ്ട, വിഎസിന് ഭ്രാന്തന്‍ നായ; ആരാണ് യതീഷ് ചന്ദ്ര?

കോടതി വിധിയുടെ പേരില്‍ എങ്ങനെയാണ് പോലീസിന് സമരക്കാരെ തല്ലിച്ചതയ്ക്കാനുള്ള അധികാരം ലഭിക്കുന്നതെന്നതാണ് ഇവിടെയുയരുന്ന ചോദ്യം

പ്രതിഷേധങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും നടുവിലേക്ക് സ്വയം ഇറങ്ങിച്ചെന്ന് അവയെ അടിച്ചൊതുക്കുന്നതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ യതീഷ് ചന്ദ്ര എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരായ ജനകീയ സമരത്തെ ക്രൂരമായി അടിച്ചൊതുക്കുന്നതിന് നേതൃത്വം നല്‍കിയ യതീഷ് ചന്ദ്രയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഉയരുന്നത്. ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, കാക്കിയിട്ട തെരുവു ഗുണ്ടയെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ച യതീഷ് ചന്ദ്ര തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പുതുവൈപ്പിന്‍ സമരത്തെ അടിച്ചൊതുക്കുന്നതെന്നത് യാദൃശ്ചികതയാകാം.

2015-ല്‍ ആലുവ റൂറല്‍ എസ്പിയായിരിക്കെ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിന് നേരെ അങ്കമാലിയില്‍ വച്ച് നടപടിയെടുത്തപ്പോഴാണ് പിണറായി ഇദ്ദേഹത്തെ തെരുവുഗുണ്ടയോട് ഉപമിച്ചത്. യതീഷ് ചന്ദ്ര പെരുമാറുന്നത് ഒരു ഭ്രാന്തന്‍ നായയെപ്പോലെയാണെന്നാണ് അന്ന് മുതിര്‍ന്ന സിപിഎം നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നത്. എല്‍ഡിഎഫ് ഉപരോധ സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി തെരുവിലുണ്ടായിരുന്ന വൃദ്ധന്മാരെയും തല്ലിച്ചതച്ചപ്പോഴാണ് ഇദ്ദേഹം വിമര്‍ശന വിധേയനായത്. ഹര്‍ത്താലിനിടെ എസ് പി നേരിട്ടിറങ്ങി ആളുകളെ വിരട്ടിയോടിക്കുകയായിരുന്നു. സിപിഎം ഏരിയ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റും വനിതകള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പോലീസ് മര്‍ദ്ദനമേറ്റു വാങ്ങിയതോടെ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കള്‍ ഒന്നടങ്കം ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ആലുവ റൂറല്‍ എസ്പി സ്ഥാനത്തു നിന്നും മാറ്റണമെന്നായിരുന്നു അന്ന് ഉയര്‍ന്ന മുഖ്യ ആവശ്യം.

പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അധികാരമേറ്റതോടെ ഇദ്ദേഹത്തെ കേരളത്തിന്റെ ഏതെങ്കിലും മൂലയിലേക്ക് ‘തട്ടുമെ’ന്ന് പ്രതീക്ഷിച്ചവര്‍ക്കേറ്റ തട്ടായിരുന്നു കൊച്ചി ഡിസിപിയായുള്ള യതീഷ് ചന്ദ്രയുടെ നിയമനം. അതേസമയം കൊച്ചിയിലെ അന്താരാഷ്ട്ര ബന്ധം പോലുമുള്ള ക്രിമിനലുകളെ ഒതുക്കാന്‍ യതീഷ് ചന്ദ്രയെ പോലൊരു ഉദ്യോഗസ്ഥന് സാധിക്കുമെന്നും വിലയിരുത്തലുകളുണ്ടായി. മുമ്പ് വടകരയില്‍ എഎസ്പിയായിരുന്നപ്പോള്‍ നടത്തിയ കുഴല്‍പ്പണ വേട്ടയും ഓപ്പറേഷന്‍ കുബേരയുമെല്ലാം സമര്‍ത്ഥനായ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പേര് ഇദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.

കൊച്ചിയില്‍ ചുമതലയേറ്റ ശേഷവും യതീഷ് ചന്ദ്രയുടെ പേരിലുണ്ടാകുന്ന വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചതിന് ഒരു യുവതി ഇദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തുകയും നിയമം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ചാനലുകളുടെ ക്യാമറകള്‍ക്ക് മുന്നില്‍ നടന്ന വിചാരണ അന്ന് അദ്ദേഹം തരണം ചെയ്തത് സമചിത്തതയോടെയും കൗശലത്തോടെയുമുള്ള പെരുമാറ്റത്തിലൂടെയാണ്. കുറ്റം മുഴുവന്‍ തന്റെ ഡ്രൈവറില്‍ കെട്ടിവച്ച് തെറ്റ് ചൂണ്ടിക്കാട്ടാന്‍ യുവതി കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയും ചെയ്ത് ഡിസിപി അന്ന് തലയൂരുകയായിരുന്നു.

എന്നാല്‍ പുതുവൈപ്പിനില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് യതീഷ് ചന്ദ്ര എന്ത് വിശദീകരണം നല്‍കിയാലും മതിയാകില്ലെന്ന അവസ്ഥയാണുള്ളത്. അങ്കമാലിയില്‍ വൃദ്ധനായിരുന്നു ഇയാളുടെ ഇരയെങ്കില്‍ പുതുവൈപ്പിനില്‍ വൃഷണം ഉടയ്ക്കപ്പെട്ട പൊതുപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ആണ്. അങ്കമാലിയിലെ ഇയാളുടെ പ്രവര്‍ത്തികള്‍ക്ക് അനുകൂലവും പ്രതികൂലവുമായ വിലയിരുത്തലുകള്‍ ഉണ്ടായി. ആരാധകര്‍ ആലുവ റൂറല്‍ എസ്പിയുടെ പേരില്‍ ഫേസ്ബുക്ക് പേജും തുടങ്ങി. എന്നാല്‍ പുതുവൈപ്പിനില്‍ കേരള സമൂഹം ഒറ്റക്കെട്ടായി ഈ പോലീസ് ഉദ്യോഗസ്ഥന് എതിരാണ്. കാരണം ഐഒസി പ്ലാന്റ് സൃഷ്ടിച്ചേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന ജനങ്ങളെയാണ് ഇവിടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള അതിക്രമമായാണ് വിലയിരുത്തപ്പെടുന്നതും.

കോടതി വിധി അനുസരിച്ച് ഐഒസി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന്റെ സംരക്ഷണം വേണം. പക്ഷെ ഈ കോടതി വിധിയുടെ പേരില്‍ എങ്ങനെയാണ് പോലീസിന് സമരക്കാരെ തല്ലിച്ചതയ്ക്കാനുള്ള അധികാരം ലഭിക്കുന്നതെന്നതാണ് ഇവിടെയുയരുന്ന ചോദ്യം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പോലീസ് ജീവനും ജീവിതത്തിനും മേലുള്ള ആശങ്കയോടെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്നതാണ് പലരെയും രോഷാകുലരാക്കുന്നത്. ജനങ്ങളുടെ ആശങ്കയും ആവശ്യങ്ങളും കണക്കിലെടുക്കാതെ ഒരു ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഐഒസി കമ്പനിയുടെ ഗുണ്ടയെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ് ആരോപണം. സമരക്കാരെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിയാതെ പോകുന്നത് ആ ഗുണ്ടാ മനോഭാവം ഉള്ളിലുള്ളതുകൊണ്ടല്ലേ എന്ന ചോദ്യവും ഉയരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍