UPDATES

ട്രെന്‍ഡിങ്ങ്

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകളെന്തെല്ലാം?

കോടികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് ബാലഭാസ്‌കറിനെ ആരെങ്കിലും വലിച്ചിഴച്ചതാണോയെന്ന ചോദ്യവും ഉയരുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ചത് കേരള സമൂഹത്തിന് സമീപകാലത്തുണ്ടായ നികത്താനാകാത്ത നഷ്ടമാണ്. അപകടത്തില്‍ തല്‍ക്ഷണം മരിച്ച രണ്ടര വയസ്സുകാരി മകള്‍ തേജസ്വിനി ബാല നമുക്കെല്ലാം എന്നും നൊമ്പരമായിരിക്കുകയും ചെയ്യും. മകള്‍ മരിച്ച് ദിവസങ്ങള്‍ക്കകം ആശുപത്രിയിലാണ് ബാലഭാസ്‌കര്‍ മരിച്ചത്. ഭാര്യ ലക്ഷ്മി ആശുപത്രി വിട്ടിട്ട് അധികമായില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം സംഭവിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ സെപ്തംബര്‍ 25നുണ്ടായ അപകടത്തെക്കുറിച്ച് വിവാദങ്ങളും ഉയരുകയാണ്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ പള്ളിപ്പുറത്ത് വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഹൈവേ പോലീസെത്തി ഇവരെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞിരുന്നു. അപകട സമയത്ത് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. എന്നാല്‍ ലക്ഷ്മി നല്‍കിയ മൊഴി അനുസരിച്ച് അര്‍ജ്ജുന്‍ ആണ് കാര്‍ ഓടിച്ചത്. ഈ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്.

ബാലഭാസ്‌കറും കുടുംബവും തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ഇത് ഉപേക്ഷിച്ച് പതിവില്ലാത്ത രാത്രി യാത്രയ്ക്ക് തയ്യാറെടുത്തതിലെ കാരണമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു സംശയം. ഏറെ കാലമായി പിതാവിനോട് അകന്നു കഴിഞ്ഞിരുന്ന ബാലഭാസ്‌കര്‍ വീണ്ടും കുടുംബവുമായി അടുത്തതിന് പിന്നാലെയാണ് അപകടമെന്നതും കുടുംബത്തെ അന്വേഷണം ആവശ്യപ്പെടാന്‍ നിര്‍ബന്ധിപ്പിക്കുന്നു.

പാലക്കാടുള്ള ഒരു ആയുര്‍വേദ ആശുപത്രിയാണ് ബാലഭാസ്‌കറിനും കുടുംബത്തിനുമൊപ്പം അര്‍ജ്ജുനെ അയച്ചത്. ഈ ആയുര്‍വേദ ആശുപത്രിയുമായി ബാലയ്ക്കുള്ള സാമ്പത്തിക ഇടപാടുകളാണ് സംശയത്തിന്റെ മറ്റൊരു കാരണം. പത്ത് വര്‍ഷമായി ഇവിടുത്തെ ഡോക്ടറുമായി ബാലഭാസ്‌കറിന് ബന്ധമുണ്ട്. ഒരു പ്രോഗ്രാമിനിടെയുണ്ടായ അടുപ്പം സാമ്പത്തിക ഇടപാടുകളിലേക്കും നീങ്ങുകയായിരുന്നു. അന്ന് അദ്ദേഹം ബാലഭാസ്‌ക്കറിന് ഒരു വജ്രമോതിരം സമ്മാനിക്കുകയുണ്ടായി എന്ന് മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹവുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കാര്‍ ഡ്രൈവര്‍ അര്‍ജ്ജുന്‍ ഡോക്ടറുടെ ബന്ധുവാണ് എന്നതും വീട്ടുകാരെ സംശയത്തിലാഴ്ത്തുന്നു.

ലക്ഷ്മിയുടെ അഭിപ്രായവും തേടിയ ശേഷമാണ് ഉണ്ണി പരാതി നല്‍കിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇതിന്റെ ഗൗരവം കുറച്ചുകാണാനാകില്ല. ഒട്ടനവധി ചോദ്യങ്ങള്‍ക്കാണ് പോലീസ് ഉത്തരം കണ്ടെത്തേണ്ടതും. ഈ ദുരൂഹതകള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടത് കൃത്യമായി അന്വേഷണം നടത്തി തന്നെയാകണം. പതിവില്ലാത്ത ആ രാത്രി യാത്രയുടെ കാരണമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടെത്തേണ്ടത്. തങ്ങാന്‍ മുറിയെടുത്തിട്ട് പോലും എന്തുകൊണ്ടാണ് രാത്രി യാത്രയ്ക്ക് പുറപ്പെട്ടത്? ആയുര്‍വേദ ഡോക്ടര്‍ക്ക് കോടികളുടെ വായ്പ തരപ്പെടുത്തിക്കൊടുത്തത് ബാലഭാസ്‌കറാണ്. ആ ആശുപത്രിയില്‍ പണം നിക്ഷേപിക്കുകയും വികസനകാര്യങ്ങളില്‍ സഹായിക്കുകയും ചെയ്തു. ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടുകളെന്തെല്ലാമാണെന്നതിനാണ് പോലീസ് പിന്നീട് ഉത്തരം കണ്ടെത്തേണ്ടത്. ആരാണ് അര്‍ജ്ജുന്‍ എന്നതാണ് മറ്റൊരു ചോദ്യം. ആയുര്‍വേദ ഡോക്ടറുടെ സഹോദരിയുടെ മകനാണ് ഇയാള്‍. ബാലഭാസ്‌കറാണ് വാഹനമോടിച്ചിരുന്നതെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ ലക്ഷ്മി പറഞ്ഞത് അര്‍ജ്ജുന്‍ ആണെന്നാണ്. എന്തുകൊണ്ടാണ് ഈ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായത്. അര്‍ജ്ജുന് ഗുരുതരമായ പരിക്ക് ഏറ്റിരുന്നുമില്ല. അര്‍ജ്ജുന്റെ സ്വഭാവവും പശ്ചാത്തലവും അന്വേഷിക്കേണ്ടതാണ്.

വടക്കുംനാഥ ക്ഷേത്രത്തിലെ നേര്‍ച്ച നടത്താനാണ് ബാലഭാസ്‌കറും കുടുംബവും തൃശൂരിലെത്തിയത്. എന്നാല്‍ ബാലയോ ഭാര്യയോ നേരാതിരുന്ന നേര്‍ച്ച നടത്തിയത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇങ്ങനെയൊരു നേര്‍ച്ച ഇവര്‍ നേര്‍ന്നതായി അറിയില്ല. കോടികളുടെ സാമ്പത്തിക ഇടപാടുകളിലേക്ക് ബാലഭാസ്‌കറിനെ ആരെങ്കിലും വലിച്ചിഴച്ചതാണോയെന്ന ചോദ്യവും ഉയരുന്നു. ബാലഭാസ്‌കറിന്റെ അച്ഛനെ വീട്ടിലെത്തി മൂന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. ഈ യുവാക്കള്‍ ആരാണ്?

അര്‍ജുന്റെ മൊഴി വീണ്ടുമെടുക്കാന്‍ തീരുമാനിച്ചതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി പറയുന്നു. എന്നാല്‍ ആദ്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് കൃത്യമായി ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്തത് പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് തടസമാണ്.

‘പുഞ്ചിരിച്ച് കൊണ്ട് അയാള്‍ വലതു കൈ എന്റെ നേരെ നീട്ടി..’ ബാലഭാസ്‌കറിനെക്കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ്‌

എന്റെ ബാലൂ.. പിണക്കം മാറുമ്പോ നീ വിളിക്ക്.. അപ്പൊ നമുക്ക് ബാലലീലയില്‍ നമ്മടെ ജാനിക്കൊപ്പം കൂടാം..

ആ വയലിന്‍ നെഞ്ചോട് ചേര്‍ത്തു ബാലഭാസ്കര്‍ വിട ചൊല്ലി

‘എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ?’ ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി വയലിനില്‍ താരാട്ട് പാടുന്ന ബാലഭാസ്‌ക്കര്‍/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍