UPDATES

ട്രെന്‍ഡിങ്ങ്

ലിഗയുടെ മൃതദേഹം കണ്ടെത്താന്‍ കേരളപോലീസ് ഒരുമാസമെടുത്തപ്പോള്‍ അമേരിക്കന്‍ പോലീസ് ചെയ്തത് എന്താണ്?

ഭാര്യയെ കാണാത്തതിലെ മാനസിക വിഷമത്തിലിരുന്ന ഒരു യുവാവിനെ മാനസിക രോഗിയായി ചിത്രീകരിക്കുകയായിരുന്നു കേരള പോലീസ്‌

കോവളത്തിനടുത്ത് ചെന്തിലാക്കരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അയര്‍ലന്‍ഡ് സ്വദേശി ലിഗ സ്‌ക്രോമേന് വേണ്ടി കേരള പോലീസ് എന്ത് ചെയ്തുവെന്ന ചോദ്യം ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. ലിഗയുടെ സഹോദരി തന്നെയാണ് കേരള പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം ഉന്നയിക്കുന്നത്. ഒരുമാസം മുമ്പ് കാണാതായ സഹോദരിയ്ക്ക് വേണ്ടി ഇലീസ് സ്‌ക്രോമേനും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനും കേരളത്തിലങ്ങോളമിങ്ങോളം ചിത്രം പതിച്ച പോസ്റ്ററുകളും സമ്മാനതുക പ്രഖ്യാപിക്കലും നടത്തിക്കൊണ്ടിരിക്കെയാണ് ലിഗയുടെ മൃതദേഹം കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെടുത്തത്. അതും പോലീസിന്റെ മിടുക്കല്ല, പകരം ചൂണ്ടയിടാന്‍ ആ പ്രദേശത്തെത്തിയ ഏതാനും ചെറുപ്പക്കാര്‍ മൃതദേഹത്തെക്കുറിച്ച് നല്‍കിയ അറിയിപ്പില്‍ പോലീസ് അവിടെ എത്തുക മാത്രമായിരുന്നു.

കോവളത്താണ് ലിഗയെ അവസാനം കണ്ടതെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായിട്ടും കോവളം പോലീസ് ഈ കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. ലിഗ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ പരിധിയില്‍ വരുന്ന പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പറഞ്ഞ് അവരെ മടക്കി അയയ്ക്കുകയായിരുന്നു. ഒടുവില്‍ കമ്മിഷണര്‍ നേരിട്ട് വിളിച്ച് പറഞ്ഞതോടെയാണ് കോവളം പോലീസ് കേസേറ്റെടുക്കുന്നത്. കോവളം പോലീസും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഷാഡോ പോലീസും അന്വേഷണത്തിനിറങ്ങി. അപ്പോഴും ഉദാസീനമായ നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ഇലീസ് ചൂണ്ടിക്കാട്ടുന്നു. കടലിലും കടല്‍തീരത്തും മാത്രം അവരുടെ അന്വേഷണം അവസാനിച്ചു. സമീപപ്രദേശങ്ങളിലേക്ക് ആ അന്വേഷണം നീണ്ടില്ല. ചെന്തിലാക്കരി പോലുള്ള കോവളത്തിനും തിരുവല്ലത്തിനും സമീപമുള്ള ഒറ്റപ്പെട്ട സ്ഥലങ്ങള്‍ അവര്‍ കണക്കിലെടുത്തതേയില്ല. അങ്ങനെയൊരു നീക്കം നടത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ അഴുകി തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ലിഗയുടെ ബന്ധുക്കള്‍ക്ക് അവളുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു.

അതോടൊപ്പം ഇന്നലത്തെ പത്രസമ്മേളനത്തില്‍ ഉയര്‍ന്ന മറ്റൊരു ആരോപണം വളരെ ഗുരുതരമാണ്. കോവളം ബീച്ചില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കേണ്ട ഉത്തരവാദിത്വം പോലീസ് പരാതിക്കാരെയാണ് ഏല്‍പ്പിച്ചത്. സിവിലിയന്‍സിന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് പറഞ്ഞ് അധികൃതര്‍ അവരെ മടക്കുകയും ചെയ്തു. ഒരാളെ കാണാതായാല്‍ ആദ്യത്തെ 24 മണിക്കൂര്‍ നേരത്തെ അന്വേഷണം നിര്‍ണായകമാണെന്ന് ലിഗയുടെ സഹോദരി പറയുന്നു. എന്നാല്‍ കാര്യക്ഷമമായി അന്വേഷണം നടത്താതിരുന്ന കേരള പോലീസ് ചെയ്തത് എന്താണ്? ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായ ആന്‍ഡ്ര്യുവിനെ മാനസികരോഗിയായി ചിത്രീകരിച്ച് കേരളത്തില്‍ നിന്നും മടക്കി അയയ്ക്കുകയായിരുന്നു അവര്‍.

ദുരൂഹത മാറാതെ അയര്‍ലണ്ട് സ്വദേശി ലിഗയുടെ മരണം; ചെന്തിലാക്കരിയില്‍ എത്തിയതെങ്ങനെ?

ഇപ്പോഴും ഇലീസ് ലിഗയുടേത് ഒരു കൊലപാതകമാകാനുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പോലീസ് വിശദീകരിക്കുന്നത് ആത്മഹത്യയാണെന്നാണ്. ലിഗയുടെയും ഇലീസിന്റെയും സ്വദേശമായ അയര്‍ലന്‍ഡില്‍ നിന്നും അധിക ദൂരെയല്ല കേരള പോലീസിലെ ചില ഉദ്യോഗസ്ഥരെയെങ്കിലും വിദഗ്ധ കുറ്റാന്വേഷണ പരിശീലനത്തിന് അയയ്ക്കുന്ന സ്‌കോട്‌ലന്‍ഡ് യാര്‍ഡ്. കുറ്റാന്വേഷണ വിദഗ്ധന്മാരെ സൃഷ്ടിക്കുന്ന ഇവിടെ പരിശീലനം നേടിയവരാണ് അന്വേഷണം നടത്താതെ സാഹചര്യ തെളിവുകള്‍ മാത്രം നിരത്തി കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ നോക്കുന്നത്.

ഇനി സമീപദിവസങ്ങളിലുണ്ടായ മറ്റൊരു സംഭവം കൂടി. ഇക്കഴിഞ്ഞ അഞ്ചാം തിയതി അമേരിക്കയില്‍ ഒരു മലയാളി കുടുംബത്തെ കാണാതായിരുന്നു. ഏപ്രില്‍ നാലാം തിയതി വരെയും ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്ന അവരെക്കുറിച്ച് അഞ്ചാം തിയതി മുതല്‍ യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ പാരിതിയില്‍ എഴുപത് പേരടങ്ങിയ അന്വേഷണ സംഘമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്. ഒടുവില്‍ ഇവരുടെ കാര്‍ നദിയില്‍ വിഴുകയായിരുന്നെന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. പോര്‍ട്‌ലാന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് സഞ്ചരിക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന സംഘം ഡോറ ക്രീക്കില്‍ വച്ച് ഈല്‍ നദിയില്‍ വീഴുകയായിരുന്നു. വെറും ആറ് ദിവസത്തിനകം കുടുംബം സഞ്ചരിച്ച കാര്‍ ശക്തമായ ഒഴുക്കുള്ള നദിയില്‍ നിന്നും കണ്ടെത്തിയ അന്വേണസംഘം 17-ാം തിയതി ആയപ്പോഴേക്കും കാണാതായവരില്‍ അവസാനത്തെ വ്യക്തിയുടെ മൃതദേഹവും കണ്ടെത്തി.

വിദേശികള്‍ ഇന്ത്യയിലെത്തുമ്പോള്‍ നല്‍കുന്ന ഒരു പോലീസ് കേസിന് നമ്മുടെ പോലീസ് നല്‍കുന്ന വിലയെന്താണെന്ന് ലിഗ കേസില്‍ വ്യക്തമായതാണ്. എന്നാല്‍ നേരെ തിരിച്ച് മറ്റ് രാജ്യങ്ങള്‍ ഇതിനെ എങ്ങനെ സമീപിക്കുന്നുവെന്ന് മനസിലാക്കി വയ്ക്കുന്നത് കേരള പോലീസിന് നല്ലതാണ്.

ലിഗയുടെ മൃതദേഹം ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു: ജാക്കറ്റ് അവരുടേതല്ലെന്നും മൊഴി

ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തി: ലിഗയുടെ സഹോദരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍