UPDATES

ഐ ആര്‍ പ്രസാദ്

കാഴ്ചപ്പാട്

ഐ ആര്‍ പ്രസാദ്

കാഴ്ചപ്പാട്

തിരുത്തപ്പെടേണ്ടേ ഈ മാധ്യമ പിന്‍ഗണന

പരിസ്ഥിതിക്കും നിലനില്‍പ്പിനും വേണ്ടി പോരാടുന്നവരോട് കാണിക്കുന്ന ഈ നീതി വ്യക്തികള്‍ക്ക് നല്‍കുന്ന ആദരവല്ല, മറിച്ച് ആ പ്രശ്‌നങ്ങളോട് കാണിക്കുന്ന ആത്മാര്‍ഥമായ സമീപനമാണെന്ന് എന്നാണ് തിരിച്ചറിയുക!

ഡോ. എ. ലത അര്‍ബുദത്തിനുപിന്നാലെ മരണത്തിന് കീഴടങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ആഴത്തില്‍ ബാധിച്ച ഒരു മരണം. മരണവാര്‍ത്തയറിഞ്ഞയുടന്‍ ടിവി നോക്കി. മിക്ക ചാനലുകളിലും വാര്‍ത്ത സ്‌ക്രോള്‍ ചെയ്യുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ദു:ഖം നിറഞ്ഞ ഓര്‍മകള്‍. ഒപ്പം അവരുടെ സംഭാവനകള്‍. പിറ്റേന്ന് പത്രം വന്നു. ഉള്‍പ്പേജില്‍ ചെറിയ വാര്‍ത്ത. ചില പത്രങ്ങളില്‍ ചരമകോളത്തിനു താഴെ ബോക്‌സ്. വാര്‍ത്തയില്‍ വ്യക്തതയുണ്ട്. വിശദാംശങ്ങളുണ്ട്. പക്ഷേ, മുന്‍ഗണനയില്ല.

ഒരാളുടെ മരണം പത്രങ്ങളില്‍ വരുന്നത് അത്രവലിയ കാര്യമാണോ ? അല്ലേയല്ല. പക്ഷേ അതില്‍ നിന്ന് നമ്മുടെ മുന്‍ഗണനാക്രമം വായിച്ചെടുക്കാം. പുഴയെ ആഴത്തില്‍ പഠിച്ചയാളാണ് ഡോ. ലത. അവരുടെ ബോധ്യങ്ങള്‍ എഴുതിയും പറഞ്ഞും പണിയെടുത്തും അതിനെ നമ്മുടെ കൂടി ബോധ്യങ്ങളിലേക്ക് കൊണ്ടുവന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗത്തിന് പരിസ്ഥിതി വാര്‍ത്തകള്‍ എഴുതാനിരിക്കുമ്പോള്‍ ഒരു റഫറന്‍സായിരുന്നു ലത. ടിവി ചര്‍ച്ചകളില്‍ അതിഥിയായും അവരെത്തി. പ്രത്യേകിച്ച് അതിരപ്പിളളി ചര്‍ച്ചകളില്‍. സമൂഹത്തില്‍ അവരുടെ ധൈഷണികവും പ്രായോഗികവുമായ സംഭാവന ഉണ്ടായി എന്നര്‍ഥം. നിരന്തരം വാര്‍ത്തകള്‍ക്കുവേണ്ടിയും വസ്തുതകള്‍ക്ക് വേണ്ടിയും ആശ്രയിക്കുന്ന ഒരാളിനെ നിങ്ങള്‍ തന്നെ ഉള്‍പ്പേജില്‍ ഒതുക്കുന്നു. തൃശൂരിലെ ഓരോ ജേണലിസ്‌ററിനും അവരുടെ പ്രാധാന്യമറിയാമെന്നത് വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ നിന്ന് വ്യക്തമാണ്. (തൃശൂര്‍ എഡിഷനില്‍ മിക്ക പത്രങ്ങള്‍ക്കും ഇത് ഒന്നാം പേജ് വാര്‍ത്തയായിരുന്നു) നന്ദികേട് വരുന്നത് വാര്‍ത്തയെ സംബന്ധിച്ച നമ്മുടെ മുന്‍വിധികളില്‍ നിന്നാണ്; വ്യവസ്ഥാപിതമായ ഒരു മുന്‍ഗണനാക്രമത്തില്‍ നിന്നാണ്.

എന്തുകൊണ്ട് പശ്ചിമഘട്ടത്തെ സംരക്ഷിക്കണം: ഡോ. എ ലതയുടെ ലേഖനം

സമൂഹത്തില്‍ പ്രതിലോമ ചിന്തകള്‍ പടര്‍ത്തിവിട്ട, വ്യാജനിക്ഷേപമുള്ള വോട്ട് ബാങ്ക് ഉയര്‍ത്തിക്കാട്ടി വളര്‍ന്നുവീര്‍ത്ത, വിലപേശലിലൂടെ അധികാര കേന്ദ്രങ്ങളില്‍ എത്തിപ്പെട്ട, രണ്ട് മയില്‍പ്പീലിക്കവിതകള്‍ മാത്രമെഴുതിയ എത്രയോ അന്തസ്സാരശൂന്യന്‍മാരെ നിങ്ങള്‍ ഒന്നാം പേജില്‍ കുത്തിനിര്‍ത്തി ! പട്ടിക വേണ്ട. വ്യക്തിപരമായ ആക്ഷേപമാകും. അതും മരണാനന്തര ആക്ഷേപം. ഇനി പരിസ്ഥിതി വാര്‍ത്തകളുടെ കാര്യം. വന്‍കിടപദ്ധതികള്‍, കയ്യേറ്റം, പ്രകൃതിക്ഷോഭം, ഭൂവിനിയോഗം, വ്യാവസായികമലിനീകരണം, കീടനാശിനിപ്രയോഗം തുടങ്ങി എത്രയോ വാര്‍ത്തകള്‍ ഒന്നാം പേജില്‍ ഇടം പിടിക്കുന്നു. കേരളം ചര്‍ച്ച ചെയ്യുന്നു.

ഇതെല്ലാം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ജാഗ്രത കൊണ്ടും പഠനം കൊണ്ടും ജ്ഞാനം കൊണ്ടും നേരിട്ടോ അല്ലാതെയോ പുറത്തുവന്നതാണെന്ന് ഓര്‍ക്കുക. മണ്ണിലും പുഴയിലും കാട്ടിലും ഖനിയിലും ഇറങ്ങിനടന്നുപഠിച്ച, ചോദിക്കുമ്പോഴൊക്കെ വിവരങ്ങള്‍ എടുത്തുതന്ന, ഇക്കൂട്ടരെ നിര്‍ത്തേണ്ടത് പൊതുധാരയുടെ കള്ളിക്കുപുറത്താണെന്ന് മാധ്യമങ്ങള്‍ നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. ഈ പിന്‍ഗണനാക്രമത്തെ ഒന്നു മാറ്റിപ്പണിയേണ്ടേ ? പരിസ്ഥിതിക്കും നിലനില്‍പ്പിനും വേണ്ടി പോരാടുന്നവരോട് കാണിക്കുന്ന ഈ നീതി വ്യക്തികള്‍ക്ക് നല്‍കുന്ന ആദരവല്ല, മറിച്ച് ആ പ്രശ്‌നങ്ങളോട് കാണിക്കുന്ന ആത്മാര്‍ഥമായ സമീപനമാണെന്ന് എന്നാണ് തിരിച്ചറിയുക!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഐ ആര്‍ പ്രസാദ്

ഐ ആര്‍ പ്രസാദ്

എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍