UPDATES

രൂപ-72, പെട്രോള്‍- 86; ജനം നിശബ്ദരാണ്; ഭരണാധികാരി അതിലേറെ മൌനത്തിലും

നിങ്ങളുടെ പടിക്കൽ ഒരു ഇൻകംടാക്സ് ഓഫീസറോ പോലീസുദ്യോഗസ്ഥനോ എത്തിച്ചേരുമെന്നും ചാനൽ ചർച്ചകളിൽ നിങ്ങളൊരു അർബൻ നക്സലെന്നു മുദ്രകുത്തപ്പെടുമെന്നോ നിങ്ങൾ ഭയപ്പെടുന്നു.

2013-ൽ, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി രൂപയുടെ മൂല്യം കുറയുന്നതിനെതിരെ നടത്തിയ തകർപ്പൻ പ്രസംഗം കേട്ടപ്പോൾ അദ്ദേഹം ഒരു നല്ല പ്രഭാഷകനാണെല്ലോ എന്നാണ് ജനങ്ങൾ അത്ഭുതം കൂറിയത്. ഈ വിശക്കുന്ന നാടിനു ഭക്ഷണമല്ല, ഭാഷണമാണ് വേണ്ടത് മോദിജി, ബലേ ഭേഷ് എന്നവര്‍ കയ്യടിച്ചു. പിന്നെ ഒരു തിരിഞ്ഞു നോട്ടമുണ്ടായില്ല. കുതിച്ചുയരുന്ന പെട്രോൾ വിലയ്‌ക്കെതിരെയുo രൂപയുടെ മൂല്യശോഷണത്തിനെതിരെയും ട്വീറ്റുകളിലൂടെയും പ്രസംഗ വേദികളിലൂടെയും മോദി കത്തിക്കയറുകയായിരുന്നു. എന്‍ഡിടിവി ജേര്‍ണലിസ്റ്റ് രവീഷ് കുമാര്‍ ദി വയറില്‍ എഴുതിയ ലേഖനത്തില്‍ ചോദിക്കുന്നത്, ആ മോദി ഇപ്പോള്‍ എവിടെയാണ് എന്നാണ്.

2014 ലോക്സഭാ ഇലക്ഷൻ വന്നപ്പോള്‍ മോദിയുടെ സ്തുതുതിപാഠകസംഘം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. എങ്ങും മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള വാർത്തകൾ, എതിരഭിപ്രായങ്ങളെല്ലാം സമർഥമായി നിശബ്ദമാക്കപ്പെട്ടു. മോദി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു; അധികാരമേറ്റു. ഇതിനിടെ രാജ്യം പലതും കണ്ടു, നിരവധി പേര്‍ പശുവിന്റെ പേരിലും അല്ലാതെയും ഒക്കെ കൊല്ലപ്പെട്ടു, ആള്‍ക്കൂട്ടാക്രമണങ്ങള്‍ പതിവായി; ജോലി നഷ്ടപ്പെട്ടവരില്‍ നിരവധി മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു; പലതും പലരും അവഗണിക്കപ്പെട്ടു. ലാപ്ടോപ്പ് മീഡിയയുടെ ഉദയമായി.

എന്നാല്‍, ഉജ്വല വാഗ്മിയെന്നു വാഴ്ത്തപ്പെട്ട നരേന്ദ്ര മോദി നിഗൂഢമായ മൗനത്തിലാണ് അധികാരമേറ്റശേഷം. അദ്ദേഹത്തിന് 2013-ലെ പ്രസംഗങ്ങൾ ഓർമ്മയുണ്ടോ ആവോ? അതോ അദ്ദേഹം 2019-ലേക്കുള്ള പ്രസംഗങ്ങൾ തയ്യാറാക്കുന്നതിലുള്ള തിരക്കിലാണോ? അദ്ദേഹം അധികാരത്തിൽ വരുന്നതിനു മുമ്പ് എന്തിനെയൊക്കെ എതിർത്തുവോ, അതിന്റെ ഇരട്ടിയായി അധികാരത്തിൽ വന്ന ശേഷം അവയെല്ലാം നടപ്പാക്കി.

മോദിയുടെ ആരാധകരായ ആത്മീയാചാര്യന്മാർ ശ്രീ ശ്രീ രവിശങ്കർ , ബാബ രാംദേവ് എല്ലാവരും അദ്ദേഹത്തെ പോലെ നിശ്ശബ്ദരാണ്. രൂപയുടെ മൂല്യം ഉയരുമെന്നും ഒരു ഡോളർ നാൽപതു രൂപയ്ക്കു തുല്യമാകും മോദിയുടെ കാലത്ത് എന്നാണ് രവിശങ്കർ പ്രവചിച്ചത്. രാംദേവ് ആകട്ടെ പെട്രോൾ ലിറ്ററിന് മുപ്പത്തിയഞ്ചു രൂപയ്ക്കു കിട്ടുമെന്നും. ഇതേ പെട്രോൾ പൊതുജനം എണ്‍പത്തിയാറുരൂപ കൊടുത്തു വാങ്ങുമ്പോൾ ഇതൊന്നും തങ്ങളുടെ വിഷയമേ അല്ല എന്ന നിലപാടിലാണിരുവരും.

എന്തൊക്കെയാവും മോദി ഇപ്പോൾ ചിന്തിക്കുന്നത്?

“ചോദ്യങ്ങൾ ചോദിക്കുന്ന വാർത്ത അവതാരകരെ നിശ്ശബ്ദരാക്കണം. രാജ്യത്ത് കോടിക്കണക്കിനു തൊഴിൽരഹിതരുണ്ട്, എനിക്കവർക്കു തൊഴിൽ കൊടുക്കാനാവുമെന്നു ഉറപ്പൊന്നുമില്ല. പക്ഷേ ചിലരെ അർബൻ നക്സൽ എന്ന് ചാപ്പ കുത്തി തൊഴിൽരഹിതരാക്കാൻ എനിക്ക് കഴിഞ്ഞേക്കും” എന്നൊക്കെയാവും- രവീഷ് കുമാര്‍ തുടരുന്നു.

അത്ഭുതകരമെന്നു പറയട്ടെ, ഇലക്ഷന് മുന്നേ അദ്ദേഹത്തോട് രൂപയുടെ വിലയിടിച്ചിലിനെ കുറിച്ചും, പെട്രോൾ വിലവര്‍ധനയെക്കുറിച്ചുമൊക്കെ ചോദിച്ച പത്രപ്രവർത്തകരൊന്നും ഇപ്പോൾ ഈ ചോദ്യങ്ങളുന്നയിക്കുന്നതേയില്ല. തങ്ങളുടെ അധ്വാനത്തിന്റെ വിഹിതം പെട്രോൾ പമ്പിലൊഴുക്കി കളയുന്ന പൊതുജനങ്ങൾ പോലും വിമര്‍ശനങ്ങളുന്നയിക്കാൻ ഭയപ്പെടുന്നുണ്ടോ?

ഭയം, ഭയപ്പെടുത്തലിന്റെ ഒരു സംസ്കാരമാണ് പതിയെ രൂപപ്പെടുന്നത്. ഭയം ചോദ്യങ്ങളെ തുടച്ചു മാറ്റിയിരിക്കുന്നു. നിങ്ങളുടെ പടിക്കൽ ഒരു ഇൻകംടാക്സ് ഓഫീസറോ, പോലീസുദ്യോഗസ്ഥനോ എത്തിച്ചേരുമെന്നും ചാനൽ ചർച്ചകളിൽ നിങ്ങളൊരു അർബൻ നക്സലെന്ന് മുദ്രകുത്തപ്പെടുമെന്നോ നിങ്ങൾ ഭയപ്പെടുന്നു. ഭീതിയിൽ ജീവിക്കുന്ന ജനങ്ങൾ നിശ്ശബ്ദരാണ്, അവരുടെ ഭരണാധികാരിയും. ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിക്കുന്ന ഭരണാധികാരിയും സ്വയം ഒരു ഭീരുവാണോ?

ചോദ്യങ്ങൾ നിലച്ചു പോയ ഒരു അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്, അടുത്ത ഇലക്ഷനിൽ മോദിക്കെതിരെ ആര് മത്സരിക്കും എന്നാണ് ചാനലുകൾ ചർച്ച ചെയ്യുന്നത്. ജിഡിപിയിലുണ്ടായ താഴ്ചയും, അതിന്റെ ഫലമായി ഉണ്ടായ തൊഴിലില്ലായ്മയും അല്ല. തൊഴിലവസരങ്ങളില്ലാത്ത, വേതനത്തിൽ വർധനയില്ലാത്ത ഒരു രാജ്യത്ത് എണ്‍പത്തിയാറു രൂപയ്ക്ക് ആർക്കാണ് പെട്രോൾ അടിക്കാൻ സാധിക്കുക എന്നൊരു ചോദ്യം എങ്ങുനിന്നുമുയരുന്നില്ല.

കുറച്ചു ദിവസങ്ങൾക്കു മുന്നേ Centre for Monitoring Indian Economy Pvt Ltd. (CMIE) യുടെ സിഇഒ ആയ മഹേഷ് വ്യാസ് ബിസിനസ് സ്റ്റാൻഡേഡിൽ എഴുതിയത് ഇങ്ങനെയാണ്: “ജിഡിപിയുടെ 8.2 ശതമാനം വളർച്ച സർക്കാർവൃന്ദങ്ങൾ ആഘോഷിച്ച സമയത്തു തന്നെ എംപ്ലോയ്‌മെന്റ് ലെവലിൽ ഒരു ശതമാനം കുറവ് വന്നു”. ജൂലൈ 2017-നും ജൂലൈ 2018-നും ഇടയില്‍ 1.4 ശതമാനം തൊഴിലുകളിലാണ് കുറവ് വന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ ഓഗസ്റ്റിലെ കണക്കുകള്‍ വരുമ്പോള്‍ അതില്‍ 1.2 ശതമാനമാണ് തൊഴിൽമേഖലയിൽ വരുന്ന കുറവ്.

2017-ന്റെ തുടക്കത്തില്‍ തന്നെ തൊഴിലില്ലായ്മയുടെ രൂക്ഷത രാജ്യത്ത് വ്യക്തമായിരുന്നു. ചെറുപ്പക്കാര്‍ പല കൊടിക്കീഴിലും നിന്ന് ഇതിനെതിരെ പ്രതിഷേധിച്ചു, എന്നാല്‍ അതൊന്നും ആരും മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ അവരുയര്‍ത്തുന്ന മുദ്രാവാക്യം ഹിന്ദു-മുസ്ലീം വിഭജനത്തിനു വേണ്ടിയാണെങ്കില്‍ അവര്‍ നിലവിലെ ഭരണകൂടത്തിന് പ്രിയപ്പെട്ടവരായി. അവര്‍ ‘ഞങ്ങളുടെ’ ആളുകളായി. എന്നാല്‍ ഇതേ മനുഷ്യര്‍ തൊഴിലിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയാല്‍ അവര്‍ ‘അവരുടെ’ ആളുകളായി. തൊഴില്‍ കൊടുക്കുന്നതിനേക്കാള്‍ എളുപ്പമാണ് കലാപകാരികളായി ഈ ചെറുപ്പക്കാരെ ഇറക്കി വിടുന്നത് എന്നതാണ് ഇന്നത്തെ രാഷ്ട്രീയം.

നോട്ടു നിരോധനത്തിന് ശേഷം തൊഴിലില്ലായ്മ വർധിച്ചു വരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിലാണ് നീതി ആയോഗിന്റെ വൈസ് ചെയർമാൻ രാജീവ്കുമാർ രാജ്യം ഒരു രണ്ടാംവട്ട നോട്ടു നിരോധനത്തിനു കൂടി തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നത്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ഇത്തരം തീരുമാനങ്ങൾ എങ്ങനെയാണു ഇത്ര ലാഘവത്തോടെ എടുക്കാൻ, പ്രഖ്യാപിക്കാന്‍ ഒക്കെ കഴിയുന്നത്?

മോദി-ഷാ പരിഭ്രാന്തരാണ്; രാജ്യം പലതും പ്രതീക്ഷിക്കേണ്ട സമയമായി

വിമാന നിരക്ക് ഓട്ടോ റിക്ഷയേക്കാള്‍ കുറവാണെന്നാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഇതിനിടയിൽ അഭിപ്രായപ്പെട്ടത്. വായിൽ തോന്നിയതെന്തും വിളിച്ചു പറയുന്ന ഈ ഭരണാധികാരികൾ പക്ഷെ യാതൊരു ചോദ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം വങ്കത്തങ്ങൾ വിളിച്ചു പറഞ്ഞ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് അവരുടെ ശ്രമം. ലക്‌ഷ്യം സുവ്യക്തമാണ്: എന്തുകൊണ്ടാണ് രൂപയ്ക്കു ചരിത്രപരമായ വിലയിടിച്ചിലുണ്ടായതെന്നും എന്താണ് എൺപത്തിയാറു രൂപയ്ക്കു പെട്രോൾ അടിക്കേണ്ടി വരേണ്ടതെന്നുമുള്ള അടിസ്ഥാന ചോദ്യങ്ങൾ ആരും ചോദിക്കാനിട വരരുത്-  രവീഷ് കുമാര്‍ പറയുന്നു.

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

ഇന്ധന വില; പോക്കറ്റടിക്കാര്‍ നാണിക്കുന്ന കൊള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍