UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ക്കുവേണ്ടിയാണ് പോലീസ് ഗോമതിയെ വേട്ടയാടുന്നത്?

ഒരു തൊഴിലാളി സംഘടനകളുടെയും പിന്തുണയുമില്ലാതെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച ഗോമതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ഏത് വിധത്തില്‍ ബാധിക്കുമെവന്ന ആശങ്കയാണ് ഭരണകൂടത്തിനുള്ളത്

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലുമുള്ള പോലീസിന്റെ ഇടപെടല്‍ കാരണം മൂന്നാര്‍ വിട്ടുപോകാന്‍ തയ്യാറെടുക്കുകയാണ് മൂന്നാര്‍ സമര നായികയും പെമ്പിളെ ഒരുമൈയുടെ നേതാവുമായ ജി ഗോമതി. മകന്‍ വിവികേനിതെരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പീഡനക്കേസിന്റെ പേരിലാണ് ഗോമതിയെയും വൃദ്ധനായ പിതാവിനെയും ഇപ്പോള്‍ പോലീസ് വേട്ടയാടുന്നതെന്നാണ് അവര്‍ പറയുന്നത്.

2018 മാര്‍ച്ച് 24നാണ് തന്റെ മകനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ പേരില്‍ തനിക്കെതിരെയും മാനസിക പീഡനം നടത്തുകയായിരുന്നുവെന്നാണ് ഗോമതി ആരോപിക്കുന്നത്. ഗോമതി താമസിച്ചിരുന്ന വാടക വീട്ടില്‍ 2018 മാര്‍ച്ചിലും ഏപ്രിലുമായി ആറ് തവണയിലേറെയാണ് മൂന്നാര്‍ എസ്‌ഐ സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയത്. ഏപ്രില്‍ 26ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് ഇവരെ ഇവിടെ നിന്നും ഇറക്കിവിടണമെന്ന് വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അല്ലങ്കില്‍ അവരുടെ മകനെതിരെയും കേസെടുക്കുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് പിറ്റേന്ന് തന്നെ ഗോമതി പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും പോലീസുകാരെക്കൊണ്ടുള്ള ശല്യം അവസാനിക്കാതെ വന്നതോടെയാണ് ഇവര്‍ മൂന്നാര്‍ വിട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഗോമതി എവിടെ പോയാലും സ്‌പെഷല്‍ ബ്രാഞ്ച് മൂന്നാര്‍ പോലീസും വിളിച്ച് എവിടെ പോയി, എന്തിന് പോയി, എന്താണ് അടുത്തനീക്കം എന്നിങ്ങനെയുള്ള അന്വേഷണങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 31ന് തന്റെ നേര്‍ക്കുള്ള പോലീസ് നിരീക്ഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം തനിക്ക് പൊതുപ്രവര്‍ത്തനത്തില്‍പ്പോലും കൃത്യമായി ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് നല്ലതണ്ണി ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ഗോമതി ചൂണ്ടിക്കാട്ടുന്നുണ്ട്. താന്‍ ആവശ്യപ്പെടുമ്പോള്‍ ഫണ്ടുകള്‍ പാസ്സാക്കാതിരിക്കുക, തന്നെ മാത്രം പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ഗൗനിക്കാതിരിക്കുക എന്നിങ്ങനെ പല പ്രതിബന്ധങ്ങളാണ് ഗോമതി നേരിടുന്നത്. എന്തിനാണ് തന്നെ നിരീക്ഷിക്കുന്നത് എന്ന് ഇവര്‍ ചോദിച്ചപ്പോള്‍ മെമ്പറുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമല്ലേയെന്നാണ് പോലീസ് മറുപടി നല്‍കിയത്. അതേസമയം ഇവര്‍ പരാതിയുമായി ചെല്ലുമ്പോള്‍ പോലീസ് അത് സ്വീകരിക്കുന്നുമില്ല. എന്നാല്‍ ഇവര്‍ക്കെതിരായ വ്യാജ കേസുകള്‍ ഒന്നിനുപിറകെ ഒന്നായി പോലീസ് പരിഗണിക്കുന്നുമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തന്നെക്കുറിച്ച് പോലീസ് നടത്തുന്ന അന്വേഷണങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും വര്‍ധിപ്പിച്ചതായി ഇവര്‍ വ്യക്തമാക്കി. ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്നാണ് പോലീസിന് പ്രധാനമായും അറിയേണ്ടത്. കമല്‍ഹാസന്‍ വിളിച്ചോ, രജനികാന്ത് വിളിച്ചോ തുടങ്ങിയ അന്വേഷണങ്ങള്‍ അതിന്റെ ഭാഗമാണ്. പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയ ശേഷം ഇല്ലാതിരുന്ന അന്വേഷണമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്നത്. തന്നെ ഇങ്ങനെ നിരീക്ഷിക്കുകയും തന്റെ നീക്കങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതിന് പകരം തന്നെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കണമെന്നാണ് അവരുടെ ആവശ്യം. മൂന്നാര്‍ സമരത്തിന് ശേഷം കേരളത്തിലങ്ങോളമിങ്ങോളമുള്ള പല ഭൂസമരങ്ങളിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്. ഇതും പോലീസിനെയും സര്‍ക്കാരിനെയും അസ്വസ്ഥമാക്കുന്നു. ഇതിനിടെ മൂന്നാറിനെ കേരളത്തില്‍ നിന്നും വേര്‍പെടുത്തി തമിഴ്‌നാടിന്റെ ഭാഗമാക്കാനാണ് ഗോമതി ശ്രമിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ മികച്ച ജീവിത നിലവാരം മാത്രം ലക്ഷ്യം കണ്ട് താന്‍ നടത്തിയ സമരത്തെ ഇത്തരത്തില്‍ വളച്ചൊടിക്കുന്നതിലെ വേദനയും അവര്‍ക്കുണ്ട്.

വോട്ട് ചെയ്തവരോട് നീതിപുലര്‍ത്താന്‍ പൊതുപ്രവര്‍ത്തനം പോലും സാധ്യമല്ലാത്ത വിധത്തിലാണ് പോലീസ് ഇവരെ പൂട്ടിയിരിക്കുന്നത്. ജയിലിനുള്ളിലല്ലെങ്കിലും തടവില്‍ കഴിയുന്ന പ്രതീതിയിലാണ് ഇവരുടെ ജീവിതം. മൂന്നാറിലെവിടെയും താമസിക്കാന്‍ ഒരിടമോ ജോലിയോ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. പോലീസിന്റെ ഭീഷണിയാണ് ഇതിന് കാരണം. ഗോമതിക്ക് ജോലികൊടുത്താല്‍ അവര്‍ സമരമുണ്ടാക്കുമെന്നാണ് പോലീസ് തോട്ടമുടമകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. താമസിക്കാന്‍ ഇടം കൊടുത്താല്‍ കേസില്‍ പ്രതിയാക്കുമെന്നും. തനിക്കൊപ്പം നൂറിലേറെ തൊഴിലാളികള്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും പോലീസ് ഭീഷണി മൂലം ഇവര്‍ നേരിട്ട് രംഗത്തെത്തുന്നില്ല. ഒരു തൊഴിലാളി സംഘടനകളുടെയും പിന്തുണയുമില്ലാതെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച ഗോമതി തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ഏത് വിധത്തില്‍ ബാധിക്കുമെവന്ന ആശങ്കയാണ് ഭരണകൂടത്തിനുള്ളത്. അതിനാലാണ് ഇവര്‍ക്ക് നേരെ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുന്നതെന്നാണ് ആരോപണം.

2017 ഏപ്രിലില്‍ പൊമ്പുള്ളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറിലെ ടാറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരേക്കര്‍ വീതം തൊഴിലാളികള്‍ക്ക് നല്‍കണം എന്ന് പറഞ്ഞു സമരം നടത്തിയതു മുതല്‍ സര്‍ക്കാരും പോലീസും പലവിധത്തില്‍ ഗോമതിയുടെ വ്യക്തി ജീവിതത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളേയും ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 17 കള്ളക്കേസുകള്‍ ആണ് അവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കൂടാതെ ‘തീവ്രവാദി’കളുടെ പിന്തുണയോടെ ഗോമതി ടാറ്റ തോട്ടംഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ടാറ്റ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ കേസും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ ഈ കേസ് ഹൈക്കോടതി തള്ളുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍