UPDATES

ട്രെന്‍ഡിങ്ങ്

എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സര്‍വസംഗ പരിത്യാഗികളായത്?

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത് പരാജയം മുന്‍കൂട്ടി കണ്ടിട്ടാണെന്നാണ് എതിരാളികളുടെ പ്രചരണം

ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ഇടതുപക്ഷം ആരംഭിച്ചു കഴിഞ്ഞു. ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച എല്‍ഡിഎഫ് എല്ലായിടങ്ങളിലും പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. ഒന്നോ രണ്ടോ സീറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണമായും ജയപ്രതീക്ഷകളുള്ള സ്ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ചുവരെഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. വീടുകള്‍ കയറിയുള്ള പ്രചരണവും സ്ഥാനാര്‍ത്ഥികള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ ഫേസ്ബുക്ക് പേജുകളും സജീവമായി കഴിഞ്ഞു.

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ മുഖ്യസഖ്യ കക്ഷിയായ മുസ്ലിം ലീഗും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചരണം ആരംഭിക്കുകയും ചെയ്തു. മലപ്പുറത്തും പൊന്നാനിയിലും സിറ്റിംഗ് എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് സ്ഥാനാര്‍ത്ഥികള്‍.
തോല്‍വി ഭയം. എന്നാല്‍ കോണ്‍ഗ്രസിന്റെ ലിസ്റ്റ് ഇനിയും പൂര്‍ത്തിയായിട്ടില്ല. കേരള കോണ്‍ഗ്രസിലാണെങ്കില്‍ തോമസ് ചാഴിക്കാടനെ കോട്ടയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പി ജെ ജോസഫും കെ എം മാണിയും തമ്മിലുള്ള പോര് കാരണം അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസില്‍ ലിസ്റ്റ് പൂര്‍ത്തിയാക്കാനുള്ള കാലതാമസത്തിന് കാരണം ചില പ്രമുഖ നേതാക്കള്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തുടരുന്ന അനിശ്ചിതത്വമാണ്. മുന്‍ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ് ഈ പ്രമുഖര്‍. ഇതില്‍ കെ സി വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ സംഘടനപരമായ മേല്‍നോട്ടം വഹിക്കാനുള്ളതിനാല്‍ മത്സരിക്കാനില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ്. ഇനി മറിച്ചൊരു തീരുമാനത്തിന് സാധ്യതയില്ല. അതേസമയം കെ സി മത്സരിക്കുമെന്ന വിശ്വാസത്തില്‍ ആലപ്പുഴ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കെ സിയുടെ പേരില്‍ ചുവരെഴുത്ത് പോസ്റ്റര്‍ പ്രചരണങ്ങള്‍ ആരംഭിച്ചിരുന്നു.

കെസി പറയുന്നതില്‍ ന്യായമുണ്ടെന്നാണ് മനസിലാക്കാനാകുന്നത്. കാരണം ഇന്ത്യയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ സി വേണുഗോപാലിന് ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോള്‍ ആലപ്പുഴയില്‍ മാത്രമായി ശ്രദ്ധിക്കാന്‍ സാധിക്കുകയുമില്ല. മത്സരിച്ചാല്‍ അത് നീതികേടാകുമെന്നാണ് ഇന്നലെ കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അതായത് തന്നെ ചുമതലയേല്‍പ്പിച്ച പാര്‍ട്ടി നേതൃത്വത്തോട് ചെയ്യുന്ന നീതികേട്. അതില്‍ മാത്രമാണ് ഇപ്പോള്‍ വേണുഗോപാലിന്റെ ശ്രദ്ധ. തന്നെ വിശ്വസിച്ച കോണ്‍ഗ്രസ് അണികളോട് കാണിക്കുന്ന നീതികേടിനെക്കുറിച്ച് കെ സി ആലോചിക്കുന്നില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരരംഗത്തില്ലെന്ന് പറയുന്ന മറ്റൊരു നേതാവ്. മുല്ലപ്പള്ളിയുടെ സിറ്റിംഗ് സീറ്റായ വടകരയില്‍ പി ജയരാജന്‍ മത്സരിക്കുമ്പോള്‍ എതിരിടാന്‍ ഒരു കരുത്തന്‍ തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പുതിയ ആളുകള്‍ക്ക് അവസരം വേണമെന്നും മത്സരിക്കാന്‍ യോഗ്യതയുള്ള ഒട്ടനവധി പേര്‍ കോണ്‍ഗ്രസിലുണ്ടെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിശദീകരണം. ഇന്നലെയും ഈ വിഷയത്തില്‍ പ്രതികരിച്ച മുല്ലപ്പള്ളി തന്റെ നിലപാടില്‍ നിന്നും കടുകിട മാറിയിട്ടില്ല. അതേസമയം മുല്ലപ്പള്ളി മത്സരിച്ചാല്‍ കെപിസിസി അധ്യക്ഷ പദവി രാജിവച്ച ശേഷം മാത്രമായിരിക്കും മത്സരിക്കാന്‍ സാധിക്കുന്നത്. അതിനാലാണ് മുല്ലപ്പള്ളി മത്സരരംഗത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതെന്ന് സംസാരമുണ്ട്. ആറ്റുനോറ്റിരുന്ന് ലഭിച്ച കെപിസിസി അധ്യക്ഷ സ്ഥാനം നഷ്ടമാക്കാന്‍ തയ്യാറല്ലാത്തതിനൊപ്പം സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനവും മുല്ലപ്പള്ളിയുടെ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച ഉമ്മന്‍ ചാണ്ടി ഇന്നലെ പറഞ്ഞിരിക്കുന്നത് പാര്‍ട്ടി നേതൃത്വം മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ്. കേരളത്തില്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്ന സ്ഥാനാര്‍ത്ഥിയാണ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ വിജയസാധ്യതകള്‍ തീരെ കുറഞ്ഞ ഏതെങ്കിലും മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഇറക്കി ആ മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഉമ്മന്‍ ചാണ്ടിയ്ക്കും പ്രത്യേകിച്ച് ഏതെങ്കിലുമൊരു മണ്ഡലത്തോട് താല്‍പര്യമില്ലെന്നാണ് അറിയുന്നത്. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ നിന്നും ഇപ്പോള്‍ മാറിനില്‍ക്കുന്നത് ആത്മഹത്യാപരമായാണ് അദ്ദേഹം കാണുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ കളികള്‍ എകെ ആന്റണിയെ കേരളത്തില്‍ നിന്നും തുരത്തി ഡല്‍ഹിയിലെത്തിച്ചത് പോലെ ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ കളികള്‍ ഉമ്മന്‍ ചാണ്ടിയെയും ഇവിടുന്ന് മാറ്റിനിര്‍ത്താനാണ്. എന്നാല്‍ എ ഗ്രൂപ്പിന് ഇതിനോട് യാതൊരു താല്‍പര്യവുമില്ല. ഉമ്മന്‍ ചാണ്ടി കേരളത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക പോകുന്നത് രമേശ് ചെന്നിത്തലയ്ക്ക് അപ്രമാദിത്വം നല്‍കുമെന്നാണ് അവരുടെ ആശങ്ക. എന്നാല്‍ ഈ ആശങ്കകളെല്ലാം മറച്ചുവച്ച് മത്സരത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. താന്‍ സ്ഥാനമാനങ്ങളൊന്നും അര്‍ഹിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് സ്ഥാനവും യുഡിഎഫ് നേതൃസ്ഥാനവും ഒഴിവാക്കിയത് പുതുപ്പള്ളി എംഎല്‍എ എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കാനാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. തൃശൂരില്‍ വി എം സുധീരന്‍ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണെങ്കിലും അതിനില്ലെന്നാണ് സുധീരന്റെ നിലപാട്. മത്സരരംഗത്തില്ലെന്ന് പറഞ്ഞ കെ സുധാകരന്‍ ഒടുവില്‍ വഴങ്ങിയിട്ടുണ്ട്. കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചതായാണ് അറിയുന്നത്.

പ്രചരണം ആരംഭിച്ച് ആദ്യദിവസങ്ങളില്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രതിരോധത്തിലായിരിക്കുമ്പോള്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നടത്തുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത് പരാജയം മുന്‍കൂട്ടി കണ്ടിട്ടാണെന്നാണ് എതിരാളികളുടെ പ്രചരണം. എന്തായാലും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കരുത്തരെ ഉള്‍പ്പെടുത്തിയുള്ള ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കേണ്ടതുണ്ട്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍