UPDATES

ഇന്ത്യന്‍ സര്‍വകലാശാലകള്‍ എബിവിപിയ്ക്ക് കൈവിട്ട് പോകുകയാണോ?

പ്രധാന സര്‍വകലാശാലകളിലെ പരാജയം എബിവിപിയെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും അവര്‍ അതിനെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങിയിട്ടില്ല

ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു. 2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ആര്‍എസ്എസിന്റെ ഈ വിദ്യാര്‍ത്ഥി പ്രസ്താനത്തിന് ധ്രുതഗതിയിലുള്ള വളര്‍ച്ചയായിരുന്നു. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കോളേജ് യൂണിയനുകള്‍ പിടിക്കാനും ഇവര്‍ക്ക് ഇതിലൂടെ സാധിച്ചു. എന്നാല്‍ ഈ വിജയങ്ങളെല്ലാം ഈ വര്‍ഷം ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നാണ് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒക്ടോബര്‍ 15ന് അലഹബാദ് സര്‍വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പിലും അവര്‍ക്ക് തിരിച്ചടിയായിരുന്നു. അഞ്ച് സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് എബിവിപിയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ട് സീറ്റുകള്‍ എബിവിപിയ്ക്ക് ആയിരുന്നു. പ്രസിഡന്റ് സീറ്റ് സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ സമാജ്‌വാദി ഛത്ര സഭയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.

സെപ്തംബറില്‍ നടന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സീറ്റുകളും ഇവര്‍ക്ക് നഷ്ടമായിരുന്നു. 2016ല്‍ എബിവിപി വിജയിച്ച ഈ സീറ്റുകള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍എസ്‌യു) ആണ് പിടിച്ചെടുത്തത്.

ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ പോലും 2014ന് ശേഷം സ്വാധീനം വര്‍ദ്ധിപ്പിക്കാനും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും എബിവിപിയ്ക്ക് സാധിച്ചിരുന്നു. തങ്ങളുടെ ശക്തിക്ഷയിക്കുന്നത് തിരിച്ചറിഞ്ഞ എസ്എഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഇടത് ഐക്യം രൂപീകരിച്ച് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതോടെ സെപ്തംബറില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

2010ന് ശേഷം ഹൈദ്രാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിക്കാതിരുന്ന എബിവിപി 2016ല്‍ ലൈംഗിക പീഡനത്തിനെതിരായ ജെന്‍ഡര്‍ സെന്‍സിറ്റേഷന്‍ കമ്മിറ്റിയുടെ സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അതും നഷ്ടമായി. രാജസ്ഥാനിലെ അറുപത് ശതമാനം സര്‍വകലാശാല സീറ്റുകളിലും എബിവിപി ഈ വര്‍ഷം വിജയിച്ചിരുന്നു. ഉദയ്പുര്‍, കോട്ട, ജയ്പുര്‍, ബിക്കനീര്‍ എന്നീ സര്‍വകലാശാലകളില്‍ പ്രസിഡന്റ് സീറ്റ് പോലും അവര്‍ സ്വന്തമാക്കി. എന്നാല്‍ സംസ്ഥാനത്തെ പ്രധാന യൂണിവേഴ്‌സിറ്റിയായ ജയ്പൂരിലെ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ഒരു സീറ്റില്‍ മാത്രമാണ് അവര്‍ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് സീറ്റ് ആയിരുന്നു. പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് കൈമാറേണ്ടതായും വന്നു.

അസമിലും സ്ഥിതി മറിച്ചല്ല. ചെറിയ സ്ഥാപനങ്ങളില്‍ എബിവിപി വിജയിച്ചെങ്കിലും ഗുവഹത്തി സര്‍വകലാശാലയിലെ 15 സീറ്റുകളില്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റുകളും ഇക്കുറി നഷ്ടമായി. പ്രധാന സര്‍വകലാശാലകളില്‍ മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സഖ്യം രൂപീകരിച്ചതാണ് എബിവിപിയ്ക്ക് തിരിച്ചടി കിട്ടാനുണ്ടായ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം യാദവ വോട്ടുകള്‍ വിഭജിച്ച് പോയതിനാലാണ് അലഹബാദ് സര്‍വകലാശാലയില്‍ എബിവിപിയുടെ വിജയത്തിലേക്ക് നയിച്ചതെന്ന് സമാജ്‌വാദി ഛത്ര സഭ നേതാവ് ചൗധരി ചന്ദന്‍ സിംഗ് വ്യക്തമാക്കി. യാദവ വിഭാഗക്കാര്‍ പരസ്പരം മത്സരിച്ചതാണ് ഈ വോട്ട് വിഭജനത്തിന് കാരണം. ഒബിസി വിഭാഗത്തിലുള്ള യാദവര്‍ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള വിഭാഗമാണ്. എന്നാല്‍ ഈ വര്‍ഷം യാദവ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മാത്രം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മതിയെന്ന് വിവിധ പ്രസ്താനങ്ങള്‍ ബുദ്ധിപൂര്‍വം തീരുമാനിക്കുകയും അതിന്റെ ഫലമായി എബിവിപിയെ തോല്‍പ്പിച്ച് അവനിഷ് യാദവ് അലഹബാദ് സര്‍വകലാശാല പ്രസിഡന്റ് ആകുകയും ചെയ്തു.

ഇതേ തന്ത്രം തന്നെ ദീന്‍ ദയാല്‍ ഉപാധ്യയ സര്‍വകലാശാലയിലും പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ ഗോരഖ്പുര്‍ അംഗം രാജേഷ് യാദവ് സ്‌ക്രോള്‍.ഇന്‍നെ അറിയിച്ചു. കഴിഞ്ഞവര്‍ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റ് സീറ്റില്‍ എബിവിപി ഒരു പതിറ്റാണ്ടായി തുടരുന്ന ആധിപത്യത്തിന് വിരാമമിടുകയും ചെയ്തു. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ കൂട്ടമായി മരിച്ചതും അതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ ആക്രമണവുമെല്ലാം എബിവിപി വിരുദ്ധ തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് രാജേഷ് യാദവ്.

ദലിത്, ആദിവാസി, മുസ്ലിം, യാദവ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഇവിടെ യോഗി വിരുദ്ധ ബ്ലോക്ക് രൂപീകരിച്ചിട്ടുണ്ടെന്ന് രാജേഷ് വ്യക്തമാക്കി. എന്തുചെയ്യണമെന്നും എന്തു ഭക്ഷിക്കണമെന്നും യോഗി തീരുമാനിക്കുന്നതിനോട് വിയോജിപ്പുള്ള മൂന്ന് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുണ്ടെന്നാണ് രാജേഷ് പറയുന്നത്.

എതിര്‍ പാര്‍ട്ടികള്‍ തങ്ങള്‍ക്കെതിരെ സഖ്യം രൂപീകരിക്കുന്നതാണ് എബിവിപിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടി. സാമൂഹിക നീതിക്കായി എസ്എഫ്‌ഐ, ദലിത് സ്റ്റുഡന്റസ് യൂണിയന്‍, തെലങ്കാന സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നിവ ഹൈദ്രാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സഖ്യം രൂപീകരിച്ചിരിക്കുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഈ സഖ്യത്തില്‍ നിന്നും മാറിനിന്നിട്ടും എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ 54 വോട്ടുകള്‍ക്ക് പരാജയപ്പെടുത്താന്‍ അവര്‍ക്കായി. ഈവര്‍ഷം ഈ സഖ്യത്തിനൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ എഎസ്എയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശ്രീരാഗ് 170 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.

ഹൈദ്രാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിലെ ഇടത്, ദലിത് വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റസ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന സഖ്യമുണ്ടാക്കി മത്സരിച്ചപ്പോള്‍ എല്ലാ സീറ്റിലും വിജയിച്ചിരുന്നു. അതേസമയം നഷ്ടപ്പെടുന്ന ആധിപത്യം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ എബിവിപി ആരംഭിച്ചിട്ടുണ്ടെന്ന് എന്‍എസ്‌യു നേതാവ് രുചി ഗുപ്ത സ്‌ക്രോള്‍.ഇന്‍നോട് പറയുന്നു. അടുത്തകാലത്തായി ദേശീയതയെക്കുറിച്ചും ഹിന്ദുത്വയെക്കുറിച്ചും ബീഫ് രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളില്‍ നിന്നും അവര്‍ മാറിനില്‍ക്കുന്നതാണ് കാണുന്നത്.

ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള സ്വാധീനവും എബിവിപിയുടെ പരാജയത്തിന് കാരണമാകുന്നുണ്ടെന്നും സ്‌ക്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗോരഖ്പുരില്‍ അമന്‍ യാദവ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും സമാജ്‌വാദി ഛത്ര സഭയുടെ പിന്തുണ ലഭിച്ചിരുന്നു. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ വിജയിച്ച പവന്‍ യാദവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും വര്‍ഷങ്ങളായി എബിവിപി അംഗമായ അയാള്‍ക്കും മറ്റൊരു രാഷ്ട്രീയമല്ല പറയാനുള്ളതെന്നും സ്‌ക്രോള്‍ വിശദീകരിക്കുന്നു.

ഗുവഹത്തിയില്‍ നല്ലൊരു വിഭാഗം സീറ്റിലും വിജയിച്ചത് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനാണ്. അതേസമയം ഡല്‍ഹിയിലെ സര്‍വകലാശാലകളില്‍ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിയ പ്രതീക്ഷ മാത്രമാണുള്ളത്. 2015ല്‍ എബിവിപി ഇടതുപ്രസ്ഥാനങ്ങളെ ഞെട്ടിച്ചെങ്കിലും 2016ല്‍ ഇടതുഐക്യം രൂപീകരിച്ച് സീറ്റുകള്‍ വിഭജിച്ചതോടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.

അതേസമയം പ്രധാന സര്‍വകലാശാലകളിലെ പരാജയം എബിവിപിയെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും അവര്‍ അതിനെക്കുറിച്ച് ആശങ്കപ്പെട്ടു തുടങ്ങിയിട്ടില്ല. രാജസ്ഥാന്‍ സര്‍വകലാശാല തങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണെങ്കിലും അതിന് പുറത്ത് വേറെയും സര്‍വകലാശാലകളുണ്ടെന്നാണ് അവര്‍ പറയുന്നതെന്ന് സ്‌ക്രോള്‍ വിശദീകരിക്കുന്നു. അലഹബാദില്‍ മുന്‍ പരിഷത് പ്രവര്‍ത്തകന്‍ തന്നെ വിജയിച്ചതും അവര്‍ക്ക് ആശ്വാസകരമാണ്. ഇതിന് അര്‍ത്ഥം യുവാക്കള്‍ തങ്ങളില്‍ നിന്നും അകലുകയല്ലെന്നാണ് അവരുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍