UPDATES

ട്രെന്‍ഡിങ്ങ്

എത്ര ദളിതരായ വ്യാപാരികളുണ്ട്? ബസ്, തിയറ്റര്‍ മുതലാളിമാരോ? നവ ഹര്‍ത്താല്‍ വിരുദ്ധതയുടെ രാഷ്ട്രീയ ഗുട്ടന്‍സ്

ഇവര്‍ ഇന്നു മാത്രം ഹര്‍ത്താല്‍ വിരുദ്ധരാവുന്നത് എന്തുകൊണ്ട് എന്നു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം അട്ടിമറിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു മുപ്പതോളം ദളിത്-ആദിവാസി ബഹുജന സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു. അതേ സമയം ഹര്‍ത്താലിനെതിരെ മുന്‍പില്ലാത്ത വിധം വിവിധ സംഘടനകള്‍ രംഗത്തെത്തി. വ്യാപാരി വ്യവസായ ഏകോപന സമിതി, ബസ് ഉടമ സംഘടന, തിയറ്റര്‍ മുതലാളിമാരുടെ സംഘടനയൊക്കെ ഇക്കൂട്ടത്തില്‍ പെടും. കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുമെന്ന് ഇന്നലെ തന്നെ അതിന്റെ എം ഡിയും പ്രഖ്യാപിച്ചു. ഹര്‍ത്താലിനെ അതിശക്തമായി നേരിടുമെന്ന് ഡി ജി പിയും പറഞ്ഞു. നവമാധ്യമങ്ങളിലും നവഹര്‍ത്താല്‍ വിരുദ്ധരെക്കൊണ്ട് നിറഞ്ഞു. എന്തുകൊണ്ട് ഈ ഹര്‍ത്താലിനെ പിന്തുണയ്ക്കണം എന്നു പറഞ്ഞുകൊണ്ടു മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരനും യാസിര്‍ ഗഫൂറും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

ഹര്‍ഷന്‍ പൂപ്പാറക്കാരന്‍

നവ ഹർത്താൽവിരുദ്ധരേ….

എത്ര ദളിതർ പലചരക്ക്കട നടത്തുന്നൊണ്ടെന്ന് തൊട്ടടുത്തൊള്ള കവലേലെറങ്ങി ഒന്നന്വേഷിയ്ക്കണം,
അപ്പോ മനസ്സിലാകും വ്യാപാരിവ്യവസായി ഏകോപനസമിതിയെന്നാ ഈ ഹർത്താലിനെ മാത്രം വെല്ലുവിളിയ്ക്കുന്നതെന്ന്.

ആ കവലേത്തന്നെ ഒന്നു ചുറ്റും നോക്കിയാ മതി ഏതൊക്കെ ഹോട്ടലുകൾ…
അല്ലേ വേണ്ട ചായത്തട്ടികളെങ്കിലും ദളിതർ നടത്തുന്നതൊണ്ടെന്ന്, അപ്പ മനസ്സിലാകും ഹോട്ടലോണേഴ്സിനെന്നാ ഈ ഹർത്താലിനുമാത്രം തൊറക്കാൻ മുട്ടുന്നേന്ന്.

അതിലേ പോകുന്ന ബസ്സിൻ്റെയൊക്കെ എണ്ണവൊന്നെടുത്തേ…എത്ര ബസ്സ്മൊതലാളിമാര് ദളിതരാന്ന് നോക്കിയ്ക്കേ..,അപ്പ മനസ്സിലാകും ബസ് മൊതലാളിമാർക്ക് ഈ ഹർത്താലിന് മാത്രം വണ്ടിയുരുട്ടാത്തതിൻ്റെ ഏനക്കേടെന്നതാന്ന്.

ആ മതിലേലൊട്ടിച്ചിരിയ്ക്കുന്ന സിനിമാ പോസ്റ്ററൊക്കെയൊന്നു നോക്കിയ്ക്കേ ..
പോസ്റ്ററേലൊക്കെ മത്തങ്ങായുരുട്ടിയേക്കുന്ന പേരൊക്കെയൊന്നു വായിച്ചേ..
എത്ര സിനിമാമൊതലാളിമാര് ദളിതരൊണ്ട്..?
ഇപ്പ മനസ്സിലായോ ഈ ഹർത്താലിന് ഷൂട്ട് മൊടക്കാൻ അവർക്ക് മടിയെന്നാന്ന്.

ഒരു ഹർത്താല് കിട്ടിയാ ഹാപ്പീ സ്വാതന്ത്ര്യദിനം പ്രഖ്യാപിച്ച് കുപ്പീം കപ്പേം കോഴീം മേടിച്ച് ഏതേലും കാട്ടുമുക്കിലോട്ടോ തമിഴ്നാട്ടിലോട്ടോ വണ്ടിവിടുന്നവരാ കേരളത്തിലെ ശരാശരി യാവാരി.ദളിതരൊരു ഹർത്താല് പ്രഖ്യാപിച്ചപ്പോ ആർക്കും എങ്ങും പോണ്ട, തൂറിത്തോപ്പിയ്ക്കും എന്നും പറഞ്ഞ് ഒറ്റക്കാലേനിക്കുവാ.

കക്കൂസ് കഴുകുന്നവര്‍ കക്കൂസ് കഴുകിയാല്‍ മതി എന്നു പറയുന്ന കോടതികളുടെ കാലം

പൊന്നുമൊതലാളിമാരേ…

പ്രതിമയ്ക്ക് കല്ലെറിഞ്ഞതിൻ്റെ പേരിലോ
ദൈവത്തിനെ കളിയാക്കിയതിൻ്റെ പേരിലോ നടത്തുന്ന ഹർത്താലല്ലിത്,
ഈ രാജ്യത്ത് കൊല്ലപ്പെടാൻ പ്രത്യേകിച്ച് കാരണവൊന്നും വേണ്ടാത്ത ദളിതരെ പീഡിപ്പിയ്ക്കുന്നവന് പേടിതോന്നാൻ ആകപ്പാടെ ഒണ്ടാരുന്ന ഒരു നിയമത്തിൽ സുപ്രീം കോടതി ഇച്ചിരെ നഞ്ചുകലക്കി.അപ്പ ചോദിയ്ക്കും ഇച്ചിരെയല്ലേ ഒള്ളെന്ന്.

പീഡിപ്പിയ്ക്കപ്പെടുന്നെന്ന് ഒരു വർഷക്കാലം കേറിയെറങ്ങി പറഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന പോലീസ് സ്റ്റേഷനിലേയ്ക്ക് പീഡിപ്പിച്ചവർ തന്നെ ചൂഴ്ന്നെടുത്തുകയ്യീക്കൊടുത്ത ഭ്രൂണവുമായി പരാതികൊടുക്കാൻ പോകേണ്ടിവന്ന പതിനാറുകാരി ജീവിയ്ക്കുന്ന നാടാ ഇത്.

‘ബ്രാഹ്മണൻ അങ്ങനെ ചെയ്യില്ലെന്നുവിധിച്ച് ‘ ദളിതൻ്റെ കേസ് തള്ളുന്ന കോടതിയുള്ള നാട്.
ആ കോടതിയാ ഈ നിയമത്തിൽ നഞ്ചുകലക്കിയത്.കേസ് ചുമത്തുന്നതിൽ വിവേചനാധികാരം വല്ലവനും കൊടുക്കുന്നത് ഇച്ചിരെ നഞ്ചുകൊണ്ട് ഒത്തിരി മീനെ കൊന്നുകൂട്ടുന്ന പരിപാടി തന്നെയാ.

അതുകൊണ്ട് നിങ്ങളൂടെ കൂടി ഈ ഹർത്താല് വിജയിപ്പിയ്ക്ക്, അല്ലേ കൊച്ചി പഴേ കൊച്ചിയല്ലെന്ന് മനസ്സിലാകും.

‘കേരളത്തിൽ ദേ ജാതീടെ ഹർത്താല് ഹൗ…,
എന്നാലും ഐക്യദാർഢ്യം’ എന്ന് പ്രഖ്യാപിയ്ക്കുന്ന ഊളകളുടെ തള്ളിക്കയറ്റം കാരണം മിണ്ടാതിരിയ്ക്കാംന്ന് കരുതിയതാ.
എന്നാലും ……
ഈ ഹർത്താലിനും ഇനി നടക്കാനിരിയ്ക്കുന്ന പ്രതിഷേധങ്ങൾക്കുമൊപ്പം.

ഉള്ളില്‍ ജാതിബോധം പേറുന്ന മലയാളി നാളത്തെ ദളിത്-ആദിവാസി ഹര്‍ത്താല്‍ വിജയിപ്പിക്കുമോ?

യാസിര്‍ ഗഫൂര്‍

എന്നും ഹര്‍ത്താല്‍ വിരുദ്ധനായിരുന്നു. എന്നാല്‍ ഒരു കാലത്തും ദളിത് വിരുദ്ധനായിരുന്നില്ല. അതിനാല്‍ ഇന്ന് ഹര്‍ത്താല്‍ വിരുദ്ധനാവണോ അതോ ദളിത് വിരുദ്ധനാവണോ എന്ന ചോദ്യം മാത്രം മുന്നില്‍ ഉയരുമ്പോള്‍ ചില വസ്തുതകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണിഷ്ടം..

ഹര്‍ത്താല്‍ വികസന വിരുദ്ധമാണ്. അത് കൊണ്ട് നിരത്തുകളിലൂടെ വഹനങ്ങള്‍ ഓടണമെന്നും എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്നും പറയുന്നവരുടെ കൂടെ ഞാനുണ്ട്. എന്നാല്‍ ഇക്കണ്ട കാലത്തു നടന്ന ഹര്‍ത്താലിനെതിരെ ഒന്നും പ്രവര്‍ത്തികരിക്കാതിരുന്ന ഇന്നത്തെ നവഹര്‍ത്താല്‍ വിരുദ്ധരുടെ കൂടെ ഞാനില്ല.

ഇവര്‍ ഇന്നു മാത്രം ഹര്‍ത്താല്‍ വിരുദ്ധരാവുന്നത് എന്തുകൊണ്ട് എന്നു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര ചായക്കടകള്‍, പലചരക്കു കടകള്‍, ഹോട്ടലുകള്‍ ദളിതര്‍ നടത്തുന്നുണ്ടെന്നറിയാല്‍ നിങ്ങള്‍ എന്നെങ്കിലും ചുറ്റും പരതിയിട്ടുണ്ടോ? നിരത്തുകളിലൂടെയോടുന്ന പബ്ലിക് ട്രാന്സ്പോര്‍ട്ടുകളില്‍ എത്രയെണ്ണം ദളിതന്‍റേതാണെന്നറിയാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ? അധികമൊന്നും കാണില്ലെന്നതാണ്‌ സത്യം.

ഹര്‍വാഡ് ബിസിനസ് സ്കൂളിലെ ലക്ഷ്മി അയ്യരും തരുണ്‍ ഖന്നയും ബ്രൌണ്‍ യൂണിവേഴ്സിറ്റിയിലെ അഷുതോഷ് വര്‍ ഷ്നിയും ചേര്‍ന്നു നടത്തിയ “Caste and Entrepreneurship in India “എന്ന പഠനത്തില്‍ ഇന്ത്യയില്‍ ദളിതര്‍ സംരഭവത്വമുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കുകളിലൂടെ വരച്ച് കാണിക്കുന്നുണ്ട്. കാര്‍ഷിക വൃത്തിക്കപ്പുറത്ത് മറ്റു ജോലികള്‍ മിക്കപ്പോഴും ഇവര്‍ക്കന്യമാണ്. ഇതര സമൂഹങ്ങളെ അപേക്ഷിച്ച് ഒറ്റയാള്‍ സംരഭങ്ങളുടെ ശതമാനക്കണക്കില്‍ ദളിതര്‍ക്കിടയിലാണ്‌ കൂടുതല്‍. അതിനാല്‍ തന്നെ അവയുടെ വളര്‍ ച്ചയും വളരെ കുറവാണ്‌.

എന്തുകൊണ്ടാണ് ദലിതര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌?

വ്യാപാരി വ്യവസായ സമൂഹമേ, വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍ ചെറിയ ശബ്ദത്തിലെങ്കിലും മുഴങ്ങുന്നത് നിങ്ങള്‍ അറിയാതെ പോവരുത്. ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? 2005 ല്‍ മിലിന്ദ് കാംബ്ലെ സ്ഥാപിച്ച ഡി ഐ സി സി ഐ യുടെ പ്രവര്‍ത്തനങ്ങള്‍ ചില നഗരങ്ങളിലെങ്കിലും ശക്തമായി തന്നെ നടന്നുവരുന്നു. മിലിന്ദ് ഖണ്ഡേല്‍ക്കറുടെ ദലിത് മില്ല്യണേഴ്സ് എന്ന പുസ്തകം ഇവര്‍ക്കിടെയില്‍ അല്ല നമുക്കിടയിലെ തന്നെ ഉയര്‍ന്നുവരുന്ന പ്രതിഭകളുടെ കഥയാണ്‌ പറഞ്ഞു തരുന്നത്. ചന്ദ്രഭാന്‍ പ്രസാദ്, ദേവെഷ് കപൂര്‍, ഡി ശ്യാം ബാബു എന്നിവര്‍ ചേര്‍ന്നെഴുതിയ Defying the Odds : The Rise of Dalit Entrepreneurs പുസ്തകവും നമ്മോട് പങ്ക് വെക്കുന്ന നായകരുടെ കഥകള്‍ മറ്റൊന്നല്ല.

ദളിതരെ തല്ലാമോ എന്നായിരുന്നില്ല ഇന്ത്യയില്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയം. എത്രയടി മാറിനിന്ന് തല്ലാം എന്നു മാത്രമായിരുന്നു. ഇന്നവര്‍ ഒരു ചെറു വിരലെങ്കിലും ഉയര്‍ത്തി പ്രതികരിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെങ്കില്‍ എല്ലാ ഹര്‍ത്താല്‍ വിരുദ്ധതയും മാറ്റി വെച്ചു കൊണ്ട് ഇന്ന് അവരുടെ കൂടെ ഞാനുണ്ട്. ഇക്കണ്ട ഹര്‍ത്താലിലൊനൊക്കെ അവയുടെ ബുദ്ധിമുട്ടുകള്‍ നമ്മളെക്കാള്‍ ഏറ്റവുമധികം ബാധിച്ചിരുന്നത് അവരെ തന്നെയായിരുന്നു. നീല്‍ സലാം

ഹര്‍ത്താല്‍; സഹകരിക്കുക, പ്രകോപിപ്പിക്കരുതെന്ന് ദളിത് സംഘടനകള്‍, വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍