UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല?

ബിഡിജെഎസ് പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ല

ശബരിമല കര്‍മ സമിതി നേതൃത്വം കൊടുത്ത അയ്യപ്പ ജ്യോതി തെളിക്കല്‍ ഇന്നലെ ആറ് മണിക്ക് തുടങ്ങി ആറരയ്ക്ക് തന്നെ അവസാനിച്ചു. എന്നാല്‍ ഈ ജ്യോതിയില്‍ നിന്നും തിരികൊളുത്തിയ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. മനോര 21 ലക്ഷമെന്നും മാതൃഭൂമി 12 ലക്ഷമെന്നുമാണ് ജ്യോതിയില്‍ പങ്കെടുത്തവരുടെ എണ്ണത്തെക്കുറിച്ച് പറയുന്നത്. അതേസമയം ഈ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന് പലരും കാര്യകാരണ സഹിതം വിശദീകരിക്കുകയാണ്. കണക്കുകളെന്തായാലും അയ്യപ്പ ജ്യോതി വന്‍ വിജയമാണെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം എന്‍ഡിഎ മുന്നണിയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ല എന്നതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം.

പാര്‍ട്ടി നേതാവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വനിതാ മതിലിന്റെ മുഖ്യസംഘാടകനാണ് വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയെ അടിസ്ഥാനമാക്കി രൂപീകരിച്ച രാഷ്ട്രീയ സംഘടനയാണെങ്കിലും ശബരിമല വിഷയത്തില്‍ ഇത്രയും നാള്‍ രണ്ട് നിലപാടുകളാണ് ഇരു സംഘടനകളും സ്വീകരിച്ചിരുന്നത്. ആ സാഹചര്യത്തിലാണ് വനിതാ മതിലിന് ബദലായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ നിന്നും ബിഡിജെഎസ് നേതൃത്വം വിട്ടുനിന്നത്. വെള്ളാപ്പള്ളിയുടെ സമ്മര്‍ദ്ദമാണോ ഇതിന് പിന്നിലെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ബിഡിജെഎസ് എന്തുകൊണ്ട് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തില്ലെന്ന് വിശദീകരിക്കാന്‍ തുഷാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യമാണ് അത്തരമൊരു സംശയത്തിന് കാരണം.

എന്തായാലും എന്‍ഡിഎയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നാണ് തുഷാറിന്റെ വിശദീകരണം. പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. നേതാക്കള്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനം വേണമെന്നാണ് തുഷാര്‍ പറയുന്നത്. മാത്രമല്ല, വനിതാ മതിലില്‍ പങ്കെടുക്കാന്‍ താന്‍ സ്ത്രീയല്ലല്ലോയെന്ന ന്യായീകരണവും നിരത്തുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്തില്‍ സംസ്ഥാന വ്യാപകമായി അയ്യപ്പ ജ്യോതി തെളിച്ചത്. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന ജ്യോതി തെളിക്കലില്‍ ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ വിവിധ ഇടങ്ങളില്‍ ജ്യോതിയുടെ ഭാഗമായപ്പോഴാണ് ബിഡിജെഎസ് ഇടഞ്ഞുനിന്നതെന്നത് ശ്രദ്ധേയമാണ്.

എന്തുകൊണ്ടാണ് നമ്മുടെ സംവാദങ്ങള്‍ ഇപ്പോഴും ദൈവത്തിന്റെ ബ്രഹ്മചര്യത്തെയും ഗോമൂത്രത്തെയും കുറിച്ചാകുന്നത്?

അയ്യപ്പ ജ്യോതിയോട് ഒരു തരത്തിലുമുള്ള വിയോജിപ്പില്ലെന്നാണ് തുഷാറിന് പറയാനുള്ളത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചില്ലെങ്കിലും പങ്കെടുക്കാനുള്ള ഉത്തരവാദിത്വം സഖ്യകക്ഷിയെന്ന നിലയില്‍ ബിഡിജെഎസിന് ഇല്ലേയെന്ന ചോദ്യത്തിന് ഒരാഴ്ചയായി താന്‍ ഇന്ത്യയിലില്ലെന്നും ദുബായിലാണെന്നുമാണ് തുഷാറിന്റെ ന്യായീകരണം. അതിനാല്‍ തന്നെ മീറ്റിംഗ് വിളിച്ചുകൂട്ടാന്‍ സാധിച്ചിട്ടില്ല. എന്‍ഡിഎ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുകയെന്നതാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതില്‍ രണ്ട് പരിപാടികള്‍ താന്‍ തന്നെയാണ് നയിച്ചിട്ടുള്ളതെന്നും തുഷാര്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ഡിഎയുടെ രഥയാത്രയും പദയാത്രയും നടത്തിയത് താനും ബിജെപി സംസ്ഥാന പ്രസിഡന്റും ചേര്‍ന്നാണ്. എന്നാല്‍ അയ്യപ്പ ജ്യോതി ഒരു എന്‍ഡിഎ പരിപാടിയല്ല. ബിജെപി പോലും അത് ഏറ്റെടുത്തിട്ടില്ല. കര്‍മ സമിതി രൂപീകരിച്ചതിന് ശേഷം ബിജെപി അതോടൊപ്പം ചേരുകയാണ് ചെയ്തത്. പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ അതില്‍ പങ്കെടുക്കണമെങ്കില്‍ പാര്‍ട്ടിയുടെ അനുവാദം വേണമെന്നാണ് തുഷാര്‍ പറയുന്നത്. വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പെണ്ണുങ്ങള്‍ പങ്കെടുക്കുന്നിടത്ത് താന്‍ പോകേണ്ട കാര്യമില്ലല്ലോയെന്ന് തുഷാര്‍ ചോദിച്ചത്.

അതേസമയം ബിഡിജെഎസ് പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുത്താല്‍ താനെന്ത് പറയാനാണെന്നും തുഷാര്‍ ചോദിക്കുന്നു. എസ്എന്‍ഡിപി യോഗം വിശ്വാസികള്‍ക്ക് എതിരല്ലെന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. മതിലിനെ വേറൊരര്‍ത്ഥത്തിലാണ് ഞങ്ങള്‍ കാണുന്നത്. ഒരു കാലഘട്ടത്തില്‍ ഗുരുദേവനെ തള്ളിപ്പറയുതയും ശബരിമല വിഷയം ഉണ്ടായപ്പോള്‍ ഉള്‍പ്പെടെ എസ്എന്‍ഡിപി യോഗത്തെയും തള്ളിപ്പറഞ്ഞവരാണ് ഇവരൊക്കെ. ഇന്ന് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ ഏറ്റവും വലുതാണെന്ന തിരിച്ചറിവ് ഇവര്‍ക്കൊക്കെയുണ്ടായതില്‍ സന്തോഷമുണ്ടെന്നും തുഷാര്‍ പറയുന്നു. എസ്എന്‍ഡിപിയും ബിഡിജെഎസും എടുത്തിട്ടുള്ള നിലപാടുകള്‍ ഒന്നുതന്നെയാണ്. വിശ്വാസികള്‍ക്ക് ഒപ്പമാണ് ഞങ്ങളെന്നതാണ് ആ നിലപാട്.

മതില്‍ വിശ്വാസികള്‍ക്ക് എതിരാണെങ്കില്‍ ഞങ്ങള്‍ പങ്കെടുക്കില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിരിക്കുന്നത്. ബിഡിജെഎസിലെ വനിതാ അംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതിനോട് തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നാണ് തുഷാര്‍ പറഞ്ഞിരിക്കുന്നത്. ബിഡിജെഎസ് നേതാക്കള്‍ക്ക് മതിലിലും പങ്കെടുക്കാം അയ്യപ്പ ജ്യോതിയിലും പങ്കെടുക്കാം. പക്ഷെ ശബരിമലയ്ക്ക് എതിരായ ഒരു പരിപാടിക്കും ബിഡിജെഎസ് അംഗങ്ങള്‍ പങ്കെടുക്കില്ല. വനിതാ മതിലിന് ഒരു രാഷ്ട്രീയമുണ്ടെന്ന് തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നും അങ്ങനെയൊരു രാഷ്ട്രീയമുണ്ടെങ്കില്‍ എസ്എന്‍ഡിപിയോ ബിഡിജെഎസോ അതുമായി ബന്ധപ്പെടുമായിരുന്നില്ലെന്നും തുഷാര്‍ പറയുന്നു.

‘വരികൾക്കിടയിൽ ഒളിച്ചുകടത്തുന്ന നുണകൾക്ക് ആയുസുണ്ടാകില്ല’: ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താൽപ്പര്യമില്ലാത്തതിനാലാണെന്ന പ്രസ്താവന താൻ നടത്തിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍