UPDATES

ട്രെന്‍ഡിങ്ങ്

ഇതുകൊണ്ടൊന്നും കാര്‍ട്ടൂണ്‍ വര നിര്‍ത്തില്ല: കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് ജാമ്യം

താനും ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും ഈ കാര്‍ട്ടൂണിന്റെ പേരില്‍ ഖേദിക്കുന്നില്ലെന്നും ബാല

വട്ടിപ്പലിശക്കാരുടെ പീഡനം മൂലം കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കുറ്റത്തിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ബാല ജി ജാമ്യത്തില്‍ ഇറങ്ങി. ഇന്നലെ ചെന്നൈയിലെ വീട്ടില്‍ നിന്നാണ് ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. ബാല വരച്ച കാര്‍ട്ടൂണില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, തിരുനെല്‍വേലി പോലീസ് കമ്മിഷണര്‍, ജില്ല കളക്ടര്‍ എന്നിവരെ അവഹേളിച്ചുവെന്നതും സഭ്യമല്ലാതെ ചിത്രീകരിച്ചുവെന്നതുമാണ് ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍.

വട്ടിപ്പലിശക്കാരുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടും ജില്ലാ കളക്ടറും പോലീസും ഈ കുടുംബത്തെ സഹായിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് തിരുനെല്‍വേലി കളക്ടറേറ്റിന് മുന്നില്‍ വച്ച് നാലും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികളെയുമായി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ശരീരത്തില്‍ തീ ആളിപ്പടരുമ്പോഴും കൈകള്‍ മുന്നോട്ട് നീട്ടിപ്പിടിച്ച് നാല് വയസ്സുള്ള കുട്ടി നിന്ന് കത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കുട്ടിയുടെ ശരീരത്തില്‍ തീ പടര്‍ന്നു പിടിക്കുമ്പോള്‍ നഗ്നരായ മുഖ്യമന്ത്രിയും പോലീസ് കമ്മിഷണറും കളക്ടറും നോട്ടുകെട്ടുകള്‍ കൊണ്ട് നഗ്നത മറയ്ക്കാന്‍ ശ്രമിക്കുന്നതാണ് ബാലയുടെ കാര്‍ട്ടൂണ്‍. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ ഒട്ടനവധി പേര്‍ ഏറ്റെടുക്കുകയും ചെയ്തു.

മാനഹാനി വരുത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് 501-ാം വകുപ്പ് അനുസരിച്ചും ഇക്ട്രോണിക് മാധ്യമം സഭ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി വകുപ്പിന്റെ 67-ാം വകുപ്പ് അനുസരിച്ചുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. താനും ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും ഈ കാര്‍ട്ടൂണിന്റെ പേരില്‍ ഖേദിക്കുന്നില്ലെന്നും ബാല വ്യക്തമാക്കി. സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ ഇനിയും തന്റെ കാര്‍ട്ടൂണുകളിലൂടെ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് ഇനിയും തുടരുമെന്നും ബാല പറയുന്നു.

തമിഴ്‌നാട്ടില്‍ കുടുംബം തീകൊളുത്തി മരിച്ചതില്‍ സര്‍ക്കാരിന് വിമര്‍ശനം: കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു

തിരുനെല്‍വേലി ജില്ലാ കോടതിയാണ് ബാലയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 2014ല്‍ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെയും കോണ്‍ഗ്രസ് നേതാവ് ഖുഷ്ബൂവിനെയും ചിത്രീകരിച്ച് ഇദ്ദേഹം വരച്ച കാര്‍ട്ടൂണും വിവാദത്തിലായിരുന്നു. ഈ കാര്‍ട്ടൂണില്‍ ലൈംഗിക അതിപ്രസരമുണ്ടെന്നായിരുന്നു അന്ന് ഉയര്‍ന്ന വിവാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍