UPDATES

വായന/സംസ്കാരം

എഴുത്ത് തുടരും: എസ് ഹരീഷ്

എസ് ഹരീഷിന്റെ വിശദീകരണവുമായി മാതൃഭൂമി

മീശ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് നോവലിസ്റ്റ് എസ് ഹരീഷ് മാതൃഭൂമി ദിനപത്രത്തിലൂടെ വിശദീകരണ കുറിപ്പ് പുറത്തുവിട്ടു. വിവാദം ആരംഭിച്ച് മൂന്നാം ദിവസമാണ് ഹരീഷിന്റെ വിശദീകരണം മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. “നോവല്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും.” എന്നു ഹരീഷ് വിശദീകരണ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ;

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന എന്‍റെ നോവല്‍ മീശ മൂന്നു ലക്കം പിന്നിട്ടിരിക്കുന്നു. ചെറുപ്പം മുതല്‍ മനസില്‍ കിടന്നതും ഉദ്ദേശം അഞ്ചു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലവുമാണത്. എന്നാല്‍, നോവലില്‍ നിന്ന് ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ചിലര്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.

എനിക്കുനേരെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിരന്തരം ഭീഷണിയുണ്ട്. ഒരു സംസ്ഥാന നേതാവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ എന്‍റെ കരണത്ത് അടിക്കേണ്ടതാണെന്ന് പരസ്യമായി പറഞ്ഞു. എന്നാല്‍, അതിലുപരി എന്‍റെ ഭാര്യയുടെയും രണ്ടു കൊച്ചുകുട്ടികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ച് അസഭ്യ പ്രചാരണങ്ങള്‍ തുടരുന്നു. അമ്മയെയും പെങ്ങളെയും മരിച്ചുപോയ അച്ഛനെയും അപവാദം പറയുന്നു. വനിതാ കമ്മീഷനിലും വിവിധ പോലീസ് സ്റ്റേഷനുകളിലും എനിക്കെതിരെ പരാതി നല്കിയിരിക്കുന്നു.

അതുകൊണ്ട് നോവല്‍ ഖണ്ഡശ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി അതിനു പാകപ്പെട്ടെന്ന് തോന്നുമ്പോള്‍ പുറത്തിറക്കും. എന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ശ്രമിക്കുന്നില്ല. കാരണം, ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ കുടുങ്ങി ജീവിതം കളയാന്‍ ഞാനില്ല. കൂടാതെ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്ത് എനിക്കില്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും, മാതൃഭൂമി പത്രാധിപസമിതിയാംഗങ്ങള്‍ക്ക്. കൂടാതെ എപ്പോഴും കൂടെ നിന്ന കുടുംബാംഗങ്ങള്‍ക്ക്. എഴുത്ത് തുടരും.

മീശ പ്രസിദ്ധീകരിക്കാന്‍ അഴിമുഖം തയാറാണ്; അത് ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍