UPDATES

ട്രെന്‍ഡിങ്ങ്

കയ്യേറിയ സ്ഥലത്ത് നിന്നും പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കുമോ? ഡല്‍ഹി ഹൈക്കോടതി

ക്ഷേത്രം ഇടിച്ചുമാറ്റാന്‍ സാധിച്ചില്ലെങ്കിലും നിര്‍മ്മാണത്തിന് ഉത്തരവാദികളായവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി

അനധികൃത സ്ഥലത്ത് നിന്നും പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കുമോ? ചോദിക്കുന്നത് ഡല്‍ഹി ഹൈക്കോടതിയാണ്. രാജ്യതലസ്ഥാനത്ത് കരോള്‍ ബാഗില്‍ അനധികൃതമായി ഹനുമാന്‍ പ്രതിമ നിര്‍മ്മിച്ചതില്‍ അനിഷ്ടം രേഖപ്പെടുത്തിക്കൊണ്ടാണ് കോടതി ഇത്തരത്തിലുള്ള ഒരു പരാമര്‍ശം നടത്തിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി ഹരി ശങ്കറും ഉള്‍പ്പെട്ട ബഞ്ചാണ് നിരീക്ഷണം നടത്തിയത്. 108 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നും ബഞ്ച് നിര്‍ദ്ദേശിച്ചു.

ക്ഷേത്രം ഇടിച്ചുമാറ്റാന്‍ സാധിച്ചില്ലെങ്കിലും നിര്‍മ്മാണത്തിന് ഉത്തരവാദികളായവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2002 ലാണ് വിഗ്രഹം നിര്‍മ്മിച്ചതെന്നും അതോടനുബന്ധിച്ച ക്ഷേത്രം ഇപ്പോള്‍ ഒരു ട്രസ്റ്റിന്റെ കീഴിലാണെന്നും കോടതിയെ അറിയിച്ചപ്പോഴാണ് ഈ നിരീക്ഷണം നടത്തിയത്. പ്രദേശത്തെ പൊതുസ്വത്തില്‍ ഹനുമാന്‍ വിഗ്രഹ നിര്‍മ്മാണം ഉള്‍പ്പെടെ വലിയ രീതിയിലുള്ള കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിശ്ചയിച്ച സമിതി കണ്ടെത്തിയിരുന്നു. പൊതുസ്ഥലം കൈയേറിയതുമാത്രമായി കുറ്റത്തെ കണക്കാക്കാനാവില്ലെന്നും ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ കൃത്യത്തില്‍ പങ്കുള്ളവര്‍ക്കെതിരെ ചുമത്തണമെന്നും നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പ്രതിമയുടെയും മറ്റ് അനധികൃത കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തില്‍ പങ്കാളികളായ മുഴുവന്‍ പേരുടെയും വിശദാംശങ്ങള്‍ കോടതി ആരാഞ്ഞിട്ടുണ്ട്. ഡല്‍ഹി വികസന അതോറിറ്റിയുടെ 1170 ചതുരശ്ര യാര്‍ഡ് കൈയേറിയതായി നേരത്തെ കോടതി നിശ്ചയിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈകടത്തിക്കൊണ്ട് പൊതുസ്ഥലം കൈയേറാന്‍ ഒരു മതസ്ഥാപനത്തിനും അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍