UPDATES

ട്രെന്‍ഡിങ്ങ്

ശസ്ത്രക്രിയ കഴിഞ്ഞു, ബില്ല് 17 ലക്ഷം, പക്ഷേ ആളു മരിച്ചുപോയി

ആശുപത്രിക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന കോളംബിയ ഏഷ്യ ഹോസ്പിറ്റല്‍ എന്ന സ്വകാര്യ ആശുപത്രിക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് രാജേന്ദ്ര സിംഗ്. 67 കാരിയായ സാവിത്രി ദേവിയുടെ മകനായ രാജേന്ദ്ര സിംഗ് അമ്മയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആശുപത്രിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നത്. കൊളംബിയ ഏഷ്യ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ തന്റെ അമ്മ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മരണപ്പെട്ടത് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരതരമായ വീഴ്ചയാണെന്നാണ് രാജേന്ദ്ര സിംഗ് ആരോപിക്കുന്നത്. മാത്രമല്ല, ആശുപത്രി ബില്ലായി കിട്ടിയിരിക്കുന്നത് 17 ലക്ഷം രൂപയാണെന്നും സിംഗിന്റെ പരാതിയിലുണ്ട്.

പരാതി സ്വീകരിച്ച പൊലീസ് സംഭവത്തില്‍ ആരോഗ്യവകുപ്പില്‍ നിന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ഇതു കിട്ടിയശേഷം കേസ് ചാര്‍ജ് ചെയ്യാമെന്ന നിലപാടാണ്.

67 കാരിയായ സാവിത്രി ദേവിയെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിരമായ വയറുവേദന കാരണം കഷ്ടപ്പെട്ടിരുന്നു തന്റെ അമ്മയെന്നു രാജേന്ദ്ര സിംഗ് പറയുന്നു. അഡ്മിറ്റാക്കി പിറ്റേദിവസം തന്നെ ശസ്ത്രക്രിയ നടത്തി. എന്നാല്‍ ശസ്ത്രക്രിയ്ക്കു പിന്നാലെയും അമ്മ കലശലായ വേദന അനുഭവിക്കുകയും 18 ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെടുകയുമായിരുന്നു. തങ്ങളുടെ പിഴവു കൊണ്ട് രോഗി മരിക്കുന്ന അവസ്ഥ വന്നെങ്കില്‍ പോലും തനിക്ക് 17 ലക്ഷം രൂപ ബില്ല് ചുമത്താന്‍ ആശുപത്രിക്കാര്‍ മറന്നില്ലെന്ന് രാജേന്ദ്ര സിംഗ് പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ ആശുപത്രി നിഷേധിക്കുകയാണ്. പിത്താശ കല്ല് നീക്കം ചെയ്യാനുള്ള ഒരു ശസത്രക്രിയയ്ക്ക് സാവിത്രി ദേവിയെ തങ്ങളുടെ ആശുപത്രിയില്‍ വിധേയയാക്കിയിട്ടില്ലെന്നാണ് ജനറല്‍ മാനേജര്‍ കൂടിയായ ഡോ. ചൈതന്യ പതാനിയ പറയുന്നത്. 2017 ല്‍ മറ്റൊരു ആശുപത്രിയില്‍ അവര്‍ പിത്താശയ കല്ല് നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായിട്ടുണ്ട്. അവരുടെ പിത്താശയ സഞ്ചി തന്നെ മാറ്റിയിരുന്നു. കൊളംബിയ ഏഷ്യയില്‍ പിത്തനാളിയിലെ ഒരു കല്ല് നീക്കം ചെയ്യുകമാത്രമാണ് ഉണ്ടായിട്ടുള്ളത്; ഡോ. ചൈതന്യ പറയുന്നു.

ജനുവരി ഒമ്പതിന് നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ അമ്മയ്ക്ക് വയറുവേദന കൂടുകയാണുണ്ടായതെന്നും ഇതേ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പരിശോധനയ്ക്കു കൊണ്ടു വന്നപ്പോള്‍ അറിയിച്ചത് അവരുടെ കുടലില്‍ ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ്. ഇത്തരമൊരു കണ്ടെത്തലിനു പിന്നാലെ മൂന്നു ശസ്ത്രക്രിയകള്‍ കൂടി അവര്‍ അമ്മയ്ക്ക് നടത്തി. പിന്നീട് അമ്മയെ വെന്റിലേറ്ററിലേക്കാണ് മാറ്റിയത്. ജനുവരി 26 ന് ആ കിടപ്പില്‍ ഹൃദയാഘാതം മൂലം അമ്മ മരിക്കുകയും ചെയ്തു; രാജേന്ദ്ര കുമാര്‍ പറയുന്നു. അമ്മ മരണപ്പെട്ടതിനു പിറ്റേദിവസമാണ് ആശുപത്രിയധികൃതര്‍ അതുവരെയുള്ള ചികിത്സ ചെലവായി 17 ലക്ഷത്തിന്റെ ബില്ല് തന്നതെന്നും രാജേന്ദ്ര കുമാര്‍.

ചികിത്സ പിഴവും അമിത ബില്ലും എന്ന രാജേന്ദ്ര സിംഗിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു തന്നെയാണ് ഡോ. ചൈതന്യ ആവര്‍ത്തിക്കുന്നത്. രോഗിയുടെ ആരോഗ്യനില വളരെ സങ്കീര്‍ണമായിരുന്നു, അവരുടെ പ്രായവും വലിയൊരു ഘടകമായിരുന്നു. എങ്കിലും വളരെ ശ്രദ്ധയോടെയാണ് ഞങ്ങളവരെ ചികിത്സിച്ചത്. ഇക്കാര്യങ്ങളെല്ലാം രോഗിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നതുമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ഞങ്ങളുടെ പൂര്‍ണ നിരീക്ഷണത്തില്‍ തന്നെയായിരുന്നു രോഗി. പക്ഷേ, അതിനിടയില്‍ അപ്രതീക്ഷിതമായി സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമായത്; ഡോ. ചൈതന്യ പതാനിയ വ്യക്തമാക്കുന്നു.

17 ലക്ഷം ബില്ല് വന്നതിനെ കുറിച്ചും ഡോക്ടര്‍ക്ക് വിശദീകരണമുണ്ട്. മരിച്ച രോഗി മുന്‍പട്ടാളക്കാരന്റെ ഭാര്യയാണ്. എക്‌സ് സര്‍വീസ്മാന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീമില്‍ അവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതനുസരിച്ചുള്ള ആനുകൂല്യം കിട്ടും. ഈ ആശുപത്രി ബില്ല് സര്‍ക്കാരില്‍ നല്‍കിയാല്‍ ഇപ്പോഴുള്ള തുക 4.59 ലക്ഷമാക്കി കുറയും; ഡോ. ചൈതന്യ പറയുന്നു.

പൊലീസ് എന്തായാലും ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍