UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല സ്ത്രീ പ്രവേശനം; വിധി കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുണ്ടോ? പഠിച്ചിട്ടു പറയാമെന്ന് ചെന്നിത്തല

യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്നായിരുന്നു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി ഭരണഘടന ബഞ്ചിന്റെ ചരിത്രപരമായ വിധിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധിയുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് വിധി പ്രസ്താവത്തെ കുറിച്ച് പഠിക്കാതെ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍. രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധിയാണ് വന്നിരിക്കുന്നത്. അത് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം ഒരിക്കലും വിലക്കിയിട്ടില്ല. ചില ആചാരങ്ങളുടെ പേരില്‍ ഉള്ള ചില നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്. സുപ്രിം കോടതി വിധി വന്നതോടൂകൂടി എല്ലാ സാഹചര്യങ്ങളും മാറിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് എല്ലാ ദേവാലയങ്ങളും പ്രവര്‍ത്തിക്കുന്നത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്നുള്ള കാര്യം കൂടി ഗൗരവമായി കാണേണ്ടതാണ്; ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിധിയെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് നേരിട്ട് മറുപടി പറയാതെ, സുപ്രിം കോടതി വിധി പുറപ്പെടുവിച്ചാല്‍ രാജ്യത്തെ എല്ലാ പൗരന്മാരും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. സുപ്രിം കോടതി വിധി അംഗീകരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശബവരിമലയിലെ സ്ത്രീ പ്രവേശനവുമായി എടുത്ത നിലപാട് ഇപ്പോഴുണ്ടായിരിക്കുന്ന വിധിയില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്നായിരുന്നു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള ദേവസ്വം ബോര്‍ഡിന്റെ നിലപാടും അതു തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. ഇനി ഇക്കാര്യങ്ങളൊന്നും പ്രസക്തമല്ലെന്നും സുപ്രിം കോടതിയുടെ അന്തിമവിധി വന്നു കഴിഞ്ഞെന്നും വിധി മുഴുവന്‍ പഠിക്കാതെ ഇനി ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാന്‍ തനിക്ക് കഴിയില്ലെന്നു പറഞ്ഞ രമേശ് ചെന്നിത്തല സ്ത്രീകളെ ശബരമിലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നു തന്നെയാണോ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഇപ്പോഴുള്ള നിലപാടും എന്നുള്ള ചോദ്യത്തില്‍ നിന്നും ഉത്തരം പറയാതെ, വിധി പഠിക്കട്ടെ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു പ്രതിപക്ഷ നേതാവ് ചെയ്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍