UPDATES

ട്രെന്‍ഡിങ്ങ്

തെരുവുകള്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രതിഷേധിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയെ തെരുവിലിട്ട് ക്രൂരമായി തല്ലുകയാണവര്‍; ഞെട്ടിക്കുന്ന വീഡിയോ

മേഘാലായയിലാണ് ഈ നിഷ്ഠൂര സംഭവം നടന്നത്

കതുവ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കു വേണ്ടി രാജ്യത്തെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ മേഘാലയയില്‍ ഒരു പെണ്‍കുട്ടിയെ തെരുവിലിട്ട് പരസ്യമായി ഒരു സംഘം ആണുങ്ങള്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയിരിക്കുന്നു. നിഷ്ഠൂരമായ ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്.

പച്ച കുര്‍ത്ത ധരിച്ച ഇരുപതിനോടടുത്ത് പ്രായമുള്ള ഒരു യുവതിയെയാണ് ആണ്‍സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നത്. വിഫലമായ ശ്രമങ്ങള്‍ക്കൊണ്ട് അവള്‍ തന്റെ മര്‍ദ്ദകരെ തടയാന്‍ ശ്രമിച്ച് പരാജയപ്പെടുന്നുമുണ്ട്. ഭാഗ്യവശാല്‍ അവളുടെ ജീവന് ആപത്തൊന്നും സംഭവിച്ചിട്ടില്ല.

പെണ്‍കുട്ടിയെ വളഞ്ഞു നിന്നാണ് ആണ്‍ സംഘം മര്‍ദ്ദിക്കുന്നത്. പെണ്‍കുട്ടിയുടെ കൈ പിടിച്ചു തിരിച്ചും മുടിയില്‍ കുത്തിപ്പിടിച്ചും, വയറിലും കാലുകളിലും ആഞ്ഞു ചവിട്ടിയുമൊക്കെയാണ് മര്‍ദ്ദകര്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നത്. ഒരാള്‍ ശക്തമായി പെണ്‍കുട്ടിയുടെ മുഖത്ത് പ്രഹരിക്കുന്നുമുണ്ട്, ഒരിക്കലല്ല, മൂന്നുവട്ടം. വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങളാണിതെല്ലാം.

മേഘാലയായിലെ വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും 70 കിലോമീറ്റര്‍ ഇപ്പുറത്തായാണ് ഈ സ്ഥലം.

സംഭവത്തില്‍ സ്വമേധായ കേസ് എടുത്ത പൊലീസ് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കിയതനുസരിച്ച് പ്രധാന പ്രതിയായ ബിരേന്‍ സാംഗ്മ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയേയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച എല്ലാവരേയും ഉടനടി പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ സുരക്ഷിതയാണെന്നും അവളെ കൗണ്‍സിംലിംഗിന് വിധേയാക്കിയെന്നും ഭയപ്പെടാന്‍ ഇപ്പോള്‍ ഒന്നും ഇല്ലെന്നും പൊലീസ് പറയുന്നു.

സംഭവം നടന്നിട്ട് രണ്ട് ദിവസങ്ങളോളം ആയെന്നും സദാചാര പൊലീസിംഗ് ആണ് നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ഗാരോ ആദിവാസി സമുദായത്തില്‍പ്പെട്ടതാണ് ഈ പെണ്‍കുട്ടി. മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്ന് ഈ സംഭവത്തിന് സാക്ഷികളായി ചിലര്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം മര്‍ദ്ദനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പൊലീസ് അന്വേഷിക്കുന്നുമുണ്ട്.

പെണ്‍കുട്ടി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്രയ്ക്ക് വന്നപ്പോഴാണ് ബിരേന്‍ സാംഗ്മയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം വയറിലും കാലുകളിലും കൈകളിലുമായി അക്രമികള്‍ ശക്തിയായി ചവിട്ടിയെന്നു പേരുവെളിപ്പെടുത്താത ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറയുന്നുണ്ട്. മറ്റ് ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു മര്‍ദ്ദനം.

ഈസ്റ്റ് ഖാസി ഹില്‍സ് കഴിഞ്ഞാല്‍ മേഘാലയായില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ജില്ലയാണ് ഗാരോ ഹില്‍സ്. മേഘാലയ മുഖ്യമന്ത്രി കോണാര്‍ഡ് സാംഗ്മയുടെ മണ്ഡലമായ തുറ ഈ ജില്ലയില്‍പ്പെട്ടതാണ്.

കഴിഞ്ഞ ദിവസമാണ് അസമിലെ ഗോല്‍പര ജില്ലയില്‍ 22 കാരിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍