UPDATES

ട്രെന്‍ഡിങ്ങ്

ഒരു വര്‍ഷമായി കായലില്‍ ഒഴുകി നടന്ന വീപ്പ, ഒടുവില്‍ പൊട്ടിച്ചപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ യുവതിയുടെ അസ്ഥികൂടം

രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് യുവാവിന്റെ മൃതദേഹം കോണ്‍ക്രീറ്റ് കട്ടകള്‍ നിറച്ച് ചാക്കിലാക്കിയ നിലയില്‍ കായലില്‍ നിന്നും കണ്ടെത്തിയത്

കൊച്ചി കുമ്പളത്ത് കായലില്‍ നിന്നും ഒരു വര്‍ഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. മുപ്പതു വയസോളം പ്രായമുള്ള യുവതിയുടെ അസ്ഥികൂടമാണിതെന്നു പൊലീസ് പറയുന്നു. കൊലപ്പെടുത്തിയശേഷം തലകീഴായി വീപ്പയിലിറക്കി കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം.

തിങ്കളാഴ്ചയാണ് കായലിനു സമീപത്തായി ബാരല്‍ കണ്ടെത്തുന്നത്. ബാരലിനു സമീപം ഉറമ്പുകളെ കണ്ട് സംശയം തോന്നി നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് എത്തി ബാരലല്‍ പൊട്ടിച്ചപ്പോഴാണ് കോണ്‍ക്രീറ്റിനകത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയത്. തലമുടിയും അസ്ഥികളും മാത്രമാണ് മൃതദേഹത്തില്‍ അവശേഷിച്ചിരുന്നത്.

യുവതിയെ കൊലപ്പെടുത്തിയശേഷം ബാരലില്‍ ആക്കി കോണ്‍ക്രീറ്റ് നിറച്ച് കയലില്‍ തള്ളുകയായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബാരല്‍ കായലില്‍ ഒഴുകി നടക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും കപ്പലില്‍ നിന്നും ഉപേക്ഷിച്ച ഒഴിഞ്ഞ എണ്ണ ബാരല്‍ ആയിരിക്കുമെന്നാണ് കരുതിയതെന്നു ചില നാട്ടുകാര്‍ പറയുന്നു. രണ്ടു മാസം മുമ്പ് കായല്‍ ശുചീകരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബാരല്‍ തീരത്ത് അടിഞ്ഞത്.

കൈയും കാലും കെട്ടിയ നിലയിലാണ് മൃതദേഹം ബാരലില്‍ കയറ്റിയത്. വളരെ ശ്രദ്ധയോടെയാണ് കോണ്‍ക്രീറ്റ് നിറച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കില്ലര്‍മാര്‍ ആയിരിക്കാം പിന്നില്‍. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ഇതിന്റെ ഭാഗമായി കാണാതായവരുടെ ഫയല്‍ പരിശോധിച്ചു വരികയാണ്; പൊലീസ് പറയുന്നു.

അതേസമയം രണ്ടു മാസങ്ങള്‍ക്കു മുമ്പ് നെട്ടൂര്‍ ഷാപ്പിനടുത്ത് കുമ്പളം കായലില്‍ പാലം നിര്‍മിക്കുന്നതിനു സമീപത്തായി ഒരു അജ്ഞാത യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ ഒരു ചാക്കിനകത്ത് കോണ്‍ക്രീറ്റ് കട്ടകള്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ കല്ലുകളും ഇപ്പോള്‍ യുവതിയുടെ മൃതദേഹത്തിനൊപ്പം ബാരലില്‍ ഉണ്ടായിരുന്ന കല്ലുകളും സാമ്യമുള്ളതാണെന്നു പൊലീസ് പറയുന്നുണ്ട്. ഈ രണ്ടു കൊലപാതകങ്ങളും തമ്മില്‍ എന്തെങ്കിലുംസാമ്യം ഉണ്ടോ എന്ന നിലയ്ക്കും പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍