UPDATES

മഞ്ജുവിനെ കണ്ടല്ല വനിതാ മതില്‍ തീരുമാനിച്ചത്: രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരും ഇടത് നേതാക്കളും

മഞ്ജു വാര്യരുടെ സാമൂഹിക കണ്ണാടിക്ക് കാഴ്ചക്കുറവാണെന്ന് മന്ത്രി സുധാകരന്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇടതുപക്ഷ നേതാക്കള്‍.

ഡിസംബര്‍ 16ന് വനിതാ മതിലിന് പിന്തുണയുമായെത്തിയ മഞ്ജു വാര്യര്‍ അന്ന് വൈകുന്നേരത്തോടെ തന്നെ പിന്തുണ പിന്‍വലിക്കുകയായിരുന്നു. വനിതാ മതിലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് മഞ്ജു പിന്തുണ പ്രഖ്യാപിച്ചത്. ‘ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം, സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’ എന്നാണ് വീഡിയോയില്‍ മഞ്ജു പറഞ്ഞിരുന്നത്.

ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ മഞ്ജുവിനെതിരേ അശ്ലീല പരാമര്‍ശങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് വനിതാ മതിലിന് രാഷ്ട്രീയനിറം വന്ന സാഹചര്യത്തിലാണ് പിന്മാറുന്നതെന്നാണ് മഞ്ജുവാര്യര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറമുള്ള രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നതെന്നാണ് മഞ്ജു പിന്മാറലിനെ വിശദീകരിച്ചത്.

മഞ്ജു വനിതാ മതിലിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതും വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇടതുപക്ഷ മന്ത്രിമാരായ ജി.സുധാകരന്‍, എം എം മണി, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് മഞ്ജുവിനെതിരെ നടത്തിയിരിക്കുന്നത്. ‘മഞ്ജുവാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം.’ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

മഞ്ജുവാര്യരെ ആശ്രയിച്ചിട്ടല്ല വനിതാ മതില്‍ തീരുമാനിച്ചത്. അവര്‍ പിന്മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ല എന്നാണ് മന്ത്രി എംഎം മണി മഞ്ജുവിന്റെ നിലപാട് മാറ്റത്തെക്കുറിച്ച് പ്രതികരിച്ചത്. നടി മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ പിന്മാറ്റം മതിലിനെ ബാധിക്കില്ലെന്നും മന്ത്രി എംഎം മണി പറഞ്ഞു. 60 ലക്ഷം പേര്‍ അണിനിരക്കുന്ന മതില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അവര്‍ വലിയ കലാകാരിയാണ്. എനിക്ക് ഏറെ ബഹുമാനമുള്ള കലാകാരിയാണ്. പക്ഷേ അവരുടെ സോഷ്യല്‍ സ്‌പെക്ടക്കിള്‍, അതായത് സാമൂഹ്യ കണ്ണാടി മാറേണ്ട സമയമായി’ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കൂടാതെ അവരുടെ കണ്ണാടി പഴയതാണെന്നും അതിനെന്തോ കാഴ്ചക്കുറവുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു.

‘മഞ്ജു, ആരെങ്കിലും നിര്‍ബ്ബന്ധിച്ചില്ലല്ലോ? മഞ്ജുവിനെപ്പോലെ ഇത്രയും പ്രശസ്തയായ ഒരു വനിത രണ്ടുവട്ടം ആലോചിച്ചല്ലേ ഇങ്ങനെ ഒരു വീഡിയോ ഇടാവൂ? വനിതാ മതില്‍ കേരളത്തിലെ സ്ത്രീകളുടെ വിമോചന മതിലാകും. അത് മഞ്ജുവിനെപ്പോലെയുള്ള യുവതികള്‍ക്കും കൂടി വേണ്ടിയാണു. മഞ്ജു പങ്കെടുത്താലും ഇല്ലെങ്കിലും.’ എന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍