UPDATES

ട്രെന്‍ഡിങ്ങ്

വനിതാ മതില്‍: തന്നോട് ചെയ്തത് സാമാന്യ മര്യാദക്ക് നിരക്കാത്തതെന്ന് ചെന്നിത്തല

സര്‍ക്കാര്‍ ചെലവിലല്ല വനിതാ മതില്‍ തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തന്റെ അനുമതിയില്ലാതെ വനിതാ മതില്‍ ആലപ്പുഴ രക്ഷാധികാരിയാക്കിയതിനെതിരെ രമേശ് ചെന്നിത്തല. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മതില്‍ തീര്‍ക്കുന്നതില്‍ ആലപ്പുഴ ജില്ലയുടെ രക്ഷാധികാരിയായി ചെന്നിത്തലയെ നിയോഗിച്ചത്. എന്നാല്‍ തന്റെ അനുമതിയില്ലാതെ രക്ഷാധികാരിയാക്കിയത് സാമാന്യ മര്യാദക്ക് നിരക്കാത്ത കാര്യമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് ജില്ലാ കളക്ടറെ വിളിച്ച് അറിയിച്ചതായും ചെന്നിത്തല പറയുന്നു.

തുടക്കം മുതല്‍ വനിതാ മതിലിനെതിരെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് പ്രതിപക്ഷ നേതാവ്. സര്‍ക്കാര്‍ ചെലവില്‍ നവോഥാന സംഘടനകളുടെ നേതൃത്വത്തില്‍ മതില്‍ സംഘടിപ്പിക്കുന്നതിനെതിരെ അദ്ദേഹം പലപ്പോഴായി പ്രസ്താവനകളും ഇറക്കിയിരുന്നു. വനിതാ മതിലിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ്‌സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു. വനിതാ മതിലില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ പെട്ടവരാണെന്നും അതിനായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ചെന്നിത്തലയെ ആലപ്പുഴ ജില്ലയുടെ രക്ഷാധികാരിയായി നിയോഗിക്കുന്നത്. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ ഗിമ്മിക്കാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ പണം മുടക്കി വനിതാ മതില്‍ തീര്‍ക്കില്ലെന്ന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ തീര്‍ക്കുന്നത് സംഘടനകളുടെ നേതൃത്വത്തിലാണ്. അതിനായി സര്‍ക്കാര്‍ പണം ഉപയോഗിക്കില്ല. സര്‍ക്കാര്‍ ആശയ പ്രചാരണമാണ് നടത്തുന്നത്. സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നല്‍കുന്നു. എന്നാല്‍ വനിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനോട് പ്രതിപക്ഷ പാര്‍ട്ടികളടക്കം നിരവധി പേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വിവിധ സംഘടനാ പ്രതിനിധികളും ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ജനുവരി ഒന്നിനാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മതില്‍ തീര്‍ക്കുക. എസ് എന്‍ഡിപിയും കെ പിഎംഎസും ഉള്‍പ്പെടെയുള്ള സംഘടനകളാണ് മതില്‍ തീര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. തുടക്കം മുതലേ വനിതാ മതില്‍ എന്ന് ആശയത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണുണ്ടായത്. സര്‍ക്കാര്‍ സര്‍ക്കുലറും, രമേശ് ചെന്നിത്തലയെ രക്ഷാധികാരിയാക്കിയതും, അയ്യപ്പ കര്‍മ്മ സമിതിയുടെ അയ്യപ്പജ്യോതി തെളിയിക്കലുമുള്‍പ്പെടെ വീണ്ടും വനിതാ മതില്‍ ചര്‍ച്ചാവിഷയമാവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍