എത്ര സ്ത്രീകളുണ്ടായിരുന്നു നേതാക്കളേ നവോത്ഥാന യോഗത്തില്‍?
2019 ജനുവരി ഒന്നിന് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി വനിതാ മതിൽ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ രൂപീകരിച്ചു. സി.കെ. വിദ്യാസാഗര്‍, ബി. രാഘവന്‍ (വൈസ് ചെയര്‍മാന്‍മാര്‍), സി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, ഇ.എന്‍. ശങ്കരന്‍ (ജോയന്‍റ് കണ്‍വീനര്‍മാര്‍), കെ. സോമപ്രസാദ് (ട്രഷറര്‍) എന്നിവരാണ് സമിതിയുടെ മറ്റ് ഭാരവാഹികള്‍.
‘വനിതാ മതിൽ’ തീരുമാനം വാർത്തയായ ശേഷം പരിസ്ഥിതി പ്രവർത്തകനും, നിയമ വിദഗ്ധനുമായ ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ ചോദിച്ച ചോദ്യം പ്രസക്തമാണ്. “സമുദായ- ജാതിസംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ട് നവോത്ഥാനമൂല്യ സംരക്ഷണത്തിന് കേരളമെമ്പാടും ‘വനിതാ മതിൽ’ ഉണ്ടാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്തി! എത്ര സ്ത്രീകളുണ്ടായിരുന്നു നേതാവേ ആ തീരുമാനം എടുക്കുന്ന നേതൃത്വത്തിൽ? എത്ര സ്ത്രീകളോട് നിങ്ങളിത് കൂടിയാലോചിച്ചു? അതോ കേരളത്തിലെ സ്ത്രീകളുടെ ചുക്കാൻ ഇപ്പോഴും ജാതിപ്രമാണിമാരുടെ കയ്യിലാണ് എന്നാണോ അങ്ങയുടെ ധാരണ? “
തീർച്ചയായും പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും പാർട്ടിയും അഡ്രസ്സ് ചെയ്യേണ്ട ചോദ്യമാണ്. വേദിയിലോ സദസ്സിലോ സ്ത്രീ സാന്നിധ്യം ഇല്ലാത്ത ഒരിടത്തിരുന്നു കൊണ്ട് വനിതാ മതിലിന് ആഹ്വാനം ചെയ്യുമ്പോൾ നിങ്ങളുടെയൊക്കെ ആഹ്വാനത്തിന് ‘ഓ അടിയൻ’ ലൈനിൽ അനുസരിക്കാൻ തയ്യാറായി ഒരു വിഭാഗം സ്ത്രീകൾ ഉണ്ടെന്നല്ലേ അതിനർത്ഥം?! പുരുഷകേന്ദ്രീകൃതമായ ഒരു സിസ്റ്റത്തിൽ തീർച്ചയായും സിംഹാസനങ്ങളിൽ കയറിയിരിക്കുന്ന തമ്പുരാക്കന്മാരുടെ ഉത്തരവ് അനുസരിക്കാൻ തയ്യാറായിരിക്കുന്ന സ്ത്രീകൾ ഉണ്ടാവും, പക്ഷെ അവരെ ഉൾപ്പെടുത്തിക്കൊണ്ട് നിർമിക്കുന്ന സോകോൾഡ് മതിൽ നവോത്ഥാനം സംരക്ഷിക്കാൻ കെട്ടിപ്പടുക്കുന്നതാണെന്നു മാത്രം പറയരുത്.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും അതിനു വേണ്ടിയുള്ള സമരമുഖം തുറക്കാനും ആധുനികതയ‌്ക്ക‌് നിരക്കാത്തവയെ തിരസ‌്കരിക്കാനും പുരോഗമനവാദികള്‍ക്ക് ലഭിച്ച സുവർണാവസരമാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളെന്ന് നിരീക്ഷിച്ചത് സുനിൽ പി ഇളയിടമാണ്. വിശാലാർത്ഥത്തിൽ സുനിൽ മാഷുടെ ഈ നിരീക്ഷണത്തിൽ കാമ്പുണ്ട്, സവർണ ചിന്തകളുടെ മുനയൊടിക്കാനും, സ്ത്രീ വിരുദ്ധമായ പരിസരങ്ങളിൽ ചലനങ്ങൾ സൃഷ്ടിക്കുവാനും ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രബുദ്ധ കേരളത്തിന് സാധിച്ചിട്ടുണ്ട് എന്ന് പറയാം.
ജാതീയമായ അടിച്ചമര്‍ത്തലിനെതിരായ കീഴാള ജനവിഭാഗത്തില്‍ നിന്ന് രൂപപ്പെട്ടുവന്ന് എല്ലാ വിഭാഗങ്ങളിലേക്കും പടര്‍ന്നുകയറിയ നവോത്ഥാന കാഴ്ചപ്പാട് സ്ത്രീകളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടു എന്നത് കൂടുതൽ ഉച്ചത്തിൽ നാം ശബരിമല യുവതി പ്രവേശനത്തിന് ശേഷമുള്ള ചർച്ചകളിൽ കേട്ടു. മുൻപ് പലപ്പോഴും നവോത്ഥാന പ്രഭാഷണങ്ങൾ അയ്യങ്കാളിയിൽ തുടങ്ങി ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ അവസാനിക്കാറാണ് പതിവ്. ആ ആചാരം ലംഘിച്ചു കൊണ്ടാണ് മിക്ക പ്രഭാഷകരും നങ്ങേലി അടക്കമുള്ളവരുടെ പോരാട്ടങ്ങൾ ഇപ്പോൾ മിക്ക പ്രസംഗവേദികളിലും ആവർത്തിക്കുന്നത്.
കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തില്‍ പുതിയ വഴി വെട്ടിത്തുറക്കാൻ നവോത്ഥാനം ഹേതുവായിട്ടുണ്ട്. എല്ലാവിഭാഗത്തിലെ സ്ത്രീകളിലും മാറ്റത്തിന്റെ കാറ്റുമായി നവോത്ഥാന പ്രസ്ഥാനം വളര്‍ന്നുവന്നു. മാറിടം മറയ്ക്കാനുള്ള അവകാശം, വിധവാ വിവാഹം, സ്ത്രീവിദ്യാഭ്യാസം മുതലായ ഇടപെടലുകളിലൂടെ, സ്ത്രീകളെ അരങ്ങത്തേക്ക് കൊണ്ടുവരുന്നതിനുള്ള പ്രക്ഷോഭമായി അത് മാറി. ജന്മിത്തം മുന്നോട്ടുവച്ച സ്ത്രീവിരുദ്ധമായ ആശയങ്ങളെ അട്ടിമറിക്കാൻ ഇത്തരം പ്രക്ഷോഭങ്ങൾക്ക് സാധിച്ചു. .
1915-ല്‍ കൊല്ലത്ത് നടന്ന കല്ലുമാല ബഹിഷ്‌കരണം മാത്രം ഉദാഹരണമായി എടുക്കുക, ഈ ജാത്യാധികാരഘടനയെ ഇത് പോലെ ചോദ്യം ചെയ്ത മുന്നേറ്റങ്ങൾ കുറവായിരുന്നു. സ്വന്തം ശരീരത്തെ ജാത്യാധികാര-അടയാളചിഹ്നങ്ങളുടെ ആചാരപാലനത്തില്‍നിന്നും ഇതാ മുക്തമാക്കുന്നു, തുടര്‍ന്നും ജാതിനിയമങ്ങള്‍ പാലിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനം തീര്‍ച്ചയായും ജാതിമേധാവിത്തത്തോട് നേര്‍ക്കുനേരുള്ള അഭിസംബോധനയായാണ് നവോത്ഥാന ചരിത്രം രേഖപ്പെടുത്തുന്നത്.
ഇത്രയും ഒരോർമപ്പെടുത്തലായി പറഞ്ഞത് ‘നവോത്ഥാനം’ പുരുഷന്മാർ ഒറ്റക്ക് ഓടിച്ചു കയറ്റി കൊണ്ട് വന്ന വണ്ടി ആണെന്ന തെറ്റിദ്ധാരണ വനിതാ മതിൽ പണിയാൻ വെമ്പി നിൽക്കുന്ന സമുദായ സംഘടന നേതാക്കൾ ആരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ്. പ്രസ്തുത സമിതിയിലെ അംഗങ്ങളിലൊരാളായ ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സിപി സുഗതന്‍ ഹാദിയയെ കൊല്ലണം എന്നാഹ്വാനം ചെയ്യുന്ന ഫേസ്ബുക് പോസ്റ്റ് നവമാധ്യമങ്ങളിൽ വിമര്‍ശനമേറ്റു വാങ്ങുകയാണ്. അതുകൊണ്ട് ന്യായമായും ഒരോര്‍മ്മപ്പെടുത്തൽ ആവശ്യമാണെന്ന് തോന്നി.
ഒരു നൂറു സ്ത്രീകൾ ചേർന്ന് യോഗം കൂടിയ ശേഷം വനിതാ മതിൽ കെട്ടിപ്പടുക്കാൻ തീരുമാനിക്കുകയും അവരുടെ താല്പര്യമനുസരിച്ച് അത് പിണറായി വിജയനോ, വെള്ളാപ്പള്ളിയോ പ്രഖ്യാപിക്കുന്നതിലെ രാഷ്ട്രീയം മനസിലാക്കാം. മറിച്ച് ഇന്നാട്ടിലെ വലിയൊരു വിഭാഗം സ്ത്രീകളുടെ സംരക്ഷണാവകാശവും ഉടമസ്ഥാവകാശവും തങ്ങൾക്കാണെന്ന മട്ടിലുള്ള ഈ ‘വല്യേട്ടൻ’ കളി ഇടതുപക്ഷമടക്കമുള്ളവർ ഇത് വരെ ഉയർത്തിപ്പിടിച്ച പുരോഗമന രാഷ്ട്രീയത്തെ റദ്ദ് ചെയ്യലാണ്.
ശബരിമല വിഷയത്തില്‍ ബിജെപിക്ക് മുന്നില്‍ അവശേഷിക്കുന്ന സമരതന്ത്രം ഇതാണ്