UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരശുറാം എക്‌സ്പ്രസിലെ സാമ്പാറില്‍ പുഴു: റെയില്‍വേ അധികൃതര്‍ ഭക്ഷണം പിടിച്ചെടുത്തു

ഭക്ഷണത്തിന് നിയമപ്രകാരമുള്ളതില്‍ കൂടുതല്‍ വിലവാങ്ങുന്നതും അളവ് കുറച്ചു കൊടുക്കുന്നതും റെയില്‍വേ പാന്‍ട്രിയില്‍ പതിവാണ്

പരശുറാം എക്‌സ്പ്രസിലെ പാന്‍ട്രിയില്‍ നിന്നും വാങ്ങിയ സാമ്പാറില്‍ പുഴു. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടറും സംഘവും പരിശോധന നടത്തുകയും ആഹാരം പിടിച്ചെടുക്കുകയും ചെയ്തു.

ഇന്നലെ രാവിലെയാണ് സംഭവം. നാഗര്‍കോവിലില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്നു ട്രെയിന്‍. തിരുവനന്തപുരത്തു നിന്നും ഷൊര്‍ണൂരിലേക്ക് ടിക്കറ്റെടുത്ത കുടുംബം വാങ്ങിയ മാസലദോശയ്‌ക്കൊപ്പമുണ്ടായിരുന്ന സാമ്പാറിലാണ് കറുത്ത പുഴുവിനെ കണ്ടെത്തിയത്. ഇവര്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചങ്ങനാശേരിയിലെത്തിയതോടെ വിവരമറിഞ്ഞ് മറ്റ് യാത്രക്കാരും ബഹളം വച്ചു. സ്ഥിരം ട്രെയിന്‍ യാത്രക്കാരുടെ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സന്ദേശം പ്രചരിച്ചതോടെയാണ് തിരുവനന്തപുരം ഡിവിഷനില്‍ വിവരം അറിഞ്ഞത്. ഇവിടെ നിന്നുള്ള പരാതി അനുസരിച്ചാണ് കോട്ടയം കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ഭക്ഷണം പിടിച്ചെടുത്തത്. ഫോട്ടോയും വീഡിയോകളും തെളിവായി സ്വീകരിച്ചിട്ടുമുണ്ട്. കുടുംബത്തിന്റെ പരാതിയും സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറഷന്‍ ലിമിറ്റഡില്‍ നിന്നാണ് പാന്‍ട്രി നടത്തിപ്പുകാര്‍ കരാര്‍ ഏറ്റെടുക്കുന്നത്. ഭക്ഷണത്തിന് നിയമപ്രകാരമുള്ളതില്‍ കൂടുതല്‍ വിലവാങ്ങുന്നതും അളവ് കുറച്ചു കൊടുക്കുന്നതും റെയില്‍വേ പാന്‍ട്രിയില്‍ പതിവാണ്. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നാാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരം പരാതികളെ അധികൃതര്‍ ഗൗരവമായി കാണാറില്ലെന്നാണ് ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ആരോപിക്കുന്നു. വില്‍പ്പനക്കാരന്റെ ഫോട്ടോയെടുത്ത് അയയ്ക്കാന്‍ പറയുന്നതാണ് പതിവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍