UPDATES

ട്രെന്‍ഡിങ്ങ്

പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്രവര്‍ഷത്തെ പഴക്കമുണ്ടെന്നാണ് എന്‍ എസ് മാധവന്‍ ചോദിക്കുന്നത്

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയെ ആചാരനുഷ്ഠാനങ്ങളുടെ പേരില്‍ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരോട് എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ മറുചോദ്യങ്ങള്‍. കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിന്നും എന്‍ എസ് മാധവന്‍ ചെയ്തിരിക്കുന്ന ട്വീറ്റുകളിലാണ് ശബരിമലയുമായി ബന്ധപ്പെടുത്തി ഉയര്‍ത്തുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളിലും തനിക്കുള്ള ചില അഭിപ്രായങ്ങള്‍ അദ്ദേഹം പറയുന്നത്.

വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്രവര്‍ഷത്തെ പഴക്കമുണ്ടെന്നാണ് എന്‍ എസ് മാധവന്‍ ചോദിക്കുന്നത്. 1972 ല്‍ മാത്രമാണ് നിയമം മൂലം ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളത്. ചില പുരുഷഭക്തന്മാര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്ക്. അതിനു മുമ്പ് സ്ത്രീ ഭക്തര്‍ സുഗമമായി ശബരിമലയില്‍ പോയ്‌ക്കൊണ്ടിരുന്നതാണ്. 1972 ലെ സ്ത്രീ പ്രവേശന നിരോധന ഉത്തരവ് പോലും കാര്യമായ ഫലം ചെയ്തിരുന്നില്ലെന്നും എന്‍ എസ് മാധവന്‍ പറയുന്നു. അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് 1986 ല്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി പതിനെട്ടാം പടിയില്‍ ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്നതാണ്. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ട്. 1990 ല്‍ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി നടത്തുന്നതെന്നും എന്‍ എസ് മാധവന്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഏക ജഡ്ജിയായ ഇന്ദു മല്‍ഹോത്രയോട് എന്‍ എസ് മാധവന്‍ പറയുന്നത്, കോടതി ചുമത്തിയ നിരോധനം മാറ്റാന്‍ സുപ്രിം കോടതിക്ക് അവകാശം ഉണ്ടെന്നാണ്.

അയ്യപ്പന്റെ ഉറക്ക് പാട്ട് എന്ന അര്‍ത്ഥത്തില്‍ കാലപ്പഴക്കമുള്ള ആചാരമായി പറയുന്ന ഹരിവരാസം ആരംഭിക്കുന്നത് 1955 ല്‍ മാത്രമായിരുന്നുവെന്നും എന്‍ എസ് മാധവന്‍ പറയുന്നു. സംഗീതസംവിധായകന്‍ ദേവരാജന്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയതെന്നു കൂടി അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ചില പ്രത്യേക കാര്യങ്ങളില്‍ ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ടെന്നും എന്‍ എസ് മാധവന്‍. ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമായിരുന്നു. ഇതുപോലെ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ഈഴവ കുടുംബം. അയ്യപ്പനെ ആയോധന കല പഠിപ്പിച്ചത് ഈ കുടുംബക്കാര്‍ ആണെന്നാണ് പറയുന്നത്. ഈ കുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ കുത്തക. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അവകാശം ബലമായി പിടിച്ചുവാങ്ങി ലേല സമ്പ്രദായത്തിലാക്കി. ശബരിമലയില്‍ ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യമുണ്ടെന്നും എന്‍ എസ് മാധവന്‍ കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍