UPDATES

വായന/സംസ്കാരം

സ്ത്രീ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയപുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഓട്ടിസ്റ്റിക് ആയ കുട്ടിയുണ്ടാകില്ലെന്ന് സുഭാഷ് ചന്ദ്രന്‍

തന്റെ പുതിയ നോവല്‍ സമുദ്രശിലയെക്കുറിച്ചുള്ള പ്രത്യേക പരിപാടിയിലാണ് സുഭാഷ്‌ ചന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്

സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഓട്ടിസ്റ്റിക് ആയ ഡൗണ്‍ സിന്‍ട്രോം ഉള്ള കുട്ടിയായി ജനിക്കില്ലെന്നും മറിച്ച് മിടുക്കനായ ഒരു പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത് എന്നും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. തന്റെ ‘സമുദ്രശില’ എന്ന പുതിയ നോവലിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ അവതരിപ്പിച്ച പ്രത്യേക പരിപാടിയിലാണ് സുഭാഷ് ചന്ദ്രന്റെ ഈ വിവാദ പ്രസ്താവന.

ഇതാണ് പരിപാടിയില്‍ സുഭാഷ്‌ ചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍

“‘സമുദ്രശില’ വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കല്ലില്‍ പോയി ഒരു രാത്രി, ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സര്‍വതന്ത്രസ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു, അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില് ഡൗണ്‍ സിന്‍ട്രോം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള് പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്” എന്നാണ്. (മിനിറ്റ് 16.00 മുതല്‍ 18 വരെ)

വിവാഹത്തിന് പത്തു ദിവസം മുമ്പ് നോവലിലെ പ്രധാന കഥാപാത്രമായ അംബ കാമുകനുമൊത്ത് വെള്ളിയാങ്കല്ലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു എന്ന കാര്യം നോവലില്‍ പറയുന്നുണ്ട്. എന്നാല്‍ ഓട്ടിസ്റ്റിക് ആയ കുട്ടി ഉണ്ടായത് ഭര്‍ത്താവില്‍ നിന്നാണെന്നും ആ ദാമ്പത്യ ജീവിതം തിക്തമായ അനുഭവമാണെന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കാമുകനുമൊത്തുള്ള സന്തോഷകരമായ രതിയില്‍ അല്ല ഒട്ടിസ്റ്റിക് ആയ കുട്ടി ഉണ്ടായതെന്നും മറിച്ച് അങ്ങനെയല്ലാതെ ഭര്‍ത്താവുമൊത്തുള്ള രതിയിലാണെന്നും പറയുന്നതിലൂടെ തന്റെ സിദ്ധാന്തത്തിന് അടിവരയിടുകയാണ് സുഭാഷ്‌ ചന്ദ്രന്‍ ചെയ്യുന്നത് എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേ സമയം, അത്തരമൊരു തിക്തമായ ദാമ്പത്യത്തിന്റെ സന്തതിയായി മാത്രം മകനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഒരു ബദല്‍ ചമയ്ക്കുകയാണ് അംബ എന്നും സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അംബ എന്ന കഥാപാത്രവും അവരുടെ മകനായ അനന്തപത്മനാഭന്‍ എന്ന കഥാപാത്രവുമാണ്‌ താന്‍ സങ്കല്‍പ്പിച്ചിട്ടുള്ളത് എന്ന് പറയുന്ന സുഭാഷ്‌ ചന്ദ്രന്‍ തുടര്‍ന്ന് പറയുന്നു: “സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വ്യാസന്‍ എഴുതിയ ‘ഇതിലുള്ളത് മറ്റെവിടെയും ഉണ്ടായേക്കാം, ഇതില്‍ ഇല്ലാത്തത് മറ്റെവിടെയും ഉണ്ടാവുകയില്ല’ എന്ന എഴുത്തുകാരന്റെ അഭിമാനബോധം അതില്‍ പറയുന്നുണ്ട്. അങ്ങനെ സമഗ്രതയില്‍, എല്ലാ കാലത്തെയും സ്പര്‍ശിച്ചു കൊണ്ട് എഴുതാന്‍ വ്യാസന് പോലും കഴിഞ്ഞിട്ടില്ല എന്നൊരു തോന്നല്‍ എനിക്കുണ്ടായി. അങ്ങനെയുണ്ടായ ഒരു ചിന്തയില്‍ നിന്നുണ്ടായ ഒരു കഥാപാത്രമാണ് അംബ. ഉദാഹരണത്തിന് ഉപാധികളില്ലാത്ത സ്നേഹം, അത് മഹാഭാരതത്തില്‍ എവിടെയും പറയുന്നില്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് പൂരണം ചെയ്യപ്പെടാതെ പോയ ഒരു വിഷയത്തെ ഒരു എഴുത്തുകാരന്‍ പൂരിപ്പിക്കുന്ന മട്ടിലാണ് ആ നോവല്‍ ഞാന്‍ എഴുതിയത്” (മിനിറ്റ് 6.00 മുതല്‍ 7.05 വരെ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍