UPDATES

ട്രെന്‍ഡിങ്ങ്

350 കോടി രൂപ ചിലവഴിച്ചു 500 ഏക്കറിൽ ഹൈ ടെക് അയോധ്യ പട്ടണവുമായി ആദിത്യനാഥ്

ക്ഷേത്രങ്ങൾ, പാർക്കുകൾ, പൊതു ഇടങ്ങൾ, ഷോപ്പിംഗ് മാളുകള്‍, ലക്ഷ്വറി ഹോട്ടലുകൾ തുടങ്ങിയവയെല്ലാം പുതിയ അയോധ്യയിൽ ഉണ്ടാകും

സരയു നദീതീരത്ത് 500 ഏക്കറിൽ ‘പുതിയ അയോധ്യ’ പട്ടണം നിര്‍മ്മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതേസ്ഥലത്ത് 100 മീറ്റർ ഉയരമുള്ള രാമ പ്രതിമ നിര്‍മ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്ന് ഒരാഴ്ച്ചക്കുള്ളിലാണ് പുതിയ പദ്ധതിയുമായി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്.

പുരാതന നഗരമായ അയോധ്യക്ക് സമീപം മജ ബർഹാത, ജെയ്സിങ് മൗ എന്നീ ഗ്രാമങ്ങള്‍ക്കിടയിലുള്ള സ്ഥലത്താകും 350 കോടി രൂപ ചിലവില്‍ പുതിയ അയോധ്യ പണികഴിപ്പിക്കുന്നത്. രാമ പ്രതിമാ നിര്‍മ്മാണത്തിന് 360 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഈ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി (സി എസ് ആര്‍) ഫണ്ടുകളില്‍ നിന്ന് പണം അനുവദിക്കണമെന്ന് യു പി സര്‍ക്കാര്‍ കോർപ്പറേറ്റ് സ്ഥാപനങ്ങളോടും ബഹുരാഷ്ട്ര കമ്പനികളോടും അഭ്യര്‍ത്ഥിച്ചതായി എന്‍ ഡി ടീ വി റിപ്പോര്‍ട്ട് ചെയ്തു. അയോധ്യാ ടൂറിസത്തെ ശക്തിപ്പെടുത്താനും പുരാതന നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും പദ്ധതി പ്രയോജനപ്രദമാകും എന്നാണ് യു പി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

പുതിയ അയോധ്യാ പദ്ധതിക്ക് സര്‍ക്കാരിന്‍റെ പരോക്ഷമായ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും ബിസിനസ് സ്റ്റാൻഡേർഡിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. പദ്ധതിയുടെ മേല്‍നോട്ടച്ചുമതല അയോധ്യ ഫൈസാബാദ് ഡെവലപ്മെന്‍റ് അതോറിറ്റിക്കാകും നല്‍കുക. വിശദമായ പദ്ധതിരേഖ സര്‍ക്കാരിനു ലഭിച്ചാല്‍ ഏപ്രിൽ 13ന് തന്നെ യോഗം ചേര്‍ന്ന് അന്തിമ രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആദ്യഘട്ടത്തിൽ 100 ഏക്കർ സ്ഥലത്ത് മൊത്തം പദ്ധതിയുടെ ഇരുപതു ശതമാനം യാഥാര്‍ത്ഥ്യമാക്കും. ഇതിന് 18 മാസത്തോളം സമയമയമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ക്ഷേത്രങ്ങൾ, പാർക്കുകൾ, പൊതു ഇടങ്ങൾ, ഷോപ്പിംഗ് മാളുകള്‍, ലക്ഷ്വറി ഹോട്ടലുകൾ തുടങ്ങിയവയെല്ലാം പുതിയ അയോധ്യയിൽ ഉണ്ടായിരിക്കും. അന്തർദ്ദേശീയ നിലവാരത്തിലുള്ള ജല-മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങള്‍ അടക്കമുള്ള പാര്‍പ്പിട സമുച്ചയങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍