UPDATES

ട്രെന്‍ഡിങ്ങ്

കൃപേഷിനെ കൊന്നത് ദൃക്സാക്ഷിയെ ഇല്ലാതാക്കാനോ?

ആക്രമികള്‍ എത്തിയത് ശരതത്തിനെ വധിക്കാനായിരുന്നുവെന്നും എന്നാല്‍ ശരത്തിനൊപ്പം കൃപേഷും ഉണ്ടായിരുന്നതിനാല്‍ കൊലപാതകികളെ തിരിച്ചറിയുമെന്ന ഭയത്താലാണ് കൃപേഷിനെയും വധിച്ചതെന്നാണ് കാസറഗോഡെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്

കാസറഗോഡ് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളിലെ ഇരകളില്‍ ഒരാളായ കൃപേഷിനെ വധിച്ചത് ശരത് ലാലിന്റെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയായതിനെ തുടര്‍ന്നെന്നു റിപ്പോര്‍ട്ട്. ഞായറാഴ്ച്ച രാത്രി ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് കൃപേഷ് ശരത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ഇരുവര്‍ക്കുമെതിരേ ആക്രമണം ഉണ്ടാകുന്നത്. ആക്രമികള്‍ എത്തിയത് ശരതത്തിനെ വധിക്കാനായിരുന്നുവെന്നും എന്നാല്‍ ശരത്തിനൊപ്പം കൃപേഷും ഉണ്ടായിരുന്നതിനാല്‍ കൊലപാതകികളെ തിരിച്ചറിയുമെന്ന ഭയത്താലാണ് കൃപേഷിനെയും വധിച്ചതെന്നാണ് കാസറഗോഡെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

സിപിഎം നേതാക്കളെ ആക്രമിച്ച കേസില്‍ പ്രതികളായവരാണ് ശരത് ലാലും കൃപേഷും എന്നാണ് പ്രചാരണം. ഈ ആക്രമത്തിനുള്ള തിരിച്ചടിയായി നടന്നതാണ് ഇരട്ടക്കൊലപാതകമെന്നു പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ശരത്തിനും കൃപേഷിനും മുന്‍പ് തന്നെ വധഭീഷണി ഉണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ ശരത്തിന്റെ ഉറ്റസുഹൃത്തായിരുന്നു കൃപേഷ് എങ്കിലും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എച്ചിലടുക്കത്തെ എം പിതാംബരന്‍, കേരള പ്രവാസി സംഘം വില്ലേജ് സെട്രകട്ടറി കല്യോട്ട് സുരേന്ദ്രന്‍ എന്നിവരെ കല്യോട്ട് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ച ഒരു സംഘം മാരകമായി ആക്രമിച്ച സംഭവത്തില്‍ കൃപേഷ് പങ്കാളായായിരുന്നില്ല. എന്നാല്‍ കേസ് വന്നപ്പോള്‍ കൃപേഷിനെയും പ്രതി ചേര്‍ത്തു. കേസിലെ ഒന്നാം പ്രതി ശരത് ലാല്‍ ആയിരുന്നു. ശരത്തിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ആള്‍ ആയതുകൊണ്ട് കൃപേഷിന്റെ പേരും പാര്‍ട്ടിക്കാര്‍ പൊലീസിന് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍, അക്രമം നടക്കുന്ന സ്ഥലത്ത് കൃപേഷ് ഉണ്ടായിരുന്നില്ല. ഈ വിവരം അന്വേഷണത്തില്‍ മനസിലാക്കിയതോടെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ നിന്നും കൃപേഷിനെ ഒഴിവാക്കുന്നത്. കേസില്‍ നിന്നും ഒഴിവാക്കിയെങ്കിലും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ശരത്തിനൊപ്പം തന്നെ കൃപേഷിനെതിരേയും ഭീഷണി ഉണ്ടായിരുന്നതായി കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. മാധ്യമങ്ങളോട് ഇക്കാര്യം കൃഷ്ണന്‍ പറയുന്നുമുണ്ട്; സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസില്‍ പാര്‍ട്ടിക്കാര്‍ നല്‍കിയ പരാതിയില്‍ കൃപേഷിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ സംഭവ സമയം അവന്‍ സ്ഥലത്തില്ലാത്തതിനാല്‍ കേസില്‍ നിന്നും പൊലീസ് ഒഴിവാക്കുകയായിരുന്നു. പക്ഷേ, അവരുടെ പട്ടികയില്‍ അവനുണ്ടായിരുന്നു. അതുകൊണ്ടാണ് കൃപേഷിനെയും കൊന്നതെന്നാണ് കൃഷ്ണന്‍ പറയുന്നത്.

മൂര്‍ദ്ധാവില്‍ ആയി ആഴത്തില്‍ ഏറ്റ വെട്ടാണ് കൃപേഷിന്റെ ജീവന്‍ എടുത്തത്. കൊടുവാളുകൊണ്ടുള്ള ഈ വെട്ടിന് 11 സെന്റീമീറ്റര്‍ നീളവും രണ്ടു സെന്റീമീറ്റര്‍ ആഴവും ഉണ്ടായിരുന്നുവെന്നാണ് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃപേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിശീലനം കിട്ടിയ സംഘമാണ് കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ശരത്തും കൃപേഷും സഞ്ചരിച്ചിരുന്ന ബൈക്ക് പിറകില്‍ നിന്നും ഇടിച്ചു വീഴ്ത്തിയശേഷം രണ്ടുപേരെയും സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷമായിരുന്നു വെട്ടികൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയത് പുറത്തു നിന്നെത്തി സംഘമാണെങ്കിലും ഇവര്‍ക്ക് പ്രദേശത്തു നിന്നുള്ള സഹായം കിട്ടിയിരുന്നുവെന്നാണ് അനുമാനം. പൊലീസും ഇത് ശരിവയ്ക്കുന്നുണ്ട്. ആസൂത്രിതമായ കൊലപാതകങ്ങള്‍ തന്നെയാണെന്നാണ് അന്വേഷണ സംഘവും കരുതുന്നത്. ക്ഷേത്രത്തില്‍ നിന്നും മടങ്ങും വഴി അധികം വീടുകളൊന്നുമില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു അക്രമണം. കൊലയാളികള്‍ക്ക് കൃത്യമായി തങ്ങളുടെ പദ്ധതി നടത്താന്‍ സ്ഥലവാസികളായവര്‍ സഹായിച്ചിട്ടുണ്ടെന്നത് ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചാല്‍ മനസിലാകുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. ശരത്തിനെ കൊല്ലാനായിരിക്കും എത്തിയതെങ്കിലും കൃപേഷിനെ വിട്ടുകളാഞ്ഞാല്‍ അത് തങ്ങളെ പിടികൂടുന്നതിന് കാരണമാകുമെന്നു കൊലയാളികള്‍ കരുതിയിട്ടുണ്ടാവണം, അതല്ലെങ്കില്‍ ഇവിടെ അവര്‍ക്ക് വേണ്ട സഹായം ചെയ്തവരെ കൃപേഷ് തിരിച്ചറിഞ്ഞുണ്ടാവണം. ഏതു തന്നെയായാലും കൃപേഷ് ജീവനോടെയിരിക്കുന്നത് ആപത്താണെന്നു കണ്ടാണ് ഒറ്റവെട്ടിന് ആ പത്തൊമ്പതുകാരനെ കൊന്നു തള്ളിയത്, എന്നാണ് അഴിമുഖത്തോട് പ്രതികരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോള്‍, സിപിഎം പ്രചരിപ്പിക്കുന്നത് കൃപേഷ് വധശ്രമക്കേസിലെ പ്രതിയാണെന്നാണ്. അതു സത്യമല്ല. കേസില്‍ കുടുക്കാന്‍ നോക്കുകയായിരുന്നു പാര്‍ട്ടി. ആ സംഭവത്തില്‍ കൃപേഷിന് പങ്കില്ലെന്നു പൊലീസിന് മനസിലായതോടെയാണ് ഒഴിവാക്കിയത്. പക്ഷേ, അവനെ കൊന്നതിനുശേഷവും കള്ളപ്രചാരണങ്ങള്‍ ആ ചെറുപ്പക്കാരനെതിരേ നടത്തുകയാണ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു പറയുന്നു.

വളരെ നിര്‍ദ്ധനമായ കുടുംബത്തിലെ അംഗമായിരുന്നു കൃപേഷ്. ഒലമേഞ്ഞ ഒരു കുടില്‍ ആയിരുന്നു കൃപേഷിന്റെ വീട്. അച്ഛന്‍, അമ്മ, രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കൊപ്പം ഈ കുടിലിലായിരുന്നു താമസം. പെയിന്റംഗിത് തൊഴിലാളിയായ കൃപേഷിന്റെ അച്ഛന്‍ സിപിഎം അനുഭാവിയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍