കൊല നടത്തിയശേഷം കുത്തിയ കത്തിയുമായി പ്രതി കമ്മിഷണര്‍ ഓഫസിലേക്ക് കയറി ചെന്നു
ജയിലില്‍ കിടക്കാന്‍ മോഹമാണെന്നു പറഞ്ഞ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് യുവാവ് അജ്ഞാതനെ കുത്തിക്കൊന്നു. കൊല നടത്തിയശേഷം കുത്തിയ കത്തിയുമായി പ്രതി കമ്മിഷണര്‍ ഓഫസിലേക്ക് കയറി ചെന്നു വിവരം പറയുകയായിരുന്നു. പൊലീസുകാര്‍ പുറത്തിങ്ങി നോക്കുമ്പോള്‍ കഴുത്തിനു കുത്തേറ്റ നിലയില്‍ ഒരാളെ കാണുകയുണ്ടായി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.
പ്രബിന്‍ ദാസ് എന്നയാളാണ് പ്രതി. ഇയാള്‍ക്ക് മാനസിക രോഗം ഉണ്ടെന്നു പൊലീസ് സംശയിക്കുന്നു. തനിക്ക് ജയിലില്‍ കിടക്കാന്‍ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും കൊല്ലനായി യാചകരെയോ അനാഥരെയോ തേടി നടക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മാനാഞ്ചിറയ്ക്ക് സമീപത്തെ ഫുട്പാത്തില്‍ വച്ചാണ് പ്രബിന്‍ ദാസ് കുത്തിയതെന്നും വിവരമുണ്ട്. കൊല്ലപ്പെട്ടയാള്‍ തമിഴ്‌നാട് സ്വദേശിയാണോ എന്നൊരു സംശയവുമുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കവറില്‍ തമിഴിലുള്ള ചില കടലാസുകള്‍ കണ്ടെത്തിയതാണ് ഇങ്ങനെയൊരു സംശയത്തിനു കാരണം.