ആ ഫേസ്ബുക്ക് പോസ്റ്റ് കലാപാഹ്വാമല്ല സിപിഎമ്മുകാരനായ പ്രതിയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ചര്‍ച്ചയായിരുന്നു
ജനുവരി മൂന്നിനു നടന്ന സംഘപരിവാര്‍ ഹര്‍ത്താലിനോടനുബന്ധിച്ച സംഘര്‍ഷത്തില്‍, കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിക്കെതിരെയുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നിയമനടപടി നേരിടുകയാണ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. പള്ളിക്കു നേരെയുണ്ടായ കല്ലേറിനെ ബോംബേറായി ചിത്രീകരിച്ചുവെന്ന പേരില്‍ ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് നല്‍കിയ പരാതിയിന്മേലാണ്, വര്‍ഗ്ഗീയ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു എന്ന കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ആദ്യം ബോംബേറ് എന്നു നടത്തിയ പരാമര്‍ശം അല്പസമയത്തിനകം നജീബ് തിരുത്തിയിരുന്നു.
തനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും, വര്‍ഗ്ഗീയവാദിയായി മുദ്രകുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നുമാണ് നജീബിന്റെ പക്ഷം. എഫ്.ഐ.ആറിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നജീബ്.
ആ പോസ്റ്റ് സി.പി.ഐ.എമ്മിനോടുള്ള രാഷ്ട്രീയ ചോദ്യമായിരുന്നു
എന്റെ പോസ്റ്റ് പൂര്‍ണമായും വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇത് ഏതെങ്കിലും തരത്തിലുള്ള കലാപത്തിന് ആഹ്വാനം ചെയ്തതാണെന്ന് വിശ്വസിക്കാനാകില്ല. കൃത്യമായ ഒരു രാഷ്ട്രീയ ചോദ്യമാണ് ഞാന്‍ സി.പി.ഐ.എമ്മിനു മുന്നില്‍ വച്ചത്. ഒരു വശത്ത് സംഘപരിവാര്‍ മുസ്ലിങ്ങളെ ആക്രമിക്കുകയും പള്ളി പൊളിക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് നിങ്ങളും ഇതുതന്നെയല്ലേ ചെയ്യുന്നത് എന്നും ഇതിനേക്കുറിച്ച് വിശദീകരിക്കുമോ എന്നുമാണ് ഞാന്‍ ഇവരോട് ചോദിച്ചത്. ബോംബെറിഞ്ഞു എന്നും ഞാന്‍ പറഞ്ഞിട്ടില്ല. ബോംബെറിഞ്ഞതിനെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് വിശദീകരിക്കാനുള്ളത് എന്നാണ് ചോദിച്ചത്. എന്റെ ഉദ്ദേശം വളരെ കൃത്യമായിരുന്നു. സി.പി.ഐ.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസാണ് 153 എ പ്രകാരം ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. അവര്‍ പൂര്‍ണമായും പ്രതിക്കൂട്ടിലായ സാഹര്യത്തില്‍, ‘ബോംബ്’ എന്ന വാക്കുപയോഗിച്ചതിന്റെ പേരില്‍ ബോംബാക്രമണം എന്നു പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു എന്നു കാണിച്ചാണ് എനിക്കെതിരെ കേസു കൊടുത്തിരിക്കുന്നത്.
പത്തു മിനുട്ട് കൊണ്ട് ഞാന്‍ ആ പോസ്റ്റ് എഡിറ്റു ചെയ്തിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യമെങ്കില്‍ ആ പോസ്റ്റ് ഞാന്‍ നിലനിര്‍ത്തുകയല്ലേ വേണ്ടത്. ബോംബ് എന്ന പദം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് മുസ്ലിം ലീഗുകാരനോ യൂത്ത് ലീഗുകാരനോ അല്ല, ഡി.വൈ.എഫ്.ഐയുടേയും സി.പി.ഐ.എമ്മിന്റേയും സൈബര്‍ ഗ്രൂപ്പുകളാണ്. എനിക്ക് അതില്‍ മറ്റു താല്‍പര്യങ്ങളില്ല എന്നു വ്യക്തമാണ്. കാരണം തെറ്റു പറ്റിയപ്പോള്‍ തിരുത്താന്‍ ഞാന്‍ തയ്യാറായിട്ടുണ്ട്. ആ പോസ്റ്റാകട്ടെ, ഒരു തരത്തിലുള്ള ആഹ്വാനവുമല്ല. സി.പി.ഐ.എം കാരനായ പ്രതിയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ലീഗ് എന്തു കൊണ്ട് ആര്‍.എസ്.എസിനോട് മൗനം പാലിക്കുന്നു എന്നാണ് ഇവരുടെ ചോദ്യം. ലീഗ് ആര്‍.എസ്.എസിനോട് മൗനം പാലിക്കുകയല്ല, പറയേണ്ടിടത്ത് ശക്തമായി എതിര്‍ത്തു പറഞ്ഞിട്ടുണ്ട് എന്ന് ആ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് പോസ്റ്റിലെ മറ്റൊരു ഭാഗം. അത് വര്‍ഗ്ഗീയ കലാപത്തിനുള്ള ആഹ്വാനമാണെന്ന് സാമാന്യബുദ്ധിയുള്ള ഒരാള്‍ക്കും ചിന്തിക്കാനാകില്ല. രാഷ്ട്രീയ പ്രേരിതമായ ഒരു കേസ് മാത്രമാണിത്.
ഡി.ജി.പിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം എടുത്ത കേസ്
വളരെ ഗുരുതരമായ ആയിരക്കണക്കിന് സൈബര്‍ കേസുകള്‍ പെന്‍ഡിംഗിലുണ്ടായിട്ടും, ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം നേരിട്ടാണ് ഈ കേസെടുത്തിട്ടുള്ളത് എന്നതാണ് മറ്റൊരു വസ്തുത. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുക്കുന്നു എന്ന് എഫ്.ഐ.ആറിലും പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു പരാമര്‍ശമുള്ള എഫ്.ഐ.ആര്‍ ആദ്യമായാണ് ഞാന്‍ കാണുന്നത്. അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. പൊലീസിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന കാര്യമാണല്ലോ എഫ്.ഐ.ആറിലുണ്ടാകുക. അതിലാണ് ഇത്തരമൊരു പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസും ഡി.ജി.പിയുമൊക്കെ നേരിട്ട് ബന്ധപ്പെട്ടാണ് എന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഈ എഫ്.ഐ.ആര്‍ പോലും രാഷ്ട്രീയപ്രേരിതമാണ്. ഇതിനെതിരെ ഞങ്ങള്‍ കോടതിയെ സമീപിക്കുന്നുണ്ട്. ഇതില്‍ നടന്നിട്ടുള്ള തിരിമറികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ചയാക്കുകയും ചെയ്യും. രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ നേരിടുക തന്നെ ചെയ്യും.
വര്‍ഗ്ഗീയതയ്ക്കെതിരെ നിരന്തരം പോരാടുന്ന എനിക്കെതിരെ വര്‍ഗ്ഗീയ കലാപത്തിന് കേസെടുത്തു എന്നതാണ് സങ്കടകരം. ഷാജിക്കെതിരായി ഉണ്ടാക്കിയിട്ടുള്ള വാറോല നോട്ടീസു പോലെ, എന്നെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതും. എത്ര സൈബര്‍ ആക്രമണം നടത്തിയാലും ജനങ്ങള്‍ക്കിടയില്‍ അത് വിലപ്പോകില്ല എന്നേ പറയാനുള്ളൂ. ഞാനൊരു ജനപ്രതിനിധിയാണ്. മുസ്ലിം ഭൂരിപക്ഷമുള്ളയിടത്തു നിന്നല്ല ഞാന്‍ മത്സരിച്ചു ജയിച്ചത്. കട്ടിപ്പാറ ഡിവിഷനെന്ന മലയോര മേഖലയില്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ് എണ്ണത്തില്‍ കൂടുതല്‍. അവിടെനിന്നും അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കാനായിട്ടുണ്ടെങ്കില്‍, അത് ജനങ്ങള്‍ക്കെന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. സി.പി.ഐ.എം അവരുടെ അണികളെ സമാധാനിപ്പിക്കാനായി നല്‍കിയ ഒരു കേസാണിത്. 153 എയാണ് അവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. എനിക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ളത് 153 ആണ്. ജാമ്യം കിട്ടുന്ന കേസാണ്. ഒരു പെറ്റിക്കേസ് പോലെതന്നയേ ഇതുമുള്ളൂ. പക്ഷേ, കലാപാഹ്വാനം എന്ന തരത്തില്‍ ഗുരുതരമായ വിഷയമായി ഇതിനെ പ്രചരിപ്പിക്കുന്ന സ്ഥിതിക്ക് ഏതു തരത്തിലും രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ തന്നെയാണ് തീരുമാനം.
എന്തെറിഞ്ഞു എന്നതല്ല, പള്ളി ആക്രമിച്ചോ ഇല്ലയോ എന്നതാണ് വിഷയം
ജനുവരി അഞ്ചാം തീയതി ഉച്ചയക്ക് രണ്ടേ നാല്‍പത്തിയഞ്ചിനാണ് ഞാനീ പോസ്റ്റിടുന്നത്. ആ സമയത്ത് എനിക്കു കിട്ടിയ വിവരം അവിടെ ബോംബേറ് നടന്നുവെന്നാണ്. പള്ളിക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു എന്ന വിവരമാണ് അവിടെയുള്ള പ്രവര്‍ത്തകരുടെ പക്കല്‍ നിന്നും കിട്ടിയിരുന്നത്. ആദ്യം കിട്ടുന്ന റിപ്പോര്‍ട്ടനുസരിച്ച് മാധ്യമങ്ങള്‍ പോലും പ്രതികരിക്കാറില്ലേ. പത്തു മിനുട്ടുകൊണ്ട് ബോംബല്ല, കല്ലാണ് എറിഞ്ഞത് എന്ന് എനിക്ക് ബോധ്യപ്പെടുകയും അതു ഞാന്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്. തെറ്റായ ഉദ്ദേശങ്ങള്‍ എനിക്കില്ലായിരുന്നു എന്നതിന്റെ തെളിവാണ് ഞാനത് അത്ര സമയത്തിനുള്ളില്‍ തിരുത്തിയെന്നത്. സത്യത്തില്‍ എന്തെറിഞ്ഞു എന്നുള്ളതല്ല, പള്ളി ആക്രമിച്ചോ ഇല്ലയോ എന്നതാണ് ഇവിടത്തെ വിഷയം. സി.പി.ഐ.എം അതു ചെയ്തു എന്നല്ല ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ കുറ്റം പറയാന്‍ നിങ്ങള്‍ക്കെന്തവകാശം എന്നായിരുന്നു എന്റെ ചോദ്യം.
ഞാന്‍ ഈ പോസ്റ്റിട്ടതിനു ശേഷം അതിന്റെ പേരില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായിട്ടില്ല. ജനുവരി അഞ്ചിന് ഇട്ട പോസ്റ്റിന്റെ പേരില്‍ പന്ത്രണ്ടാം തീയതിയാണ് ഇവരിത് പൊക്കിക്കൊണ്ടുവന്ന് കേസാക്കുന്നത്. അതും കഴിഞ്ഞ് 27നാണ് പൊലീസ് കേസെടുക്കുന്നത്. അത്രയുമധികം സമ്മര്‍ദ്ദത്തിന്റെ പേരിലാണ് കേസുണ്ടായിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഈയൊരു പോസ്റ്റിനടിയില്‍ വന്നിരിക്കുന്ന കമന്റുകള്‍ വെറുതേ നോക്കിയാലറിയാം. ഒരു കമന്റും ഞാന്‍ ഡിലീറ്റു ചെയ്തിട്ടില്ല, ഒരാളേയും ഞാന്‍ ബ്ലോക്കും ചെയ്തിട്ടില്ല. പൊതുജനത്തിന് കാണാനായി തുറന്നു വെച്ചതാണ്. അത്തരത്തിലുള്ള തെറികളും തോന്നിവാസങ്ങളുമാണ് എഴുതിവച്ചിരിക്കുന്നത്. എന്നേയും എന്റെ കുടുംബത്തേയും രൂക്ഷമായി ആക്ഷേപിക്കുകയാണ്.
പള്ളിക്ക് ഏറു കൊണ്ടെന്നും എറിഞ്ഞത് സി.പി.ഐ.എമ്മുകാരനാണെന്നും പറഞ്ഞത് പൊലീസാണ്. ലഹളയുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണതെന്നും പറയുന്നത് പൊലീസ് തന്നെ. ഞങ്ങളാരും സി.പി.ഐ.എമ്മാണ് ഇതിനു പിന്നിലെന്ന് ആരോപിക്കുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തില്‍ പൊലീസ് അതുല്‍ദാസിനെ പ്രതിചേര്‍ക്കുകയായിരുന്നു. അങ്ങനെ പ്രതിചേര്‍ത്തതിനു ശേഷമാണ് ഞാന്‍ പോസ്റ്റിടുന്നതും. അങ്ങിനെയൊരു പോസ്റ്റില്‍ എന്താണ് പിശകെന്നും എനിക്ക് മനസ്സിലാകുന്നില്ല.