UPDATES

ജോസഫ് പുലിക്കുന്നേല്‍ എന്ന ഒറ്റയാള്‍ പട്ടാളം-സക്കറിയ എഴുതുന്നു

ലൂഥര്‍ തന്റെ ചോദ്യം പള്ളിവാതിലില്‍ പതിപ്പിച്ചതുപോലെ പുലിക്കുന്നേല്‍ തന്റെ സത്യങ്ങള്‍ സഭയുടെ വന്‍ കോട്ടയുടെമേല്‍ ആണിയടിച്ചു പതിപ്പിച്ചിരിക്കുകയാണ്

സക്കറിയ

സക്കറിയ

ജോസഫ് പുലിക്കുന്നിലിനെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ ചില കുടുംബകാര്യങ്ങളെപ്പറ്റി പറയാതെ പോകുന്നത് അനുചിതമായിരിക്കും. അപ്പച്ചന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പുലിക്കുന്നേല്‍ എന്റെ അമ്മാവനാണ്. നേരെ മാതൃസഹോദരനല്ല. അമ്മയും അദ്ദേഹവും സഹോദരീ സഹോദരങ്ങളുടെ മക്കളാണ്. ജോസഫ് പുലിക്കുന്നേലിന്റെ പിതാവ് കറിയാച്ചന്റെ മൂത്ത സഹോദരിയായിരുന്നു എന്റെ അമ്മയുടെ മാതാവ് കുഞ്ഞുപെണ്ണ്. പാലാ മേനാമ്പറമ്പില്‍ ചെറിയതിന്റെ ഭാര്യ.

എന്റെ അമ്മയെ പ്രസവിച്ചത് പുലിക്കുന്നേല്‍ വീട്ടിലാണ്. പുലിക്കുന്നേല്‍ ഭവനത്തെപ്പറ്റിയുള്ള എന്റെ ആദ്യ ഓര്‍മകള്‍ അമ്മയുടെ കൈപിടിച്ച് കൊച്ചുകുട്ടിയായി അവിടെ മിഴിച്ചു നില്‍ക്കുന്നതാണ്. കുത്തനെയുള്ള പടിക്കെട്ടിന് താഴെ പതഞ്ഞൊഴുകുന്ന പൊന്നൊഴുകും തോട് എനിക്ക് രഹസ്യക്ഷണങ്ങള്‍ നല്‍കും. എന്റെ അപ്പനുമായുണ്ടാകുന്ന പിണക്കങ്ങളുടെ ഇടവേളകളില്‍ അമ്മച്ചി പോയി താമസിച്ചിരുന്നത് അമ്മ വീടായ പുലിക്കുന്നേല്‍ ആയിരുന്നു എന്ന് ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പുലിക്കുന്നേലിന്റെ പ്രിയതാവളമായിരുന്നു എന്റെ അമ്മവീടായ മോനാമ്പറമ്പില്‍ തറവാട്. അവിടത്തെ എന്റെ അമ്മാവന്മാര്‍ അദ്ദേഹത്തിന്റെ കൂട്ടുകാരും. അന്ന് ഇടമറ്റത്ത് നിന്ന് പാലായിലെ കടപ്പാട്ടൂരിലേക്ക് നടന്ന് വരണം. അല്‍ഫോന്‍സാമ്മ എന്ന കന്യാസ്ത്രി ഭരണങ്ങാനത്ത് ജീവിച്ചിരുന്ന കാലമായിരുന്നു അത് എന്നും കൂടി പറയാം. അത്രയും കുടുംബ വിശേഷം. ആദ്യം കോളേജ് വിദ്യാഭ്യാസത്തിന് വേണ്ടിയും പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായും അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു. 1961ല്‍ മൈസൂരില്‍ സെന്റ് ഫിലോമിനാസില്‍ പഠിക്കാന്‍ ഞാനെത്തുമ്പോള്‍ ജോസഫ് പുലിക്കുന്നേലിന്റെ ചരിത്രങ്ങള്‍ അവിടെ കേട്ടുകേഴ്‌വി ഉണ്ടായിരുന്നു.

പിന്നീട് ഞാന്‍ പല വഴികളിലൂടെ ചുറ്റിത്തിരിഞ്ഞ് ഡല്‍ഹിയിലെത്തുന്നു. അവിടെ വച്ചാണ് 1978ല്‍ ജോസഫ് പുലിക്കുന്നേല്‍ എന്ന പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായി കഴിഞ്ഞ അപ്പച്ചനെ ആദ്യം കണ്ടുമുട്ടുന്നത്. വീട്ടുകാര്‍ എന്ന നിലയിലല്ലാതെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യക്തികള്‍ എന്ന വിധത്തിലുള്ള ഒരു ബന്ധം ഞങ്ങള്‍ സ്ഥാപിച്ചു. കെഎം മാണിക്കെതിരെ അദ്ദേഹം നല്‍കിയ തെരഞ്ഞെടുപ്പ് കേസ് സുപ്രിംകോടതിയില്‍ അദ്ദേഹം സ്വയം വാദിക്കുകയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ മറ്റൊരു സുഹൃത്തുകൂടി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഒ വി വിജയന്‍. വിജയനും അപ്പച്ചനും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ സഹപാഠികളായിരുന്നു. ദശകങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുകയായിരുന്നു. അപ്പച്ചനും ഞാനും കത്തുകുത്തുകളിലൂടെ ഞങ്ങളുടെ ആശയവിനിമയങ്ങള്‍ തുടര്‍ന്നു. അമ്മാവന്‍ എന്ന് വിളിക്കാതെ അപ്പച്ചന്‍ എന്ന് വിളിച്ച് ഒരുതരം ജനാധിപത്യം പ്രഖ്യാപിക്കാന്‍ അദ്ദേഹം എന്നെ അനുവദിച്ചു. (ആ ജനാധിപത്യം പോയിച്ചെന്ന് ഇന്ന് എന്റെ മകളും അവളുടെ കുട്ടികളും വരെ പുലിക്കുന്നേലിനെ അപ്പച്ചന്‍ എന്നാണ് വിളിക്കുന്നത്. -ഒരു വല്യമ്മാവനെ.)

താമസിയാതെ അദ്ദേഹം ഓശാനയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്രിസ്ത്യന്‍ സ്റ്റഡീസും സ്ഥാപിച്ചു. ബൈബിളിന്റെ മലയാളം വിവര്‍ത്തനം തുടങ്ങിവച്ചു. ഓശാന മാസികയിലൂടെ കത്തോലിക്ക സഭയുടെ വൈദിക നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള നിരന്തര വിമര്‍ശനങ്ങള്‍ ആരംഭിച്ചു. ഓശാന ബൈബിള്‍ മലയാള ക്രൈസ്തവ ചരിത്രത്തിലും സാഹിത്യ ചരിത്രത്തിലും ഒരു നാഴികക്കല്ലായി മാറി. ഇടമറ്റം എന്ന ചെറിയ ഗ്രാമത്തില്‍ കേരളത്തില്‍ അന്നുവരെ- പിന്നീടും- ഉണ്ടായിട്ടില്ലാത്ത ശൈലിയിലുള്ള ഒരു മതപ്രതിപക്ഷ കേന്ദ്രം പ്രശസ്തിയാര്‍ജ്ജിച്ചു.

കേരള കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു പുരോഹിതനിര്‍മിതമല്ലാത്ത ഒരു ബൈബിള്‍ ഗ്രന്ഥം വിശ്വാസികളുടെ ഇടയില്‍ എത്തിച്ചേരുന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഔദ്യോഗിക കത്തോലിക്ക സഭയോട് നടത്തിയ നടത്തിയ പ്രശസ്തമായ വെല്ലുവിളിയുടെ ഒന്നാം നടപടി ബൈബിള്‍ ജര്‍മ്മന്‍ ഭാഷയില്‍ വിവര്‍ത്തനം സാധാരണക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു. കേരള കത്തോലിക്ക സഭ വിശ്വാസികളുടെ സ്വതന്ത്രമായ ബൈബിള്‍ വായനയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. (മറ്റ് ക്രിസ്ത്യന്‍സഭകള്‍ അങ്ങനെയായിരുന്നില്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ) പള്ളിയുടെ നാല് മതിലുകള്‍ക്കുള്ളിലെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ ബന്ധനത്തിലായിരുന്നു യേശുവിന്റെ വിമോചന വചനങ്ങളുടെ ജീവിതം. ഞാന്‍ ആദ്യമായി ബൈബിള്‍ വായിക്കാന്‍ കയ്യിലെടുക്കുന്നത് 16-ാം വയസ്സില്‍ മൈസൂരില്‍ ഇംഗ്ലീഷില്‍ ബിരുദ പഠനം നടത്തുമ്പോള്‍ മാത്രമായിരുന്നു. അതും സിലബസിന്റെ ഭാഗമായി. അങ്ങനെ പുരോഹിതരുടെ മാത്രം സ്വകാര്യസ്വത്തായി സൂക്ഷിച്ചിരുന്ന മലയാളം ബൈബിളിന് ജനകീയമായ ഒരു ഇടം നിര്‍മിക്കുന്ന മഹാകര്‍ത്തവ്യമാണ് അപ്പച്ചന്‍ ഏറ്റെടുത്തത്. എന്‍വി കൃഷ്ണ വാര്യരെയും സ്‌ക്കറിയ സക്കറിയയെയും പോലെയുള്ള ഭാഷാപണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹം സംഘാടനം ചെയ്ത ആ യജ്ഞം അത്യസാധാരണമായ ഒന്നായിരുന്നു. ബൈബിളിന് മതേതരമായ ഒരു ജീവിതം ജോസഫ് പുലിക്കുന്നേല്‍ മലയാളത്തില്‍ സാധ്യമാക്കി. അന്നേവരെ അതു പ്രവേശിച്ചിട്ടില്ലാത്ത കത്തോലിക്കാ ഭവനങ്ങളില്‍ അതു കടന്നുചെന്നു. ഒപ്പം ഒരു സാഹിത്യഗ്രന്ഥമെന്ന നിലയില്‍ ആയിരക്കണക്കിന് അക്രൈസ്തവ കരങ്ങളിലേക്കും അത് എത്തിച്ചേര്‍ന്നു. ഒരുപക്ഷെ ആധുനിക കാലങ്ങളില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ് ഓശാന ബൈബിള്‍. പുലിക്കുന്നേല്‍ അവകാശവാദങ്ങളൊന്നും മുഴക്കാറില്ല എന്ന് മാത്രം.

വലിപ്പം കൊണ്ടോ കെട്ടും മട്ടും കൊണ്ടോ യാതൊരു ശ്രദ്ധയും ആകര്‍ഷിക്കാനിടയില്ലാത്ത ഓശാന മാസികയായിരുന്നു കത്തോലിക്കാസഭയുടെ പൗരോഹിത്യ നേതൃത്വത്തിനെതിരെ അപ്പച്ചന്‍ ഉയര്‍ത്തിയ പടവാള്‍. അപ്പച്ചന്‍ സഭ വിട്ടുപോയില്ല. സഭയ്ക്കുള്ളില്‍ ഒരു സ്വതന്ത്ര വിശ്വാസിയായി നിലയുറപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഒറ്റയാള്‍ പോരാട്ടം നടത്തിയത്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. കത്തോലിക്ക വിശ്വാസത്തിന്റെ കോട്ടകളിലൊന്നായ മീനച്ചില്‍ താലൂക്കിന്റെ നടുവിലിരുന്ന് പുലിക്കുന്നേല്‍ തന്റെ ദൗത്യം ആരംഭിക്കുമ്പോള്‍ അത് എല്ലാവിധത്തിലും ആപല്‍ക്കരമായ ഒന്നായിരുന്നു. സഭയെ സംബന്ധിച്ചിടത്തോളം തിരുവായ്ക്ക് എതിര്‍വായില്ല എന്നത് അലംഘനീയ നിയമമായിരുന്നു. അപ്പച്ചന്റെ അതിജീവനം ഒരു അസാധാരണ പ്രതിഭാസം തന്നെയായിരുന്നു. അതിന്റെ പിന്നില്‍ കര്‍മശേഷി മാത്രമല്ല, നിസ്വാര്‍ത്ഥമായ ആദര്‍ശബോധവും പാണ്ഡിത്യവും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് കൂട്ടുനിന്നു.

പുലിക്കുന്നേല്‍ അടിസ്ഥാനപരമായി പറയുന്നത് ലഘുവായ ഒരു കാര്യമാണ്. കേരള ക്രൈസ്തവ പാരമ്പര്യത്തില്‍ സഭയും അതിന്റെ സമ്പത്തും വിശ്വാസികളുടേതായിരുന്നു. പുരോഹിതന്മാര്‍ക്ക് ആധ്യാത്മിക ഉത്തരവാദിത്വങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഈ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച് ഇന്ന് മെത്രാന്മാര്‍ സഭയുടെ ഭൗതികസമ്പത്തുക്കളും ആധ്യാത്മിക മേഖലകളും സ്വന്തമെന്ന പോലെ കൈയടക്കിയിരിക്കുകയാണ്. ആധ്യാത്മിക ഉത്തരവാദിത്വത്തെ അവര്‍ ആധ്യാത്മിക സ്വച്ഛാധിപത്യമാക്കി മാറ്റി. പുലിക്കുന്നേല്‍ ആവശ്യപ്പെടുന്നത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഈ സ്ഥിതി മാറണമെന്നും സഭയുടെ ചുക്കാന്‍ വിശ്വാസികളുടെ കയ്യില്‍ തിരിച്ചേല്‍പ്പിക്കണമെന്നുമാണ്.

യുക്തിബദ്ധവും നീതിയുള്ളതും സത്യസന്ധവുമായ ഒരു നിലപാടാണിത്. പക്ഷേ, എനിക്ക് തോന്നിയിട്ടുള്ളത് ആധ്യാത്മികത്തെയും ഭൗതികത്തെയും അത് സമര്‍ത്ഥമായി കൂട്ടിയിണക്കിക്കഴിഞ്ഞ സഭയ്ക്ക്, ആ മത്ത് പിടിപ്പിക്കുന്ന മിശ്രിതത്തിലേക്ക് വിശ്വാസികളെ ശക്തമായി ആകര്‍ഷിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നാണ്. കത്തോലിക്കരെ ഉള്ളില്‍ നിന്നും പുറത്തുനിന്നും കഴിഞ്ഞിട്ടുള്ള ഒരുവന്‍ എന്ന നിലയില്‍ എന്റെ മറ്റൊരാശങ്ക ജോസഫ് പുലിക്കുന്നേല്‍ പ്രത്യാശിക്കുന്നത് പോലെ സഭയുടെ ആധ്യാത്മിക ഭൗതിക സമ്പത്തുകളുടെ ഭാവി വിശ്വാസികളുടെ കൈയില്‍ സുരക്ഷിതമായിരിക്കുമോ എന്നതാണ്. പുരോഹിതന്മാരേക്കാള്‍ എത്രയോ മടങ്ങ് ഭൗതികവാദികളാണ് വിശ്വാസികള്‍ എന്നേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ.

ജോസഫ് പുലിക്കുന്നേലിന്റെ വിപ്ലവാത്മകമായ ആശയങ്ങളുടെ കാലം ഒരുപക്ഷേ, വന്നെത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. പണ്ട്, ലൂഥര്‍ തന്റെ ചോദ്യം പള്ളിവാതിലില്‍ പതിപ്പിച്ചതുപോലെ പുലിക്കുന്നേല്‍ തന്റെ സത്യങ്ങള്‍ സഭയുടെ വന്‍ കോട്ടയുടെമേല്‍ ആണിയടിച്ചു പതിപ്പിച്ചിരിക്കുകയാണ്. അവ വിളിച്ചു പറയുന്ന തിരിച്ചറിവുകള്‍ സ്വാംശീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയേ ഉള്ളൂ. ഒരിക്കലും കുറയില്ല പുലിക്കുന്നേലിന്റെ പരിശ്രമങ്ങളുടെ വിളവെടുപ്പ് ഭാവിയുടെ കരങ്ങളിലാണ് എന്നുവേണം കരുതാന്‍.

(കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഏകാന്ത ദൗത്യം എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ലേഖനം എടുത്തത്. 2010 ഫെബ്രുവരി ലക്കം ഗ്രന്ഥാലോകത്തിലാണ് ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശരിയല്ലെന്ന് തനിക്കു തോന്നിയതിനോടൊക്കെ കലഹിച്ച ജോസഫ് പുലിക്കുന്നേല്‍

സക്കറിയ

സക്കറിയ

സാഹിത്യകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍