UPDATES

ട്രെന്‍ഡിങ്ങ്

വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ എസ് എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര; കാവിവത്ക്കരണത്തിന്റെ രാജസ്ഥാന്‍ മോഡല്‍

നേരത്തെ അക്ബര്‍ ചക്രവര്‍ത്തിയെ പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ നിന്നും ‘മഹാനായ’ എന്ന പദവും ബിജെപി സര്‍ക്കാരിന്റെ സമ്മര്‍ദത്തിന്റെ ഫലമായി നീക്കം ചെയ്തിരുന്നു

വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതി സംഘപരിവാര്‍വല്‍ക്കരിക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരുന്നു. ദേശസ്‌നേഹം, ധീരത, സംസ്‌കാരം, മൂല്യങ്ങള്‍, ചുമതലകള്‍ ഇവയെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനും അവരില്‍ വിനോദസഞ്ചാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ആര്‍എസ്എസ് പിന്തുണയോടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഉദയ്പൂരിലെ ഗൗരവ് പ്രതാപ് കേന്ദ്രയിലേക്ക് പഠനസന്ദര്‍ശനം നടത്താന്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് എല്ലാ കോളേജുകളോടും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പാഠപുസ്തകങ്ങള്‍ ചരിത്രവിരുദ്ധമായി കാവിവല്‍ക്കരിച്ചതിന് പുറമെയാണ് പുതിയ നടപടി.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ സോഹന്‍ സിംഗ് സ്ഥാപിച്ച കേന്ദ്രത്തെ ‘ദേശീയ തീര്‍ത്ഥാടന, വിനോദസഞ്ചാര കേന്ദ്രം’ എന്നാണ് ഒക്ടോബര്‍ 23ന് ഇറക്കിയ സര്‍ക്കുലറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മഹാറാണ പ്രതാപിനെ യുവജനങ്ങളുടെ ബിംബമായി മഹത്വവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വീര്‍ ശിരോമണി മഹാറാണ പ്രതാപ് സമിതി 100 കോടി രൂപ മുടക്കി ആരംഭിച്ചതാണ് പ്രതാപ് ഗൗരവ് കേന്ദ്ര പദ്ധതി. 16-ാം നൂറ്റാണ്ടില്‍ നടന്ന ഹര്‍ദിഗാഡി യുദ്ധത്തില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ സൈന്യത്തെ മഹാറാണ പ്രതാപ് പരാജയപ്പെടുത്തി തുടങ്ങിയ ചരിത്രസത്യങ്ങള്‍ക്ക് നിരക്കാത്ത നുണകളാണ് ഇവിടുത്തെ നാല് ആര്‍ട്ട് ഗ്യാലറികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം, ഇവിടേക്ക് വിദ്യാര്‍ത്ഥികളെ ചരിത്രബോധം പഠിപ്പിക്കാന്‍ അയയ്ക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് സംസ്ഥാന വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ (അക്കാദമിക്‌സ്) വന്ദന ചക്രവര്‍ത്തി thewire.in നോട് പറഞ്ഞത്. എന്നാല്‍ സന്ദര്‍ശനം നിര്‍ബന്ധിതമല്ലെന്നും കോളേജുകളുടെ ധനസ്ഥിതി അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം ഇത് നടത്തിയാല്‍ മതിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പഠനസന്ദര്‍ശനത്തിനായി ഒരു നിശ്ചിത സ്ഥലം സന്ദര്‍ശിക്കണമെന്ന് ഇതിന് മുമ്പ് കോളേജുകള്‍ക്ക് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അവരുടെ മറുപടി.

ചരിത്രസത്യങ്ങള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള നടപടികള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ മുമ്പും സ്വീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, പത്താം ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ ചരിത്രഭാഗം സംഘപരിവാര്‍ സിദ്ധാന്തങ്ങള്‍ക്ക് അനുസരിച്ച് മാറ്റാന്‍ നേരത്തെ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. 1576ല്‍ നടന്ന ഹര്‍ദിഗാഡി യുദ്ധത്തില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ സേനയെ മഹാറാണ പ്രതാപ് കീഴടക്കി തുടങ്ങിയ നുണകള്‍ തന്നെയാണ് ഈ പുസ്തകത്തിലും കുത്തി നിറച്ചിരിക്കുന്നത്. കൂടാതെ അക്ബര്‍ ചക്രവര്‍ത്തിയെ പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ നിന്നും ‘മഹാനായ’ എന്ന പദവും ബിജെപി സര്‍ക്കാരിന്റെ സമ്മര്‍ദത്തിന്റെ ഫലമായി നീക്കം ചെയ്തിരുന്നു.

ഇതാദ്യമായാണ് ഒരു നിശ്ചിത സ്ഥലം പഠനാര്‍ത്ഥം സന്ദര്‍ശിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നതെന്ന് രാജസ്ഥാന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിന്റെ പ്രിന്‍സിപ്പള്‍ ജ്യോത്സന ഭരദ്വാജ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ പ്രിന്‍സിപ്പല്‍മാരുടെ വിവേചനാധികാരമായിരുന്നു ഇത്. പഠന സന്ദര്‍ശനങ്ങള്‍ക്കും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ലഭിക്കുന്ന ധനസഹായം അപര്യാപ്തമായതിനാല്‍ ഓരോ കോഴ്‌സിനും അനുയോജ്യമായ ചിലവ് കുറഞ്ഞ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു മുമ്പ് ചെയ്തിരുന്നതെന്ന് ജയ്പൂരിലെ രാജസ്ഥാന്‍ സംഗീത സംസ്ഥാന്‍ കോളേജിലെ അദ്ധ്യാപിക വസുധ സക്‌സേന ചൂണ്ടിക്കാണിക്കുന്നു. സാധാരണഗതിയില്‍ സംഗീത വിദ്യാര്‍ത്ഥികളെ സ്റ്റുഡിയോകളിലും മറ്റും കൊണ്ടുപോയി സംഗീത ശബ്ദലേഖനവും മറ്റും പരിചയപ്പെടുത്തുകയാണ് പതിവ്. സംഗീതയും നൃത്തവും അഭ്യസിക്കുന്നവരെ ഇത്തരം കേന്ദ്രങ്ങളില്‍ കൊണ്ടുപോയിട്ട് എന്ത് നേടാനാണെന്നും അവര്‍ ചോദിക്കുന്നു.

ചില ഹിന്ദു ഭരണാധികാരികളെ മഹത്വവല്‍ക്കരിച്ചുകൊണ്ട് തങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് ഭാരത് ഗ്യാന്‍ വിജ്ഞാന്‍ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോമള്‍ ശ്രീവാസ്തവ ചൂണ്ടിക്കാണിക്കുന്നു. മുഗളന്മാരെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിലും അവര്‍ക്ക് താല്‍പര്യമില്ല. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ്. ഈ പ്രവണത തുടരുകയാണ. ആരാണ് മുഗളന്മാരെന്നും എന്താണ് ശാസ്ത്രമെന്നും തിരിച്ചറിയാത്ത ഒരു തലമുറയാവും സൃഷ്ടിക്കപ്പെടുകയെന്നും കോമള്‍ ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍