UPDATES

ചിന്നമ്മയും കുടുംബവും പുറത്ത്; ലയന ചര്‍ച്ചകള്‍ക്ക് പിന്നില്‍ ഒളിഞ്ഞും തെളിഞ്ഞും ബിജെപിയും

ദിനകരന്‍ ഇന്ന് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഎഡിഎംകെയിലെ ഇരു വിഭാഗവും തമ്മില്‍ ലയിക്കാനുള്ള സാധ്യതകള്‍ അവസാനഘട്ടത്തിലേക്ക്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല, മരുമകനും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഔദ്യോഗിക പക്ഷം ഇന്നലെ രാത്രി തീരുമാനിച്ചിരുന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ഒ. പനീര്‍സെല്‍വം പക്ഷത്തിന്റെ ആവശ്യത്തില്‍ തീരുമാനം ആയിട്ടില്ല. അതേ സമയം, ദിനകരന്‍ ഇന്ന് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ശശികല കുടുംബത്തെ പൂര്‍ണമായി മാറ്റി നിര്‍ത്താന്‍ തീരുമാനിച്ച വിവരം പാര്‍ട്ടി നേതാവും ധനമന്ത്രിയുമായ ജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. എഐഎഡിഎംകെ പാര്‍ട്ടി ഏതെങ്കിലും ഒരു കുടുംബത്തിന്റെ കൈയില്‍ അകപ്പെടാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ജയകുമാര്‍ പറഞ്ഞത്.

നേരത്തെ ഒ പനീര്‍ശെല്‍വം ഘടകം ഔദ്യോഗികപക്ഷവുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ശശികലയുടെ ഭാവി അപകടത്തിലേക്കെന്ന സൂചനകള്‍ വന്നിരുന്നു. ശശികലയെ പുറത്താക്കാതെ ലയന ചര്‍ച്ചകള്‍ക്കില്ലെന്നു പനീര്‍ശെല്‍വം അസന്ദിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉള്‍പ്പെടെ ശശികലയെ പുറത്താക്കുന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ തമ്പിദുരൈയും ഈ നീക്കത്തിന് അനുകൂല തീരുമാനം പറഞ്ഞിരുന്നു.

എന്നാല്‍ ശശികലയെ പുറത്താക്കുന്ന കാര്യം പനീര്‍സെല്‍വം നേരത്തെ ആവശ്യപ്പെട്ടിരുന്നില്ലെന്നും പകരം ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ദിനകരനെ മാറ്റണം എന്നായിരുന്നു ആവശ്യം എന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുതിര്‍ന്ന നേതാവ് വി. മൈത്രേയന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ ശശികലയെ മാറ്റണം എന്ന ആവശ്യത്തിലേക്ക് അദ്ദേഹം എത്തിയത് എന്നും സൂചനയുണ്ട്. അതോടൊപ്പം ലയന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഔദ്യോഗികപക്ഷത്തെ മുതിര്‍ന്ന നേതാവു കൂടിയായ തമ്പിദുരൈ ഇന്നലെ ഡല്‍ഹിക്കു പോയതും ചര്‍ച്ചയായിട്ടുണ്ട്.

ബിജെപിയുമായി അത്ര അടുപ്പത്തിലല്ലാത്ത ശശികലയേയും കുടുംബത്തേയും പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം പല വിധത്തില്‍ എഐഎഎഡിഎംകെയിലെ ഇരുവിഭാഗത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല ചുമതലയെല്‍ക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അവര്‍ക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കോടതി വിധി വരുന്നതും അവര്‍ ജയിലില്‍ ആകുന്നതും. എന്നാല്‍ ജയിലിലേക്ക് പോകുന്നതിനു മുമ്പ് തന്നെ ദിനകരനെ പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി അവര്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം തന്റെ അടുപ്പക്കാരന്‍ കൂടിയായ പളനിസ്വാമിയെ മുഖ്യമന്ത്രിയുമാക്കി. പനീര്‍സെല്‍വത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്നു മാറ്റിയതിനു ശേഷം തുടക്കത്തില്‍ മൌനം പാലിച്ചിരുന്ന അദ്ദേഹം ശശികലയ്ക്കും കുടുംബത്തിനുമെതിരെ പരസ്യമായി രംഗത്തുവന്നതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആശീര്‍വാദം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അന്ന് തന്നെ പുറത്തു വന്നിരുന്നു.

ദിനകരന്‍ പാര്‍ട്ടി നിയന്ത്രണം ഏറ്റെടുക്കുകയും ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ഥിയാവുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. തമിഴ്നാട് ആരോഗ്യമന്ത്രിയും ശശികലയുടെ അടുപ്പകാരനുമായ വിജയഭാസ്ക്കറിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. ഈ റെയ്ഡ് ബിജെപി കേന്ദ്രനേതൃത്വവും കേന്ദ്ര സര്‍ക്കാരും അറിയാതെ നടക്കില്ലെന്ന് വിശ്വസിക്കുന്നവര്‍ എഐഎഡിഎംകെയിലുണ്ട്. അതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ച രണ്ടില ചിഹ്നം കിട്ടാന്‍ അറിയപ്പെടുന്ന തട്ടിപ്പുകാരന്‍ കൂടിയായ സുകേഷ് ചന്ദ്രശേഖരന്‍ വഴി ദിനകരന്‍ അഞ്ചു കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ ശ്രമിച്ചു എന്ന ആരോപണം വരുന്നതും. ദിനകരന്‍ ഇപ്പോള്‍ അറസ്റ്റിന്റെ വക്കിലാണ്.

ഇന്നലെ നടന്ന ചര്‍ച്ചകളില്‍ 20 മന്ത്രിമാരും നിരവധി എംഎല്‍എമാരും പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരും പങ്കെടുത്തിരുന്നു. എന്നാല്‍ ശശികലയ്ക്കൊപ്പം ഇപ്പോഴും 20 എംഎല്‍എമാര്‍ ഉണ്ടെന്നും ഇവരെക്കൂടി അനുനയിപ്പിച്ചെങ്കില്‍ മാത്രമേ ലയനം ഉടന്‍ സാധ്യമാകൂ എന്നും സൂചനയുണ്ട്. ഇവര്‍ അയഞ്ഞില്ലെങ്കില്‍ പാര്‍ട്ടി പിളരുകയും സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലാവുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍