UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി രാജേട്ടന്‍: കര്‍ണാടകത്തിലേക്ക് എടുത്തോളൂവെന്നും ട്രോള്‍

കേരളത്തിലെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാലാണ് ട്രോളര്‍മാരുടെ മുഖ്യ ഇര

കര്‍ണാടകത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണെന്ന ന്യായീകരണം ഉയര്‍ത്തി കേവല ഭൂരിപക്ഷമില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിയ്ക്ക് എതിരെ ശക്തമായ വിമര്‍ശനമാണ് വിവിധ മേഖലകളില്‍ ഉയരുന്നത്. ട്രോളര്‍മാരും വെറുതെയിരിക്കുകയല്ല. ബിജെപിയെ കണക്കറ്റ് പരിഹസിച്ച് മലയാളം ട്രോളര്‍മാരും സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ട്. എന്നാല്‍ കേരളത്തിലെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാലാണ് ട്രോളര്‍മാരുടെ മുഖ്യ ഇര. കര്‍ണാടക നിയമസഭയിലെ സംഭവങ്ങളാണ് ട്രോളുകളുടെ വിഷയമെന്നതിനാലാണ് കേരള നിയമസഭയിലെ ഏക ബിജെപി അംഗമായ രാജഗോപാലിനെ തന്നെ ട്രോളര്‍മാര്‍ പിടികൂടിയിരിക്കുന്നത്.

ഇനി അഥവ ബിരിയാണി വിളമ്പിയാലോ എന്ന പഴയ സലിംകുമാര്‍ ഡയലോഗ് ഓര്‍മ്മയില്ലേ അതുപോലെയാണ് ഒരു ട്രോള്‍. ഇതില്‍ ഓടി വരുന്ന ബിജെപിക്കാരെ കാണാം. പിന്നാലെ തുള്ളിച്ചാടി വരുന്ന രാജഗോപാലിനെയും കാണാം. തന്റെ ഒരു സീറ്റ് വച്ച് ബിജെപി കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നെന്ന തന്റെ നുണ അവര്‍ വിശ്വസിച്ചെന്നും എല്ലാവരും കൂടി തിരുവനന്തപുരത്തേക്ക് ഓടുകയാണെന്നുമാണ് രാജേട്ടന്‍ പറയുന്നത്. എന്നാല്‍ ഇനി അഥവ തന്നെ മുഖ്യമന്ത്രിയാക്കിയാലോ എന്നോര്‍ത്താണ് താനും ഓടുന്നതെന്നും ഈ ട്രോളില്‍ രാജഗോപാലിനെ പരിഹസിക്കുന്നു.

കേരള ഗവര്‍ണര്‍ വാജുഭായ് വാല ആയിരുന്നെങ്കില്‍ ഇപ്പോള്‍ രാജേട്ടന്‍ മുഖ്യമന്ത്രി ആയിരുന്നേനെ. ഭൂരിപക്ഷം തെളിയിക്കാന്‍ 5 വര്‍ഷം സമയവും എന്നാണ് മറ്റൊരു ട്രോളില്‍ പറയുന്നത്.

ഗോവയിലെ 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ സമീപിക്കുമെന്നും ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ് എന്നുമുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിന് താഴെ ‘ങ്ങളും ഒറ്റകക്ഷിയല്ലേ, ങ്ങക്കും ഒന്ന് പോയി ഗവര്‍ണറെ കണ്ടൂടേന്ന്’ എന്ന് രാജഗോപാലിനോട് ചോദിക്കുന്ന സുരേന്ദ്രന്റേതാണ് വൈറലായ മറ്റൊരു ട്രോള്‍.

കേരളത്തില്‍ നമുക്ക് ഒരു എംഎല്‍എയില്ലേയെന്ന് അമിത് ഷായോട് ചോദിക്കുന്ന സംഘിയാണ് മറ്റൊരു ട്രോളില്‍. ഉണ്ട് രാജഗോപാല്‍ എന്ന് അമിത് ഷാ മറുപടി പറയുമ്പോള്‍ ഗവര്‍ണറോട് പറഞ്ഞ് രാജേട്ടനെ നമുക്ക് മുഖ്യമന്ത്രിയാക്കിക്കൂടെ രണ്ട് മാസം സമയം ചോദിക്കാമെന്നാണ് അപ്പോള്‍ സംഘിയുടെ മറുപടി.

‘അതായത് സദാശിവേട്ടാ.. ഞാനും പിസിയുമാണല്ലോ ഒറ്റകക്ഷികള്‍. പിസിക്ക് എന്നേക്കാള്‍ പ്രായം കുറവായതുകൊണ്ട് ഞാന്‍ തന്നെയല്ലേ ഏറ്റവും വലിയ ഒറ്റ കക്ഷെ. അപ്പോള്‍ ഈ കക്ഷി അതായത് ഞാന്‍ അല്ലേ മുഖ്യമന്ത്രി ആകേണ്ടത്. എന്നെ മുഖ്യമന്ത്രി ആകാന്‍ വിളിക്ക്’ എന്ന് ഗവര്‍ണര്‍ പി സദാശിവത്തോട് ആവശ്യപ്പെടുന്ന രാജഗോപാലാണ് പ്രചരിക്കുന്ന മറ്റൊരു ട്രോളില്‍.

‘കര്‍ണാടകയില്‍ ബിജെപി എംഎല്‍എമാരുടെ കുറവ് വല്ലതുമുണ്ടെങ്കില്‍ കേരള നിയമസഭയില്‍ ഒരു വേസ്റ്റ് ഇരിപ്പുണ്ട്. വേണേല്‍ എടുത്തോണ്ട് പോയ്‌ക്കോ’ എന്നാണ് മറ്റൊരു ട്രോളില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍