UPDATES

‘ഞങ്ങളാണ് ജനം’; മാവോയിസ്റ്റ് വേട്ടയ്ക്ക് ആദിവാസികൾ മറുപടി നൽകിയ വിധം

ഖനനപദ്ധതികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ആദിവാസി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്

മഹാരാഷ്ട്രയിലെ ജില്ല പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ സമ്പൂര്‍ണ ആധിപത്യമാണ് സമീപ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രംഗത്തുനിന്നുള്ള പ്രധാനപ്പെട്ട വാര്‍ത്ത. എന്നാല്‍ മാവോയിസ്റ്റ് ബാധിത ഗച്ചിറോളി ജില്ലയില്‍ നിന്നും അസാധാരണമായ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്.

ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖനന പദ്ധതികളെ എതിര്‍ക്കുന്ന ജില്ലയിലെ ഗ്രാമസഭകള്‍ തീരുമാനിച്ചു. അവരുടെ പല സ്ഥാനാര്‍ത്ഥികളും ജയിലിലോ അല്ലെങ്കില്‍ കോടതിയില്‍ കേസുകള്‍ നേരിടുന്നവരോ ആയിരുന്നു. സ്വതന്ത്രരായ ചിലര്‍ ‘മാവോയിസ്റ്റ് അനുകൂലികള്‍’ ആണെന്ന പേരില്‍ പോലീസുകാരുടെ ശത്രുതയും സമ്പാദിച്ചിട്ടുണ്ട്.

ഇതിനെല്ലാമിടയില്‍, ഈ ആദിവാസി ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമസഭകള്‍ നിര്‍ത്തിയ 20 സ്ഥാനാര്‍ത്ഥികളില്‍ ആറു പേര്‍ വിജയം കണ്ടു. ആദിവാസി പ്രവര്‍ത്തകരായ സൈനു ഗോട്ടയും ലാലാസു നരോട്ടെയും ഗച്ചിറോളി ജില്ല പരിഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സൈനു ഗോട്ടയുടെ ഭാര്യ ഷീല ഗോട്ടയും മറ്റ് മൂന്നു പേരും പഞ്ചായത്ത് സമിതികളിലേക്ക് ജയിച്ചു കയറി.

ജില്ലയിലെ ഖനനപദ്ധതികള്‍ക്കെതിരായ പ്രതിഷേധ കര്‍മ്മപരിപാടിയുടെ ഭാഗമായാണ് മിക്ക ഗ്രാമസഭകളും തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഈ പൗരസംഘടന നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ജില്ലയിലെ ഖനനവിരുദ്ധ സമരം നയിക്കുന്ന സന്നദ്ധപ്രവര്‍ത്തകരായിരുന്നു.

‘തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തുകൊണ്ട് ഖനന പദ്ധതികളോടുള്ള പ്രതിഷേധം ഞങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രാദേശിക ജനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഞങ്ങളുടെ പ്രദേശത്ത് ഖനന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്കെതിരെ ഭൂരിപക്ഷം ഗ്രാമസഭകളും പ്രമേയങ്ങള്‍ പാസാക്കുകയും ജില്ല ഭരണകൂടത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ പ്രദേശത്ത് ഖനന പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍, ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിദ്വേഷപ്രകടനവും അധിക്ഷേപവും സഹിക്കേണ്ടിവന്നു. ഞങ്ങളുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ 15 ദിവസത്തിലേറെയായി ജയിലിലാണ്. പക്ഷെ, ഇവിടുത്ത ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികള്‍ ഞങ്ങളാണെന്നാണ് എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ടുള്ള ഞങ്ങളുടെ വിജയം തെളിയിക്കുന്നത്,’ എന്ന് സുര്‍ജാഗഢിലെയും ബാമാരഗഢിലെയും ഗച്ചിറോളിയിലെ മറ്റ് ജില്ലകളിലെയും ഗ്രാമസഭകളും ഗോതുല്‍ സമിതികളും പുറപ്പെടുവിച്ച ഒരു പ്രസ്താവനയില്‍ പറയുന്നു.

സൈനു ഗോട്ട ഗ്രാമവാസികള്‍ക്കൊപ്പം

ചത്തീസ്ഗഢില്‍ നിന്നും രണ്ട് ആദിവാസി സ്ത്രീകളെ നാഗ്പൂരിലെ ഒരു വക്കീലിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഗ്രാമസഭ സ്ഥാനാര്‍ത്ഥികളായ സൈനു ഗോട്ടയെയും അദ്ദേഹത്തിന്റെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസുകാര്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തുവെന്നാണ് ആദിവാസി പ്രവര്‍ത്തകര്‍ പറഞ്ഞതെങ്കിലും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന് മുന്നില്‍ പെണ്‍കുട്ടികള്‍ ഇത് നിരാകരിച്ചതോടെ പോലീസുകാര്‍ ഗോട്ടയ്ക്കും ഭാര്യയ്ക്കുമെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്.

‘തിരഞ്ഞെടുപ്പ് പ്രചാരണം തീരുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് സൈനു ഗോട്ടയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ജാമ്യത്തില്‍ വിട്ടയച്ചത്. അവര്‍ക്ക് പ്രചാരണം നടത്താന്‍ ഒരു ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, പോലീസ് പ്രതികാരം ചെയ്യമെന്ന് ഭയന്ന തൊഴിലാളികളും പൊതുജനങ്ങളും അവരോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല. എന്നാല്‍ ഇരുവരും 500 ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സൈനുവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ജനങ്ങള്‍ വ്യക്തമായി പിന്തുണച്ചിരുന്നെങ്കിലും അധികാരികളുടെ സമ്മര്‍ദം മൂലം ഇത് തുറന്ന് പറയാന്‍ സാധിച്ചില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. ജില്ലയിലെ അടിസ്ഥാന സാഹചര്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. മനസ്സു തുറന്ന് സംസാരിക്കാന്‍ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്ക് സാധിക്കുന്നില്ല,’ എന്ന് മാവോയിസ്റ്റുകളുടെ ശക്തിദുര്‍ഗമായ അബുജ്മാദുമായി ജില്ല അതിര്‍ത്തി പങ്കിടുന്ന നെല്‍ഗോണ്ട എന്ന രൂക്ഷ മാവോയിസ്റ്റ് ബാധിത മേഖലയില്‍ നിന്നും ജയിച്ച ലാലാസു നരോട്ടെ പറയുന്നു.

ഗച്ചിറോളിയില്‍ നിന്നുള്ള അപൂര്‍വം ആദിവാസി അഭിഭാഷകരില്‍ ഒരാളായ നരോട്ടെ ബാമരാഗഡ് ഡിവിഷനിലെ ഹെമാല്‍കസ ഗ്രാമത്തില്‍ താമസിക്കുന്ന ആളാണെങ്കിലും ‘മവോയിസ്റ്റ് അനുകൂലി’ എന്ന ആരോപണം നേരിടുന്നു.

തങ്ങളുടെ വിദൂരസ്ഥ ഗ്രാമത്തില്‍ ഫോണ്‍ ബന്ധം ഇല്ലാത്തതിനാല്‍ സൈനുവിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സാധിച്ചിട്ടില്ല.

‘പോലീസ് രണ്ട് തവണ എന്റെ വീട് പരിശോധിച്ചെങ്കിലും അവര്‍ക്ക് നിയമവിരുദ്ധമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. അധികാരികള്‍ ഞങ്ങളെ മാവോയിസ്റ്റ് അനുകൂലികള്‍ എന്ന് വിളിക്കുന്നു. പക്ഷെ രഹസ്യ ബാലറ്റിലൂടെ നടക്കുന്ന തിരഞ്ഞടുപ്പില്‍ ജനാധിപത്യപരമായി മത്സരിച്ച് ഇത്ര വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ മാവോയിസ്റ്റ് അനുകൂലികള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? ജില്ലയില്‍ ഉയര്‍ന്ന് വരുന്ന വിമതശബ്ദങ്ങളെയെല്ലാം മാവോയിസ്റ്റ് അനുകൂലികള്‍ എന്ന് മുദ്രകുത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലയിലെ ഖനനത്തെ എതിര്‍ക്കുന്ന എല്ലാവരും മാവോയിസ്റ്റ് അനുകൂലികളാണെന്ന തെറ്റിദ്ധാരണയാണ് പോലീസിനുള്ളത്. അത് തെറ്റാണ്. ഞങ്ങള്‍ ആരാണെന്നും എന്താണ് ഞങ്ങള്‍ ചെയ്യുന്നതെന്നും പ്രദേശത്തെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് ജില്ല പരിഷത്തിലും പഞ്ചായത്ത് സമിതികളിലും തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നതിനായി ഞങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്,’ എന്ന് നരോട്ടെ പറയുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ, രണ്ടര വര്‍ഷത്തിന് ശേഷം നടക്കുന്ന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള ആലോചനയിലാണ് ഗ്രാമസഭകള്‍.

‘തദ്ദേശസ്ഥാപനങ്ങളില്‍ ഞങ്ങളുടെ ശബ്ദം മുഴങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഇനി അത് നിയമസഭയിലും ലോക്‌സഭയിലും മുഴങ്ങണം. പക്ഷെ അതിനെക്കുറിച്ച് ഗ്രാമസഭകള്‍ കൂടിയിരുന്ന് ആലോചിക്കും. ഞങ്ങള്‍ ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആളുകളാണെന്ന് കൂടി ഈ വിജയം തെളിയിക്കുന്നു,’ എന്ന് നരോട്ടെ കൂട്ടിച്ചേര്‍ക്കുന്നു.

നിയമബിരുദമുണ്ടെങ്കിലും തന്റെ ഗ്രാമത്തില്‍ തന്നെ ജീവിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ആളാണ് നരോട്ടെ.

‘ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടും ഞാന്‍ എന്റെ ഗ്രാമത്തില്‍ തന്നെ തുടരുന്നതെന്താണെന്ന് നിരവധി ആളുകള്‍ ചോദിക്കുന്നു. ആദിവാസികള്‍ക്ക് അവരുടെ പ്രാഥമിക അവകാശങ്ങളെ കുറിച്ചുപോലും ബോധമില്ലാത്ത ഒരു സാഹചര്യത്തില്‍ അടിത്തട്ടില്‍ നിന്നുകൊണ്ട് പ്രാദേശിക ആദിവാസികളുടെ ശബ്ദം ഉയര്‍ത്തുന്നതിനായി അടിത്തട്ടില്‍ തന്നെ വിദ്യാഭ്യാസമുള്ള ആളുകളുടെ ആവശ്യമുണ്ട്,’ എന്ന് നരോട്ടെ വിശദീകരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍