UPDATES

k c arun

കാഴ്ചപ്പാട്

k c arun

ന്യൂസ് അപ്ഡേറ്റ്സ്

ആഗോള ‘കാര്‍ബണ്‍ ട്രേഡിങ്ങില്‍’ ആദിവാസികളുടെ മൂല്യമെത്ര?

k c arun

അടുത്തിടെ, കേരളത്തിലുള്ള എടയ്ക്കല്‍ ഗുഹയില്‍ മലയാള ഭാഷയിലെ ഫലകങ്ങള്‍ ഉള്ളതായും, അതു വച്ച്, ഭാഷയുടെ ചരിത്രം മാറിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഭാഷാചരിത്ര ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നുണ്ടായിരുന്നു. കേരളത്തിലെ വയനാട് ജില്ലയിലാണ് എടയ്ക്കല്‍ ഗുഹ. കര്‍ണാടകത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് സുമാര്‍ 8000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആദിമ മനുഷ്യന്‍ കല്ലില്‍ കൊത്തിയ പെട്രോഗ്ലിഫ് ചിത്രങ്ങളാണുള്ളത്. 1890-ല്‍ മലബാര്‍ പോലീസ് അധികാരിയായിരുന്ന ഫോസറ്റ് ആണ് ഈ ഗുഹ കണ്ടുപിടിച്ചത്. ആ കാലഘട്ടത്തില്‍ മണ്ടാതന്‍ ചെട്ടി എന്നറിയപ്പെടുന്ന മലമ്പ്രദേശത്തിലെ ജനങ്ങളുടെ പ്രാര്‍ഥനകളില്‍ എടക്കല്‍ ഗുഹ ഉള്ളതായി പറയപ്പെടുന്നു. ഹാരപ്പ സംസ്‌കാരത്തിന്റെ അംശങ്ങള്‍ ഈ ഗുഹയിലെ ചിത്രങ്ങളില്‍ ഉള്ളതായും പറയപ്പെടുന്നുണ്ട്. പുരാവസ്തു ശാസ്ത്രജ്ഞനായ ഐരാവതം മഹാദേവന്‍ പറയുന്നത് ഈ ഗുഹയിലുള്ള ചില കോണെഴുത്തുകളെ മലയാളം വട്ടെഴുത്തുമായി ബന്ധപ്പെടുത്താമെന്നാണ്. ഇത് ആധാരമാക്കി മലയാളത്തിന്റെ ജനനത്തിനെപ്പറ്റി പുതിയ സംവാദങ്ങള്‍ തുടങ്ങിയിരിക്കുന്നു. 

ഈ ഭാഷാ പ്രശ്‌നങ്ങളെ ശിലാ ഫലക വിദഗ്ധരും, ചരിത്രാന്വേഷികളും, ഭാഷാ ശാസ്ത്രജ്ഞരും സംസാരിച്ച് തീര്‍ക്കട്ടെ. ഞാന്‍ ഇതിനെ വേറൊരു കാഴ്ചപ്പാടില്‍ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് കരുതുന്നു.

ഇതുപോലെയുള്ള കാടുകളിലും ഗുഹകളിലും മനുഷ്യകുലം കാലങ്ങളായി ജീവിക്കുന്നു എന്നതിന്റെ തെളിവാണ് ആ ഫലകങ്ങളെന്നാണ് എന്റെ നിലപാട്. അതായത്, കാലങ്ങളായി മനുഷ്യന്‍ കാടുകളിലും, ഗുഹകളിലും വനങ്ങളിലും മൃഗങ്ങളോടൊപ്പം, പറവകളോടൊപ്പം, മരങ്ങളോടൊപ്പം ഇഴുകിച്ചേര്‍ന്ന് ജീവിച്ചിരുന്നെന്നതിന്റെ തെളിവാണത്. അങ്ങിനെ അവന്‍/അവള്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വന്നിരുന്ന ജീവിത യാത്രയില്‍ യാതൊരു മൃഗവും ഇല്ലാതായിട്ടില്ല. ഒരു പറവയും വംശമറ്റിട്ടില്ല. മാത്രമല്ല, മൃഗങ്ങളും, പറവകളും, മരങ്ങളും ചേര്‍ന്ന ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. 

ഇതില്‍, കാണിക്കാരര്‍ എന്ന ആദിവാസി ജനതയുടെ മരണാനന്തരച്ചടങ്ങ് ശ്രദ്ധിക്കൂ. നമ്മുടെ പൊതുസമൂഹത്തില്‍ ജീവിക്കുന്ന ഒരു മതവിഭാഗം മരിച്ചവരുടെ ഓര്‍മ്മക്കായി കല്ല് നാട്ടുന്ന രീതി ഉണ്ടല്ലോ. കാണിക്കാരന്‍ കല്ലല്ല നാട്ടുന്നത്. ജീവന്റെ തുടര്‍ച്ച നാട്ടുന്നു. കാണിക്കാരന്‍ മരിച്ചാല്‍ കല്ലിന് പകരമായി ഒരു മരത്തയ്യ് നട്ട് ആരാധിച്ച് ശുശ്രൂഷിക്കും. വനത്തിനേയും മരങ്ങളേയും തന്റെ പൂര്‍വ്വികരായി കരുതി ജീവിക്കുന്ന ആദിവാസികള്‍ കാടിനെ നശിപ്പിക്കുന്നതായി ആരോപിച്ച്, മരങ്ങള്‍ വെട്ടുന്നതായി പറഞ്ഞ് പുറത്താക്കുന്നത് അധുനികരുടെ വലിയ വിനോദമാണ്. 

വനപ്രദേശങ്ങളെ ‘വന്യജീവിസംരക്ഷണകേന്ദ്രം’ എന്ന പുതിയ കാഴ്ചപ്പാടില്‍ ഇതുപോലെയുള്ള വനവാസികളെ അവരുടെ മണ്ണില്‍ നിന്നും പുറത്താക്കി അധുനികവല്കരിക്കാന്‍ നമ്മുടെ സര്‍കാരുകള്‍ ചിലവാക്കുന്ന പണത്തിനു കയ്യും കണക്കുമില്ല!  നാഗരിക സംസ്‌കാരത്തില്‍ മലിനമായിരിക്കുന്ന സഹജീവിയുടെ നോട്ടമാണത്. മനുഷ്യന്‍ കാലങ്ങളായി ഗുഹകളിലും, മൃഗങ്ങളോടൊപ്പവും സൌഹാര്‍ദ്ദം സ്ഥാപിച്ചിരുന്നെന്നതിന് സംഘകാലത്തു മുതല്‍ ആധുനിക കാലം വരെ പലവിധത്തിലുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അവ മലയും മലയോട് ചേര്‍ന്ന കുറിഞ്ചി നിലത്തിലും, വനവും വനത്തിനോട് ചേര്‍ന്ന മുല്ലയിലും, മരുപ്പച്ചയിലും ആദിവാസി ജനതയുടെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നു എന്ന്‍ എടുത്തുകാണിക്കുന്നു.

തിരുവള്ളുവര്‍ വേടന്മാരെപ്പറ്റിയും, ഇടയരെപ്പറ്റിയും തൊല്‍ക്കാപ്പിയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറിഞ്ചി നിലക്കിഴവന്‍, മുല്ലൈ നില കോവലര്‍, കാനക്കുറവര്‍, എയിനര്‍, കോവിനത്തു ആയര്‍, പുല്ലിനത്തു ആയര്‍, ആയര്‍, ആവിയര്‍ ആയ്മകന്‍, ആയ്മകള്‍, പുലയര്‍, ഇടയര്‍, ഇടൈമകന്‍, ഇടൈമകള്‍, കാനക്കുറവന്‍, ചിറുകുടികുറവന്‍, കോവലര്‍, കോവലര്‍കുടി, കോശര്‍, കോയന്‍, കോയമാന്‍, വേട്ടുവര്‍, വേടര്‍, കാണിക്കാരര്‍, പഴവര്‍ എന്നിങ്ങനെ പല പേരുകളില്‍ സംഘ സാഹിത്യത്തില്‍ ആദിവാസി ജനതയെപ്പറ്റി പറയുന്നു.

തൊല്‍ക്കാപ്പിയം, തിരുക്കുറള്‍, നറ്റ്രിണൈ, കുറുന്തൊലൈ, ഐങ്കുറുനൂറ്, പതിറ്റ്രപ്പത്ത്, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ്, പെരുമ്പാണാറ്റ്രുപ്പടൈ, ചിറുപാണാറ്റ്രുപ്പടൈ, പൊരുണരാറ്റ്രുപ്പടൈ, തിരു മുരുകാറ്റ്രുപ്പടൈ, മതുരൈക്കാഞ്ചി, മുല്ലൈപ്പാട്ടു എന്നിങ്ങനെയുള്ള ക്ലാസ്സിക് സാഹിത്യങ്ങളിലും ഇവരുടെ ജീവിതം ധാരാളം പറയപ്പെടുന്നു.

ആദിവാസികള്‍ എന്നാല്‍ ഏതോ വനത്തില്‍ ജീവിക്കുന്ന മൃഗങ്ങളെപ്പോലെയുള്ളവരാണെന്ന് തെറ്റിദ്ധാരണയും, വീക്ഷണവും പലര്‍ക്കുമുണ്ട്. ആദിവാസികള്‍ക്ക് പ്രത്യേക ജീവിതരീതി, ഭാഷ, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, മൂല്യങ്ങള്‍, കുടുംബജീവിതം എന്നിവയുണ്ട്. 

സമീപകാലത്ത് ഞങ്ങളുടെ നാടിനടുത്തുള്ള ആദിവാസികള്‍ താമസിക്കുന്ന ഒരു കാട്ടു ഗ്രാമത്തിലേയ്ക്ക് ഞാന്‍ പോവുകയുണ്ടായി. അവരുടെ താമസ സ്ഥലം, ജീവിത രീതികള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ എല്ലാം തന്നെ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വിധത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നു. പക്ഷികളുടെ കൂടുകള്‍ പോലെ വൃത്താകാരത്തില്‍ വളരെ വൃത്തിയായി പണിതിരിക്കുന്ന വീടുകള്‍. മേല്‍ക്കൂരയില്‍ മേഞ്ഞിരിക്കുന്ന കാനാമ്പുല്ല് എന്ന കാട്ടുപുല്ല് പാചക സമയത്ത് ഉണ്ടാകുന്ന പുക നേര്‍പ്പിച്ച് പുറത്തേയ്ക്ക് വിടാന്‍ കഴിവുള്ളതാണ്. നല്ല കാറ്റും, ഉഷ്ണത്തിനെ കുളിര്‍മ്മയാക്കി മാറ്റുന്ന കഴിവും പ്രശംസനീയമാണ്. മുള കുത്തി നിര്‍ത്തി അതില്‍ മണ്ണ് കുഴച്ച് തേച്ച് ലളിതമായും മനോഹരമായും പണിതിരിക്കുന്ന വീടുകള്‍. അതെല്ലാം ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഈ നിര്‍മ്മാണം ഓരോ കുലത്തിനും വ്യത്യസ്തമായിരിക്കുമെന്ന് അറിയിച്ചു അവിടെയുള്ള ചാക്കന്‍ എന്നയാള്‍. 

പടിഞ്ഞാറന്‍ മല തുടങ്ങുന്നത് തൊട്ട് കിഴക്കന്‍ മല വരെയുള്ള പല കുടിലുകളിലും, ശീതോഷ്ണ ചൂഴ്‌നിലകളിലും തങ്ങള്‍ തുടരുന്ന ജീവിതരീതിയെപ്പറ്റിയും, ചോളകര്‍, ഇരുളര്‍, ഊരാളി, തോടര്‍, കാടര്‍, കശവര്‍, മുതുവര്‍, മലശര്‍, എറവാളര്‍, കോത്തര്‍, കുറുമ്പര്‍, മണിയര്‍, പളിയര്‍, പുലയര്‍, കാണിക്കാരര്‍….എന്നിങ്ങനെ ആദിവാസികളില്‍ തന്നെയുള്ള വിവിധ വിഭാഗങ്ങള്‍ തങ്ങള്‍ക്കുള്ള സാംസ്‌കാരിക പിന്നണിയോടെ പണിയുന്ന വീടുകളെപ്പറ്റിയും, നിര്‍മ്മാണ രീതികളെപ്പറ്റിയും അദ്ദേഹം പറഞ്ഞു. നായകളുടെ കുര പോലെ ഒച്ചയുണ്ടാക്കിക്കൊണ്ട് എന്നെ ആ ഗോത്രത്തിന്റെ ആവാസത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ചോളകര്‍ക്ക് കൊത്തല്ലി, ഇരുളര്‍ക്ക് മൂപ്പര്‍ എന്നിങ്ങനെ ഓരോ സമൂഹത്തിനുമുള്ള തലവനെപ്പറ്റിയും ഗ്രാമസഭയെപ്പറ്റിയും പറഞ്ഞ് പറഞ്ഞ് വനത്തിനും അവര്‍ക്കും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം ഓജസ്സുറ്റതാണെന്ന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം

അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്
ആരായിരുന്നു ആദിമ ഓസ്ട്രലിയക്കാര്‍?
അക്കങ്ങള്‍ക്കിടയിലെ കറുത്തവരുടെ ജീവിതം: ഒരു അമേരിക്കന്‍ യഥാര്‍ഥ്യം
നെല്‍സണ്‍ മണ്ടേല: ഒരു വിയോജനക്കുറിപ്പ്
ഐ യ്യില്‍ നിന്ന് വൈ യ്യിലേക്കുളള ജാതി ദൂരം

‘കല്‍ വാരിയാ’ എന്ന മരത്തിന്റെ ജനനം രസകരമാണ്. ടോടോ എന്ന പക്ഷിയുടെ വയറില്‍ നിന്നും കാഷ്ഠം വഴി വീഴുന്ന കല്‍ വാരിയ മരത്തിന്റെ വിത്തുകള്‍ മാത്രമേ മുളയ്ക്കുകയുള്ളൂ. പക്ഷിയ്ക്കും മരത്തിനുമുള്ള ഈ ബന്ധം പോലെ, മനുഷ്യനും മരത്തിനും ഒരു ബന്ധം ഉള്ളതായി അദ്ദേഹം പറഞ്ഞു. 

ഒരു തരം പേരക്കാ മരത്തിന്റെ വിത്തുകള്‍ മനുഷ്യന്റെ വയറ്റിലെത്തി വിസര്‍ജ്ജനം വഴി പുറത്തേയ്ക്ക് വരുമ്പോഴേ മുളയ്ക്കൂ. പ്രകൃതിയും മനുഷ്യനും ഒന്നിനൊന്ന് ഇഴചേര്‍ന്ന ബന്ധമുള്ളവയാണ്. 

തന്റെ, ചോളകര്‍ ഗോത്രത്തിലെ പാരമ്പര്യത്തിനെപ്പറ്റി ഒരു കഥ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ വിരണ്ടു പോയി. 

അവരുടെ മുന്‍ തലമുറയിലെ പ്രധാനികളായിരുന്ന ഉതിയ ചോളകര്‍ മീന്‍ പിടിച്ച് ജീവിച്ചവരായിരുന്നു.  ആ കാലത്ത് അവരുടെ നാട്ടില്‍ ഒരു വലിയ നദി ഒഴുകുന്നുണ്ടായിരുന്നു. മലയില്‍ നിന്നും പല അരുവികള്‍ ചേര്‍ന്ന് നദിയായി സംഗമിച്ച് ഓടുന്ന നദിയില്‍ തുള്ളിക്കളിക്കുന്ന ജിലേബിയും, കരിമീനും, വിരാലും, അയിലയും പിടിച്ചു കൊണ്ടു വന്ന് തങ്ങളുടെ ആളുകള്‍ക്കിടയില്‍ത്തന്നെ വിറ്റ് ജീവിക്കുന്നവരാണ്. അവര്‍ മീന്‍ പിടിക്കുന്നത് തൊഴിലായി ചെയ്യുന്നതല്ല. അതിനെ ഒരു ജീവിത രീതിയായി, ഒരു സെന്‍ തത്വം പോലെ ചെയ്യുന്നു. ആഴ്ചയില്‍ ഒരു ദിവസം മാത്രം മീന്‍ പിടിക്കാന്‍ പോകും. അവര്‍ മീന്‍ പിടിക്കുന്ന രീതി വ്യത്യസ്തമാണ്. വല, ചൂണ്ട എന്നീ ഉപയോഗിക്കാതെ കൊട്ടാങ്കൊട്ടി എന്ന സംഗീതോപകരണമാണ് അവര്‍ ഉപയോഗിക്കുക. കൊട്ടാക്കച്ചി എന്ന ചിരട്ടകളില്‍ തുളയിട്ട് ഒരു കമ്പി വളയത്തിനുള്ളില്‍ കോര്‍ത്ത് ഉണ്ടാക്കുന്ന ഒരു ആദിവാസി സംഗീതോപകരണമാണത്. 12 ചിരട്ടകള്‍ കോര്‍ത്തിട്ടുള്ള അതിന്റെ സ്വരം ശാസ്ത്രീയസംഗീതത്തില്‍ ഉപയോഗിക്കുന്ന സ്വരങ്ങളോട് ചേര്‍ന്നു പോകുന്നു എന്ന് തോന്നും. പക്ഷെ വ്യത്യസ്തമാണ്. 

കൊട്ടാങ്കൊട്ടി എടുത്ത്, കുട്ടവള്ളത്തിലേറി ഒഴുക്കിനെതിരായ ദിശയിലേയ്ക്ക് നോക്കി തുഴയും. കറ്റവാഴ പോലുള്ള കള്ളിമുള്ളിയാല്‍ എന്ന വേവിച്ച ഒരുതരം കിഴങ്ങ് മുറിച്ച് ആറ്റില്‍ വിതറും. അതിന്റെ കാമ്പ് മീനുകള്‍ക്ക് വളരെ ഇഷ്ടമാണ്. ജലപ്പരപ്പില്‍ പെട്ടെന്ന് അലകളുയരും. അലകളുടെ ദിശ നോക്കി മീനുകളെ മനസ്സില്‍ കണക്കു കൂട്ടി നോക്കും.

വെള്ളത്തിനു മുകളില്‍ മീനുകള്‍ വട്ടമിടും. ചില ഇടങ്ങളില്‍ കാല് വെള്ളത്തിലിട്ട് നോക്കി മീനുകളുടെ ദിശ മനസ്സിലാക്കും. ഉപ്പുറ്റിക്കിടയില്‍ മീനുകള്‍ കുതിക്കും. അവിടെ വള്ളം നിര്‍ത്തി അവര്‍ ജോലി തുടങ്ങും. കുട്ടവള്ളത്തിന്റെ അരവട്ടത്തില്‍ നിണ്ട തുണി വളച്ച് കെട്ടി മറുപാതി പുഴയോരത്ത് വിടും.

അതിനുശേഷം കൊട്ടാങ്കൊട്ടി എടുത്ത് വെള്ളത്തിലിട്ട്, മുങ്ങി നില്‍ക്കുന്ന കുട്ടവള്ളത്തിന്റെ വശങ്ങളില്‍ തട്ടും. വെള്ളത്തില്‍ പ്രതിധ്വനിക്കുന്ന ആ തട്ട് ഒരു സംഗീതമായി വെള്ളത്തില്‍ പരക്കും. ജലതരംഗം പോലെ ഒഴുകുന്ന ആ കൊട്ടല്‍, മീനുകള്‍ക്ക് ഒരുതരം ആകര്‍ഷണം ഉണ്ടാക്കുന്നത് പോലെ അപൂര്‍വ്വ ശ്രുതി മീട്ടും. മീനുകള്‍ പതുക്കെ അത് നോക്കി പൊങ്ങി വരും, കരിമീനിന് ഏഴ് കട്ട, വിരാലിന്` എട്ട് കട്ട എന്നിങ്ങനെ ഓരോ മീനിനും ഓരോ തരത്തിലുള്ള സംഗീതം ഉണ്ടാക്കുന്ന അപൂര്‍വ്വമായ രാഗത്തിലുള്ള ആലാപനം, രാഗഭാവാര്‍ഥം സൃഷ്ടിക്കുന്നു. അവരുടെ കൈകള്‍ ലാഘവത്തോടെ സ്വരങ്ങള്‍ മാറി മാറി മീട്ടുമ്പോള്‍, മീനുകള്‍ അലയടിച്ചു കൊണ്ട് പാഞ്ഞു വരുന്നത് കാണേണ്ടത് തന്നെയാണ്.   സംഗീതക്കണ്ണിയില്‍ സ്വയം മറന്ന് ചലനം മറന്ന് മയങ്ങി കുടുങ്ങിക്കിടക്കുന്നുണ്ടാകും മീനുകള്‍. തീരത്തുള്ള തുണിയുടെ ബാക്കി പകുതി വലിച്ച് കുട്ടവള്ളത്തിലിടുമ്പോള്‍ അവ ബോധത്തിലെത്തി തുള്ളാന്‍ തുടങ്ങും. അവയെ തരം തിരിച്ച്, തന്റെ ഉടുമുണ്ടില്‍ എടുക്കാവുന്നത്രയും എടുത്ത് ബാക്കിയുള്ള മീനുകളെ നദിയിലേയ്ക്ക് വിടുന്നു. ഇതാണ് ഉതിയ ചോളകരുടെ മീന്‍ പിടുത്തം.

ഇങ്ങനെയുള്ള അതിശയകരമായ ജീവിതം ജീവിക്കുന്ന ആദിവാസികള്‍ കാരണം കാടിന് അപകടം, അവര്‍ കാടുകള്‍ ഉപേക്ഷിച്ച് പുറത്ത് പോകണമെന്ന് പറയുന്നത് തമാശ തന്നെ. നാഗരികത കലര്‍ന്ന ആധുനികമനുഷ്യനില്‍ നിന്നാണ് വന്യജീവികളെ രക്ഷിക്കേണ്ടത്, അല്ലാതെ അവയുടെ സുഹൃത്തുക്കളായ ആദിവാസികളില്‍ നിന്നല്ല.

ഈ പൊക്കിള്‍ക്കൊടി ബന്ധം സര്‍ക്കാരും അവരുടെ നിയമങ്ങളും വെട്ടിനശിപ്പിക്കുന്നു. അവന്‍ കാലങ്ങളായി പോറ്റി വരുന്ന വനവും വനവാസവും വന്യമൃഗങ്ങളും അവനെതിരായി മാറ്റി ആ വിചാരത്തില്‍ നിന്ന് തന്നെ അന്യമാക്കുന്നു. ഈ അന്യമാക്കല്‍ ഇന്നത്തെ ആദിവാസി ചെറുപ്പക്കാരെ വനത്തില്‍ നിന്നും പുറത്താക്കാനുള്ള തന്ത്രമാണ്. 

മനുഷ്യകുലം കാത്തു സൂക്ഷിച്ച് വരുന്ന ഉയര്‍ന്ന ജീവിതരീതിയുടെ നേരും നെറിയും നാശമാക്കി, ലോകം മുഴുവനും കാടുകളില്‍ നിന്ന് ആദി ജനങ്ങളെ പുറത്താക്കി അവരുടെ വനങ്ങളെ കൈവശപ്പെടുത്തുന്നതിന്‍റെ തുടക്കമായി ആഗോള മുതലാളിമാരുടെ വാണിജ്യ അധിനിവേശത്തെ കാണാവുന്നതാണ്. 

പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിയോട് ചേര്‍ന്ന്, പ്രകൃതിക്കായി ജീവിക്കുന്ന ഈ ആദിവാസി ജനങ്ങളെ പുറത്താക്കാന്‍ ആവേശം കൊള്ളുന്നതിന്റെ പിന്നില്‍ ‘കാര്‍ബണ്‍ ട്രേഡിങ്’ എന്ന സൂക്ഷ്മ രാഷ്ട്രീയം ഉള്ളതായി നിരീക്ഷകര്‍ പറയുന്നതും കണക്കിലെടുക്കണം. 

‘കാര്‍ബണ്‍ ട്രേഡിംഗ്’ എന്നാല്‍ ആഗോള തൊഴില്‍മേഖലയിലുള്ള മാഫിയകളാല്‍ സൃഷ്ടിക്കപ്പെട്ട ഒരു വ്യാപാര ചിന്തയാണ്. ഇവിടെയാണ് ആഗോളചൂതാട്ടം ആരംഭിച്ചത്. 

വളരെയധികം കാടുകള്‍ സൂക്ഷിക്കുന്ന രാജ്യങ്ങളും, തൊഴില്‍ ശാലകള്‍ കാരണം ഭൂമി ധാരാളം നികത്തപ്പെട്ട നാടുകളും അന്യോന്യം  വില പേശുന്നു. ഞങ്ങളുടെയടുത്ത് ധാരാളം കാടുകളുണ്ട്; നിങ്ങളുടെ നാട്ടില്‍ നിന്നുമുള്ള താപനത്തിനെ നിയന്ത്രിക്കാനായി ഞങ്ങള്‍ അവ  സംരക്ഷിക്കുകയാണ്; അതുകൊണ്ട്, നിങ്ങള്‍ ചിലവാക്കാനുദ്ദേശിക്കുന്ന തുക ഞങ്ങളുടെ കാടുകളുടെ സംരക്ഷണത്തിനായി തരണമെന്ന് ആവശ്യപ്പെടുന്നു അവര്‍. 

ആഗോള വ്യവസായങ്ങള്‍ക്കായി കാടുകളെ നവീന രീതിയില്‍ ചിട്ടപ്പെടുത്താനും, ധാതുസമ്പത്ത് കൈവശപ്പെടുത്താനുമുള്ള ഒരുക്കമാണ് ആദിവാസികളുടെ നിഷ്‌കാസനം.  

ഇതാണ് ആഗോള ‘കാര്‍ബണ്‍ ട്രേഡിംഗ്’ രാഷ്ട്രീയം.

(മൊഴിമാറ്റം: എസ് ജയേഷ്, വര : കെ കെ രമേഷ്, ചിത്രങ്ങള്‍: ഫ്രാന്‍സിസ് ബേബി)

 

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍