UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഴുത്തില്‍ കത്തിവച്ചാലും ഇനി ഭയന്നുമാറില്ല-ധന്യ രാമന്‍ സംസാരിക്കുന്നു

Avatar

ധന്യ രാമന്‍

ദളിതരും ആദിവാസിയും ഇന്നിവിടെ ആര്‍ക്കുമൊരു വിഷയമേ അല്ല. 45 ലക്ഷത്തോളം വരുന്ന ദളിത്-ആദിവാസികള്‍ ഒരുമിച്ചു കഴിഞ്ഞാല്‍ കേരളത്തില്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറുമെന്ന് നിങ്ങള്‍ക്ക് അറിയുമോ? അറിയുന്നവരുണ്ട്. അവരാണ് ദളിത്-ആദിവാസി ഐക്യം സാധ്യമാകാതിരിക്കാന്‍ വേലയെടുക്കുന്നത്. ഈ വിഭാഗത്തില്‍ നിന്നും ഒരാളെയും വളര്‍ത്തിക്കൊണ്ടുവരാന്‍ ആരും ശ്രമിക്കാത്തത്. അങ്ങനെയൊരു നേതാവ് ഉണ്ടായാല്‍ ബാക്കിയുള്ളവര്‍ അയാള്‍ക്കു പിന്നില്‍ നില്‍ക്കും. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെയൊന്നും ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഒരുതരത്തിലും പിന്തുണയ്ക്കാത്തത്. എനിക്കെതിരെ നടന്ന ആക്രമണം പോലും വാര്‍ത്തയാക്കി വളര്‍ത്തിക്കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാനൊരു വാര്‍ത്തയായാല്‍ ദളിത്/ആദിവാസി വികാരം എനിക്കനുകൂലമായി ഉണ്ടാകും. അങ്ങനെ വന്നാല്‍ അവരുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാവും. ദളിത്-ആദിവാസി വോട്ട് ഏകീകരണം ഉണ്ടാവുകയും ഞങ്ങള്‍ ഞങ്ങളുടേതായ തീരുമാനം എടുക്കുമെന്നും വന്നാല്‍ ഇവിടെയുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രതിസന്ധിയിലാകും. ഇങ്ങനെയൊന്നു സംഭവിക്കാതിരിക്കാനാണ് ഞങ്ങളെ എല്ലായിടത്തു നിന്നും അവഗണിക്കുന്നത്.

ജാതിയമായും സാമുദായികമായും എങ്ങനെയാണോ ഞങ്ങള്‍ അവഗണിക്കപ്പെടുന്നത് അതുപോലെ തന്നെയാണ് ദളിതന്‍ അല്ലെങ്കില്‍ ആദിവാസി ആക്രമിക്കപ്പെട്ടാലും സംഭവിക്കുന്നത്.എനിക്കു നേരെയുണ്ടായ ആക്രമണം കാര്യമായ ചര്‍ച്ചയില്ലാതെ ഒതുക്കുന്നത് ബോധപൂര്‍വമാണ്. വിവധ രാഷ്ട്രീയ നേതാക്കളുമായി വ്യക്തിപരമായി അടുപ്പമുള്ളൊരാളായിരുന്നിട്ടുപോലും എനിക്കെതിരെ നടന്ന ആക്രമണത്തെ ഒരു രാഷ്ട്രീയവിഷയമായി ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. കാര്യക്ഷമമായ അന്വേഷണം പോലും ഇക്കാര്യത്തില്‍ നടക്കുന്നില്ല. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് രാഷ്ട്രീയക്കാര്‍ക്ക് അത്ര ഗുണകരമായി മാറുമെന്ന് അവര്‍ വിചാരിക്കുന്നില്ല. എന്റെ മേല്‍ ഒരു ദളിത് വികാരം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ അത് മറ്റുള്ളവരെ അസ്വസ്ഥരാക്കും. സമീപഭാവിയില്‍ തന്നെ കേരളത്തിലെ നാല്‍പ്പത്തിയഞ്ചുലക്ഷത്തോളം ദളിത്/ആദിവാസി സമൂഹം ഒറ്റക്കെട്ടായി മാറും. അതിനവരെ വേഗത്തില്‍ പ്രേരിപ്പിക്കുന്നൊരു നേതാവ് ഉണ്ടാകാന്‍ പാടില്ല. ദളിത് ഏകീകരണം കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇവിടുത്തെ ഏറ്റവും നിര്‍ണായക രാഷ്ട്രീയ ശക്തിയായി ഞങ്ങള്‍ മാറും. കേരളം ആരു ഭരിക്കണമെന്നു ഞങ്ങള്‍ തീരുമാനിക്കും.

കേരളത്തില്‍ ഇപ്പോള്‍ ഏതാനും ചില ചെറിയ ദളിത് സംഘടനകള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായി നില്‍ക്കുന്നത്. ആടിനെ പ്ലാവില കാണിച്ചു കൊണ്ടു നടക്കുന്നതുപോലെ അവരെ രാഷ്ട്രീയക്കാര്‍ ചുറ്റിക്കുകയാണ്. ഈ സംഘടനകളുടെ അവകാശവാദം പലതും ദളിതര്‍ക്ക് നേടിക്കൊടുത്തെന്നാണ്. അതുവെറും അവകാശവാദം മാത്രമാണ്. എന്നിട്ടും ഈ സംഘടനകളെ ഇന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആകര്‍ഷിച്ചു കൊണ്ടുപോവുകയാണ്. എന്നാല്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും ഓര്‍ക്കേണ്ടത്, സംഘടനകളില്‍ കാണുന്നവരേക്കാള്‍ ഭൂരിഭാഗം പുറത്തു നില്‍ക്കുന്ന ദളിതരാണ്. അവരുടെ ഏകീകരണമാണ് ഉടനടി നടക്കാന്‍ പോകുന്നത്.

തങ്ങളുടെ കൂടെയാണ് എല്ലാ ദളിതരും ആദിവാസികളുമെന്ന് ഓരോ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പറയുന്നു. പക്ഷേ ഇപ്പോള്‍ അവനവന്റെ ഒരു പ്രശ്‌നം പറയാന്‍ ദളിതനായാലും ആദിവാസിയായാലും ഓടിവരുന്നത് എന്നെപോലുള്ളവരുടെ അടുത്താണ്. ആരുടെയൊക്കെയോ നിര്‍ബന്ധത്താലും പ്രേരണയാലും സംഘടനകളില്‍ ചേര്‍ന്നുപോയവരാണ് പലരും. ഇപ്പോളവരെല്ലാം സംഘടന ബന്ധങ്ങളൊഴിഞ്ഞ് ഞങ്ങള്‍ക്കൊപ്പം അണിചേരുകയാണ്.

എന്റെ പ്രവര്‍ത്തനങ്ങള്‍ പലരേയും അസ്വസ്ഥതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നതിന്റെ തെളിവു തന്നെയായിരുന്നു വീട്ടില്‍ കയറിവന്നു എന്നെ ആക്രമിക്കുന്നതിലേക്ക് എത്തിയത്. ദളിതരെയും ആദിവാസികളെയും ചൂഷണം ചെയ്യുന്ന വലിയ മുതലാളിമാരെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ/ഭരണനേതാക്കളെയുമാണ് ഞങ്ങള്‍ വെല്ലുവിളിച്ചതും അവരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതീകരിക്കുന്നതും. ഇവര്‍ക്കെതിരായുള്ള നിയമനടപടികളുമായി ഞങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഏക്കറു കണക്കിനു ഭൂമിയും അതിന്റെ ആദായവുമൊക്കെയാണ് മുതലാളിമാര്‍ക്ക് നഷ്ടപ്പെടുന്നത്. ഭൂമിയുടെ പ്രശ്‌നം മാത്രമല്ല, ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ നടക്കുന്ന ശാരീരിക-മാനസിക പീഡനങ്ങള്‍ക്കെല്ലാം എതിരായി ശക്തമായി നിലനില്‍ക്കുന്നവരാണ് ഞങ്ങള്‍. 1031 കേസുകളോളം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. പലതിലും നടപടികളായി. ചിലര്‍ റിമാന്‍ഡിലായിട്ടുണ്ട്. മറ്റു ചിലര്‍ അന്വേഷണം നേരിടുന്നു. ഇതിന്റെയൊക്കെ സ്വാഭാവിക പ്രതികരണമാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളും കൊലപാതകശ്രമങ്ങളും. 

ഇവരുടെ ഭീഷണിയും ഭയപ്പെടുത്തലും എന്നെ പിന്നാക്കം പോകാന്‍ പ്രേരിപ്പിക്കുമെന്ന് കരുതരുത്. എന്നാല്‍ എനിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ എന്റെ കുടുംബത്തെയും കൂടെയുള്ളവരെയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. കഴിഞ്ഞദിവസം വീട്ടില്‍ കയറിവന്ന് എന്നെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എന്‍റെ കുഞ്ഞ് വല്ലാതെ ഭയന്നു നിലവിളിച്ചു. അവന്‍ കട്ടിലില്‍ നിന്നും ചാടിയിറങ്ങി മേശയുടെ അടിയില്‍ പോയിരുന്ന് നിലവിളിക്കുകയായിരുന്നു. ഇത്തരം പ്രകടനങ്ങള്‍ അവനെ മാനസികമായി ബാധിക്കാന്‍ ഇടയുണ്ട്. എനിക്കെതിരെ ആരാണോ നില്‍ക്കുന്നത് അവരുടെ ഉദ്ദേശവും എന്നെ മാനസികമായി തളര്‍ത്തുക എന്നതു തന്നെയാണ്. ആദ്യമായിട്ടല്ല ഞാനിത്തരം സാഹചര്യങ്ങളിലുടെ കടന്നുപോകുന്നത്. ഭീഷണികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചുറ്റുപാടുകളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ചിലതിലൊക്കെ അവര്‍ വിജയിച്ചിട്ടുമുണ്ട്. എനിക്ക് വീടുകള്‍ മാറി താമസിക്കേണ്ടവന്നിട്ടുള്ളതും അവരുടെ ഇടപെടലുകളാലാണ്. പക്ഷേ ഇതൊന്നും എനിക്കു ചുവടുകള്‍ പിന്നോട്ടുവയ്ക്കാന്‍ കാരണമായിട്ടില്ലെന്നതാണ് ശത്രുക്കളോട് പറയാനുള്ളത്.

ഇക്കഴിഞ്ഞ ദിവസവും ഞാനിടപ്പെട്ട ഒരു വിഷയത്തില്‍ എതിര്‍ പാളയത്തില്‍ നില്‍ക്കുന്നത് ഒരു പുരോഹിതനാണ്. രണ്ട് ആദിവാസി സ്ത്രീകളെ അദ്ദേഹം നടത്തുന്ന അനാഥാലയത്തില്‍ സംരക്ഷണാര്‍ത്ഥം താമസിപ്പിക്കുന്നുവെന്ന് വരുത്തിയിട്ട് അവരുടെ ഭൂമിയില്‍ അനാഥാലയം പണിയാന്‍ ഒരുങ്ങുകയാണ്. ഈ സഹോദരിമാരില്‍ ഒരാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാണ്. മറ്റേ സഹോദരിക്ക് കുട്ടികളുണ്ട്. ഇവരുടെ കോടികള്‍ വിലവരുന്ന ഭൂമി ചുളുവില്‍ തട്ടിയെടുക്കാനാണ് ആ പുരോഹിതന്‍ ശ്രമിക്കുന്നത്. നാളെ ഈ സ്ത്രീയുടെ കുട്ടികള്‍ക്ക് താമസിക്കാന്‍ ഭൂമിയെവിടെ? ആദിവാസികളുടെ ഭൂമി ഇതുപോലെ പലരും തട്ടിയെടുക്കുകയാണ്. അവരൊരു മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മളിതിനെതിരെ ശബ്ദിച്ചാല്‍ പ്രതിഷേധവുമായി ഓടിവരുന്ന നിരവധിപേരുണ്ട്. അവര്‍ മതം പറയും ജാതി പറയും. അതിലവര്‍ വിജയിക്കുന്നതാണ് പൊതുവെ കാണുന്നത്. ഇനിയത് നടക്കില്ല. ആദിവാസിക്ക്, ദളിതന് ഭൂമിയെവിടെ? അവന്റെ പിന്‍തലമുറ എവിടെ താമസിക്കും? പള്ളിയും അനാഥാലയങ്ങളും കെട്ടിയുണ്ടാക്കാന്‍ ആദിവാസി ഭൂമിയാണോ വേണ്ടത്? ദൈവത്തിനു കുടിയിരിക്കാന്‍ മനുഷ്യനെ ഒഴിപ്പിക്കുന്ന നീതി എതിര്‍ക്കപ്പെടേണ്ടതാണ്. അങ്ങനെ എതിര്‍ക്കുമ്പോളാണ് എതിര്‍പക്ഷത്തുള്ളവര്‍ എനിക്കെതിരെ തിരിയുന്നത്. ഈ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടതും പരിഹരിക്കേണ്ടതും ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ അനങ്ങില്ല. 

ഇവിടെ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ദളിത്/ ആദിവാസി പ്രശ്‌നങ്ങളുടെ പരിഹാരം ഉള്‍പ്പെടുത്തുന്നത്. ആരാണ് ദളിതനും ആദിവാസിക്കും വേണ്ടി പ്രസംഗിക്കുന്നത്. മുഖ്യധാര വിഷയങ്ങളെന്നു കണക്കാക്കിയിരിക്കുന്നവയില്‍ ഇന്നും ആദിവാസിയും ദളിതനും ഉള്‍പ്പെട്ടിട്ടില്ല. ഇതേ സമീപനം തന്നെയാണ് ഭരണത്തിലേറുമ്പോഴും അവര്‍ തുടരുന്നത്. ഈ സര്‍ക്കാര്‍ തന്നെ എത്ര പരസ്യമായിട്ടാണ് ആദിവാസികളെ ചൂഷണം ചെയ്യുന്നതിന് കൂട്ടുനില്‍ക്കുന്നത്.

2011 ല്‍ ഈ സര്‍ക്കാര്‍ അധികാരമേറിയ ഉടനെ ചെയ്‌തൊരു കാര്യം പറയാം. ഇടുക്കിയെ പെരിഞ്ചാകൂട്ടിയില്‍ രണ്ടായിരമേക്കറിലാണ് കുടിയേറ്റക്കാര്‍ കയ്യേറി കൃഷി ചെയ്തു ജീവിക്കുന്നത്. അതേസമയം അവിടുണ്ടായിരുന്ന ആദിവാസികളെ, അവര്‍ അനധികൃതമായി ഭൂമി കയ്യേറിയെന്നാരോപിച്ച് തൊണ്ണൂറ്റൂ വയസുള്ള വൃദ്ധയേയും മുലകുടി മാറാത്ത കുഞ്ഞുങ്ങളെയുമടക്കം, വലിച്ചുപറിച്ചു ജയിലില്‍ കൊണ്ടുപോയടക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെയും അടൂര്‍പ്രകാശിന്റെയും പൊലീസും ഉദ്യോഗസ്ഥരും തയ്യാറായത്. ആദിവാസിയെ അവന്റെ ഭൂമിയില്‍ നിന്നും പിടിച്ചിറക്കി എവിടെ നിന്നോ വന്നവര്‍ക്ക് ആ ഭൂമി പതിച്ചുകൊടുക്കുകയായിരുന്നു സര്‍ക്കാര്‍. എന്തൊരു വിരോധാഭാസമാണിത്. അന്ന് സമരപന്തലില്‍ കിടന്ന് മരിച്ചത് ഏഴ് ആദിവാസികളാണ്. ഇന്നും അവിടെയുള്ള ആദിവാസി ഇനിയെന്ത് എന്നറിയാതെ നില്‍ക്കുകയാണ്. ആരും അവരെ ആശ്വസിപ്പിക്കാനില്ല. ഇത്തരത്തില്‍ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ഒപ്പം എനിക്കു നിന്നേ പറ്റൂ.

പെരിഞ്ചാകുട്ടിയിലെ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശുമായി പന്ത്രണ്ടോളം തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. മന്ത്രി ഒട്ടു താത്പര്യം കാണിച്ചില്ല. അതിനു പിന്നിലൊരു കാരണമുണ്ട്. പെരിഞ്ചാകുട്ടിയില്‍ കയ്യേറിയിരിക്കുന്നവരില്‍ കോന്നിയിലെ ഒരു മതവിഭാഗത്തില്‍പ്പെട്ടവരാണ്. അവരെ പിണക്കിയാല്‍ അടുത്തവണ മന്ത്രിക്ക് വോട്ടുകുറയും. ആദിവാസിയല്ല വോട്ടും അധികാരവുമാണ് ഇവര്‍ക്കൊക്കെ വലുത്. പാലക്കാട് കടത്തിപ്പാറയില്‍ ആയിരക്കണക്കിനേക്കര്‍ വനഭൂമി കോട്ടയത്തു നിന്നുള്ള കുടിയേറ്റക്കാര്‍ കയ്യടിക്കിവച്ചിരിക്കുകയാണ്. അവരവിടെ കൃഷി ചെയ്ത് സുഖമായി ജീവിക്കുമ്പോള്‍ കടത്തിപ്പാറ ആദിവാസി കോളനിയിലുള്ളവര്‍ ഒരു സ്ലാബിനടിയില്‍ തന്നെ ആറു ശവങ്ങള്‍ അടക്കം ചെയ്യേണ്ട ഗതികേടിലും. ഭൂമി നഷ്ടപ്പെട്ടവന്‍ സമരം ചെയ്താല്‍ അവനെ ജയിലില്‍ അടയ്ക്കും, കയ്യേറിയവന് എല്ലാവിധ സംരക്ഷണവും.

45 ലക്ഷത്തോളം ദളിത്/ആദിവാസികളില്‍ മുപ്പതുലക്ഷത്തോളം പേര്‍ക്കും ഭൂമിയില്ലാത്തവരാണ്. ഞങ്ങളെവിടെ പോകും? ഞങ്ങളുടെ അടുത്ത തലമുറ എവിടെ പോകും? ആരെങ്കിലും അതിനെക്കുറിച്ച് ആലോചിക്കാറുണ്ടോ? ഞങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനെങ്കിലും കഴിയുന്നുണ്ടോ? നിങ്ങള്‍ക്ക് അതിനൊന്നും നേരവും താത്പര്യവുമില്ല. പക്ഷേ ഇനിയും ഞങ്ങള്‍ ആരുടെയും അടിമകളായി കിടക്കില്ല. അവകാശം ചോദിച്ചു വാങ്ങിയെടുത്തിരിക്കും. കഴുത്തില്‍ കത്തിവച്ചാലും ഇനി ഭയന്നുമാറില്ല…

(ട്രൈബല്‍ ആക്ടിവിസ്റ്റ് ആയ ധന്യ രാമനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍