UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മുറുക്കാന്‍’ കുരുക്കായ കഥ; വയനാട്ടിലെ പണിയ ജീവിതം

Avatar

രാംദാസ് എം കെ 

മുറുക്കാന്‍ ഒരു കുരുക്കായ കഥയാണിത്. ഒരു ജനത ലഹരി നുണഞ്ഞ്, അടിമപ്പെട്ട്, കീഴടങ്ങിയതിന്‍റെ കഥ. അതേ ലഹരിയുടെ ചരിത്രം കീഴടക്കലിന്റേത് കൂടിയാണ്. ഇത്തരമൊരു കേരളീയ അനുഭവമാണ് മുറുക്കിന്റേത്. 

വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില എന്നിവ യഥാവിധി ചേര്‍ത്ത് ചവയ്ക്കുന്ന മിശ്രിതമാണ് മുറുക്കാന്‍. മുറുക്കിന് ജന്മിത്ത കാലത്തോളം പഴക്കം മലയാളക്കരയിലുണ്ട്. ജന്മിത്തത്തിന്റെയും സവര്‍ണ്ണതയുടെയും ഒരു അടയാളമായി മുറുക്ക് മാറി. മുറുക്കി ചുമപ്പിച്ച ചുണ്ട് പൗരുഷമുള്ള പുരുഷന്റെ അടയാളമായി പരിഗണിക്കപ്പെട്ടു. സ്ത്രീയുടെ ലാസ്യഭാവത്തിന്റെ പ്രതീകമായി മുറുക്ക് കേള്‍വികേട്ട്, കഥകളില്‍ നിറഞ്ഞു. മലയാളിയുടെ മനസ്സ് നിറഞ്ഞ കഥാപാത്രങ്ങളുടെ രൂപ ഭാവങ്ങളിലും മുറുക്കിന്റെ ചുവപ്പ് നിറഞ്ഞിരുന്നു. ഗ്രാമങ്ങളുടെ ശൂര കഥാപാത്രങ്ങളുടെ മുഖഭാവത്തില്‍ ശൗര്യം നിറച്ച കട്ടിമീശയുടെ വളഞ്ഞ കൊമ്പിന്റെ നിറം ചെമ്പിച്ചതിന് കാരണം നിരന്തരമുള്ള മുറുക്കായിരുന്നു. അങ്ങനെയൊക്കെയുള്ള മുറുക്കിന്റെ ചുവപ്പന്‍ കഥകളല്ല ഇവിടെ പ്രതിപാദ്യം.

കീഴടങ്ങലിന്റെ, അടിമത്വത്തിന്റെ, സര്‍വ്വ നാശത്തിന്റെ വര്‍ത്തമാനങ്ങളാണ് തദ്ദേശ ജനതയുടെയും ഒപ്പം മുറുക്കിന്റേതും. ഇവിടെ തദ്ദേശ ജനതയെന്നാല്‍ ആദിവാസികളാണ്. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിമ നിവാസികളുടെ മുറുക്കിന് ചരിത്രപരമായ ഇഴയടുപ്പമുണ്ട്.

ചുരം കേറിയെത്തിയതാണ് വയനാടന്‍ മണ്ണിലേക്ക് മുറുക്ക്. കുടിയേറ്റം വ്യാപകമാകുന്നതിന് മുമ്പ് ഇത്തരം ഒരു മുറുക്കാന്‍ ഭ്രമം വയനാട്ടിലെ ആദിമ നിവാസികള്‍ക്ക് ഉണ്ടായിരുന്നതായി ചരിത്രത്തില്‍ എവിടെയും കണ്ടെത്താനാവില്ല. വനത്തിലെ വന്‍ മരങ്ങളില്‍ പടര്‍ന്ന വള്ളികളില്‍ ചിലതിന്റെ ഇലകളുടെ രുചി സ്വാഭാവികമായി ഒരു ഔഷധമായി ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. ചികിത്സയുടെ ഭാഗമായാണ് വെറ്റില ഇവര്‍ ഉപയോഗിച്ചിരുന്നത്. ചുണ്ണാമ്പും അടയ്ക്കയും പുകയിലയും ചേരുന്നതോടെ ലഭിക്കുന്ന ലഹരി എത്രയോ കാലം ഇവര്‍ക്ക് അന്യമായി തുടര്‍ന്നു.

അടയ്ക്ക വയനാട്ടില്‍ എത്തുന്നതിന്റെ മുമ്പത്തെ മുറുക്കാന്‍ രുചിയെക്കുറിച്ച് പണിയ സമുദായത്തിലെ കാരണവരായ വെളുക്കന്‍ പറയുന്നത് ഇങ്ങനെയാണ്. ”അടയ്ക്കയുടെ സ്ഥാനത്ത് പനം കുരുവാണ് ചവച്ചത്. വെറ്റില കിട്ടുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണമാത്രം. ഓണത്തിനും വിഷുവിനും മുതലാളിമാര്‍ തരും. ആ ഇടയ്ക്കാണ് പുകേല എത്തിയത്. ഒരു ചെറു കക്ഷണം പുകേല പിന്നെ ഒരു അടയ്ക്ക കുറച്ച് വെറ്റില വല്ലിയോടൊപ്പം മുതലാളിമാര്‍ തന്നത് ഇതൊക്കെയാണ്. ” വല്ലിയെന്നാല്‍ കൂലിയെന്ന് അര്‍ത്ഥം. നെല്ലാണ് കൂലിയായി കിട്ടിയിരുന്നത്. രണ്ടോ മൂന്നോ പേര്‍ നെല്ല്. ആഘോഷങ്ങളില്‍ പണിയെടുത്തില്ലെങ്കിലും വല്ലിയോടൊപ്പം മുറുക്കാന്‍ കൂടി കിട്ടും. അങ്ങനെയൊരു സമ്മാനമായാണ് മദ്യവും വന്നത്. വാറ്റ് ചാരായമാണ് അന്ന് കിട്ടിയിരുന്നത്. മുറുക്കിലേക്ക് തന്നെ വരാം. മുതലാളി നല്‍കിയ സമ്മാനമായ ഒരു നുള്ള് പുകയിലയ്ക്ക് വലിയ വില നല്‍കേണ്ടിവന്ന ഒരു സമൂഹമാണ് ഇവിടത്തെ ആദിവാസികളുടേത്.

വയനാട്ടില്‍ വന്‍ തോതിലുള്ള കുടിയേറ്റമാരംഭിക്കുന്നത് 1940നോടടുത്ത കാലത്താണ്. ലോകമാകെ ഭക്ഷ്യക്ഷാമം രൂക്ഷമായ കാലം ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വറുതിയില്‍ അകപ്പെട്ട് വട്ടം തിരിഞ്ഞ വര്‍ഷങ്ങള്‍. ഭക്ഷ്യോത്പ്പാദനം നിലംപറ്റേ താണു. ലോകത്താകെയുള്ള ഭക്ഷ്യധാന്യങ്ങള്‍ യുദ്ധമുഖത്തേക്ക് ഒഴുകി. എവിടെയും ദാരിദ്ര്യം. കോടികണക്കിന് ആളുകള്‍ ഭക്ഷണം കിട്ടാതെ മരിച്ച് വീണു. ബംഗാള്‍ ക്ഷാമം  എന്നുകൂടി അറിയപ്പെടുന്ന ക്ഷാമം ബംഗാളിനെ മാത്രമല്ല, ഭാരതത്തെ ഒന്നാകെ ബാധിച്ചു. ഭക്ഷ്യോത്പ്പാദനം വര്‍ദ്ധിപ്പിക്കാനായി ദേശീയ സര്‍ക്കാര്‍ പദ്ധതികള്‍ ആരംഭിച്ചു. കൃഷി വ്യാപകമാക്കാനായി വിവിധ പരിപാടികള്‍ക്ക് തുടക്കമിട്ടു. കാടും പുല്‍മേടും വെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേകിച്ചും വയനാട്ടിലേക്ക് കുടിയേറ്റമാരംഭിച്ചത് ഇങ്ങനെയാണ്. തിരുവിതാംകൂറില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ വയനാടന്‍ ചുരം കേറിവന്ന് കാട് വെട്ടിത്തെളിച്ച് കൃഷിയിറങ്ങി.

തലമുറകളായുള്ള കാടുജീവിതം നല്‍കിയ പരമ്പരാഗത അറിവുകള്‍ വയനാടന്‍ ആദിവാസികളുടെ മുഖമുദ്രയായിരുന്നു. നിഷ്‌ക്കളങ്കമായിരുന്നു അവരുടെ മനസ്സ്. എന്തിനെയും രണ്ട് കൈയും നീട്ടി സ്വീകരിച്ച ആദിവാസികള്‍ ഭയത്തോടെ, ബഹുമാനത്തോടെ, അനുസരണയോടെ, സ്‌നേഹത്തോടെ, കുടിയേറ്റക്കാരെയും വരവേറ്റു. അറിയാതെ തന്നെ അതിഥികളുടെ മുന്നില്‍ ആദിവാസികള്‍ വിധേയരായി മാറി. പുതിയ വിളകള്‍, പുതിയ ശൈലികള്‍ കണ്ട് അമ്പരന്ന ആദിവാസികള്‍ കുടിയേറ്റക്കാരുടെ അടിമകളായി കൃഷിയിടത്തില്‍ പണിക്കിറങ്ങി. ജോലിയില്‍ ആവേശം കയറ്റാന്‍ മദ്യം നല്‍കി. കൂടെ പുകയിലയും അടയ്ക്കയും ചേര്‍ത്ത ലഹരി മിശ്രിതവും. പയ്യെ പയ്യെ അടയ്ക്കാ കൃഷി വയനാട്ടില്‍ വ്യാപകമായി. അന്നുവരെ പനങ്കുരുവില്‍ കണ്ടെത്തിയ ലഹരിയുടെ സാധ്യത അടയ്ക്കയിലേക്ക് മാറി. മുറുക്കാന്‍ അങ്ങനെ അവശ്യവസ്തുവായിമാറി. മദ്യം ഭയന്ന് സ്ത്രീകള്‍ മുറുക്കാന്‍ ചവച്ച് ധൈര്യത്തോടെ നടന്നു. അങ്ങനെ എല്ലാവരേയും കീഴടക്കി മുറുക്കാന്‍ എന്ന ലഹരി മിശ്രിതം ആദിവാസികളുടെ ജീവിതത്തെ ഒന്നാകെ വിഴുങ്ങി. കുഞ്ഞു കുട്ടികള്‍ക്ക് ആദ്യ ഭക്ഷണത്തോടൊപ്പം ഒരു നുണ്ണ് പുകയില നല്‍കി അടുത്ത തലമുറയേയും ലഹരിക്ക് അടിമകളാക്കി.

മരണത്തിനും ജീവിതത്തിനും ഇടയിലെ എല്ലാ വിശേഷ അവസരങ്ങളും പുകയില ചേര്‍ത്ത മുറുക്ക് ഒഴുച്ചുകൂടാന്‍ ആവാത്ത വിഭവമായി. കല്യാണം, മരണം, അടിയന്തരം, പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടൊപ്പമുള്ള ആഘോഷം, ഉത്സവം എന്നിവയ്‌ക്കെല്ലാം പുകയിലയുടെ അകമ്പടിവേണം. ഉണര്‍ന്നിരിക്കുമ്പോഴെല്ലാം പ്രായഭേദമന്യേ മുറുക്കാനെന്ന ലഹരി മിശ്രിതം ഇവരുടെ വായ്ക്കുള്ളില്‍ നിറഞ്ഞു ചവച്ചു. നിരന്തരമായ മുറുക്ക് ഇവരുടെ ജീവിതത്തെ ദുരന്തമയമാക്കി മാറ്റുന്നതാണ് പിന്നീട് കണ്ടത്. വായില്‍ അര്‍ബുദം ബാധിച്ചവര്‍ ധാരാളമുണ്ടായി. ബീഡിരോഗം ബാധിച്ച് കൈകാലുകള്‍ നഷ്ടമായവര്‍ നിരവധി. ഹന്‍സ് പോലുള്ള ന്യൂതന ലഹരി മിശ്രിതകള്‍ ഇവരുടെ ശരീരവും മനസ്സും കീഴടക്കി.

വീട്ടുമുറ്റങ്ങളില്‍ എങ്ങും ചോരപ്പൂക്കള്‍ കണക്കെ മുറുക്കാന്‍ തുപ്പല്‍. ചുവരുകളിലും വരാന്തകളിലും ചുവന്ന പൂക്കള്‍. എവിടെയും ചവച്ചരച്ച പുകയിലയുടെയും അടയ്ക്കയുടെയും രൂക്ഷ ഗന്ധം. ഊണിലും ഉറക്കത്തിലും ഉണര്‍വിലും ലഹരിയുടെ മയക്കത്തില്‍ വീണ് അലിയുന്ന ആദിവാസി ജീവിതത്തിന്റെ നേര്‍ ചിത്രം വയനാട്ടില്‍ എങ്ങും കാണാം. വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങളായ പണിയര്‍, അടിയര്‍, കാട്ടുനായ്ക്കര്‍ എന്നിവരെല്ലാം മുറുക്കിന്റെ ലഹരിയില്‍ അമര്‍ന്നിരിക്കുന്നു. കൃഷിയാണ് ഇവരുടെ പ്രധാന തൊഴില്‍. പ്രതിദിനം 400 രൂപയാണ് ഇവരുടെ കൂലി. ഇതില്‍ ഏറ്റവും ചുരുങ്ങിയത് 150 രൂപയെങ്കിലും ഒരാള്‍ ഈ ആവശ്യത്തിനായി പ്രതിദിനം മുടക്കുന്നു. ഭക്ഷണത്തെക്കാള്‍ ഇവര്‍ക്ക് പ്രീയം മുറുക്കാന്‍ തന്നെ. പുകയിലയും, അടയ്ക്കയുടെയും മിശ്രിതം പ്രധാനം ചെയ്യുന്ന മയക്കം ഇവര്‍ക്ക് പ്രധാനമാണ്; മറ്റെന്തിനെക്കാളും….

(അഴിമുഖം കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍