UPDATES

ആംബുലന്‍സ് വിളിക്കാന്‍ പണമില്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഭര്‍ത്താവ് നടന്നത് 10 കിലോമീറ്റര്‍

അഴിമുഖം പ്രതിനിധി

സ്വന്തം ഭാര്യയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ദാന മജ്ഹിയുടെ കൈയില്‍ പണമില്ലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍വച്ചു മരിച്ച ക്ഷയരോഗബാധിതതായിരുന്ന അയാളുടെ ഭാര്യ അമാങ് ദേയിയുടെ ജീവനില്ലാത്ത ശരീരം ഒടുവില്‍ ഒരു കമ്പിളി തുണിയില്‍ പൊതിഞ്ഞ് 42 കാരനായ മജ്ഹി സ്വന്തം തോളിലേറ്റി. പിന്നെ ഗ്രാമം ലക്ഷ്യമാക്കി നടന്നു. ഒപ്പം കണ്ണീര്‍ പൊഴിച്ചു കൊണ്ട് 12 കാരിയായ മകളുമുണ്ടായിരുന്നു. ഒഡീഷയിലെ ഒരു ദരിദ്രമായ ആദിവാസി ഗ്രാമത്തിലായിരുന്നു മജ്ഹിയും അമാങ്ങും ജീവിച്ചിരുന്നത്. ആദിവാസി ദരിദ്രജീവിതങ്ങളുടെ നേര്‍സാക്ഷ്യമായിരുന്നു മജ്ഹി.

‘ ആശുപത്രിയിലുള്ളവരോട് ഞാന്‍ അപേക്ഷിച്ചതാണ്, ഞാനൊരു പാവപ്പെട്ടവനാണെന്നും വണ്ടി വിളിച്ച് എന്റെ ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഗതിയില്ലെന്നും. പക്ഷേ അവര്‍ കൈമലര്‍ത്തി. പിന്നെ എന്റെ മുന്നില്‍ മറ്റു വഴികളൊന്നും ഇല്ലായിരുന്നു; മാജ്ഹിയെ, അയാളുടെ ദുരന്തപൂര്‍ണമായ യാത്രയില്‍ കണ്ടു മുട്ടിയ ചാനല്‍ പ്രവര്‍ത്തകരോടായി അയാള്‍ പറഞ്ഞു.

ഇതിലെ തമാശ എന്തെന്നാല്‍, ഒഡീഷ സര്‍ക്കാര്‍ അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മഹാപാരായണ എന്നു പേരിട്ടിരിക്കുന്ന ആ പദ്ധതി, സര്‍ക്കാര്‍ ആശുപത്രികളില്‍വച്ചു മരണമടയുന്ന പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കുന്നതിന് സൗജന്യമായ യാത്രസൗകര്യം ബന്ധുക്കള്‍ക്ക് ഏര്‍പ്പെടുത്തുക എന്നതാണ്. ഇതനുസരിച്ച് 37 സര്‍ക്കാര്‍ ആശുപത്രികളില്‍ വാഹനസൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു പറയുന്നു.

അങ്ങനെയുള്ളപ്പോള്‍ തന്നെയാണ് മാജ്ഹി എന്ന ആദിവാസിക്ക് തന്റെ ഭാര്യയുടെ മൃതദേഹം ചുമന്നു നടക്കേണ്ട ഗതികേടും ഉണ്ടായത്.

എന്തായാലും ചാനലില്‍ മാജ്ഹിയുടെ ദുരിതാവസ്ഥ വാര്‍ത്തയായതോടെ കലഹന്ദി ജില്ല കളക്ടര്‍ മാജ്ഹിക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയും ചെയ്തു. മാജ്ഹിയുടെ ബാര്യയുടെ സംസ്‌കാരത്തിനാവശ്യമായ എല്ലാ ചെലവുകളും വഹിക്കാനും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനങ്ങളൊക്കെ ഉണ്ടായത്, മാജ്ഹി ഒരു വാര്‍ത്ത ആയതുകൊണ്ടു മാത്രമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍