UPDATES

മുഖ്യമന്ത്രിയെ ആക്രമിക്കാനല്ല; ആദിവാസികള്‍ വന്നത് ഭൂമി ചോദിച്ച്

സമരം ചെയ്യുന്നവരെയെല്ലാം മാവോയിസ്റ്റാക്കുന്ന പോലീസിന്റെ മനോവീര്യം ആരെ രക്ഷിക്കാന്‍?

പത്രം വായിച്ചപ്പോൾ ഏറെ അസ്വസ്ഥത ഉണ്ടായ ദിവസമാണ് ഇന്ന്.  മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ ആദിവാസികളെ മംഗലം പാലത്തു കസ്റ്റഡിയിൽ എടുത്തു എന്ന വാർത്തയാണ് ഉള്ളുലച്ചത്. നിവേദനം നൽകാനെത്തിയ ആദിവാസികളെ മാവോയിസ്റ്റുകൾ എന്നപേരിലാണ് തൂക്കിയെടുത്തത്. മുഖ്യമന്ത്രിയെ കാണുന്നതിന് മുൻപേ ഇവരെ ജീപ്പിൽ ബലമായി കയറ്റിക്കൊണ്ട് പോകുകയായിരുന്നു എന്ന് ആദിവാസി മൂപ്പൻ വേലായുധൻ പറയുന്നു.

കേരളത്തിൽ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെല്ലാം ആദിവാസികളെ വഞ്ചിച്ച ചരിത്രമാണുള്ളത്. നേരത്തെ ആദിവാസികളുടെ പ്രശ്നങ്ങൾ ഭരണ സംവിധാനത്തിൽ എത്തിയിരുന്നത് ഇടനിലക്കാർ വഴിയായിരുന്നു. ഈ ഇടനിലക്കാർ സ്വന്തം കീശ വീർപ്പിക്കുകയും ആദിവാസിയുടെ അവസ്ഥ പരിതാപകരമായി തുടരുകയും ചെയ്തു. ഇവർക്കിടയിൽ നിന്നും മന്ത്രി ഉണ്ടായിട്ടു പോലും ഈ വിഭാഗത്തിന് ഒരു മാറ്റവും ഉണ്ടായില്ല. ആദിവാസികളുടെ സമഗ്രപരിഹാരം ലക്ഷ്യമിട്ടാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പികെ ജയലക്ഷ്മിയെ മന്ത്രിയായി നിർദേശിച്ചത്. ജയലക്ഷ്മിയാകട്ടെ സ്വന്തം വീട്ടുകാരെയും അവരുടെ ഗോത്രത്തിൽ പെട്ടവരെയും മാത്രമാണ് അറിഞ്ഞത്. എല്ലാ ഇടനിലക്കാരെയും ഒഴിവാക്കി പ്രശ്നങ്ങൾ നേരിട്ട് മുഖ്യമന്ത്രിയോട് പറയാൻ തുടങ്ങുമ്പോൾ ആണ്‌ ഇവിടെ പ്രശ്നങ്ങൾ ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. ആദിവാസികൾ നേരിടുന്ന പ്രയാസം അവരിൽ നിന്ന് മുഖ്യമന്ത്രി നേരിട്ട് കേൾക്കുകയും നടപടി എടുക്കുകയും ചെയ്‌താൽ വേദനിക്കുന്നത് ഇടനിലക്കാർക്കായിരിക്കും. ഇവരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ആദിവാസികളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞു പരിഹാര നടപടികൾ സ്വീകരിക്കുന്നതിലൂടെ ആദിവാസി സമൂഹത്തിനു ലഭിച്ചേക്കാവുന്ന സന്ദേശമാണ് ഈ പോലീസ് നടപടിയിലൂടെ ഇല്ലാതെയായി പോയത്.

അറസ്റ്റ് ചെയ്ത ആദിവാസികളെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് പുറത്ത് കുത്തിയിരിക്കുന്നവര്‍
അറസ്റ്റ് ചെയ്ത ആദിവാസികളെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് പുറത്ത് കുത്തിയിരിക്കുന്നവര്‍

മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് തോന്നിയതുകൊണ്ട് മുൻകരുതൽ എന്ന നിലയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മുഖ്യമന്ത്രിയെ കാണിക്കാതെ നടത്തിയ കസ്റ്റഡിയില്‍ എടുക്കല്‍ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. കാരണം ഇത്തരം മുടന്തൻ ന്യായങ്ങൾ കൊണ്ട് നേരിടാൻ കഴിയുന്നതല്ല ആദിവാസികളുടെ പ്രശ്നങ്ങൾ. ഇത്തരം അവഗണനകളും അടിച്ചമർത്തലും തുടർന്നാൽ മാവോയിസ്റ്റുകൾക്കു വളരാനുള്ള ഉഴുതു മറിച്ച മണ്ണായി ആദിവാസി മേഖല മാറും.

പൈലറ്റും എസ്‌കോർട്ടും ഒഴിവാക്കി ജനങ്ങളിലേക്ക് ഇറങ്ങുകയും ജനങ്ങൾക്ക് ഉചിതമെന്നു തോന്നുന്ന കാര്യങ്ങൾ ശക്തമായ നടപടിയിലൂടെ എടുക്കുമെന്ന് പ്രതീതി സൃഷ്ടിച്ച പിണറായി വിജയന്‍ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട്  കേൾക്കാൻ തയാറാകുകയാണ് ചെയ്യേണ്ടത്. ജനം പരാതിയുമായി ചെല്ലുമ്പോൾ അവരെ തടയുന്നതല്ല, പകരം അവരെ പരാതി പറയാൻ പ്രാപ്തരാക്കുകയും അതിനുള്ള അവസരം ഒരുക്കുകയുമാണ് പോലീസിന്റെ കടമ. അങ്ങനെ ചെയ്യുമ്പോഴാണ് ആത്മവീര്യമുള്ള പോലീസിനെ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നത്. മറിച്ചു തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ അത് തടയാനുള്ള പരിചയല്ല ആത്മവീര്യം. ആദിവാസി ജനതയുടെ മനുഷ്യാവകാശം മുഴുവൻ തല്ലിക്കെടുത്തികൊണ്ടല്ല  പോലീസിന്റെ ആത്മവീര്യം നിലനിർത്തേണ്ടത്.

(മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ജോയ് കൈതാരത്ത്

ജോയ് കൈതാരത്ത്

വിവരാവകാശ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍