UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആവര്‍ത്തിക്കുന്ന പദ്ധതികള്‍; അശാസ്ത്രീയ നടത്തിപ്പുകള്‍; മാറ്റമില്ലാതെ എസ്‌ടി വിദ്യാഭ്യാസ മേഖല ‘അവരെ’ സ്കൂള്‍ മതിലിന് വെളിയില്‍ തള്ളുന്ന ‘നമ്മുടെ’ വിദ്യാഭ്യാസ വികസനം-ഭാഗം 1

Avatar

കെ കെ സുരേന്ദ്രന്‍

കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രതിസന്ധികളെകുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാംഭാഗം. (ഒന്നാം ഭാഗം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ‘അവരെ’ സ്കൂള്‍ മതിലിന് വെളിയില്‍ തള്ളുന്ന ‘നമ്മുടെ’ വിദ്യാഭ്യാസ വികസനം-ഭാഗം 1

ആദിവാസികളിലെ അടിത്തട്ടില്‍ കിടക്കുന്ന പ്രാക്തന ഗോത്രവിഭാഗവും മറ്റുള്ളവരും അനുഭവിക്കുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ അനവധിയാണ്. സ്‌കൂളില്‍ ചേരല്‍ മുതല്‍ ഈ പ്രശ്‌നങ്ങളും തുടങ്ങുന്നു എന്നു പറയാം. ഒരു നാല്‍പ്പതുകൊല്ലം മുമ്പത്തെ അവസ്ഥ പരിശോധിച്ചാല്‍ അന്ന് ആദിവാസികളിലെ മേല്‍ത്തട്ടുകാര്‍ മാത്രമാണ് സ്‌കൂളില്‍ ചേര്‍ന്നിരുന്നത്. അവര്‍ ബഹുഭൂരിപക്ഷവും പ്രൈമറി ഘട്ടത്തില്‍ തന്നെ കൊഴിഞ്ഞു പോയുമിരുന്നു. ഇന്ന് അടിത്തട്ടുകാരനുഭവിക്കുന്ന അതേ പ്രശ്‌നം. ഹൈസ്‌കൂള്‍, കോളേജ്തലത്തിലേക്ക് എത്തുന്നവര്‍ വളരെ അപൂര്‍വ്വമായിരുന്നു. അവരുടെ കാര്യത്തില്‍ ഇന്ന് സ്ഥിതി മാറി. ഉന്നതവിദ്യാഭ്യാസത്തിലേക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്കുമൊക്കെ അവരിന്നെത്തിച്ചേര്‍ന്നു. ഉദ്യോഗതലത്തിലും ഉന്നതസ്ഥാനങ്ങളിലുമവരെത്തുന്നു.  പുരുഷന്മാരോടൊപ്പം സ്ത്രീകളും ഈ വിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നു എന്നതും ശുഭോദര്‍ക്കമാണ്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമൊക്കെ ഏറ്റവും താഴ്ന്ന പടിയില്‍ മാത്രമേ മുമ്പവര്‍ നിന്നിരുന്നുളളൂ എന്നോര്‍ക്കണം.

എന്നാല്‍ ഈ കാര്യങ്ങളില്‍ കേരളത്തില്‍ ആദിവാസിജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന പണിയരടക്കമുള്ള കീഴാളര്‍ ഇന്നും ഏറ്റവും പിന്നിലാണെന്നോ തീരെ ഇല്ലെന്നോ പറയാം.  1970കളിലൊക്കെ ഇവരുടെ സ്‌കൂള്‍ പ്രവേശം തന്നെ ഇല്ലായിരുന്നു. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കാണാം. മലയാളം മീഡിയം പൊതുവിദ്യാഭ്യാസത്തെ ആദിവാസിമേഖലയില്‍ പ്രത്യേകിച്ചും സവര്‍ണ വിഭാഗം  പൂര്‍ണമായും കൈയൊഴിഞ്ഞതിനാല്‍, അവിടങ്ങളിലെ  സ്‌കൂളുകളുടേയും അധ്യാപകരുടേയും നിലനില്‍പ്പ് തന്നെ ഏതാണ്ട് പൂര്‍ണമായും  ആദിവാസിക്കുഞ്ഞുങ്ങളുടെ സ്‌കൂള്‍ പ്രവേശത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.  അതുകൊണ്ട് പ്രസ്തുത വിദ്യാലയങ്ങളിലെ അധ്യാപകരും പി.ടി.എയുമൊക്കെ ആദിവാസിക്കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിനായി മുന്നിട്ടിറങ്ങുകയും പ്രത്യേകം പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുകയും   ചെയ്യുന്നു. അതുകൊണ്ട്  മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്‌കൂള്‍ പ്രവേശനം ഈ മേഖലയില്‍ വലിയ പ്രശ്‌നമല്ല. അവിടെ നിലനിന്ന് നിലവാരമുള്ള വിദ്യാര്‍ത്ഥിയായി മാറുക എന്നതുതന്നെയാണ് ആദിവാസിക്കുട്ടിയുടെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രശ്‌നം.

വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ശരാശരി മലയാളി പുലര്‍ത്തുന്ന ധാരണ പോയിട്ട് അതിന്റെ ആവശ്യകതയെക്കുറിച്ച് പോലുമുള്ള ബോധം ആദിവാസിയായ രക്ഷാകര്‍ത്താവിനില്ല. അതുകൊണ്ടുതന്നെ സ്‌കൂളില്‍ പോകുന്നതിനോ പഠിക്കുന്നതിനോ ഉള്ള യാതൊരു പ്രോത്സാഹനവും കുടുംബത്തില്‍ നിന്നും ആദിവാസിക്കുഞ്ഞിന് ലഭിക്കുന്നില്ല. ഊരുകളിലെ ചെറിയ കുടിലുകളില്‍ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യമോ അന്തരീക്ഷമോ, വെളിച്ചം പോലുമോ ഉണ്ടാവുകയില്ല. ചെറിയ ഒരു കുടിലില്‍ മൂന്നും നാലും കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അവസരത്തില്‍ സ്വസ്ഥമായൊന്നുറങ്ങാന്‍ പോലും ഈ കുട്ടികള്‍ക്കാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

സ്‌കൂളില്‍ എത്തുന്ന സാധാരണ ആദിവാസിക്കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പലപ്പോഴും ഒരു ജോഡി യൂണിഫോം മാത്രമേ ഉണ്ടാകൂ. അത് വേണ്ടരീതിയില്‍ അലക്കിത്തേച്ചതോ വൃത്തിയുള്ളതോ ആയിക്കൊള്ളണമെന്നില്ല. ഊരുകളിലെ ജീവിതം സമ്മാനിക്കുന്ന വ്യക്തി ശുചിത്വമില്ലായ്മ ഈ കുട്ടികളെ വേറിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. ചെറിയ ക്ലാസുകളില്‍ മാതൃഭാഷയിലല്ലാതെ ഭാഷണം, വായന, ലേഖനം എന്നിങ്ങനെ ഭാഷാപ്രവര്‍ത്തനങ്ങളും കൂടാതെ ഗണിതക്രിയകളും കൂടി ചെയ്യേണ്ടിവരുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാണ്. ഭൗതികവും മാനസികവുമായ ഈ സമ്മര്‍ദ്ദങ്ങള്‍ അവരെ സ്‌കൂളില്‍ നിന്നും എല്ലാ രീതിയിലും അകറ്റുന്നു. അധികം വൈകാതെ ഉച്ചക്കഞ്ഞികുടിച്ച് വിശപ്പു മാറ്റുക എന്നതല്ലാതെ ഒന്നും ചെയ്യാനില്ലാത്തവരായി സ്‌കൂളുകളില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ മാറുന്നു. മറ്റു കുട്ടികളില്‍ നിന്നും അധ്യാപകനില്‍ നിന്നും അന്യവത്കരിക്കപ്പെടുന്ന ഈ കുട്ടികളുടെ മുന്നില്‍ കൊഴിഞ്ഞു പോക്കല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം?

ആദിവാസി ഊരുകള്‍ക്കടുത്ത് അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ജില്ലാപ്രാഥമിക വിദ്യാഭ്യാസപദ്ധതി (ഡി.പി.ഇ.പി) യുടെ കാലഘട്ടത്തില്‍  ഭിന്നതലബോധനകേന്ദ്രങ്ങള്‍ (Multigrade Learning Centres) ആറ്  ജില്ലകളില്‍ തുടങ്ങിയിരുന്നു. മിനിമം 20 വിദ്യാര്‍ത്ഥികളും ഒരു ടീച്ചറും ആയിരുന്നു ഈ സ്‌കൂളുകളില്‍ ഉണ്ടായിരുന്നത്. ആന്ധ്രയിലെ റിഷിവാലി റൂറല്‍ സ്‌കൂളുകളുടെ മാതൃകയിലുള്ള സ്വയം പഠനകാര്‍ഡുകളായിരുന്നു (SLM) പഠനസാമഗ്രി. സമീപത്ത് സ്‌കൂളുകള്‍ ഇല്ലാത്ത വിദൂര ഗ്രാമങ്ങളിലും കാടിനകത്തുമൊക്കെ ധാരാളം ഏകാധ്യാപക വിദ്യാലയങ്ങള്‍ ഇങ്ങനെ ആരംഭിച്ചു. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അനവധി ആദിവാസിക്കുഞ്ഞുങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ ഇത് സഹായകമായി. പല സെന്ററുകളും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കുകയും കുട്ടികളെ തുടര്‍പഠനത്തിന് സഹായിക്കുകയും ചെയ്തു. കുട്ടികള്‍ കുറവായതിനാലും ഭാഷണത്തിന് ആദിവാസി ഭാഷ ഉപയോഗിച്ചതിനാലും കുട്ടികളുടെ പഠനനിലവാരം വളരെയധികം മെച്ചപ്പെടുന്നതായി അനുഭവപ്പെട്ടു. ഡി.പി.ഇ.പി അവസാനിച്ചപ്പോള്‍ തുടര്‍ന്നു വന്ന സര്‍വശിക്ഷാ അഭിയാന്‍ MGLC എന്ന  പേര് മാറ്റി ബദല്‍ സ്‌കൂള്‍ (Alternate school) എന്നാക്കി മാറ്റി. സ്വയം പഠനകാര്‍ഡുകള്‍ക്ക് പകരം പാഠപുസ്തകങ്ങള്‍  പഠനസാമഗ്രിയാക്കി. തുടര്‍ന്ന് എസ്.എസ്.എ ഈ സ്‌കൂളുകളെ തന്നെ കൈയൊഴിഞ്ഞു. നിലവില്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ തൊഴില്‍ സംരക്ഷണാര്‍ഥം കുറച്ചു സ്ഥാപനങ്ങള്‍ വിദ്യാഭ്യാസവകുപ്പ് നിലനിര്‍ത്തുന്നുണ്ടെങ്കിലും പഠനബോധന പ്രവര്‍ത്തനങ്ങള്‍ നിലവാരത്തോടെ നടക്കുന്നില്ല. എങ്കിലും ഇത്തരം സ്‌കൂളുകളില്‍ ഇപ്പോഴും ആദിവാസിക്കുട്ടികള്‍ പഠിക്കുന്നുണ്ട്.

ആദിവാസിക്കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു പ്രധാന സര്‍ക്കാര്‍തല ഇടപെടല്‍ പ്രീ-മെട്രിക്  ഹോസ്റ്റലുകളും, മോഡല്‍ റസിഡന്‍ഷ്യല്‍/ ആശ്രമം സ്‌കൂളുകളുമാണ്. 110 ഓളം ഹോസ്റ്റലുകളും 17 മോഡല്‍റസിഡന്‍ഷ്യല്‍  (MRS)സ്‌കൂളുകളും 3 ആശ്രമം സ്‌കൂളുകളും നിലവിലുണ്ട്. 1980 ലാണ് സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ ട്രൈബല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്നത്. അതിനുമുമ്പ് ആദിവാസിക്കുട്ടികളെ താമസിച്ച് പഠിപ്പിക്കുന്നതിന് ഗവണ്‍മെന്റ് റസിഡന്‍ഷ്യല്‍ ബേസിക് ട്രെയിനിംഗ് സ്‌കൂള്‍ (GRBT)  സംവിധാനമാണ് ഉണ്ടായിരുന്നത്.  ആ സംവിധാനം കുറച്ചുകൂടി ശാസ്ത്രീയമായിരുന്നു എന്നു തോന്നുന്നു. അന്ന് അത്തരം സ്‌കൂളുകളിലെ വാര്‍ഡന്‍മാര്‍ യോഗ്യരായ അധ്യാപകര്‍ കൂടിയായിരുന്നു. പുതിയ പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ താമസത്തിനും ഭക്ഷണത്തിനുമുള്ള  കേന്ദ്രങ്ങളായാണ് നടത്തിപ്പുകാരും അന്തേവാസികളും കാണുന്നത്. ആദിവാസിക്കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ വക കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായി ഇതിനെ കാണണം. ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകളില്‍ അച്ചടക്ക പ്രശ്‌നങ്ങളും ലഹരി ഉപയോഗവും, പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ അധികൃതര്‍ നടത്തിയ പീഡനങ്ങളുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

2007 ല്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളെപ്പറ്റി വയനാട് ഡയറ്റ് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് ഈ ഹോസ്റ്റലുകള്‍ എല്ലാവിധത്തിലുമുള്ള അപര്യാപ്തതകളുടെയും കേന്ദ്രമാണെന്നാണ് അന്ന് ആ പഠന റിപ്പോര്‍ട്ട് പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും, പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനും സമര്‍പ്പിച്ചിട്ടും അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചതായി അറിവില്ല. അന്ന് വയനാട് ജില്ലയില്‍ ഉണ്ടായിരുന്ന 28 ഹോസ്റ്റലുകളില്‍ 10 എണ്ണം വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കടകള്‍ക്കായി ഉണ്ടാക്കിയ കുടുസ്സുമുറികളില്‍ മുതല്‍ പഴയ ജീര്‍ണിച്ച വീടുകളില്‍ വരെ ട്രൈബല്‍ വകുപ്പ് വലിയവാടക കൊടുത്ത് ഹോസ്റ്റലുകള്‍ നടത്തിയിരുന്നു. ഓരോ വര്‍ഷവും ഹോസ്റ്റല്‍ പണിയുന്നതിനും സ്ഥലം വാങ്ങുന്നതിനുമുള്ള  കേന്ദ്ര ഫണ്ടുകള്‍  ലാപ്‌സാവുമ്പോഴാണിതെന്നോര്‍ക്കണം. MRS ആശ്രമം സ്‌കൂളുകളുടെയും സ്ഥിതി ഇതുതന്നെയാണ്. സുഗന്ധഗിരിപദ്ധതിയുടെ കാലിത്തൊഴുത്തുകളിലായിരുന്നു അടുത്തകാലം വരെ ലക്കിടി എം.ആര്‍.എസിലെ കുട്ടികള്‍ താമസിച്ചിരുന്നതും പഠിച്ചതും. ട്രൈബല്‍ വകുപ്പിലെ ക്ലാര്‍ക്കുമാരാണ് ഇപ്പോഴും പല പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും വാര്‍ഡന്‍മാര്‍. പകല്‍ 10 മണി മുതല്‍ 5 മണി വരെ മാത്രമേ ഇങ്ങനെയുള്ള ഹോസ്റ്റല്‍  വാര്‍ഡന്മാര്‍ അവിടെ കാണൂ. വാച്ചര്‍മാരും പാചകക്കാരുമാണ് ഇവിടങ്ങളില്‍ എല്ലാ കാര്യങ്ങളും നോക്കുന്നത്. ഇത് അവരില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വയനാട്ടില്‍ യഥാസമയം ചികില്‍സ കിട്ടാതെ ഹോസ്റ്റല്‍ അന്തേവാസിയായ ബാലന്‍ മരിച്ചത് അടുത്തകാലത്താണ്.

ആദിവാസിക്കുഞ്ഞുങ്ങളെ വീടുകളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം ചെയ്യിക്കല്‍ വിഷമകരമാണ് എന്ന ചിന്തയില്‍ നിന്നാണല്ലോ അവരെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാമെന്ന തീരുമാനം വന്നത്. അവരെ വീടുകളില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യാന്‍ എന്തുചെയ്യാം എന്നല്ല നാം ചിന്തിച്ചത്. ഹോസ്റ്റലുകളില്‍ നിന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നല്ലനിലയില്‍ പഠനം കഴിഞ്ഞ് ഉയര്‍ന്നമാര്‍ക്കുവാങ്ങി വിജയിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അതിനെക്കുറിച്ചൊന്നും ആധികാരിമായി പറയാന്‍ നമുക്ക് വസ്തുതകളില്ല എന്നതാണ് വാസ്തവം. ഈ കുട്ടികള്‍ക്ക് കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള സ്‌നേഹബന്ധങ്ങള്‍ ഇല്ലാതെയാവുന്നു വെന്ന ഒരു ദോഷം ഉണ്ടുതാനും. അതുകൊണ്ട് ട്രൈബല്‍ ഹോസ്റ്റലുകള്‍ എന്ന ആശയം തന്നെ ഉപേക്ഷിക്കണം എന്നാണെനിക്ക് തോന്നുന്നത്. പ്രാഥമിക – ഹൈസ്‌കൂള്‍തല വിദ്യാഭ്യാസം സ്വന്തം വീട്ടില്‍ അച്ഛനമ്മമാരോടാപ്പം താമസിച്ച് നിര്‍വഹിക്കുന്ന സ്ഥിതിയാണിന്ന് കേരളത്തില്‍ ബഹുഭൂരിപക്ഷവും. ആദിവാസികളുടെ കാര്യത്തിലും ഇതു തന്നെ പാലിക്കാന്‍ കഴിയണം. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതുകൊണ്ട് മാത്രം ആദിവാസിക്കുഞ്ഞുങ്ങളുടെ പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. വലിയ തുകകള്‍ ചെലവിട്ട് അടിസ്ഥാന പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഈ സംവിധാനം അഴിമതിക്കും കെടുകാര്യസ്ഥതക്കും കുറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനുമുള്ള ഒരു കാര്യമായി മാത്രം ഇങ്ങനെ നിലനിര്‍ത്തുന്നതെന്തിനാണ്?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സമര്‍ത്ഥരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് പബ്ലിക് സ്‌കൂള്‍ മാതൃകയില്‍ റസിഡന്‍ഷ്യല്‍ സൗകര്യത്തോടുകൂടി, 1989-90 ല്‍ അബേദ്കര്‍ വര്‍ഷാചരണത്തിന്റെ  ഭാഗമായി തുടങ്ങിയതാണ് MRS/ആശ്രമം സ്‌കൂളുകള്‍. യഥാക്രമം 100% വും 50% വുമാണ് ഇവയ്ക്കുള്ള കേന്ദ്ര ധനസഹായം. 17 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 5-ാംക്ലാസ് മുതലും 3 ആശ്രമം സ്‌കൂളുകളില്‍ 1-ാം ക്ലാസ് മുതലുള്ള കുട്ടികളും പഠിക്കുന്നു. മിടുക്കരായ പട്ടികവര്‍ഗവിദ്യാര്‍ത്ഥികള്‍ക്ക്  ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിച്ചോ?  അവര്‍ ജീവിതത്തില്‍ വിജയം വരിച്ചോ എന്നൊന്നും ആര്‍ക്കുമറിയില്ല. ഈ സ്ഥാപനങ്ങളൊക്കെ ഇപ്പോഴും അപര്യാപതതയും കെടുകാര്യസ്ഥതയും സമീപനവൈകല്യവും പേറുന്ന അല്ലെങ്കില്‍ അവ മുഖമുദ്രയായ സ്ഥാപനങ്ങളായി നിലനില്‍ക്കുന്നു.

വയനാട്ടില്‍ ലക്കിടിക്കടുത്ത് പൂക്കോട് എന്ന സ്ഥലത്ത് ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും നവോദയ വിദ്യാലയവും സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം തുടങ്ങിയത് MRS ആണ്. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നവോദയ വിദ്യാലയം തുടങ്ങിയത്. രണ്ടിനും 100% കേന്ദ്ര സര്‍ക്കാര്‍ ഫണ്ടാണ് ഉപയോഗിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി നവോദയ വിദ്യാലയത്തില്‍ കുട്ടികള്‍ പഠിക്കുന്നു. MRS ന് കെട്ടിടം പോലും ഇതുവരെ ആയിട്ടില്ലെന്ന് മാത്രമല്ല ഈ രണ്ട് സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ അജഗജാന്തരം എന്ന വാക്കുകൊണ്ടു പോലും താരതമ്യം ചെയ്യാനാകില്ല. നമ്മുടെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ‘പബ്ലിക് സ്‌കൂള്‍ മാതൃക’ ശരിക്കുള്‍ക്കൊള്ളാനും, വിശകലനം ചെയ്യാനും ഈ സ്ഥലത്തെ മേല്‍പ്പറഞ്ഞ രണ്ട് വിദ്യാലയങ്ങള്‍ കണ്ടാല്‍ മാത്രം മതി.

കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.5% മാത്രമാണ് പട്ടികവര്‍ഗ ജനസംഖ്യ. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷം (1974-75) മുതല്‍ പട്ടികവര്‍ഗക്കാരുടെ വികസനത്തിന് വേണ്ടി മാത്രമുള്ള പട്ടികവര്‍ഗ ഉപപദ്ധതി സംസ്ഥാനത്ത്  ആവിഷ്‌കരിച്ച് നടപ്പാക്കി തുടങ്ങി. അന്നുമുതല്‍ നടക്കുന്ന വികസന പദ്ധതികളില്‍ വന്‍ പ്രാധാന്യം കൊടുത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വിദ്യാഭ്യാസ പരിപാടികളാണ്. ഏകദേശം 30 ഓളം പദ്ധതികളാണ് ഇങ്ങനെ നടപ്പിലാക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം എല്ലാവര്‍ഷവും ഒരേ പദ്ധതി തന്നെയാണ് നടപ്പിലാക്കുന്നത്.  ഫണ്ടും ഏകദേശം സമാനമാണ്. ഇങ്ങനെ ആവര്‍ത്തിച്ച് നടപ്പിലാക്കുന്ന പദ്ധതികളെ അവലോകനത്തിനോ വിശകലനത്തിനോ വിധേയമാക്കുന്നുണ്ടോ എന്നറിയില്ല. ആയുര്‍വേദത്തിലെയൊക്കെ പോലെ നൂറ്റൊന്നാവര്‍ത്തിക്കുന്ന വല്ല സിദ്ധാന്തവും പട്ടികവര്‍ഗ വികസനത്തിലുണ്ടോ എന്നറിയില്ല. വിദ്യാഭ്യാസ പദ്ധതികളും ഫണ്ട്  വകയിരുത്തലും ചെലവാക്കലും ആദിവാസികളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയും മാത്രം മാറ്റമില്ലാതെ തുടരുന്നു. കേരളീയ ജനസംഖ്യയില്‍ 1 ശതമാനത്തിനായി 1975 മുതല്‍ ഭീമമായ തുക ചെലവഴിച്ച് പദ്ധതികള്‍ നടപ്പിലാക്കിയിട്ടും പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ മാത്രം എല്ലാം പഴയപടിയോ അതിലും മോശമായിട്ടോ തുടരുന്നതെന്തുകൊണ്ട് എന്നു നാം ചിന്തിക്കാന്‍ തയ്യാറാവാത്തത് തന്നെയാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാതല്‍.

(വയനാട് ജില്ലയില്‍ സ്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ കെ സുരേന്ദ്രന്‍

ആദിവാസികള്‍ എന്നു വ്യവഹരിക്കപ്പെടുന്ന വിഭാഗങ്ങള്‍ കേരള സംസ്ഥാനത്ത് മുപ്പതിലധികം വരും. അവരുടെ ജനസംഖ്യ 2011 ലെ കനേഷുമാരി പ്രകാരം 4,84,839 ആണ്. അതില്‍ 2,38,203 പുരുഷന്മാരും 2,46,636 സ്ത്രീകളുമാണ്. ഇത് ആകെ ജനസംഖ്യയുടെ 1.5% വരും. കുട്ടികളുടെ കണക്ക് ലഭ്യമല്ല. ഗോത്രവര്‍ഗ്ഗജനവിഭാഗങ്ങളിലെ ഓരോ പേരും ഓരോ പ്രത്യേകതകളുള്‍ക്കൊള്ളുന്നവയാണ്. സമാന സാമൂഹ്യമുദ്രകളും ജീവിതവും അവരില്‍ ദര്‍ശിക്കുക പ്രയാസമാണ്. ജീവിത, സാംസ്‌കാരിക സവിശേഷതകള്‍ ഓരോ വിഭാഗവും ഉള്‍ക്കൊള്ളുന്നു. ഗോത്രത്തനിമയെന്ന് ഇതിനെ വിളിക്കാം.

ഈ വൈവിധ്യവും തനിമയും ഗോത്രജനത നൂറ്റാണ്ടുകളോളം നിലനിര്‍ത്തിയിരുന്നു. പ്രധാനമായും നാലു രീതിയിലായിരുന്നു അവരുടെ ജീവിതം. ഒന്ന് കൃഷിയും  കന്നുകാലിവളര്‍ത്തലും നായാട്ടും നടത്തി സ്ഥിരവാസം സാധ്യമായിരുന്നവര്‍. രണ്ട്, ചെറിയ രീതിയിലുള്ള നായാട്ടും വനവിഭവശേഖരണവുമായി പൂര്‍ണമായും കാട്ടുവാസികളായവര്‍. അന്ന് പെറുക്കി തീറ്റയും (Food gathering) അടിമപ്പണിയും ജീവിതാവസ്ഥയാല്‍ ശീലമായിപ്പോയവര്‍. നാലാമതായി, മുള, ചൂരല്‍, ഈറ എന്നിവകൊണ്ട് ഉപയോഗയോഗ്യമായ ഉപകരണങ്ങളുണ്ടാക്കല്‍, മണ്‍പാത്രനിര്‍മ്മാണം എന്നിവ നടത്തിയിരുന്ന വിദഗ്ദ്ധ തൊഴിലെടുക്കുന്നവര്‍. വയനാട്ടില്‍ നിന്നും ഈ ഓരോ വിഭാഗത്തിനും ഉദാഹരണങ്ങളെടുത്താല്‍ ഒന്നാമത് കുറുമരും കുറിച്യരും, രണ്ടാമത് കാട്ടുനായ്ക്കര്‍ മൂന്നാമത് പണിയരും അടിയരും, നാലാമത്തേത് ഊരാളിമാര്‍.

ഇത്രയും വിശദമായി ഇക്കാര്യം പ്രതിപാദിച്ചത് ആദിവാസികള്‍ എന്ന വിളിപ്പേരില്‍ നാം ഒതുക്കുന്ന  ജനതതിയുടെ സാമൂഹ്യവും സാംസ്‌കാരികവുമായ ജീവിത വൈവിധ്യത്തെ പരിഗണിക്കുന്നതിനാണ്. വ്യതിരിക്തമായ ഈ ജീവിതാവസ്ഥകളെ പരിഗണിക്കുമ്പോള്‍ ഇന്നത്തെ  പൊതു അവസ്ഥയില്‍ അവരുടെ നില എന്തെന്നു കൂടി വിലയിരുത്തുന്നത് നന്നായിരിക്കും.

ഒന്നാമത്തെ വിഭാഗം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവരുടെ ഭൂമി അന്യാധീനപ്പെട്ടു പോയതാണ്. എങ്കിലും മെച്ചപ്പെട്ട ജീവിതം നയിക്കാനും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുമൊക്കെ അവര്‍ക്കാവുന്നുണ്ട് വിദ്യാഭ്യാസപരമായി  മുന്നില്‍ നില്‍ക്കുന്നതുകൊണ്ടു തന്നെ പട്ടികവര്‍ഗക്കാര്‍ക്ക് സംവരണഫലമായി ലഭിക്കുന്ന ഉദ്യോഗവും ഭരണപങ്കാളിത്തവുമൊക്കെ ഈ വിഭാഗത്തിനാണ് കൂടുതലും ലഭിക്കുന്നത്. മതപരിവര്‍ത്തനം നടത്തിയാലും പട്ടിക വര്‍ഗ പരിഗണന നിലനില്‍ക്കുമെന്നതിനാല്‍  ഇവര്‍ക്ക് സംവരണാനുകൂല്യം നഷ്ടമാകുന്നില്ല. ഉയര്‍ന്ന ഉദ്യോഗങ്ങളിലേക്കും ഭരണാധികാരത്തിലേക്കുമൊക്കെ ഈ വിഭാഗത്തെ കൂടുതലായി പരിഗണിക്കുന്നു. മതപരിവര്‍ത്തിതരും അല്ലാത്തവരുമായ ഇക്കൂട്ടര്‍ വിദ്യാഭ്യാസപരമായും മുന്നിലാണെന്നതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു.

രണ്ടും മൂന്നും നാലും വിഭാഗത്തില്‍പ്പെടുന്ന ഗോത്രവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം, ഉദ്യോഗം, ഭരണാധികാരം എന്നീ മേഖലകളിലേക്ക്  പ്രവേശം പരിമിതമോ തീരെക്കുറവോ ആണെന്നു പറയാം. ആധുനിക കാലത്ത് വനസംരക്ഷണം സര്‍ക്കാര്‍ വകുപ്പുകള്‍ കൈയാളാന്‍ തുടങ്ങിയതോടെ വനത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ആദിവാസികള്‍ക്ക് അങ്ങനെ കഴിയാനാകാതായി. വിറകു ശേഖരണവും നായാട്ടും പൂര്‍ണമായും നിരോധിച്ചതോടെ വനവിഭവശേഖരണത്തിനായുള്ള കൂലിപ്പണിക്കാരായവര്‍ മാറി. വനാവകാശനിയമം കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതുപോലുമില്ല എന്നതും ഒരു പ്രധാന പ്രശ്‌നമായി  പെറുക്കിത്തിന്നുന്നതില്‍ നിന്നും അടിമപ്പണിയിലേക്ക് മാറിയ വിഭാഗങ്ങളാവട്ടെ വലിയ ദുരന്തങ്ങളിലേക്കാണ് നിപതിച്ചത്. കേരളത്തിന്റെ കിഴക്കേ അതിരായ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറു ഭാഗമാണ്  ആദിവാസികളുടെ മാതൃഭൂമിയെന്നു പറയാം. കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ മലയോരവും കാടും ജൈവസമ്പന്നമായിരുന്നു. കിഴങ്ങുകളും ഇലകളും മീനും ഞണ്ടും ഞവുണിയും  ശേഖരിച്ച് ഭക്ഷിച്ച്  പുലര്‍ന്നുപോന്ന അരോഗദൃഢഗാത്രര്‍ ആദിവാസികളായിരുന്നു. പശ്ചിമഘട്ടത്തിന്റെ മക്കള്‍. തരുക്കളോടും പക്ഷികളോടും മൃഗങ്ങളോടും  സകല തിര്യക്കുകളോടും സഹോദര്യത്തിലധിഷ്ഠിതമായ സരളസ്‌നേഹം അവരുടെ ജീവിതത്തിന്റെ അന്തര്‍ധാരയായിരുന്നു. മീന്‍പിടുത്തത്തിലും നായാട്ടിലും വനവിഭവശേഖരണത്തിലുമൊക്കെ തനതായ മൂല്യങ്ങളും മുറകളും അവര്‍ക്കുണ്ടായിരുന്നു. ഗര്‍ഭിണിയായതും കുഞ്ഞുങ്ങളുള്ളതും ഇണചേരുന്നതുമായ മൃഗങ്ങളെ കൊല്ലരുത്. മുളയും തേനുമൊക്കെ ശേഖരിക്കുന്നതിന് പക്കം നോക്കണം എന്നു തുടങ്ങിയ പ്രകൃതിയെ നശിപ്പിക്കാതെ അതിജീവനത്തിനുതകുന്നതരം മൂല്യങ്ങളും നിഷ്ഠകളും അവര്‍ പുലര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ കൈയേറ്റവും കുടിയേറ്റവും തുടങ്ങുന്നതുവരെ പശ്ചിമഘട്ടമലനിരകളും താഴ്‌വാരവും ജൈവപരമായി വലിയ കോട്ടമില്ലാതെ നിലനിന്നു. പെറുക്കിത്തീറ്റയും അടിമവേലയും മാത്രമുള്ള വിഭാഗങ്ങള്‍ ആദിവാസികളിലുണ്ട്. അവരാകട്ടെ ശരീരശക്തിമാത്രം മൂലധനമായുള്ള ഭൂരഹിതരും ഊരുകളില്‍ തിങ്ങിപ്പാര്‍ക്കുന്നവരുമാണ്. ബ്രിട്ടീഷുകാരുടേയും കുടിയേറ്റ ക്കാരുടേയും അധിനിവേശം പശ്ചിമഘട്ടത്തെ നശിപ്പിച്ചതുപോലെ തന്നെ അതിന്റെ സന്തതികളായ ആദിവാസികളുടെ ജീവിതത്തേയും നാശോന്മുഖമായ വിപര്യയത്തിലേക്ക് നയിച്ചു.

അടിമത്വം അനുഭവിക്കുമ്പോഴും പ്രകൃതിയുടെ കനിവുകള്‍ പോഷകസമ്പന്നമായ ഞണ്ട്, മീന്‍, കിഴങ്ങുകള്‍, ഇലകള്‍, കാട്ടുകനികള്‍ എന്നിവയൊക്കെ പണിയരേയും അടിയരേയും പോലുള്ള വിഭാഗങ്ങളെ തലനരയ്ക്കാത്തവരും ആരോഗ്യമുള്ളവരുമായി നിലനിര്‍ത്തി. അല്ലാതെ അന്ന് ഉടമകള്‍ കനിഞ്ഞു നല്‍കിയ വല്ലിനെല്ല് കുത്തി കഞ്ഞികുടിച്ചതിനാലല്ല വ്യാവസായിക കൃഷിയും മേല്‍പറഞ്ഞ പ്രകൃതി സമ്പത്തിനെ ഇല്ലാതാക്കുകയും ജൈവകതയെ നശിപ്പിക്കുകയും ചെയ്തപ്പോള്‍ പൊറാട്ടയായി അവരുടെ പോഷകാഹാരം. അനാരോഗ്യവും രോഗങ്ങളും മദ്യാസക്തിയും ചേര്‍ന്ന് ഇന്നുവരെ എത്തിച്ചിരിക്കുന്ന വംശനാശത്തിന്റെ വക്ക് വിവരണാതീതമാണ്.

വിദഗ്ദ്ധ തൊഴിലുകളിലേര്‍പ്പെട്ടിരുന്ന ആദിവാസികള്‍ കേരളത്തിലു ണ്ടായിരുന്നു. കാസര്‍കോട്ടെ കൊറഗരുടെ വള്ളിക്കൊട്ടയും വയനാട്ടിലെ ഊരാളി മാരുണ്ടാക്കിയിരുന്ന  കൊമ്മയും (നെല്ലുസൂക്ഷിക്കാന്‍ മുളകൊണ്ടുണ്ടാക്കുന്ന പത്തായം) ഒക്കെ പൈതൃകങ്ങളായി സംരക്ഷിപ്പെടേണ്ടതായിരുന്നു. ആയുധങ്ങളും പാത്രങ്ങളും ധാന്യം പൊടിക്കാനും അരയ്ക്കാനും പറ്റുന്ന കല്ലുപകരണങ്ങള്‍ വരെ വയനാട്ടിലെ ഊരാളിമാര്‍ ഉണ്ടാക്കിയിരുന്നു. വിഗഗ്ദ്ധരായ ഈ കൈവേലക്കാര്‍ പിന്നീട് കാപ്പി കവാത്തുകാരായി മാറി. ഇന്നവര്‍ കൂലിപ്പണിക്കാരായി പുലര്‍ന്നു പോരുന്നു.

ഗോത്രജീവിതത്തിന്റെ  അംശങ്ങളോടൊപ്പം കൃഷിയും മൃഗപരിപാലനവു മൊക്കെ ചെയ്തിരുന്നവരായിരുന്നു കുറുമരും മറ്റും. വിദ്യാഭ്യാസത്തിലേക്കും  മറ്റ് ജീവിതാഭിവൃദ്ധികളിലേക്കുമൊക്കെ കടന്നുകയറാന്‍ അവര്‍ക്ക് പെട്ടെന്ന് കഴിഞ്ഞു. കേരളത്തിലെ സാര്‍വത്രിക വിദ്യാഭ്യാസം ഗുണനിലവാരമുള്ളതായിരിക്കണം എന്ന പൊതുബോധം മറ്റു സമൂഹങ്ങളെപ്പോലെതന്നെ കുറുമരും, കുറിച്യരും, മലഅരയരുമടങ്ങുന്ന ആദിവാസി വിഭാഗവും പങ്കിടുന്നു. കേരളത്തിലെ ഭരണാധി കാരികളില്‍  മന്ത്രിയും,  എം.എല്‍.എയും പഞ്ചായത്ത് ഭരണാധികാരികളുമൊക്കെ സംവരണത്തിലൂടെയാണെങ്കിലും ഈ വിഭാഗം ആദിവാസികളില്‍ നിന്നാണ് വരുന്നത്. കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ മാത്രമേ ഈ വിഭാഗത്തിനും ഉള്ളൂ എന്നു കാണാം.

ആദിവാസി ജീവിതവുമായി ബന്ധപ്പെട്ട അനവധിയായ പ്രശ്‌നങ്ങളെക്കുറിച്ച്  ധാരണയില്ലാതെ വിദ്യാഭ്യാസം മാത്രമായി നമുക്ക് ചര്‍ച്ചചെയ്യാന്‍ കഴിയില്ല. മേല്‍ സൂചിപ്പിച്ച സവിശേഷതകളും പ്രശ്‌നങ്ങളും കുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്നതും പ്രത്യേകം പരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. ആദിവാസികളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം വിദ്യാഭ്യാസപ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഏറ്റവും അടിയന്തരമായി എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും വീടുവെക്കാന്‍ മാത്രമല്ലാതെ കൃഷിഭൂമിലഭ്യമാക്കുക എന്നതാണ്. ഏറ്റവും കുറഞ്ഞത് ഒരു ഏക്കര്‍ ഭൂമിയെങ്കിലും ഇങ്ങനെ ലഭിക്കേണ്ടതാണ്.  എല്ലാ ആദിവാസി വിഭാഗങ്ങളുടേയും വികസനത്തിന് ഏറ്റവും അടിസ്ഥാനപരമായ മൂന്നുപാധിയാണിത്. ഇതില്ലാതെ ഒരു വികസനത്തെക്കുറിച്ചും സംസാരിക്കുന്നതിലര്‍ത്ഥമില്ല.

കോളനികളെന്ന് പൊതുസമൂഹം വിളിക്കുന്ന ഊരുകളിലെ വായുവും വെളിച്ചവും കടക്കാത്ത പെട്ടികള്‍ പോലെയുള്ള  കൂരകളില്‍ വൈദ്യുതിയോ ശുദ്ധജലമോ ശൗചാലയങ്ങളോ ഇല്ലാതെ കുറേ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്നു. ഒരു കുടിലിന്റെ ഇറയത്തിരുന്ന് ഒന്ന് നീട്ടിത്തുപ്പിയാല്‍ പോലും അതൊരു വഴക്കായി മാറുന്ന ഈ തിങ്ങിപ്പാര്‍ക്കല്‍ വലിയതോതില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നു. പട്ടികവര്‍ഗ്ഗവികസനവകുപ്പും തദ്ദേശഭരണസ്ഥാപനങ്ങളും കരാറുകാരെ ഉപയോഗിച്ച് നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍  മനുഷ്യവാസയോഗ്യമല്ല. സമീപകാലത്ത് കൃത്യമായി പറഞ്ഞാല്‍ സര്‍ക്കാര്‍ ചാരായം നിരോധിച്ച് ഇന്ത്യന്‍നിര്‍മിത വിദേശമദ്യം വ്യാപകമാക്കിയതിനുശേഷം ആദിവാസികള്‍ സ്ത്രീകളും കുട്ടികളുമടക്കം മദ്യാസക്തരായിമാറിയിട്ടുണ്ട്. വിലകുറഞ്ഞതും ഗുണനിലവാരുമുള്ളതുമായ മദ്യം കേരളത്തില്‍ കിട്ടാത്തതുകൊണ്ടു തന്നെ ആദിവാസികള്‍ സാമ്പത്തികമായും ആരോഗ്യപരമായും തകര്‍ന്നു പോയിരിക്കുന്നു. രക്ഷിതാക്കളുടെ മദ്യപാനവും അനുബന്ധപ്രശ്‌നങ്ങളും നേരിട്ടു ബാധിക്കുന്നത് കുട്ടികളുടെ പഠനത്തെയാണ്. സര്‍ക്കാരും, സന്നദ്ധസംഘടനകളും, ഒക്കെ നിര്‍ദ്ദേശിക്കുന്ന മദ്യനിരോധനവും ബോധവത്കരണവും ആദിവാസികളെ ഈ വിപത്തില്‍ നിന്നും കരകയറ്റുമെന്ന് തോന്നുന്നില്ല.

ആദിവാസികളിലെ സാമൂഹ്യമായി മെച്ചപ്പെട്ട വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യസവും ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവുമൊക്കെ സമീപകാലത്ത് കരഗതമാവാന്‍ തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന വിഭാഗങ്ങളില്‍ നിന്ന് വിദ്യാഭ്യാസ മേഖലയിലെ അധ്യാപക പരിശീലന കോഴ്‌സുകളിലേക്ക് ചില കുട്ടികള്‍ വരുന്നുണ്ടെങ്കിലും അവിടെ തൊഴില്‍ സാധ്യത ഇല്ലാതെയായി വരുന്നതിനാല്‍ എന്താകുമെന്ന് പറയാന്‍ പറ്റില്ല.

ആദിവാസി വിഭാഗങ്ങളില്‍ നിന്നും സാമൂഹ്യ നവോത്ഥാനത്തിന്റേതായ ധാരകളൊന്നും മറ്റു കീഴാള വിഭാഗങ്ങളില്‍ നിന്നുണ്ടായ പോലെ സംഭവിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പഴശ്ശിസമരങ്ങളിലും വര്‍ഗീസിന്റെ സമരത്തിലുമൊക്കെ ആദിവാസികള്‍ ഉണ്ടായിരുന്നു. എങ്കിലും അവയൊന്നും ഗോത്രവര്‍ഗ നവോത്ഥാനമായിരുന്നു എന്നു പറയാനാവില്ല. വര്‍ഗീസ് ആദിവാസികളെ അടിമപ്പണിയില്‍ നിന്നും മോചിപ്പിക്കാനും കൂലി കൂടുതലിനും വേണ്ടി സമരം ചെയ്തിരുന്നു. എങ്കിലും ആ പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ട ആദിവാസി വിമോചനം ആയിരുന്നില്ല. ആധുനിക കാലത്ത് ആദിവാസികളില്‍ നിന്നുയര്‍ന്നു വന്ന ജൈവനേതൃത്വമെന്ന് വിളിക്കാന്‍ കഴിയുന്നരണ്ട് പേര്‍ പി.കെ.കാളനും, സി.കെ.ജാനുവും ആണ്. സാമൂഹ്യനവോത്ഥാനവും അതുമായി ബന്ധപ്പെട്ട സമരങ്ങളുമൊക്കെ വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടതോ അതല്ലെങ്കില്‍ സാമൂഹ്യവിദ്യാഭ്യാസം തന്നെയോ ആണെന്ന് കാണാം. വളരെ വൈകിമാത്രം രാഷ്ട്രീയവും സാമൂഹ്യവുമായ നവോത്ഥാനത്തിലേക്ക് എത്തിച്ചേര്‍ന്നത് കേരളത്തില്‍ ആദിവാസി വിഭാഗങ്ങളാണെന്ന് കാണാവുന്നതാണ്. അതിന്റെ  പിന്നാക്കാവസ്ഥ ആ സമൂഹം ഇപ്പോഴും പുലര്‍ത്തുന്നു എന്ന് അവരുടെ ജീവിതാവസ്ഥ വിളിച്ചോതുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസം എന്നത് സമ്പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കാനുള്ള സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ പൂര്‍ണ  മനുഷ്യന്‍ എന്നതായിരിക്കണം അതിന്റെ ലക്ഷ്യം . ആ ലക്ഷ്യത്തിനായി ക്ലാസ്മുറിയിലും പുറത്തും വിദ്യാര്‍ത്ഥി  നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് പാഠ്യപദ്ധതി. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ആദിവാസിക്കുട്ടിയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു അന്തരീക്ഷം നമ്മുടെ സ്‌കൂളുകള്‍ പ്രദാനം ചെയ്യുന്നുണ്ടോ എന്ന് ആദ്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലെ മാതൃഭാഷയില്‍ വിദ്യാഭ്യാസം തുടങ്ങാനുള്ള കുട്ടിയുടെ അവകാശം ലോകമെങ്ങും അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്രീയ സത്യമാണ്. കൊളോണിയല്‍ ദാസ്യത്തിന്റെ തിരുശേഷിപ്പായി കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം ഇന്നും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആധുനിക കാലം മലയാളിയെ പ്രവാസത്തിന് നിര്‍ബന്ധിക്കുന്നത് അതിന് ഒരു പ്രേരണ കൂടിയാകാം. ഇതൊക്കെക്കൊണ്ട് കേരളീയ സമൂഹം പൊതുവിദ്യാലയങ്ങളെയും മലയാള മാധ്യമത്തെയും  കൈയൊഴിഞ്ഞ് വരേണ്യ ആംഗലേയ വിദ്യാലയങ്ങളെ പുല്‍കുന്ന ഒരവസ്ഥയാണുള്ളത്. ഗുണനിലവാരത്തെയും പഠനമാധ്യമത്തേയും സംബന്ധിച്ച മലയാളിയുടെ അന്ധവിശ്വാസവും ആദിവാസി മേഖലകളില്‍ ഉണ്ടാകുന്ന വലിയ ഒരു സമൂഹ്യപ്രശ്‌നം പൊതുവിദ്യാലയങ്ങള്‍ പ്രത്യേകിച്ച് മാതൃഭാഷ പഠന മാധ്യമമായുള്ളവ ആദിവാസിക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി  മാത്രമുള്ളതായി മാറുന്നു. എല്ലാ വിഭാഗം കുട്ടികളും ഒന്നിച്ച് പഠിക്കുന്ന വിദ്യാഭ്യാസം നല്‍കുന്ന സാമൂഹ്യ ഗുണങ്ങള്‍ ഈ  വിദ്യാലയങ്ങള്‍ക്ക് നഷ്ടമാകുന്നു. അതിലൂടെ അതില്‍ പഠിക്കുന്ന ആ്വിവാസികളടക്കമുള്ള കീഴാളര്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ നഷ്ടമാവുന്നു. ആദിവാസി മേഖലയിലെ പൊതുവിദ്യാലയങ്ങളില്‍ സാമ്പത്തികശേഷിയുള്ളവരോ ഇല്ലാത്തവരോ ആയ ജനറല്‍ എന്നു വിശേഷിപ്പിക്കുന്ന സവര്‍ണ വിഭാഗങ്ങളിലെ കുട്ടികള്‍ പഠിക്കുന്നില്ല. ആദിവാസികുട്ടികളുടെ ഒപ്പം തങ്ങളുടെ കുട്ടികളെ ഇരുത്തി പഠിപ്പിക്കരുത് എന്നു നിഷ്‌കര്‍ഷിക്കുന്ന രക്ഷിതാക്കള്‍ ഈ വിഭാഗങ്ങളിലുണ്ട് എന്നത് ഒരു യഥാര്‍ത്ഥ്യമാണ്. കുട്ടികള്‍ക്കിടയില്‍ ‘പണിയന്‍’, ‘അടിയന്‍’, ‘നായ്ക്കന്‍’ എന്നിങ്ങനെ അപകര്‍ഷമുണര്‍ത്തുന്ന ജാതിപ്പേരുകള്‍ വിളിക്കുന്ന രീതി  ചില സ്‌കൂളുകളിലെങ്കിലും നിലനില്‍ക്കുന്നുവെന്നതും വലിയ പ്രശ്‌നമാണ്. വരേണ്യ കീഴാള വ്യത്യാസത്തിലൂന്നിയ സ്വകാര്യ വിദ്യാഭ്യാസമെന്നത് അവസാനിപ്പിക്കാന്‍ കേരളത്തിനാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് 25% ദുര്‍ബല ദരിദ്ര കീഴാള വിഭാഗത്തില്‍പെടുന്ന കുട്ടികളെക്കൂടി വരേണ്യ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന വിദ്യഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ കര്‍ശനമായി  പാലിക്കാന്‍  പ്രസ്തുത വിദ്യാലയങ്ങളോട് ആവശ്യപ്പെടാന്‍ നമ്മുടെ വിദ്യാഭ്യാസ വകുപ്പിന് കഴിയണം. അല്ലെങ്കില്‍ അതിനായുള്ള സാമൂഹ്യ സമ്മര്‍ദ്ദം ഉണ്ടാകണം.

കുട്ടികളുടെ വിദ്യാഭ്യാസം, പഠനം എന്നീ കാര്യങ്ങളില്‍ പൊതു സമൂഹത്തിനുള്ള താത്പര്യവും ധാരണയും പുലര്‍ത്തുന്ന കുറച്ചു വിഭാഗങ്ങള്‍ മാത്രമേ ആദിവാസികളുടെ കൂട്ടത്തിലുള്ളൂ. കാണിക്കാര്‍, മലഅരയര്‍, കുറിച്യര്‍, കുറുമര്‍, ഇരുളര്‍, മറാട്ടികള്‍ അങ്ങനെ കുറച്ചു വിഭാഗങ്ങള്‍ മാത്രമാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്നവര്‍ വിദ്യാഭ്യാസത്തിന്റെ സത്ഫലങ്ങളും തദ്വാര കരഗതമാവുന്ന സംവരണത്തിന്റെ ഗുണവുമൊക്കെ ഈ വിഭാഗങ്ങള്‍ക്കു മാത്രമേ അനുഭവിക്കാനാവുന്നുള്ളൂ.

(വയനാട് ജില്ലയില്‍ സ്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ് ലേഖകന്‍)

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍