UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസിക്കുട്ടികള്‍ പഠനമുപേക്ഷിക്കുന്നു; വയനാട്ടില്‍ നിന്ന്‍ അമ്പരപ്പിക്കുന്ന കണക്കുകള്‍

Avatar

രാമദാസ് എം.കെ 

അകാലത്തില്‍ വിദ്യാലയങ്ങളോട് വിടചൊല്ലിയവരാണ് വയനാട്ടിലെ ആദിവാസിക്കുട്ടികളില്‍ 30 ശതമാനവുമെന്ന് പഠനം. സ്കൂളില്‍ പോകാതെ ഊരുകളില്‍ കഴിയുന്ന ആയിരം കുട്ടികളില്‍ ഭൂരിഭാഗം പേരും തുടര്‍പഠനമാഗ്രഹിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. കല്‍പ്പറ്റ കേന്ദ്രമായി ആദിവാസി വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ നീതിവേദി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. 

പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ററി ഭേദമില്ലാതെയാണ് കുഞ്ഞുങ്ങളുടെ കൊഴിഞ്ഞു പോക്ക്. തങ്ങളുടെ ഇടമല്ലെന്ന ബോധം പിന്തുടരുന്ന കുട്ടികള്‍ നിസ്സാരകാര്യങ്ങള്‍ക്ക് വിദ്യാലയങ്ങളോട് വിടചൊല്ലുന്നു. കോളനികളിലെ ദുരിതജീവിതത്തില്‍ നിന്നും കുട്ടികളെങ്കിലും മോചിതരാവട്ടെയെന്ന ചിന്തയോടെ ആദിവാസികള്‍ കുഞ്ഞുങ്ങളെ വിദ്യാലയങ്ങളിലെത്തിക്കുന്നുണ്ടെങ്കിലും പഠനം മുന്നോട്ടു പോവുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ഏജന്‍സികളും നൂറുകണക്കിനു സന്നദ്ധ സംഘടനകളും കുട്ടികളുടെ ഈ കൊഴിഞ്ഞുപോക്ക് തടയാന്‍ ശ്രമിച്ചിട്ടും വയനാട്ടില്‍ ഫലമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലും ലക്ഷ്യത്തിലെത്തുന്നില്ല. 

പണിയ വിഭാഗത്തിലുള്ള കുഞ്ഞുങ്ങളാണ് കൊഴിഞ്ഞുപോക്കില്‍ മുന്നില്‍. ഊരുചുറ്റുപാടില്‍ നിന്ന് അഞ്ചുവയസ്സോടെ സ്‌കൂളിലെത്തുന്ന കുട്ടികളില്‍ ഏറെപ്പേരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലാസ്സുമുറികളെ നിരാകരിച്ചു തുടങ്ങും. ഭാഷ തന്നെ പ്രധാന വില്ലന്‍. തങ്ങളിതുവരെ ശീലിച്ച വാമൊഴികള്‍ അപമാനിക്കപ്പെടുന്നതായുള്ള തിരിച്ചറിയലാണ് പഠനമുപേക്ഷിക്കുന്നതിന്റെ ആദ്യ കാരണം. അതിരില്ലാത്ത സ്വാതന്ത്ര്യത്തോടെ ദാരിദ്ര്യമോ സമ്പന്നതയോ തിരിച്ചറിയാതെ കഴിഞ്ഞ നാളുകളില്‍ മനസ്സുടക്കിയ കുഞ്ഞുങ്ങള്‍ക്ക് നരകതുല്യമാണ് ക്ലാസ്സുമുറികള്‍. മറ്റുള്ള കുട്ടികളുടെ നിറത്തിലും വസ്ത്രങ്ങളുടെ വര്‍ണ്ണത്തിലും അത്ഭുതപ്പെടുന്ന ആദിവാസി കുട്ടികള്‍ക്ക് തുണയാകാന്‍ അധ്യാപകര്‍ക്കും കഴിയാറില്ല. പ്രീ-പ്രൈമറിയെന്ന കടമ്പകടന്നെത്തിയ പൊതുസമൂഹത്തിലെ കുട്ടികള്‍ പ്രകടിപ്പിക്കുന്ന വൈദഗ്ദ്യം പ്രകടിപ്പിക്കാന്‍ ഇവര്‍ക്കാവാറില്ല.

സര്‍ക്കാര്‍, എയ്ഡഡ് ഭേദമില്ലാതെ ഭൂരിഭാഗം വിദ്യാലയങ്ങളിലെ ക്ലാസ്സുമുറികളിലും ഈ കുട്ടികള്‍ ഒറ്റക്കാണ്. പിന്‍ബഞ്ചുകളില്‍ ഇവര്‍ മാത്രം. മറ്റുകുട്ടികളുമായുള്ള ചങ്ങാത്തത്തിന് നിറവും വസ്ത്രശുദ്ധിയും പൊതുബോധവും പെരുമാറ്റരീതിയുമെല്ലാം വിലങ്ങുതടിയാണ്. തങ്ങള്‍ അന്യരാണെന്ന ബോധം മനസ്സിലുറക്കുന്ന കുട്ടികള്‍ നിശബ്ദരാവും. അതുവരെ സംസാരിച്ച ഭാഷ ഉപേക്ഷിക്കും. അധ്യാപകരുടെ അധിക്ഷേപം കൂടിയാവുന്നതോടെ സ്‌കൂളിനു പുറത്തേക്കുള്ള വാതില്‍ താനെ തുറക്കും. അപമാനിതരായി രോക്ഷവും നിസ്സഹായതയും ഉള്ളിലൊതുക്കി കുടിലുകളിലേക്കു തിരിച്ചെത്തുന്നവര്‍ക്ക് വഴികാട്ടിയാവുന്നത് നേരത്തെ പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചരാവും. ശീലിച്ച കളികളിലേക്കിവര്‍ മടങ്ങും. കാടും തോടും മരവും വയലുകളും പുഴയും കളിയിടങ്ങളാക്കും. ചിലര്‍ അച്ഛനമ്മമാര്‍ക്കൊപ്പം പണിക്കിറങ്ങും. മറ്റുള്ളവര്‍ അലസരായി ഊരുകളില്‍ ജീവിതമഭ്യസിക്കും. മദ്യവും പുകയിലയും രുചിച്ച് അച്ഛനമ്മമാര്‍ക്കുമൊപ്പം കൊച്ചു പ്രായത്തിലെ കുട്ടികള്‍ ലഹരിക്കടിമപ്പെടും.

വയനാട് ജില്ലയില്‍ ഇതാദ്യമല്ല ‘കൊഴിഞ്ഞുപോക്ക്’ സംബന്ധിച്ച പഠനം നടക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനും ആദിവാസിക്ഷേമ വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യമറിയാം. പരിഹാരത്തിന് പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പാക്കാന്‍ ശ്രമവും നടന്നു. പക്ഷെ ഒന്നും ഫലം കണ്ടില്ല. തൊലിപ്പുറത്തുള്ള ചികിത്സ ഫലിക്കില്ലെന്ന തിരിച്ചറിയല്‍ ഉണ്ടായിയെന്നു മാത്രം. ഊരുകളില്‍ നിന്നും വിദ്യാലയങ്ങളേക്കുള്ള അകലമാണ് കുഞ്ഞുങ്ങളുടെ പഠനയാത്ര മുടക്കുന്നതില്‍ മറ്റൊരു പ്രധാന കാരണം. മഴക്കാലത്ത് ചെളിക്കുളമാവുന്ന റോഡുകളിലൂടെയോ വയല്‍വരമ്പുകളിലൂടെയോ സ്‌കൂളിലെത്തുക പ്രയാസം. മഴയുടെ വറുതിയില്‍ കൂരകളില്‍ ഒതുങ്ങിക്കൂടുന്ന അച്ഛനമ്മമാര്‍ക്കൊപ്പം കുട്ടികളും ഇതഭ്യസിക്കും. മഴമാറിയാല്‍ വിളവെടുപ്പുകാലത്ത് കുട്ടികള്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നതു വിദ്യാലയങ്ങളോടല്ല. തെളിഞ്ഞ മാനത്തിന്‍ കീഴെ വിശാലയിടങ്ങളില്‍ അവര്‍ കളിച്ചും മാതാപിതാക്കള്‍ക്കു കൂട്ടായി സമയംപോക്കും. ഇവരെ തിരിച്ചുവിളിക്കുകയത്ര എളുപ്പമല്ല. സമൂഹമനോഭാവത്തില്‍ കാതലായ മാറ്റം വേണം. അവരാണ് ഭാവിയുടെ അവകാശികളെന്ന തിരിച്ചറിവാണ് പൊതുസമൂഹം സ്വീകരിക്കേണ്ടത്.

‘ക്ലാസ്സിലെത്താത്ത കുട്ടികള്‍ ഭുരിഭാഗം പേരും ഊരുകളിലുണ്ടാവും. ചിലര്‍ വിരുന്നിനോ കല്യാണങ്ങള്‍ക്കോ മരണാനന്തര ചടങ്ങുകള്‍ക്കോ പോയിട്ടുണ്ടാവും‘. 40 ശതമാനത്തിലധികം ആദിവാസി ജനസംഖ്യയുള്ള നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബാബു അഴിമുഖത്തോടു പറഞ്ഞു. ‘മഴയും വഴിയും തടസ്സമെന്നാണ് കുട്ടിയുടെ അച്ഛന്റെ മറുപടി. കോളനികളില്‍ നിന്ന് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിന് വയനാട് ജില്ലാപഞ്ചായത്ത് പദ്ധതിയായ ഗോത്രസാരഥിയുടെ ഭാഗമായി യാത്രാസൗകര്യമൊരുക്കുന്നുണ്ടെങ്കിലും പൂര്‍ണമല്ല. പദ്ധതികള്‍ ഫലപ്രദമാവണം. കോളനികള്‍ കേന്ദ്രീകരിച്ച് ഫെസിലിറ്റേറ്റര്‍മാരെ നിയോഗിക്കണം. പഠനം മുടക്കുന്ന കുട്ടികളെ കയ്യോടെ കണ്ടെത്തണം’ ബാബുമാഷ് കൂട്ടിച്ചേര്‍ക്കുന്നു.

ഊരുകള്‍ കേന്ദ്രീകരിച്ച് പഠനവീടുകള്‍ സൃഷ്ടിക്കണമെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. ഉണ്ണികൃഷ്ണ്‍ പറഞ്ഞു. ‘പഠനാന്തരീക്ഷമില്ലാത്ത കുടിലുകളിലെ കുട്ടികള്‍ക്ക് ഒത്തുചേരാനുള്ള ഒരിടം പഠനവീടുകളിലൂടെ ലഭിക്കണം. അവിടെ ഹോംവര്‍ക്കുകള്‍ ചെയ്യാനാവും. സഹായത്തിനായി കോളനിക്കുള്ളിലെ വിദ്യാഭ്യാസമുള്ളയാളെ നിയോഗിക്കണം. ബിരുദധാരികള്‍ കുറവെങ്കിലും പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ഫെസിലിറ്റേറ്റ് ചെയ്യാനാവും’ .

നേരത്തെ ഈ നിയോഗത്തിനു വിധിക്കപ്പെട്ടവര്‍ക്കു പിന്നാലെ വിളവെടുപ്പിന്റെ തിരക്കിലാണ് ആദിവാസി കുഞ്ഞുങ്ങള്‍. അവധി ദിവസങ്ങളില്‍ മാത്രമല്ല, അധ്യായന ദിവസങ്ങളില്‍ പഠനമുപേക്ഷിച്ചും കുട്ടികള്‍ വേലക്കിറങ്ങുന്നുണ്ട്. മഴയുടെ വറുതികഴിഞ്ഞ് നവംബര്‍-ഡിസംബര്‍  മാസങ്ങളില്‍ നെല്ല് കൊയ്ത്തും മെതിയുമാണ് സീസണിലെ കുട്ടികളുടെ ആദ്യ ജോലി.  അച്ഛനുമമ്മയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം മഴമാറിയ വയലുകളില്‍ വിളവെടുപ്പിനായി കുഞ്ഞുങ്ങളിറങ്ങും. പാകമാകാത്ത അടയ്ക്കയായ ‘ചൈക്കു’ വിളവെടുപ്പാണ് അടുത്ത ഊഴം. ബലംകുറഞ്ഞ, ഉയരം കൂടിയ കമുകുകളില്‍ കയറാന്‍ പതിനഞ്ചു വയസ്സിനു താഴെയുള്ളവരാണ് ഉചിതം. പത്തിനോടടുത്ത പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന.  ഭേദപ്പെട്ട വേതനം ലഭിക്കുന്ന ഇപ്പണിക്കനുകൂലമാണ് കുട്ടിശരീരം. പതിയിരിക്കുന്ന അപകടം വിസ്മരിച്ചാണ്  വിരസമായ പഠനനയത്തെ ‘തിരസ്‌കരിച്ച്’ ഇവര്‍ കഠിനജോലിക്കിറങ്ങുന്നത്. തുടര്‍ന്നു വരാനുള്ളത് കുരുമുളകിന്റെ വിളവെടുപ്പുകാലമായ പരീക്ഷാക്കാലം. പരാജയം സുനിശ്ചിതമായ പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കുട്ടികള്‍ കുരുമുളക് വിളവെടുപ്പ് തെരഞ്ഞെടുക്കും.

നിയമസഹായ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീതിവേദി പ്രവര്‍ത്തകര്‍ കടന്നുചെല്ലുന്ന ഊരുകളില്‍ വിദ്യാലയങ്ങളില്‍ പോവാത്ത നിരവധി കുട്ടികളെ കണ്ടതായി വ്യക്തമാക്കുന്നു. കൊഴിഞ്ഞുപോക്കിന്റെ വ്യാപ്തി മനസ്സിലാക്കി കുട്ടികളെ തിരികെ സ്‌കൂളിലെത്തിക്കുന്നതിന് ഭരണസംവിധാനത്തെ  പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിന് തുനിഞ്ഞതെന്ന് നീതിവേദി ഡയറക്ടര്‍ ഫാദര്‍ സ്റ്റീഫന്‍ പറയുന്നു. വിവിധ ഊരുകളിലെ ആയിരത്തോളം കുട്ടികളെ നീതിവേദി പ്രവര്‍ത്തകര്‍ നേരില്‍ കണ്ടു. പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു. 

1. കോളനികളില്‍ കഴിയുന്ന 27 ശതമാനത്തോളം കുട്ടികള്‍ പഠനം വഴിയിലുപേക്ഷിച്ചവരാണ്. ജോലിക്കിറങ്ങിയ കുട്ടികളെ നേരില്‍ കാണാനാവാത്തത് കൃത്യമായ കണക്കിന് തടസ്സമായി.

2. പണിയ സമൂഹം കൂടുതലുള്ള കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, പനമരം ബ്ലോക്കുകളിലാണ് കൊഴിഞ്ഞുപോയവര്‍ ഏറെയുള്ളത്.

3. പഠനമുപേക്ഷിച്ചവരില്‍ 76 ശതമാനവും പണിയ വിഭാഗത്തിലുള്ളവരാണ്.

4. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി പഠനത്തിനിടെ കൊഴിഞ്ഞുപോയവരുടെ എണ്ണം കൂടുതലാണ്.

5. പഠനം അവസാനിപ്പിച്ചവരില്‍ 61 ശതമാനം ആണ്‍കുട്ടികളാണ്.

6. പൂര്‍ണമായി പഠനമുപേക്ഷിക്കാത്ത 71 കുട്ടികളില്‍ 60 ശതമാനത്തിലധികവും 15 ദിവസമായി വിദ്യാലയത്തിലെത്താത്തവരാണ്.

7. 79 ശതമാനം കുട്ടികളും ഒരു വര്‍ഷത്തിലധികവും 12 ശതമാനം ആറുമാസത്തിലധികമായും സ്‌കൂളുകളില്‍ പോവാത്തവരാണ്.

8. പഠനം നിര്‍ത്തിയവരില്‍ പകുതിയോളം വെറുതെ ഊരുകളിലിരിക്കുന്നു.

9. പഠനമുപേക്ഷിച്ചവരില്‍ 32 ശതമാനം കുട്ടികള്‍ സ്ഥിരമായി കൂലിപ്പണിയ്ക്കു പോവുന്നവരാണ്.

10. കൊഴിഞ്ഞുപോയ 60 ശതമാനം കുട്ടികളും തുടര്‍പഠനത്തിനാഗ്രഹിക്കുന്നു.

11. കുടിലുകളിലെ ശോചനീയാവസ്ഥ കൊഴിഞ്ഞുപോക്കിനു കാരണമെന്ന് കുട്ടികള്‍.

12. ആദിവാസി ശിശുസൗഹൃദമില്ലായ്മയും അധ്യാപകരുടെ വിവേചനവും പഠനമവസാനിപ്പിക്കാന്‍ കാരണമായെന്ന് ഊരുകൂട്ടര്‍. 

13. അക്ഷര-സംഖ്യാപഠനത്തിലെ അടിത്തറയില്ലായ്മ  ക്ലാസ്സ് മുറികളെ വെറുക്കാന്‍ കാരണമായി.

14. ഹോംവര്‍ക്കിനു സഹായിക്കാന്‍ കഴിയാത്ത രക്ഷിതാക്കളും സഹോദരങ്ങളും പഠനം നിര്‍ത്താന്‍ പ്രേരണയായി.

15. പഠനമുപേക്ഷിച്ച് കൂലിപ്പണിക്കുപോവുന്ന കൂട്ടുകാരുടെ സ്വാധീനം.

16. ആദിവാസി ഭാഷയോടുള്ള അവഹേളനം.

17. സ്വസമുദായത്തില്‍പ്പെട്ട അധ്യാപകരുടെ അഭാവം.

18. ആദിവാസികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ ദുരുപയോഗം.

പഠനത്തിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍, ബാലാവകാശ കമ്മീഷന്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയ്‌ക്കെല്ലാം നീതിവേദി നല്‍കിയിട്ടുണ്ട്. നിരത്തുന്ന വസ്തുതകള്‍ക്കൊപ്പം ചില ശുപാര്‍ശകളും ഇവര്‍ നല്‍കിയിട്ടുണ്ട്.

1. ആദിവാസി ഭാഷയില്‍ പ്രാവീണ്യമുള്ള, അതേവിഭാഗത്തിലുള്ള അധ്യാപകരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി കണ്ടെത്തി നിയമിക്കുക.

2. ആദിവാസി മേഖലയില്‍ ജോലിക്കെത്തുന്ന അധ്യാപകര്‍ക്ക് ആദിവാസി ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കുക. 

3. കുടുതലിടങ്ങളില്‍ ആശ്രമ വിദ്യാലയങ്ങള്‍ ആരംഭിക്കുക. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഹയര്‍ സെക്കണ്ടറി പഠനത്തിനുള്ള സൗകര്യമൊരുക്കുക. ഹോസ്റ്റലുകളിലെ ജീവനക്കാര്‍ ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്നുറപ്പാക്കുക. 

4. ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലകസംവിധാനം പുനഃപരിശോധിക്കുക. പഠിച്ച വിദ്യാലയത്തിനടുത്തോ ഊരുകള്‍ക്കടുത്തേയ്ക്കുള്ള സ്‌കൂളുകളിലോ പ്രവേശനം ഉറപ്പാക്കുക.

5. കലാ-കായിക പരിശീലനത്തിന് പ്രത്യേക സംവിധാനമൊരുക്കുക.

6. ആദിവാസി ഭാഷയില്‍ പ്രീ-പ്രൈമറി പഠനം ഉറപ്പുവരുത്തുക. പ്രൈമറി ക്ലാസ്സുകളില്‍ ഇതേ ഭാഷയ്ക്കു സ്ഥാനം നല്‍കുക.

7. സമഗ്രമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക.

8. പഠന പ്രോത്സാഹന പരിപാടികള്‍ ആവിഷ്‌ക്കരിക്കുക. 

9. ആനുകൂല്യങ്ങള്‍ പണമായി കൈമാറാതെ പഠനസാമഗ്രികളും വസ്ത്രങ്ങളുമായി അധ്യയന വര്‍ഷാരംഭത്തില്‍ അനുവദിക്കുക. 

10. കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാനായി ആവിഷ്‌ക്കരിച്ച ഗോത്രസാരഥി കുറ്റമറ്റതാക്കി മുഴുവനിടങ്ങളിലേക്കും വ്യാപിപ്പിക്കുക. 

11. മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി നിരന്തര കൗണ്‍സിലിങ്ങിന് വിധേയരാക്കുക. 

12. വിദ്യാലയങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുക. 

13. ഊരുകള്‍ കേന്ദ്രീകരിച്ച് പഠനസജ്ജമായ പഠനവീടുകള്‍ നിര്‍മ്മിക്കുക. 

14. രക്ഷിതാക്കള്‍ പണിക്കുപോവുന്നതിനാല്‍ പ്രഭാതഭക്ഷണം നിക്ഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഊരുകളില്‍ സമൂഹ അടുക്കള സ്ഥാപിക്കുക. 

15. പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും മോണിറ്ററിംഗ് സമിതി രുപവത്ക്കരിക്കുക. 

വസ്തുതകളുടെയും നിര്‍ദ്ദേശങ്ങളുടെയും അഭാവമല്ല ഈ സാമുഹ്യദുരന്തത്തിനു കാരണമെന്ന് അറിയാത്തവരില്ല. ആത്മാര്‍ത്ഥതയുള്ള പൊതുബോധമാണിവിടെ ഇല്ലാതെ പോവുന്നത്.  ഭൂമുഖത്തു നിന്നു തുടച്ചുനീക്കപ്പെട്ട തദ്ദേശീയ ജനവിഭാഗങ്ങളുടെ പട്ടികയിലേക്കു നടന്നടുക്കുന്ന ആദിവാസി ഗോത്രങ്ങള്‍ മുന്നിലുണ്ടെന്ന അവബോധം ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തെ പ്രധാന ഗോത്രസമൂഹമായ പണിയരുടെ ആയുര്‍ദൈര്‍ഘ്യം നാല്പതിനടുത്താണെന്ന ഞെട്ടിപ്പിക്കുന്ന വിവരം മൂടിവയ്ക്കാനുള്ളതല്ല. കുഞ്ഞുങ്ങളുടെ കൊഴിഞ്ഞുപോക്കുമായി ബന്ധിപ്പിച്ച് ഈ ദുരന്തത്തെ സമൂഹത്തിനു കാണാനാവണം.  

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് രാമദാസ്)

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍