UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണീരും കഷ്ടപ്പാടുമല്ല; ഈ കുട്ടികള്‍ ചരിത്രത്തിന്റെ പടിവാതില്‍ക്കലാണ്

Avatar

അഴിമുഖം പ്രതിനിധി

അഖിലേന്ത്യാ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയില്‍ എഴുതേണ്ടിയിരുന്ന ഒരു ചോദ്യം ശുചിത്വത്തെകുറിച്ചായിരുന്നു.

ശുചിത്വം എന്ന വാക്ക് അവര്‍ കേട്ടിരുന്നില്ല. 

അതുകൊണ്ടു തന്നെ ആ വാക്കുമായി ബന്ധപ്പെട്ട് കിട്ടിയ വിഷയത്തില്‍ എന്തെഴുതണമെന്ന് അറിയില്ലായിരുന്നു. മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആ 24 പേരും പരാജയപ്പെടുമായിരുന്നു. 

ഒരു ദീര്‍ഘദൂര ബസ് യാത്രയിലെ അനുഭവമായിരുന്നു രണ്ടാമത്തെ ചോയ്‌സ്. 

വാസ്തവത്തില്‍, ആ കുട്ടികളെ സംബന്ധിച്ച് അങ്ങനെയൊന്ന് അനുഭവിച്ചത് പാലക്കാട് നിന്ന് കോഴിക്കോടേക്ക് പരീക്ഷയെഴുതാന്‍ വന്നപ്പോഴാണ്. 

ആദ്യാനുഭവത്തിന്റെ മധുരസ്മരണകള്‍ പകര്‍ത്തുക അവര്‍ക്ക് എളുപ്പമായിരുന്നു.

ഇത്തരത്തില്‍, ആ കുട്ടികളെ സംബന്ധിച്ച് അവര്‍ പഠിച്ചതും അറിഞ്ഞതും, അതുവരെയുണ്ടായിരുന്ന അവരുടെ ജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായവയാണ്.

ആ 24 കുട്ടികളും അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നായി വന്നവരായിരുന്നു. അഗളി, കൂക്കുംപാറ, കാരയറ, ജല്ലിപ്പാറ, ഷോളയൂര്‍ കോട്ടത്തറ സ്‌കൂളുകളിലായി പഠിക്കുന്നവര്‍. അവരുടെ ജീവിതസാഹചര്യങ്ങളും, എന്തിന് ഭാഷപോലും പരസ്പരം സാമ്യമില്ലാത്തതായിരുന്നു. തമ്മില്‍ വളരെയേറെ അടുത്തിരിക്കുന്നു. അവര്‍ നല്ല കൂട്ടുകാരായിരിക്കുന്നു. പരസ്പരം ഫോണ്‍ വിളിക്കുന്നു, ഒരാള്‍ മറ്റൊരാളുടെ വീട്ടില്‍ പോയി താമസിക്കുന്നു.

ഇവരില്‍ 15 പേര്‍ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ വിജയിച്ചിരിക്കുന്നു. ഇതെത്രമേല്‍ വലിയ നേട്ടമാണെന്ന് ചിന്തിക്കൂ. സിബിഎസ്‌സി സിലബസില്‍ നടത്തുന്ന പരീക്ഷയാണത്. ഭാഷയും, ന്യൂമറിക്കല്‍ എലിജിബിലിറ്റിയും ഇന്റലിജന്‍സ് ടാലന്റും ഉള്‍പ്പെടുത്തിയുള്ള ചോദ്യാവലിയായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്.

ഇനി അഭിമുഖ പരീക്ഷയുണ്ട്. അതില്‍ വിജയിച്ചാല്‍ മെഡിക്കല്‍ ടെസ്റ്റ്.

ഈ പതിനഞ്ചു കുട്ടുകള്‍ക്കും അതിനു കഴിയുമോ! സാധിച്ചാലത് ചരിത്രമാണ്. 

അവര്‍ രാജ്യത്തെ ഏറ്റവും അഭിമാനകരമായൊരു വിദ്യാഭ്യാസകേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. പതിനഞ്ചില്‍ ഒരാള്‍ മാത്രമെ സൈനിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി മാുന്നുള്ളുവെങ്കില്‍പ്പോലും ആഹ്ലാദത്തിന് ഒരു കുറവും വരില്ല. 

ഫെബ്രുവരി പകുതി കഴിഞ്ഞാണ് അഭിമുഖവും മെഡിക്കലും. അതിന്റെ ഫലം എന്തുമാകട്ടെ. അതപ്പോള്‍ പറയാം.

ശ്രദ്ധിച്ചിട്ടുണ്ടോ? അട്ടപ്പാടി നമുക്ക് കണ്ണീര്‍ക്കഥളുടെ നാടാണ്. നേട്ടങ്ങളുടെയും വിജയങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നില്ല. അങ്ങനെയൊന്നും നടക്കാത്തതുകൊണ്ടല്ല. അതാണ് നിര്‍ഭാഗ്യം…

ഈ 24 കുട്ടികളെക്കുറിച്ച് കേള്‍ക്കൂ. പരീക്ഷയില്‍ അവരില്‍ പകുതിപ്പേരേ വിജയിച്ചിട്ടുള്ളായിരിക്കാം. ജയവും തോല്‍വിയും മാറ്റിനിര്‍ത്തു.

ഒരു ഡ്രൈവര്‍ ആവുക എന്ന ‘വലിയ’ സ്വപ്‌നം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ചോദിച്ചു നോക്കൂ, അവരുടെ ലക്ഷ്യങ്ങളായി ഡോക്ടറും പൊലീസ് ഓഫിസറും മിലട്ടി ഉദ്യോഗസ്ഥനും കമ്പ്യൂട്ടര്‍ എഞ്ചിനിയറുമൊക്കെ വന്നിരിക്കുന്നു.

ആദിവാസികളെക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ അധികമൊന്നും മിണ്ടാത്ത വിഷയമാണ് ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസം. ഈ ജനവിഭാഗത്തിനു ചെയ്തുകൊടുക്കേണ്ട പ്രധാനപ്പെട്ടതും അത്യാവശ്യമായതുമായ ഈ സേവനത്തില്‍ പൊതുവെ നമ്മള്‍ താത്പര്യം കാണിക്കാറില്ല. അതില്‍ നിന്നും വ്യത്യസ്തമായി കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നതാണ് ഇപ്പോള്‍ 15 കുട്ടികള്‍ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന്റെ പടിവാതില്‍ക്കല്‍വരെ എത്തിയതിനു കാരണം. 1991 ബാച്ച് അലുമ്‌നി kazhaks’91 തയ്യാറാക്കിയ ‘പ്രൊജക്ട് ഷൈന്‍’ പദ്ധതി പ്രകാരമായിരുന്നു 24 കുട്ടികളെ കണ്ടെത്തി പ്രവേശനപരീക്ഷയ്ക്ക് പരിശീലിപ്പിച്ചത്. kazhaks’91 ലെ ബാബു മാത്യുവും ഭാര്യ ലിറ്റിയും ചേര്‍ന്ന് കഴിഞ്ഞ എട്ടുമാസങ്ങളില്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലം. ഇവര്‍ക്കൊപ്പം ഷോളയൂര്‍ സ്‌കൂളിലെ അധ്യാപിക ലേഖ, സൈനിക് സ്‌കൂള്‍ ബാച്ചിലെ മറ്റംഗങ്ങള്‍ ഇവരുടെയെല്ലാം സഹകരണവും കൂടിയായപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് സ്വന്തമായിരിക്കുന്നത്.

കുട്ടികളില്‍ വന്നിരിക്കുന്ന മാറ്റമാണ് ഏറ്റവും വലിയ നേട്ടം. അവര്‍ പരസ്പരം ഇടപഴകാന്‍ പഠിച്ചിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഈ കുട്ടികളുടെ രക്ഷകര്‍ത്താക്കളെ അങ്ങോട്ടു വിളിക്കുകയായിരുന്നു. ഇപ്പോള്‍ ഈ കുട്ടികള്‍ ഞങ്ങളെ വിളിക്കുന്നു. അവര്‍ വിശേഷങ്ങള്‍ തിരക്കുന്നു, അവരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഞങ്ങളിവിടെ എത്തുന്ന സമയത്ത് നേരിട്ടു ചോദിച്ചാല്‍പോലും ഒന്നും മിണ്ടില്ലായിരുന്നു. കുട്ടികള്‍ പരസ്പരം ഫോണ്‍ ചെയ്യാറും കാണാറുമുണ്ട്. നേരത്തെ അവര്‍ക്കിടയില്‍ ഇത്തരമൊരു സൗഹൃദം ഉണ്ടായിരുന്നില്ല. ഒരാള്‍ മറ്റൊരാളുടെ വീട്ടില്‍ അവധി ദിവസങ്ങളില്‍ തങ്ങുന്ന നിലയില്‍ വരെ ആ ബന്ധം വളര്‍ന്നിരിക്കുന്നു. ഈ മാറ്റമാണ് ഞങ്ങള്‍ ആഗ്രഹിച്ചും ലക്ഷ്യമിട്ടതും. പരീക്ഷയും വിജയവുമെല്ലാം അതിന് പിന്നില്‍ വരുന്ന കാര്യങ്ങളാണ്. ആദിവാസികള്‍ക്ക് വേണ്ടത് ഈ ഐക്യമാണ്. തങ്ങള്‍ ഒന്നാണെന്ന ബോധം അവര്‍ക്കുണ്ടായാല്‍ അവര്‍ വിജയിച്ചു. പിന്നെ പുറംലോകത്തിന്റെ ചൂഷണം നടക്കില്ല. വിദ്യാഭ്യാസമാണ് ആദിവാസിയെ സ്വയം തിരിച്ചറിയാന്‍ ശക്തനാക്കുക. അവനെ അവന്‍ തിരിച്ചറിയുന്നതോടെ അവന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും തിരിച്ചറിയുന്നു. അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതൂടെ അട്ടപ്പാടിയടക്കം കേരളത്തിലെ എല്ലാ ആദിവാസിമേഖലകളില്‍ നിന്നും പരിഷ്‌കൃത ചൂഷകര്‍ക്ക് കുടിയിറങ്ങേണ്ടി വരും; ബാബു പറയുന്നു.

ബാബുവിനെയും ലിറ്റിയേയും ഏറ്റവും അധികം സന്തോഷിപ്പിച്ചത് ഊരുകളിലെ മാതാപിതാക്കളുടെ മാറ്റമാണ്. സ്ഥിരമായി കേള്‍ക്കുന്ന കുറ്റപ്പെടുത്തല്‍ ആദിവാസി മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ താത്പര്യമില്ലെന്നാണ്. വളരെ കുറച്ചുപേര്‍ അങ്ങനെയുണ്ടാവാം. ഭൂരിഭാഗം പേരും കുട്ടികളെ പഠിപ്പിക്കാന്‍ താതപര്യപ്പെടുന്നു, അതിനുവേണ്ടി കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തയ്യാറാകുന്നു. പക്ഷേ പലപ്പോഴും അവര്‍ സ്‌കൂള്‍ അധികൃതരാലും അധ്യാപകരാലും തിരസ്‌കരിക്കപ്പെടുകയാണ്. അവരോടുള്ള മനോഭാവം മാറ്റണം. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രശ്‌നങ്ങള്‍ നേരിട്ടന്വേഷിച്ച് അറിയാന്‍ ഇവിടെയുള്ള എത്ര അധ്യാപകര്‍ ശ്രമിക്കുന്നു. കേരളത്തിലെ മറ്റേതെങ്കിലും ഗ്രാമ-നഗരപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നടത്തുന്ന അധ്യായന രീതികള്‍ തന്നെ അട്ടപ്പാടിയിലും നടത്തുകയാണെങ്കില്‍ ഇവിടെ ഒരു മാറ്റവും സംഭവിക്കില്ല. ഒരു ക്ലാസ് മുറിയില്‍ 60-70 കുട്ടികളെ കുത്തി നിറച്ചുവച്ച് അവരെ എന്തു പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്? നമുക്കിവരെ പ്രത്യേകം ശ്രദ്ധിക്കണം. അവരെ തഴയരുത്. നോക്കൂ, ഇപ്പോള്‍ ഈ കുട്ടികള്‍ കൈവരിച്ച നേട്ടം ഒരിക്കലും നിസ്സാരമായി കാണരുത്. ഇതു വലിയ വിജയമാണ്. 15 എന്ന എണ്ണം നമുക്ക് എത്രയോ ഇരട്ടിയാക്കാം.

ന്യൂമെറിക്കല്‍ സെന്‍സ്‌ പോലും ഇല്ലാത്ത കുട്ടികളായിരുന്നു. അഞ്ചും അഞ്ചും കൂട്ടിയാല്‍ പത്താകുന്നത് എങ്ങനെയാമെന്ന് അറിയില്ലായിരുന്നു. വാക്കുകള്‍ കുട്ടിയോജിപ്പിച്ച് വാചകങ്ങള്‍ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. നമ്മള്‍ പൊതുവായി ഉപയോഗിക്കുന്ന പല മലയാളം വാക്കുകളും അവര്‍ കേട്ടിട്ടുപോലുമില്ലായിരുന്നു. മലയാളം അവരെ സംബന്ധിച്ച് പഠിക്കാന്‍ ബുദ്ധിമുട്ടുള്ള അന്യഭാഷയായിരുന്നു. കഴിവതും ആ ഭാഷ ഒഴിവാക്കാനേ അവര്‍ ശ്രമിച്ചുള്ളൂ. അഞ്ചാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മുന്നാം ക്ലാസ് നിലവാരത്തിലുള്ള ഒരു സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തിയിട്ട് അതില്‍പ്പോലും വിജയിക്കാന്‍ ആ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്തരമൊരു അവസ്ഥയില്‍ നിന്നാണ് ഇപ്പോഴത്തെ വിജയത്തിലേക്ക് കുട്ടികള്‍ എത്തിയിരിക്കുന്നത്.

പരിക്ഷയില്‍ അവര്‍ക്ക് രണ്ട് വിഷങ്ങള്‍ കൊടുത്തിട്ട് അതേക്കുറിച്ച് എഴുതാന്‍ ചോദിച്ചിരുന്നു. ഒന്ന് ശുചിത്വത്തെക്കുറിച്ചും രണ്ടാമത്തേത് ഒരു ബസ് യാത്രയെക്കുറിച്ചും.

ശുചിത്വം എന്ന വാക്ക് അവരെ സംബന്ധിച്ച് അപരിചിതനായിരുന്നു. അവരുടെ ഭാഷയില്‍ അതിന് മറ്റൊരു വാക്കാണ് ഉപയോഗിക്കുക. എന്നാല്‍ ബസ് യാത്രയെക്കുറിച്ച് അവരെഴുതി. അട്ടപ്പാടയില്‍ നിന്നും ഞങ്ങള്‍ പരീക്ഷ നടന്ന കോഴിക്കോട് വരെ അവരെ ബസില്‍ ആയിരുന്നു കൊണ്ടു പോയത്. ആ അനുഭവം തന്നെ അവര്‍ എഴുതി. കുട്ടികളുടെ പ്രായോഗിക ബുദ്ധിയില്‍ വന്ന മാറ്റമാണത്. അറിവും വിദ്യാഭ്യാസവും പുസ്തകത്താളുകളിലും ക്ലാസ് മുറികളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങളല്ല. പഠിപ്പിക്കുന്നതല്ല മുഖ്യം പഠിക്കുന്നതാണ്. ഒരാള്‍ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക് അതിനുവേണ്ടിയുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതാണ് അധ്യാപകന്റെ കര്‍ത്തവ്യം. അതൊരിക്കലും ജോലി തീര്‍ക്കലല്ല- ലിറ്റി ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളായി ആറെണ്ണം അട്ടപ്പാടിയില്‍ ഉണ്ട്. ഇവിടെ നിന്നെല്ലാം മിടുക്കരായ കുട്ടികള്‍ പഠിച്ചിറങ്ങുന്നില്ലെന്നല്ല. അഞ്ഞൂറോളം പോസ്റ്റ് ഗ്രാജ്വേറ്റുകാര്‍ അട്ടപ്പാടിയില്‍ ഉണ്ട്. പക്ഷേ അവരെപ്പോലും വേണ്ടരീതിയില്‍ പൊതുസമൂഹം പരിഗണിക്കുന്നില്ല. പലരും ക്രൂരമായ പെരുമാറ്റം പേടിച്ച് തിരികെ ഊരിലേക്ക് പോരുകയും പിന്നീട് മറ്റൊരു തലത്തിലേക്ക് ഉയരാതെ കീഴടങ്ങുകയുമാണ്.

നമുക്ക് പറയാനും എഴുതാനുമൊക്കെ കഴിയുമായിരുന്ന എത്രയോ നല്ലവാര്‍ത്തകള്‍ ഇങ്ങനെ ആരാരുമറിയാതെ അട്ടപ്പാടിയില്‍ മറഞ്ഞുകിടപ്പുണ്ടാകാം.

ഈ കുട്ടികളെങ്കിലും അങ്ങനെയല്ലാതാകട്ടെ… അട്ടപ്പാടിയിലെ കുഞ്ഞുങ്ങളെ വിദ്യാഭ്യാസത്തിന്റെ നല്ലവഴിയിലൂടെ നടത്തിക്കണം. അവര്‍ നമ്മള്‍ തേടിവരുന്നതും കാത്തിരിക്കാതെ, കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നാലും നമുക്ക് അവരെ തേടിച്ചെല്ലാം, ബാബുവും ലിറ്റിയുമൊക്കെ ചെയ്തതുപോലെ… എന്നിട്ട് കൈപിടിച്ചുയര്‍ത്താം…

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍