UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടിയില്‍ നിന്നു നല്ല വാര്‍ത്ത; 15 ആദിവാസി കുട്ടികള്‍ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ വിജയിച്ചു

അഴിമുഖം പ്രതിനിധി

ഈ നേട്ടം ഏറെ ആഹ്ലാദം തരുന്നു, ഈ കുട്ടികള്‍ വലിയ പ്രതീക്ഷയും…

അട്ടപ്പാടിയിലെ 15 ആദിവാസി കുട്ടികള്‍ സൈനിക് സ്‌കൂള്‍ പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ വിജയിച്ചിരിക്കുന്നു.

ഇനിയവരുടെ മുന്നില്‍ അഭിമുഖവും മെഡിക്കല്‍ ടെസ്റ്റും എന്ന കടമ്പകള്‍ മാത്രം. ഇവ രണ്ടു കൂടി കടന്നെത്തിയാല്‍  സൈനിക് സ്‌കൂളില്‍ പ്രവേശനം നേടുന്ന ആദിവാസി കുട്ടികളെന്ന ചരിത്ര നേട്ടം ഈ പതിനഞ്ചു മിടുക്കന്മാരും സ്വന്തമാക്കും.

അട്ടപ്പാടിയിലെ ആറു സ്‌കൂളുകളില്‍ നിന്നുള്ള 25 കുട്ടികളെയാണ് സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തിലേക്ക് തെരഞ്ഞെടുത്തത്. ഇവരില്‍ 15 പേരാണ് 2016 ജനുവരി മൂന്നിന് നടന്ന ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രസ് പരീക്ഷയില്‍ വിജയിച്ചിരിക്കുന്നത്. 

അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ 1991 ലെ ബാച്ച് അലുമിനി kazhask 91 തയ്യാറാക്കിയ ‘പ്രൊജക്ട് ഷൈന്‍’ പദ്ധതിപ്രകാരമായിരുന്നു 24 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കിയത്. 

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍


kazhaks’91 ലെ അംഗം ബാബു മാത്യുവും ഭാര്യ ലിറ്റിയും ചേര്‍ന്നാണ് ഈ പദ്ധതിക്കു നേതൃത്വം വഹിച്ചത്. അഗളി, കൂക്കുംപാര, കാരയറ, ജല്ലിപ്പാറ, ഷോളയൂര്‍ കോട്ടത്തറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ഇവര്‍ ആറുമാസം എല്ലാ ശനിയാഴ്ച്ചകളിലുമായി പരിശീലനം നല്‍കിയത്.

2005 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച, അഞ്ചാം ക്ലാസ് തലത്തില്‍ പഠിക്കുന്ന ആണ്‍ കുട്ടികളെയായിരുന്നു ഇതിനായി തെരഞ്ഞെടുത്തത്. സിബിഎസ്‌സി സിലബസില്‍ ആയിരുന്നു പരീക്ഷ. ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, ഇന്റലിജന്‍സ് ടാലന്റ് എന്നിവ ഉള്‍പ്പെടുത്തിയതായിരുന്നു പരീക്ഷയുടെ ചോദ്യാവലി.

ഫെബ്രുവരി പകുതി കഴിഞ്ഞ് എറണാകുളത്തുവച്ചാണ് അഭിമുഖ പരീക്ഷയും അതിനുശേഷമുള്ള മെഡിക്കല്‍ ടെസ്റ്റും നടക്കുന്നത്. ഇവയില്‍ കൂടി വിജയിച്ചെത്തിയാല്‍ പിന്നെ നമുക്കീ കുട്ടികളെ കുറിച്ച് എന്നും അഭിമാനത്തോടെ ഓര്‍ക്കാം. കാരണം അവര്‍ സ്വന്തമാക്കിയിരിക്കുന്ന നേട്ടം അത്രമേല്‍ വലിയതാണ്. ദാരിദ്ര്യത്തിന്റെയും കണ്ണീരിന്റെയും കഥകള്‍ പറയാന്‍ വേണ്ടി മാത്രം നാം ഓര്‍ക്കുന്ന അട്ടപ്പാടി ഇനി ഇതുപോലുള്ള മിടുക്കന്മാരുടെ വിജയകഥകളുടെ നാടായി മാറട്ടേ…അതിനായി പ്രാര്‍ത്ഥിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍