UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട്ടില്‍ ഒരു ആദിവാസി എങ്ങനെ ജീവിക്കും?

Avatar

രമേഷ്‌കുമാര്‍ വെളളമുണ്ട

മൊതക്കര നാലുസെന്റ് കോളനിയിലെ ഒരു കോണിലാണ് കയമ എന്ന ആദിവാസിയുടെ വീട്. ശരിക്കും ഒരു കൂര എന്ന വിശേഷണമായിരിക്കും ചേരുക. അഞ്ചു മക്കളും വെള്ളച്ചിയും അടങ്ങുന്നതാണ് കയമയുടെ കുടുംബം.ഒറ്റമുറി വീടിനുള്ളിലെ അടുപ്പ് കയമക്ക് പണിയുള്ള ദിവസങ്ങളില്‍ മാത്രമാണ് പുകയുക.രണ്ടും മൂന്നും നാലും ഏഴും എട്ടും പത്തും വയസ്സുള്ള കുട്ടികളില്‍ മൂന്നു പേര്‍ക്ക് ഒരു ജോഡി വസ്ത്രമുണ്ട്.അത് അദ്ധ്യയനവര്‍ഷം ആദ്യം അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പോയപ്പോള്‍ കിട്ടിയതാണ്.പിന്നീടത് മാറ്റിയിട്ടില്ല.മാറ്റിയുടുക്കാന്‍ തുണിയില്ലാത്തതുകൊണ്ട് അലക്കുന്നുമില്ല.ആകെ ഒറ്റ മുറിയുള്ള വീടായതിനാല്‍ നിലത്തുള്ള അടുപ്പില്‍ നിന്നും മുറിയാകെ പുക കൊണ്ട് നിറയും.അതിനുള്ളില്‍ ഒരു തവണ കയറിയാല്‍ പോലും ശരീരമാകെ പുക മണക്കും.സ്ഥിരം അന്തിയുറങ്ങുന്ന ഇവരുടെ കാര്യം പറയാനില്ല.ഈ പുകയുടെ മണമാണ് രണ്ടു കുട്ടികളുടെയും സ്‌കൂളില്‍ പോക്കുനിര്‍ത്തിയത്. ക്ലാസ്സു മുറിയില്‍ തൊട്ടടുത്തിരിക്കുന്ന കുട്ടികളൊക്കെ മൂക്കി പൊത്തിയിരിക്കുന്ന കാണുമ്പോ ഇവരെങ്ങനെ സ്‌കൂളില്‍ പോകും.“പിന്നെ നാന്‍ എനത്തെ ചെയ്യുവ.. വീടില്ല ഉസ്‌കൂല് പൂവ്വ കുപ്പായൊ കാണി.”  മക്കളെ പഠിപ്പിനെ കുറിച്ച് ചോദിച്ചാല്‍ കയമ ഇങ്ങനെയാണ് പറയുക.വെള്ളിച്ചിക്കും കയമക്കുമൊന്നും അക്ഷരം അറിയില്ല.മക്കള്‍ക്കും ഇതുതന്നെ സ്ഥിതി.

തോന്നിയാല്‍ പണിക്കു പോകും. ഇല്ലെങ്കിലും അവിടെയും ഇവിടെയുമെല്ലാം കുടുംബത്തോടൊപ്പം അലയും.റേഷന്‍ വാങ്ങാന്‍ കാര്‍ഡില്ല.പുര ചോര്‍ന്നപ്പോ നനഞ്ഞുപോയതാണ്.അതുകൊണ്ട് സൗജന്യ അരിയുമില്ല.വല്ലപ്പോഴും പണിക്കുപോകുമ്പോ കിട്ടുന്ന പൈസകൊണ്ട് കുറച്ച് അരിവാങ്ങും.അതു തീര്‍ന്നാല്‍ പിന്നെ ആരെങ്കിലും പണിക്ക് വിളിക്കണം. ഇല്ലെങ്കില്‍ പട്ടിണി തന്നെ. രോഗം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ യാത്രാ പൈസയില്ല. അതുകൊണ്ട് പുരയില്‍ തന്നെ കഴിയും. കയമക്ക് ഇപ്പോള്‍ പ്രായം കഷ്ടി നാല്‍പ്പത് കഴിഞ്ഞതേയുള്ളൂ. ആരോഗ്യ സ്ഥിതി നോക്കിയാല്‍ ഒരു വൃദ്ധന്റേതിന് സമാനമാണ്. ഒരു തൂമ്പ എടുത്ത് കിളക്കാനുള്ള ആരോഗ്യം പോലും ശരീരത്തില്‍ ശേഷിക്കുന്നില്ല. അമിതമായ മദ്യപാനവും  പട്ടിണിയുമാണ് കയമയെ ഇക്കോലത്തിലാക്കിയത്. വെള്ളച്ചിയുടെയും മക്കളുടെയും കാര്യം അതിലേറെ കഷ്ടമാണ്. ഒട്ടിയ വയറുമായി പോഷകാഹാരം കിട്ടാതെ മരണത്തിലേക്ക് നടന്നടക്കുകയാണ്  ഈ അമ്മയും കുരുന്നുകളും. സര്‍ക്കാരിന്റെ കണക്കില്‍ നാലു സെന്റ് ഭൂമിയുടെ ഉടമയാണ് ഈ പണിയ കുടുംബം. ഇതിലൊരു വീട് പണിയാന്‍ കരാര്‍ നല്‍കുന്നതോടെ പഞ്ചായത്തിന്‍റെ എല്ലാ ഉത്തരവാദിത്തങ്ങളും അവസാനിക്കുന്നു. 

വയനാട്ടിലെ പ്രാക്തന വിഭാഗമായ പണിയര്‍ എന്ന കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സമൂഹത്തിന്‍റെ ശരാശരി ജീവിതമാണിത്. പെരുമഴയത്ത് ഒറ്റപ്പെട്ടു പോകുന്ന ഇവര്‍ക്ക് വേണ്ടി ആരെങ്കിലും സംസാരിച്ചാല്‍ അധികൃതര്‍  പതിവായി പറയും …ഇവരൊന്നും നന്നാകില്ല?പണിയരുടെ ശരാശരി ആയുസ്സ് നാല്‍പ്പതു വയസ്സാണെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുമ്പോഴും ഇതിനാരാണ് കുറ്റക്കാര്‍ എന്ന കാര്യത്തില്‍ അവര്‍ മൌനം പാലിക്കുന്നു. 

മാനന്തവാടി-തിരുനെല്ലി റോഡില്‍ നിന്നും അല്‍പ്പം കാടിനുള്ളിലൂടെ സഞ്ചരിച്ചാല്‍ ആദിവാസികളുടെ സങ്കേതമായ അപ്പപ്പാറയിലെത്താം. ബ്രഹ്മഗിരി മലനിരകള്‍ക്ക് താഴെ പുല്ലുമേഞ്ഞതും ഓടിട്ടതുമായ വീടുകള്‍ ദൂരെ നിന്നും കാണാം. കാലങ്ങളായി ഈ കാഴ്ചകള്‍ക്ക് പുതുമയൊന്നുമില്ല. നാടായ നാടൊക്കെ വികസനത്തിന്റെ കഥകള്‍ പറയുമ്പോള്‍ വയനാടിന്റെ ആദിവാസികളുടെ ഗ്രാമങ്ങള്‍ക്ക് ഇന്നും പറയാനുള്ളത് ദുരവസ്ഥകള്‍ മാത്രമാണ്. കാട്ടുനായ്ക്കര്‍,വട്ടക്കുറുമര്‍,അടിയര്‍,പണിയര്‍,കുറിച്യര്‍ തുടങ്ങിയവരുടെ ഇരുപത്തഞ്ചോളം ആദിവാസി വീടുകള്‍ ഇവിടെയുണ്ട്. ഭൂരിഭാഗം വിടുകളും ചിതലരിച്ച് ഏതു സമയവും നിലം പൊത്താന്‍ വെമ്പി നില്‍ക്കുന്നു. ദാരിദ്ര്യം രോഗം വിഷാദം എന്നിവയോട് പൊരുതി കഴിയുന്ന നാല്‍പ്പതോളം മനുഷ്യരെ ഇവിടെ നേരിട്ടുകാണാം. രോഗം വന്ന് തനിയെ കാലുകള്‍ മുറിഞ്ഞുപോയ തോല്‍പ്പെട്ടി ആനക്യാമ്പ് കോളനിയിലെ രാജു മുതല്‍ കാട്ടാന ചുഴറ്റിയെറിഞ്ഞ ബേഗൂരിലെ ലീല വരെയുള്ളവര്‍ ഇവരുടെ ജിവിത കഥകള്‍ പറയും.

‘മക്കള് ഉസ്‌ക്കൂള് പൂവക്കാണി വഴിയില് ആനയുള..പണിയൊഞ്ചു കാണി പിന്നെ എനത്തെ കാട്ടുവ..’മഴക്കാലമായതോടെ വന്യമൃഗങ്ങള്‍ക്കിടയില്‍ ജീവിതം പണയപ്പെട്ടുപോയ കാജഗഡി കോളനിയിലെ പത്തോളം വീട്ടുകാരുടെ സങ്കടമാണിത്.

ബെസ്റ്റ് ഓഫ് അഴിമുഖം

അട്ടപ്പാടി:സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍-അഴിമുഖം അന്വേഷണം
വേണ്ടത് കോളനിയല്ല; കൃഷിഭൂമിയാണ്-അരിപ്പ നമ്മളോട് പറയുന്നത്
സ്വാമി അസീമാനന്ദ് സി.കെ.ജാനുവിനെ സന്ദര്‍ശിച്ചതെന്തിന്?
കേരളവും മാവോയിസ്റ്റുകളും: ആദിവാസികള്‍ക്ക് ആയുധം നല്കുമ്പോള്‍
സ്ത്രീ ഒറ്റയ്ക്ക് ജീവിച്ചാല്‍ ആര്‍ക്കാണു പ്രശ്നം? ഭൂപതിയുടെ ജീവിതം

തിരുനെല്ലിക്ക് വടക്ക് മാറി കുടക് മലനിരകളോട് അടുത്തുനില്‍ക്കുന്ന മല്ലികപ്പാറ കോളനിയുടെ സ്ഥിതിയും വ്യതസ്തമല്ല. സ്വകാര്യ കാപ്പിത്തോട്ടത്തിനും വനത്തിനും ഇടയില്‍ അഞ്ച് കുടുംബങ്ങള്‍ കഴിയുന്നു. വനം വകുപ്പ് നല്‍കിയ  താല്‍ക്കാലിക പട്ടയത്തിന്‍മേല്‍ യാതൊരു ഉറപ്പുമില്ലാത്ത ജീവിതം. കാട്ടരുവിയില്‍ നിന്നാണ് ഇവര്‍ക്ക് കുടിവെളളം. കാപ്പി വിളവെടുപ്പ് കാലത്ത് കുറഞ്ഞ ദിവസം പണി കിട്ടും. തൊഴിലുറപ്പിലും വല്ലപ്പോഴും പണികിട്ടുന്നതൊഴിച്ചാല്‍ വരുമാനം ഒന്നുമില്ല. വര്‍ഷത്തിലൊരിക്കല്‍ വനം വകുപ്പിന് വേണ്ടി ഫയര്‍ലൈന്‍ നിര്‍മ്മിക്കാനും വിളിക്കും. ഇതൊന്നും ജീവിക്കാന്‍ തികയില്ല. കര്‍ണ്ണാടകയിലെ കുടകിലേക്കുളള തൊഴില്‍ തേടിയുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്. കുടകിലെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. സ്ത്രികളും കുട്ടികളും പീഢനത്തിന് ഇരയാകുന്നു. അവിവാഹിത അമ്മമാരെന്ന പുതിയ വിലാസവുമായാണ് പലരുടെയും മടക്ക യാത്ര.

തൊണ്ടര്‍നാട് പഞ്ചായത്തിലെ പെരിഞ്ചേരിമലയിലെ അന്ധനായ ആദിവാസി യുവാവ് ബാബു കഴിഞ്ഞ മഴക്കാലത്ത് പട്ടിണി കിടന്നാണ് മരിച്ചത്.വൃദ്ധനായ അച്ഛനും ബാബുവും തനിച്ചായിരുന്നു താമസം. ബാബുവിന്റെ അമ്മ ഒന്നര വര്‍ഷം മുമ്പ് മരിച്ചതോടെ ഒറ്റപ്പെട്ട കുടുംബത്തിന് സഹോദരി ഇടയ്ക്ക് വന്നു നല്കുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയം. ഇതിനിടയിലാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരുന്ന യുവാവ് അവശനായി മരണത്തിന് കീഴടങ്ങിയത്. പട്ടിണി മരണം മാധ്യമങ്ങളില്‍ വന്നതോടെ ഈ കുടുബം റേഷന്‍ വാങ്ങിയതിന്റെ കണക്കുകള്‍ നിരത്തി ട്രൈബല്‍ വകുപ്പും തടിതപ്പി.

ആകെ ആദിവാസി ജനസംഖ്യയുടെ 44.07 ശതമാനമുളള പണിയരാണ് ആയുസിന്‍റെ കാര്യത്തില്‍  ഏറ്റവും പിന്നിലുളളത്. ഇവര്‍ക്കിടയില്‍ മാത്രം പ്രതിമാസം 15 പേര്‍ അകാലത്തില്‍ മരണമടയുന്നു. രോഗവും പോഷകാഹാരക്കുറവുമാണ് ഇവരെ കീഴ്‌പ്പെടുത്തുന്നത്. ഇന്ത്യയുടെ ദേശീയ ശരാശരിയെക്കാള്‍ താഴെയാണ് പണിയരുടെ ആയുര്‍ദൈര്‍ഘ്യം. നാല്‍പ്പത് വയസ്സായി (ആരോഗ്യവകുപ്പ് സര്‍വെ 2007)ജീവിതകാലം ചുരുങ്ങുമ്പോഴും ആരോഗ്യവകുപ്പിന് ഇക്കാര്യങ്ങളില്‍ യാതൊരു കുലുക്കവുമില്ല. അടിയര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ എന്നിവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ രോഗം പടരുന്നത്. സര്‍ക്കാര്‍ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോഴും ആരോഗ്യസുരക്ഷ ലഭ്യമാവുന്നില്ല. പോഷകാഹാരക്കുറവാണ് ഇന്ന് ആദിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ശിശുമരണ നിരക്കും പരിധി വിട്ട് ഉയരുകയാണ്.

പ്രകൃതിയോടും തനതു രുചികളോടും ഇണങ്ങിയ ഭക്ഷണശീലം അന്യമായതോടെ വളരെ എളുപ്പത്തിലാണ് ഇവരെ രോഗം കീഴ്‌പ്പെടുത്തുന്നത്. വനവിഭവങ്ങളും പൊന്നാങ്കണ്ണിയും ഞണ്ട് തുടങ്ങിയവയും ഭക്ഷണമാക്കിയിരുന്ന ശീലം മാറിയതോടെ പോഷകാഹാരം സ്വപ്നം മാത്രമായി. മൂന്നുനേരവും ആഹാരം കഴിക്കാന്‍ സാഹചര്യമില്ലാത്ത ആദിവാസി കുടുംബങ്ങള്‍ ഇവിടെ വയനാട്ടില്‍ ഇപ്പോഴുമുണ്ട്. ഗര്‍ഭിണികളുടെയും ശിശുക്കളുടെയും മരണനിരക്ക് അതുകൊണ്ട് തന്നെ കൂടുതലാണ്.

മുന്‍പ് കാലങ്ങളില്‍ മലമ്പനി വയനാട്ടില്‍ വ്യാപകമായിരുന്നു. എന്നാല്‍ ആദിവാസികളുടെ പ്രതിരോധശേഷി അക്കാലത്ത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. താരതമ്യേന മൂന്നിലൊന്നു മരണം മാത്രമാണ് മറ്റുളളവരെ അപേക്ഷിച്ച് ആദിവാസികള്‍ക്കിടയില്‍ അന്നു സംഭവിച്ചത്. ഭക്ഷണക്രമത്തിലുണ്ടായ മാറ്റമാണ് ഇവര്‍ക്കിടയില്‍  അനീമിയ രോഗം വ്യാപകമാക്കുന്നത്. 

രക്താണുക്കള്‍ അരിവാളിന്റെ രൂപത്തില്‍ വളയുന്ന സിക്കിള്‍സെല്‍ അനീമിയ വയനാട്ടിലെ ആദിവാസികളില്‍ കൂടുതലായി കണ്ടുവരുന്നു. 1400 രോഗികളും 2000 വാഹകരുമായി രോഗം മനുഷ്യക്കുരുതി തുടരുകയാണ്. 1990ല്‍ മുട്ടില്‍ വിവേകാനന്ദ ആസ്പത്രിയിലെ ഉത്തരേന്ത്യക്കാരനായ ഡോക്ടര്‍ സഖ്‌ദേവാണ് ആദിവാസികള്‍ക്കിടയില്‍ ഈ രോഗം തിരിച്ചറിയുന്നത്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ വിദ്ഗധ പരിശോധന ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ പുറംലോകത്തെ അറിയിച്ചു. മാസങ്ങള്‍ ഇടവിട്ട് രക്തം മാറ്റി രോഗിക്ക് ഒരി പരിധിവരെ ആയുസ്സ് നീട്ടിക്കൊണ്ട് പോകാന്‍ കഴിയും. എന്നാല്‍ ഇതിന് വന്‍തുക ചെലവുവരും. ഒരു നേരത്തെ ആഹാരത്തിന് വഴിതേടുന്ന ആദിവാസികള്‍ക്ക് ഇത് ചിന്തിക്കാന്‍ കൂടിക്കഴില്ല. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ തുക ഒന്നിനും തികയുന്നില്ല. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധമാണ് അരിവാള്‍ രോഗത്തിന് കാരണമെന്ന് വൈദ്യശാസ്ത്രം പറയുന്നത്.

വൃത്തിഹീനമായ ചുറ്റുപാടുകള്‍ രോഗസംക്രമണത്തിന് ആദിവാസികള്‍ക്കിടയില്‍ വേഗത കൂട്ടുന്നു. ട്യൂബര്‍ക്കുലോസിസ് ബാസിലസ് എന്നറിയപ്പെടുന്ന ക്ഷയരോഗം ഇവര്‍ക്കിയില്‍ സര്‍വ്വ സാധാരണമാണ്. ‘ബീഡിരോഗം’ വന്നതിനാല്‍ വിരലുകള്‍ അഴുകി നരകയാതനയനുഭവിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്നും കുറവല്ല. രോഗം വരുന്നത് ചെറുക്കാനുള്ള മുന്‍കരുതലുകള്‍ ഗോത്രവിഭാഗത്തിന് ഇന്നും അജ്ഞാതമാണ്. രോഗികള്‍ കുടുംബത്തിലെ മറ്റുളളവരുമായി ഇടപെടുന്നത് രോഗം പടരുന്നതിന് കാരണമാവുന്നു. മരുന്ന് നിര്‍ദ്ദേശിച്ചാലും ഇവ കഴിക്കുന്നതിന് രോഗികള്‍ കാണിക്കുന്ന വിമുഖത ആരോഗ്യവകുപ്പിനും തലവേദനയാണ്.

ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് അര്‍ബുദ രോഗം ആദിവാസികളെ കാര്‍ന്നുതിന്നുന്നുണ്ട്. പുകയിലയുടെ അമിതമായ ഉപയോഗമാണ് ഇതിന് കാരണമായി പഠനങ്ങള്‍ പറയുന്നത്. ചെറുപ്പം മുതലെ പുകയില മുറുക്കുന്നത് ശീലമാക്കിയ തലമുറയൊന്നാകെ ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ്. പലപ്പോഴും രോഗം ഗുരുതരാവസ്ഥയിലെത്തിമ്പോഴാണ് ഇവര്‍ ആസ്പത്രിയെ സമീപിക്കുക. വേദനയോട് മല്ലടിച്ച് വൃണത്തില്‍ പുഴുവരിച്ച് ആരും ശ്രദ്ധിക്കാനില്ലാതെ മരിക്കുന്നവരുടെ എണ്ണത്തിനും കുറവില്ല. പാലിയേറ്റീവ് ചികിത്സകരും ട്രൈബല്‍ വളണ്ടിയര്‍മാരും വളരെ വൈകി മാത്രമാണ് വിവരമറിയുന്നത്.

കോളറയും പകര്‍ച്ചവ്യാധികളും ഏറ്റവും ആദ്യം എത്തുന്നത് ആദിവാസി കോളനികളിലാണ്. പുല്‍പള്ളിയിലെ കരിമം കോളനിയിലും വെള്ളമുണ്ടയിലെ കിണറ്റിങ്ങല്‍ കോളനിയിലുമാണ് കഴിഞ്ഞ മഴക്കാലത്ത് നാലോളം ആദിവാസികള്‍ കോളറ പിടിപെട്ട് മരണമടഞ്ഞത്. കാര്‍ഷിക ജില്ലയ്ക്ക് വിളനാശവും വിലതകര്‍ച്ചയും നേരിട്ടതോടെ ഈ മേഖലയിലെ തൊഴില്‍മാത്രം ആശ്രയിച്ചിരുന്ന ആദിവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. വരുമാനത്തിനായി ചാരായ വാറ്റിനെ ആശ്രയിച്ചവരും ഏറെയുണ്ട്. മദ്യപിച്ച് ഉന്മത്തരായി പട്ടാപകല്‍ പോലും നടക്കുന്ന ആദിവാസി സ്ത്രികള്‍ വയനാട്ടില്‍ ഒരു അപൂര്‍വ്വ കാഴ്ചയല്ല. മറ്റു പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി വീട് ചാരായ വില്‍പ്പന കേന്ദ്രമാക്കി മാറ്റുന്നവരുമുണ്ട്. അധികൃതര്‍ ചാരായവേട്ട വല്ലപ്പോഴും നടത്തുമെങ്കിലും ആദിവാസികള്‍ എന്ന പരിഗണനയില്‍ വിട്ടയക്കുകയാണ് പതിവ്. അനിയന്ത്രിതമായ മദ്യപാനം സ്ത്രികളടക്കമുള്ളവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. നാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇവരില്‍ പലരെയും സന്നദ്ധസംഘടന പ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് അധികൃതരും ആസ്പത്രിയിലെത്തിക്കുമെങ്കിലും രണ്ടു മൂന്നു ദിനങ്ങള്‍ കൊണ്ട് ഇവരെല്ലാം തിരികെയെത്തും. ആസ്പത്രിയില്‍ നിന്നും മരുന്ന് സൗജന്യമായി കിട്ടിയാലും രോഗിയുടെ കൂടെ നില്ക്കുന്നവര്‍ക്ക് ചെലവിന് പണമില്ലാത്തതിനാല്‍ രോഗിയെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുകയാണ് പതിവ്.മനോരോഗം ചികിത്സാവിഭാഗം വയനാട്ടില്‍ ഇല്ലാത്തതിനാല്‍ നൂറുകിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലോ കുതിരവട്ടം മനോരോഗ ആസ്പത്രിയിലോ ചികിത്സ തേടേണ്ടിവരുന്നു. ഇവിയടെയെത്തുന്ന ആദിവാസികളായ രോഗികളെ പിന്നീട് ഏറ്റെടുക്കാന്‍ ആരും വരുന്നില്ല എന്നതും പ്രതിസന്ധിയാണ്. കുട്ടികളടക്കമുള്ളവര്‍ മാനസികമായി നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. 

ആദിവാസികളുടെ ചികിത്സ സൗജന്യമെന്ന് പറയുമ്പോഴും പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രി ഇവര്‍ക്ക് ചികിത്സ നിഷേധിക്കുന്നു. ആവശ്യത്തിന് ഫണ്ട് വകയിരുത്താന്‍ പണമില്ലെന്ന കാരണമാണ് ട്രൈബല്‍ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ആരോഗ്യവകുപ്പാകട്ടെ ഫണ്ട് നല്കിയാല്‍ മാത്രമേ മരുന്ന് നല്‍കുകയുള്ളൂ എന്ന പിടിവാശിയിലുമാണ്.

പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഗവണ്‍മെന്‍റിന്റെയും അടിയന്തിര ശ്രദ്ധ ആവിശ്യപ്പെടുന്ന തരത്തില്‍ കടുത്ത ആരോഗ്യ-സാമൂഹ്യ പ്രശ്നങ്ങളിലൂടെ കടന്നു പോവുകയാണ് വയനാടന്‍ ആദിവാസി ജീവിതം. ഇത് ഒരു തരത്തില്‍ കുറ്റകരമായ അവഗണനയുടെ വംശഹത്യയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍