UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ

Avatar

രാകേഷ് നായര്‍

ദേവന്മാര്‍ നട്ടൊരു നെല്ലിമരമുണ്ടായിരുന്നു ഭൂമിയില്‍, ഒരുപാട് നെല്ലിക്കകള്‍ ഉണ്ടാകുന്നൊരു കൂറ്റന്‍ നെല്ലിമരം. ആ നെല്ലിമരം യുഗങ്ങള്‍ക്കിപ്പുറം മനുഷ്യര്‍ മുറിച്ചു; കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ്. അവര്‍ തമിഴ് തച്ചന്‍മാരായിരുന്നു. വെട്ടിയെടുത്ത നെല്ലിമരത്തിന്റെ തടി മധുരയ്ക്ക് കൊണ്ടുപോയി, കോവിലുകെട്ടാന്‍. ഇടുക്കിയിലെ കുറത്തിക്കുടിയിലായിരുന്നു ദേവന്മാര്‍ നട്ട നെല്ലിമരം. നെല്ലിയില്ലെങ്കിലും അവിടെ ഇപ്പോഴും നെല്ലിമലയുണ്ട്. ഈ നെല്ലിമലയിലും കുറത്തിക്കുടിയിലുമൊക്കെ കുറെ മനുഷ്യരുണ്ട്. അവര്‍ക്ക് പറയാന്‍ ഇനിയും കഥകളുണ്ട്. പക്ഷെ, അവരൊക്കെയിപ്പോള്‍ നെല്ലിമരം നിന്ന ഒരു പിടി മണ്ണിന്റെ അവകാശത്തിനുവേണ്ടി പോരാട്ടത്തിലാണ്. 

ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ മുന്നില്‍ കുടില്‍കെട്ടി, ആദിവാസികള്‍ നില്‍പ്പു സമരം ചെയ്യാന്‍ തുടങ്ങിയിട്ട്. പ്രാന്തവത്കരിക്കപ്പെട്ട ഒരു ജനസഞ്ചയത്തിന്റേതായതുകൊണ്ടാകാം, ഒരു കാഴ്ചപോലും അല്ലാതെ ഈ സമരം മാറുന്നത്. ആര്‍ക്കും ഇവരെ വേണ്ട എന്നൊരു തോന്നല്‍. മഴപെയ്യുന്നുണ്ട്, വെയില്‍ കത്തിപ്പുകയുന്നുണ്ട്. പൊടിക്കാറ്റ് വീശുന്നുണ്ട്. എന്നിട്ടും ആ സമര പന്തലില്‍ നില്‍ക്കുന്നവരുടെ മുഖത്തേക്ക് ആരെങ്കിലും ഒന്നു നോക്കിയാല്‍ പ്രത്യക്ഷപ്പെടുക, ഒരു ചിരിയാണ്; നമുക്കൊന്നും സാധിക്കാത്ത നിഷ്‌കളങ്കമായ ചിരി.

ആ ചിരികളിലൂടെ, ചിരികള്‍ക്കിടയില്‍ തെറിച്ച് വീഴുന്ന ഉറച്ച വാക്കുകളിലൂടെ പിന്നെ പരാതികളിലൂടെയും വേവലാതികളിലൂടെയും സഞ്ചരിക്കുകയാണ് അഴിമുഖം

മങ്കാള്‍
മങ്കാള്‍ ഇടുക്കിയില്‍ നിന്നാണ്. കുറത്തിക്കുടിയില്‍ നിന്ന്. ഞാന്‍ കാണുമ്പോള്‍ ചുറ്റിവച്ച മുടിക്കെട്ടില്‍ എപ്പഴോ മരിച്ചൊരു മല്ലിമൊട്ട് ഏതു സമയത്തും താഴെ വീണുപോകാമെന്ന നിലയില്‍ കിടപ്പുണ്ട്. മുറുക്കാന്‍ നീരിന്റെ ചെറിയൊരു ചോല ഇടതുചുണ്ടിനരികിലൂടെ ഉത്ഭവിക്കുന്നുണ്ട്. ആ ചോല കരകവിയുമെന്ന് വരുമ്പോള്‍ ചെറിയൊരു ഹൂങ്കാരത്തോടെ ദൂരെക്ക് തെറിപ്പിക്കും. കൂട്ടുകാരിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം മുഖത്ത് വന്നത് വേണ്ട എന്ന ഭാവം. രണ്ടാമതും ആവശ്യം ഉന്നയിച്ചപ്പോള്‍, അല്‍പ്പം മാറി നീല പ്ലാസ്റ്റിക് കസേരയില്‍ മങ്കാള്‍ ചെന്നിരുന്നു. സമ്മതം നല്‍കിയതാണ്.

ജോലി ചെയ്യുന്നുണ്ടോ?
‘ജോലീന്നും ഇല്ല’
ഭര്‍ത്താവുണ്ടോ?
‘മ്’
ഭര്‍ത്താവിന് ജോലിയുണ്ടോ?
‘മ്ച്'( ഇല്ലെന്ന് അര്‍ത്ഥം)
അപ്പോള്‍ പിന്നെ എങ്ങിനെ ജീവിക്കും?
‘ങാ…പിന്നെ ജീവിക്കണ്ടേ?’ 
ഒരു ജോലിയും ചെയ്യില്ലേ?
‘പനമ്പ് മെടയും’
എത്രണ്ണം മെടയും?
‘രണ്ട്’
എത്ര രൂപാ കിട്ടും?
‘എമ്പത്’

ഈറ്റവെട്ടി ഉണക്കിയാണ് പനമ്പ് പായ നെയ്യുന്നത്. വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്. ഈറ്റയുടെ ദൗര്‍ലഭ്യം ഈ തൊഴിലിനെ വിഷമസ്ഥിതിയിലാക്കിയിട്ടുണ്ട്. കുറത്തിക്കുടിയിലെ സ്ത്രീകളുടെ  വരുമാന മാര്‍ഗ്ഗമാണ് പനമ്പ് മെടയല്‍. ഈ പനമ്പ് പായ എടുക്കാന്‍ സൊസൈറ്റികളുണ്ട്. അവര്‍ നല്‍കുന്ന കൂലിയാണ് ഒരു പായയ്ക്ക് എണ്‍പത് രൂപ. മാസത്തില്‍ രണ്ട് പായയാണ് ഇപ്പോള്‍ ഇവിടുള്ള പെണ്ണുങ്ങള്‍ മാക്‌സിമം മെടയുന്നത്. അതായത് ഇവരുടെ ഒരു മാസത്തെ വരുമാനം വെറും 160 രൂപ.

മങ്കാള്‍ ചോദിച്ച ആ ചോദ്യമുണ്ടല്ലോ- ജീവിക്കണ്ടേ?- ആ ചോദ്യത്തിലുണ്ട്, മങ്കാളിന്റെ സമര പ്രഖ്യാപനം.

രാജന്‍
മങ്കാള്‍ കൂടുതലൊന്നും സംസാരിക്കാന്‍ തയ്യാറായില്ല. പിന്നെയാണ് രാജനെ കണ്ടത്. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി ചിരിയോടെ രാജന്‍. രാജനും കുറത്തിക്കുടിയില്‍ നിന്നാണ്. രാജന് ഭുമിയുണ്ട്. ചെറിയ തോതില്‍ കൃഷിയുണ്ട്. രണ്ടു പെണ്‍മക്കളുണ്ട്. അവരെ കെട്ടിച്ചയച്ചു. 

കുറത്തിക്കുടിയിലെ ജണ്ടകളിലാണ് രാജനെപ്പോലുള്ള കുറച്ച് കുടുംബങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ഈ ഭൂമിക്ക് സ്വന്തമായ പട്ടയമൊന്നും ഇവര്‍ക്കില്ല. കുറത്തിക്കുടിയില്‍ പട്ടയമുള്ളത് വിരലില്ലെണ്ണാവുന്നവര്‍ക്ക് മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിച്ചുകിട്ടിയതാണത്. എന്നാല്‍ ബാക്കി കുടുംബങ്ങള്‍ക്കൊന്നും അങ്ങിനെയൊരു സൗഭാഗ്യം സര്‍ക്കാര്‍ നല്‍കിയില്ല. കുറത്തിക്കുടിയിലെ ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്ലാന്റ് കെട്ടാന്‍ പോകുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കൊടുക്കാന്‍ തയ്യാറാകാതെ പ്ലാന്റ് കെട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് രാജനെപ്പോലുള്ളവരുടെ പ്രതിഷേധം.

ബെസ്റ്റ് ഓഫ് അഴിമുഖം

വയനാട്ടില്‍ ഒരു ആദിവാസി എങ്ങനെ ജീവിക്കും?
സര്‍ക്കാര്‍ ഞങ്ങളെ കൊന്നു തിന്നട്ടെ; അട്ടപ്പാടിയില്‍ നിന്നുള്ള നേര്‍സാക്ഷ്യങ്ങള്‍
അട്ടപ്പാടി: സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍
ഞാന്‍ ഒരു മനുഷ്യന്‍ അല്ല, ദളിതന്‍ ആണ്
കേരളത്തിലെ ഭൂമി സമരങ്ങള്‍ ചിതറിപ്പോയത് എന്തുകൊണ്ട്?

“ജണ്ടയ്ക്കകത്തു കിടക്കണ ഞങ്ങള്‍ക്ക് കൊഴപ്പമില്ല, എന്നാല് ഭൂമി ഇല്ലാത്തോര് എന്ത് ചെയ്യും? അവരെവിടെപ്പോകും?” ഇതാണ് രാജന്‍ ചോദിക്കുന്നത്. ആദിവാസ പുനരധിവാസ പാക്കേജ് എന്ന വാഗ്ദാനത്തിന്റെ പച്ചയായ ലംഘനമാണ് സര്‍ക്കാര്‍ ഇവിടെ നടത്തുന്നത്.

കുറത്തിക്കുടിയിലെ ആദിവാസികളുടെ ഉപജീവനമാര്‍ഗ്ഗമാണ് കൃഷി. എന്നാല്‍ ഈ കൃഷി ഇപ്പോള്‍ നടത്തുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ് അധികാരികള്‍ പറയുന്നത്. അതിനാല്‍ എല്ലാ കൃഷിയും മതിയാക്കി ജണ്ടയ്ക്കുള്ളില്‍ പോയിക്കിടന്നോളാനാണ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ രാജനെപ്പോലുള്ളവരെ ഭീഷണിപ്പെടുത്തുന്നത്. ആകെയുള്ള വരുമാനമാര്‍ഗ്ഗമാണ്, അത് ഇല്ലാതായാല്‍ ഇവര്‍ പിന്നെങ്ങിനെ ജീവിക്കുമെന്ന് സര്‍ക്കാര്‍ തിരക്കുന്നില്ല. വലിയ ലാഭമൊന്നും ഉണ്ടാകുന്നില്ല. എന്നാലും വയറു പിഴച്ചുപ്പോകും ഈ പാവങ്ങളുടെ അദ്ധ്വാനത്തിലൂടെ. 

രാജന്റെ കൂടെ ഭാര്യ രാജമ്മയും സമരപന്തലില്‍ ഉണ്ട്. രാജമ്മയ്ക്കും രാജന് പറയാനുള്ളതില്‍ കൂടുതലൊന്നും ഉണ്ടായിരുന്നില്ല- ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കണം- അത്രേയുള്ളൂ രാജമ്മയുടെ ആവശ്യം!

നേതാക്കന്മാരുടെ സമ്മതമില്ലാതെ സമരക്കാരോട് സംസാരിക്കുന്നതിനോട് വിയോജിച്ച് സമരപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ മുന്നിലെത്തി. ശരിയാണ്, വസ്തുനിഷ്ഠപരമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും ഈ പാവപ്പെട്ട മനുഷ്യര്‍ക്ക് എന്തറിയാം? അതിന് ഇവരുടെ നേതാക്കന്മാരെ കാണണം. നേതാക്കളെ ഇവര്‍ക്ക് വിശ്വാസമാണ്.

നേതാക്കന്മാര്‍ പറഞ്ഞാല്‍ നിങ്ങള്‍ സമരം അവസാനിപ്പിച്ച് പോകുമോ എന്ന് ചോദിച്ചപ്പോള്‍, അവരൊരിക്കലും അങ്ങനെ ചെയ്യില്ലെന്ന് രാജന്‍ പറഞ്ഞു.

സുരേഷ് മുട്ടുമാറ്റി
ആറളത്തെ ആദിവാസി കൗണ്‍സില്‍  പ്രസിഡന്റാണ് സുരേഷ്. ഈ സമരത്തിന് നേതൃത്വം കൊടുക്കുന്നവരില്‍ ഒരാള്‍. ആദിവാസികളോട്, ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രമല്ല, മൊത്തത്തില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന് നിലപാട് ക്രൂരമാണ്. ഞങ്ങള്‍ക്ക് അവകാശപ്പെട്ടത് തരികയല്ലേ വേണ്ടത്? ആര്‍ക്കുവേണ്ടിയാണ് എല്ലാം തടഞ്ഞ് വച്ചിരിക്കുന്നത്? ഇങ്ങിനെയിട്ട് കഷ്ടപ്പെടുത്തിയാല്‍ പട്ടിണി കിടന്നും ആസുഖം വന്നു എല്ലാം ചത്തോളും എന്ന് ഇവര്‍ കരുതുന്നുണ്ടോ?  ഞങ്ങള്‍ക്കും ഈ നാട്ടില്‍ ജീവിക്കാന്‍ അവകാശമുണ്ട്, അത് നേടിയെടുക്കാനുള്ള സമരമാണിത്. ഇതിനു മുമ്പും പല സ്ഥലങ്ങളിലും ആദിവാസികള്‍ സമരം ചെയ്തിട്ടുണ്ട്.പലയിടത്തും ആ സമരങ്ങളെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിച്ചു. ചിലര്‍ വാഗ്ദാനങ്ങള്‍ നല്‍കി. ഇത്തവണ ഞങ്ങള്‍ക്ക് ഒരു തീരുമാനം വേണം. എല്ലാം ശരിയാക്കാം; എന്ന മറുപടി ഇവിടെ വേണ്ട. സമരം നീളട്ടെ. സുരേഷിന്റെ വാക്കുകളില്‍ ഇനി വിട്ടുകൊടുക്കാന്‍ വയ്യാത്തവന്റെ ഊര്‍ജ്ജമടങ്ങിയിരുന്നു.

ആറളത്തു നിന്ന് ഈ സമരത്തില്‍ പങ്കെടുത്തിരുന്നയൊരാള്‍, രണ്ടാഴ്ച്ച മുമ്പ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞയാഴ്ച അറിഞ്ഞു, അയാള്‍ മരിച്ചുപോയെന്ന്. മഞ്ഞപ്പിത്തമായിരുന്നു. അസുഖം കൂടിയാല്‍ കൊണ്ടുപോകാന്‍ ഒരാശുപത്രിയില്ല അവിടെ. കീലോമീറ്ററുകള്‍ പോണം നല്ലൊരു ആശുപത്രിയിലേക്ക്. വേനല്‍ക്കാലത്ത് മാത്രമേ വാഹന സൗകര്യം ഉണ്ടാകൂ. ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സൗകര്യം കിട്ടാതെയാണ് ആദിവാസികളില്‍ കൂടുതല്‍ പേരും മരിക്കുന്നത്. 

ആറളം ഫാമിലെ കൈതച്ചക്ക കൃഷി തരുന്ന കെടുതി വേറെയാണ്. കിലോമീറ്ററോളം വിസ്തൃതിയില്‍ പുറത്തുനിന്നു വന്നവരുടെ കൈതച്ചക്ക കൃഷിയാണത്. ഈ കൈതച്ചക്കകള്‍ തിന്നാനായി കാട്ടില്‍ നിന്ന് ആനകള്‍ ഇറങ്ങുന്നു. കൈതച്ചക്ക കൃഷി സംരക്ഷിച്ചുകൊണ്ട് അതിന്റെ ഉടമകള്‍ ചുറ്റും ശക്തമായ വേലി കെട്ടിയിട്ടുണ്ട്. എന്നാല്‍ മനുഷ്യവാസപ്രദേശത്തെക്ക് ആനകള്‍ കടന്നുവരുന്നത് പൂര്‍ണമായും തടയാന്‍ വേലിയില്ല.  കഴിഞ്ഞദിവസവും ആനയിറങ്ങി. ഇവിടെ ഞങ്ങളുടെ കൂടെ സമരം ചെയ്യാനുണ്ടായിരുന്ന ഒരാളുടെ കുടില്‍ തകര്‍ത്തു. നാല് കിലോമീറ്ററോളം കാട് തുറന്നു കിടക്കുകയാണ്. ഇവിടെ ശക്തിയുള്ള മതില്‍ കെട്ടണമെന്നാവിശ്യപ്പെട്ട് മന്ത്രി ജയലക്ഷ്മിയെ കണ്ടിരുന്നു. ഫണ്ട് ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു ആ മന്ത്രിയെക്കുറിച്ച് ഞങ്ങള്‍ക്ക്!

അജിത
വയനാട്ടില്‍ അജിതയുടെയും പട്ടികജാതി വികസനവകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മിയുടെയും വീടുകള്‍ വളരെ അടുത്താണ്. അതില്‍ നിന്നും ഒട്ടും ദൂരക്കൂടുതലില്ല, അജിതയും മന്ത്രിയും ഇപ്പോഴുള്ള സ്ഥലങ്ങളും. ഒരാള്‍ സെക്രട്ടേറിയേറ്റിന്റെ അകത്ത്, മറ്റൊരാള്‍ മതിലിനു പുറത്ത്, അത്രമാത്രം. ഒരേ നാട്ടില്‍ നിന്ന്, ഒരേ ഗോത്രത്തില്‍ നിന്ന്, ഒരേ ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാള്‍ തന്റെ ജനതയുടെ നിലനില്‍പ്പിനായി പോരാടുമ്പോള്‍ മറ്റേയാള്‍ക്ക് എങ്ങിനിത്ര നിശബ്ദയായിരിക്കാന്‍ കഴിയുമെന്ന് ചോദിച്ചാല്‍, അജിത ഒരു ചെറുപുഞ്ചിരിയില്‍ എല്ലാമൊതുക്കും. “മന്ത്രി ഒന്നും ചെയ്യുന്നില്ല, ഇല്ലെങ്കില്‍ ചെയ്യാന്‍ പറ്റുന്നില്ലായിരിക്കും. ഞങ്ങള്‍ ആര്‍ക്കെങ്കിലും എതിരേ സമരം നടത്തുകയല്ല. ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്ന് കുടിയിറക്കപ്പെടാതിരിക്കാന്‍ ഒരു വ്യവസ്ഥിതിയോട് മല്ലിടുകയാണ്. ഒരു മാസമായി ഈ സമരം തുടങ്ങിയിട്ട്. ആരും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള പരിഹാര ശ്രമങ്ങള്‍ക്കായി ഞങ്ങളെ സമീപിച്ചിട്ടില്ല. വെറും ചര്‍ച്ചകള്‍ക്ക് ഇനി ആദിവാസികള്‍ക്ക് താല്‍പര്യവുമില്ല.” അജിത പറഞ്ഞു.

ചന്ദ്രന്‍
മുത്തങ്ങയില്‍ നിന്നാണ് ചന്ദ്രന്‍ വന്നിരിക്കുന്നത്. 
‘എത്ര വര്‍ഷായി ഭൂമി തരാന്ന് പറഞ്ഞ് ഞങ്ങളെ കളിപ്പിക്കുന്നു. ആന്റണി അന്ന് പറഞ്ഞതല്ലേ, ആന്റണീം പോയി, അച്യുതാനന്ദനും പോയി ഇപ്പോ ഉമ്മന്‍ ചാണ്ടി വന്നു. ആരും ഞങ്ങള്‍ക്ക് ഭൂമി തന്നില്ല. എല്ലാം ശരിയായിരിക്കുകയല്ലേ? അവിടെയുള്ള സര്‍ക്കാരും പറഞ്ഞു, കോടതിം പറഞ്ഞു ഞങ്ങള്‍ക്ക് ഭൂമി കൊടക്കാന്‍. എന്നിട്ടും ഇവിടുത്തെ സര്‍ക്കാരിനെന്താ?’

പതിഞ്ഞതെങ്കിലും ചന്ദ്രന്റെ വാക്കുകളുടെ അസ്ഥിബലം പ്രായത്തിനും മേലെ ഉറപ്പുള്ളതാണ്. നൂല്‍പ്പുഴ പഞ്ചായത്തിലാണ് ചന്ദ്രന്‍ താമസിക്കുന്നത്.

വീട്ടില്‍ ആരൊക്കെയുണ്ട്?
രണ്ട് മക്കള്,പിന്നെ പെണ്ണുങ്ങളും( ഭാര്യ).
മക്കള് വലുതാണോ?
ഓ…പത്ത് മുപ്പത്തിയഞ്ച് വയസ്സായി
കല്യാണ് കഴിഞ്ഞതാണോ?
‘മ്’
‘ചന്ദ്രന്‍ പണിക്കുപോകുമോ?’
‘അങ്ങിനെ പണീന്നുമില്ല, ആരിക്കും’
‘കൃഷി ചെയ്യുമോ?’
‘കൃഷിയൊന്നുമില്ല. പിന്നെ വലിയവരുടെ വീട്ടിലും പറമ്പിലുമൊക്കെ പോകും. അത് എപ്പളൊന്നും ഇല്ല.’

1972 വരെയുള്ളവര്‍ക്ക് പട്ടയം കൊടുത്തിട്ടുണ്ടെന്നാണ് ചന്ദ്രന്‍ പറയുന്നത്. അതിനുശേഷം ആര്‍ക്കും പട്ടയമില്ല.
‘ പട്ടയമില്ലാതെ ഞങ്ങളെങ്ങനെ ബാങ്കില്‍ നിന്ന്അത്യാവശ്യത്തിന് ഒരു ലോണ്‍ എടുക്കും? പട്ടയമില്ലാത്ത ഭൂമികൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?അവിടെ റോഡുണ്ട്, കറണ്ടുണ്ട്, ആശുപത്രിയുണ്ട്- പക്ഷെ ഒന്നും പ്രയോജനപ്പെടുന്നില്ല. അതുപോലെ ഭൂമിയും’

‘ഈ സമരം തൊടങ്ങീട്ട് ഒരു മാസത്തോളമായി. ഒരു മന്ത്രിപോലും ഞങ്ങളെ കാണാനോ, സംസാരിക്കാനോ വന്നിട്ടില്ല. ഞങ്ങള് ഇനി ഒരു ചര്‍ച്ചക്കും പോണില്ല. മുഖ്യമന്ത്രി വരണം. ഞങ്ങക്ക് ഭൂമി തരണം’ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്ത ആദിവാസിയുടെ പ്രതിഷേധത്തിന്റെ ശബ്ദം ചന്ദ്രന്റെ ആവശ്യങ്ങളില്‍ നിറഞ്ഞിരുന്നു.

‘കമ്യൂണിസ്റ്റ് പാര്‍ട്ടി നിങ്ങളെ സഹായിക്കില്ലേ?’
‘ആരുന്നെങ്കി, അവര്‍ക്ക് തരാരുന്നല്ലോ..? അവരും ഭരിച്ചപ്പം ഭൂമി കൊടുക്കാഞ്ഞതെന്താ? അപ്പോഴും ഭൂമി കൊടുക്കാന്‍ കോടതി പറഞ്ഞിരുന്നതല്ലേ? ആദിവാസികളുടെ ഓട്ടു (വോട്ട്) കൂടുതലും അവര്‍ക്കാണ്. എന്നിട്ടും അവര് ഞങ്ങളെ നോക്കുന്നില്ല. അവരൊക്കെ ഇനീം വരുമല്ലാ…അപ്പോ ഞങ്ങള് ചോദിച്ചോളാം?’

ജാനകി
ആളെയിറക്കാന്‍ നിര്‍ത്തിയ ബസിന്റെ ഹോണടി മുക്കി കളഞ്ഞ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് സമരപ്രഖ്യാപനത്തിന്റെ നീളന്‍ ബാനറിന്റെ ഇങ്ങേയറ്റത്തെ ചെറുകുറ്റിയില്‍ അള്ളിപ്പിടിച്ചിരുന്ന കൈകള്‍ മെല്ലെ അയച്ചുകൊണ്ട് ജാനകി നേരെ നോക്കിയത്. വല്ലാത്ത നാണത്തോടെയാണ് ജാനകി തന്റെ ചോദ്യത്തെ എതിരിട്ടത്. പേര് പറയുമ്പോള്‍ പോലും കണ്ണ് എന്റെ നേര്‍ക്കല്ലായിരുന്ന. നില്‍ക്കുന്നിടത്തു നിന്ന് അല്പം കോണിലേക്ക് മാറി കറുത്തശിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സെക്രട്ടറിയേറ്റിന് മുന്‍പിലെ ദിവാന്‍ മാധവ റാവുവിന്റെ ഗൗരവം മുറ്റിയ മുഖത്തേക്കായിരുന്നു. ഭയമോ, നാണമോ അതോ താല്‍പര്യമില്ലായ്‌മോ? എന്താണ് ജാനകിയുടെ നിശബ്ദതയെന്ന് മനസ്സിലായില്ല. എങ്കിലും ചോദ്യങ്ങള്‍ ചോദിച്ചു. തെല്ലിട തുടര്‍ന്ന നിശബ്ദതയക്ക് കനം കൂട്ടാതെ ജാനകി ബാനര്‍ ഒന്നുകൂടി വലിച്ചു മുറുക്കിയിട്ട് ചോദിച്ചു- ‘എന്ത് പറയാനാ…?’

 ‘എന്തിനാണ് ഇവിടെ സമരം ചെയ്യുന്നത്?’
 ‘ഫൂമിക്ക്?’

കണ്ണൂരിലെ ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലാണ്  ജാനകി താമസിക്കുന്നത്. മക്കളുണ്ട്. ഭര്‍ത്താവ് ഉണ്ടോന്നു ചോദിച്ചപ്പോള്‍ ചിരിച്ചു. ഉണ്ടെന്ന് പിന്നെ പറഞ്ഞു. ഏഷ്യയിലെ മാതൃകാ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ 1500 ഏക്കറോളം ഭൂമി കരാര്‍ കൃഷിയുടെ പേരിലും കയ്യേറ്റം വഴിയും പൈനാപ്പിള്‍ കൃഷിക്കാര്‍(മുതലാളിമാര്‍) കൈക്കലാക്കിയിരിക്കുകയാണ്. അവിടെയുള്ള ആദിവാസികളെ കൊന്നൊടുക്കുന്ന ജനിതകരോഗങ്ങളാണ് കോടികളുടെ ലാഭം ചെത്തിയെടുത്തശേഷം ഈ മുതലാളിമാര്‍ മിച്ചം വയ്ക്കുന്നത്. ഇവിടെ പുനരധിവസിപ്പിച്ചിരിക്കുന്ന ആദിവാസികള്‍ക്ക് കൃത്യമായ തൊഴിലോ, കാര്‍ഷിക വൃത്തിക്കുള്ള സംവിധാനങ്ങളോ നല്‍കുന്നില്ല. കുടിവെള്ളം,വൈദ്യുതി,  വാസയോഗ്യമായ വീട്, ചികിത്സാസൗകര്യം, വിദ്യാലയം- എന്നിവയൊന്നും ഒരുക്കുന്നില്ല. വന്യജീവികളില്‍ നിന്ന് സംരക്ഷണമില്ല.

ജാനകിക്ക് ഇതൊന്നും വ്യക്തമായി പറഞ്ഞു തരാന്‍ അറിയില്ലായിരുന്നു. എന്നാല്‍ ഒരു ജനത നേരിടുന്ന എല്ലാ ദുരിതങ്ങളേയും ജാനകി സ്വന്തം കണ്ണുകളില്‍ പ്രതിനിധീകരിച്ചിരുന്നു.

“അവിടെ പൈനാപ്പിള് കൃഷിയുണ്ടല്ലാ…പൈനാപ്പിള് തിന്നാന് ആന വരും. ഞങ്ങടെ കൂട്ടത്തിലെ ചെലരെക്കെ ഇന്നാള്‌ ആന ചവിട്ടി കൊന്നു. എല്ലാര്‍ക്കും പേടി. ആന എപ്പോഴും വരാം. അത് വരാതാക്കണം. ഇല്ലേ…ആന ഞങ്ങളേം കൊല്ലും”. ഭയം കൊമ്പുകുലുക്കി ചിന്നം വിളിച്ചു നില്‍ക്കുന്നുണ്ട് ഈ ആദിവാസി സ്ത്രീയുടെ മനസ്സില്‍. ഇവരുടെ ജീവനും ജീവിതത്തിനും ഒരു കൈതച്ചക്കയുടെ വിലപോലും ആരും പറയുന്നില്ല.

തങ്കച്ചന്‍
അവസാന നിമിഷത്തിലാണ് തങ്കച്ചന്‍ മുന്നില്‍ വന്നത്. ഞാനൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നായിരുന്നു തങ്കച്ചന്‍ ആദ്യമേ പരിചയപ്പെടുത്തിയത്. നാട്ടില്‍ ചെറിയ തോതിലൊക്കെ പാര്‍ട്ടിക്ക് വേണ്ടി ‘പണിയെടുക്കും’ എന്ന് തങ്കച്ചന്‍. എന്നിട്ടും അതേ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ തങ്കച്ചന് വരേണ്ടി വന്നു.

‘ആ മണ്ണ് വിട്ട് പോകാന്‍ പറ്റില്ല. എല്ലാടത്തുമുള്ള ആദിവാസികള്‍ക്കും പ്രശ്‌നങ്ങളാണ്. സര്‍ക്കാര്‍ അതൊക്കെ തീര്‍ക്കണം. ഞങ്ങള്‍ സമരം ചെയ്യണെങ്കിലും ആരെയും ഉപദ്രവിക്കണില്ലല്ലോ? അപ്പോ ഞങ്ങളെം ഉപദ്രവിക്കാതിരിക്കണം’- തങ്കച്ചന്‍ പറഞ്ഞു. 

‘നിങ്ങളൊക്കെ വോട്ട് ചെയ്യാറുണ്ടോ?’
‘എല്ലാ വോട്ടും ചെയ്യും’
‘അവിടെയുള്ള പാര്‍ട്ടിക്കാരു വിചാരിച്ചാല്‍ നിങ്ങളുടെ പ്രശ്‌നം തീരില്ലേ?’
‘ഓ…!’

എന്തിനാണ് ഈ നില്‍പ്പു സമരം?
ഈ സമരം രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെയാണ്. 2001ല്‍ ഇതുപോലെ ആദിവാസികള്‍ കുടില്‍ കെട്ടിയിരുന്നു. 48 ദിവസം സമരം ചെയ്തു. പട്ടിണി മരണം ആദിവാസികളുടെ വേരറക്കാന്‍ കൊടുവാളോങ്ങി നില്‍ക്കുകയിരുന്നു അപ്പോള്‍(ഇപ്പോഴും). അവര്‍ക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല, ഒന്നുമുണ്ടായിരുന്നില്ല. ഈ സമരത്തിന്റെ ഫലമായി അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി ആദിവാസികള്‍ക്കൊരു വാഗ്ദാനം നല്‍കി. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും, ആദിവാസി പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍(ഒരു പ്രത്യേക ദൗത്യമായി) നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പ്ലാനിംഗിന്റെ ഭാഗമാക്കും. ഏഷ്യയിലെ ബൃഹത്തായ പദ്ധതിയെന്ന നിലയില്‍ നടപ്പിലാക്കിയ കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം പുനരധിവാസ പദ്ധതി ഉള്‍പ്പെടെ ഏഴായിരത്തോളം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ അന്നത്തെ സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്തു. ആദിവാസികള്‍ക്ക് പതിച്ചു നല്‍കാനുള്ള വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് 19,000 ഏക്കര്‍ വനഭൂമി വിട്ടു നല്‍കാന്‍ കേന്ദ്രസര്‍ക്കാരും സുപ്രിം കോടതിയും അനുമതി നല്‍കി. അതോടൊപ്പം വനാവകാശം അംഗീകരിച്ചുകൊണ്ട് 2006ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കുകയും ചെയ്തു. ഇതെല്ലാം നമ്മള്‍ അറിഞ്ഞ വാര്‍ത്തകള്‍. ഇതൊന്നും പക്ഷെ, ആദിവാസികള്‍ക്ക് പ്രയോജനപ്പെട്ടില്ലെന്നുമാത്രം. ആദിവാസി പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ വനഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കേണ്ടതില്ല എന്ന നിലപാടാണ് നിലവിലെ കേരളസര്‍ക്കാരിനുള്ളതെന്നാണ് ആദിവാസി സമരസമിതി നേതാക്കള്‍ ആരോപിക്കുന്നത്. കേന്ദ്രം കൈമാറിയ വനഭൂമിയിലേറെയും അട്ടപ്പാടിയിലെ ആദിവാസമേഖലയിലാണ്. എന്നാല്‍ ഈ ഭൂമി ഇതുവരെ ആദിവാസികള്‍ക്ക് അവകാശപ്പെട്ടതായിട്ടില്ല. ശിശുമരണം കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന അട്ടപ്പാടി ആദിവാസി ഊരുകളുടെ ദയനീയസ്ഥിതി ഭരണകൂടം കാണാഞ്ഞിട്ടല്ല. യാതൊരു നിയമ തടസ്സവും ഇല്ലെന്നിരിക്കെ, എല്ലാ അനുമതികളും കിട്ടിയ സാഹചര്യം ഉണ്ടായിട്ടും പുനരധിവാസം എന്ന നടപടിയിലേക്ക് സര്‍ക്കാര്‍ തിരിയാത്തതിന്റെ കാരണമാണ് അജ്ഞാതം.

ഭൂമി നല്‍കുമെന്നു പറഞ്ഞവര്‍ അതു ചെയ്യാതെ അവരുടെ ഉള്ള ഭൂമിയില്‍ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ഭൂമി പിടിച്ചെടുക്കാനും ചെയ്യുന്നിടത്താണ് വീണ്ടുമൊരിക്കല്‍ കൂടി അധികാരത്തിന്റെ വെള്ളക്കൊട്ടാരത്തിനു മുന്നില്‍ അവകാശസംരക്ഷണം ആവശ്യപ്പെട്ട് വന്നിരിക്കുന്നത്.

(ചിത്രങ്ങള്‍-പ്രജിത്ത്)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍