UPDATES

അഘോരികള്‍ക്കൊപ്പം; ത്രിമ്പകേശ്വരം കുംഭമേള- ഫോട്ടോ ഫീച്ചര്‍

Avatar

മനു മൈക്കിള്‍ ജോസഫ്

മയക്കം വിട്ടുണരുമ്പോള്‍ ട്രെയിനില്‍ അന്തരീക്ഷം ഏറെ മാറിയിരുന്നു. അകത്ത് മുഴുവന്‍ കാവിധാരികള്‍. തലയില്‍ ചുറ്റികെട്ടോടെ ഏതോ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞും തര്‍ക്കിച്ചും ആകെ ബഹളം. എനിക്ക് ഇറങ്ങേണ്ട സ്ഥലം അടുക്കുന്നു. സമയം നോക്കി. ഇരുട്ട് വീണിരിക്കുന്നു. നാസിക് റോഡ് സ്‌റ്റേഷനില്‍ ട്രെയിന്‍ നില്‍ക്കുമ്പോള്‍ അഞ്ച് കഴിഞ്ഞിരുന്നു. ആദ്യമായാണ് ഇവിടെ, അതിന്റെയൊരു പരിഭ്രമം ഉണ്ടെങ്കിലും പുതിയ അനുഭവത്തിന്റെ അത്ഭുതവുമുണ്ട്.

ത്രിമ്പകേശ്വരത്തേക്കാണ് പോകേണ്ടത്. ഒരു യാത്ര എന്ന ആഗ്രഹം ഉടലെടുത്തപ്പോള്‍ , എന്നാല്‍ ഇത്തവണ കുംഭമേള കണ്ടാലോ എന്നോര്‍ത്തു. ഒരു സുഹൃത്തില്‍ നിന്നാണ് നാസിക്കിലെ ത്രിമ്പകേശ്വരം ക്ഷേത്രത്തില്‍ ഇത്തവണ കുംഭമേള നടക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒന്നാണ് കുംഭമേളയെന്നും പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്ന നാസിക്കിലെ ത്രിമ്പകേശ്വരത്ത് ഇത്തവണ സെപ്തംബറില്‍ അതാഘോഷിക്കുന്നുണ്ടെന്നും അറിഞ്ഞുകേട്ടപ്പോള്‍, ഇതുവരെ പരിചയിക്കാത്തൊരു ചുറ്റുപാടിലേക്ക് തന്നെയാകട്ടെ യാത്രയെന്ന് തീരുമാനിച്ചു.

ട്രെയിനിറങ്ങിയ ശേഷം ത്രിമ്പകേശ്വരത്തേക്ക് എങ്ങനെയെത്താം എന്നതിനെക്കുറിച്ച് അന്വേഷിച്ചു. ബസ് ആണ് മാര്‍ഗം. പക്ഷേ ഒരു പ്രശ്‌നം. ഏതാണ്ട് 35 കിലോമീറ്ററിനടുത്തേ ദൂരമുള്ളുവെങ്കിലും ചുരുങ്ങിയത് മൂന്നു നാലു മണിക്കൂര്‍ എടുക്കുമത്രെ അവിടെയെത്താന്‍. അത്രയ്ക്കുണ്ട് ട്രാഫിക് ബ്ലോക്. കൊച്ചിയില്‍ താമസിക്കുന്നൊരാളായതുകൊണ്ട് ട്രാഫിക് ബ്ലോക് എന്ന സംഗതി അത്ര കണ്ടൊന്നും ഭയമുണ്ടാക്കിയില്ല.

ഒരു ഭാഗ്യം ഉണ്ടായി. ഞാന്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ത്രിമ്പകേശ്വരത്ത് എത്തി. ത്രിമ്പകം ബസ് സ്റ്റാന്‍ഡില്‍ അട്ടകള്‍പോലെ നീണ്ട ബസുകളുടെ നിരയാണ്. ഓരോ ബസും എന്നെ തമിഴ് സിനിമയിലെ പച്ച ബസിനെ ഓര്‍മിപ്പിച്ചു. ആളുകളെയും ചരക്കുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് എല്ലാം.

ബസ് ഇറങ്ങി ഞാന്‍ നടക്കുന്നത് ഒരു കാവിക്കടലിലേക്കാണെന്നു തോന്നി. ഹോ….എന്തൊരു തിരക്ക്…ഇവിടെ ഞാന്‍ ചുറ്റിപോകുമല്ലോ…മനസ്സില്‍ ചെറിയൊരു ഉത്കണ്ഠ ഉണ്ടായി. ഒരു മലയാളി ആണല്ലോ എന്ന വിശ്വാസമുള്ളതുകൊണ്ട് ഞാനും ആ തിരക്കിലേക്ക് ഇറങ്ങി നടന്നു. അമ്പലം ഒന്നു കണ്ടു പിടിക്കണം. ഭക്തരെക്കാള്‍ കൂടുതല്‍  പൊലീസ് ഇവിടെയുണ്ടെന്നു തോന്നുന്നു. ആരോടെങ്കിലും ഒന്നു ചോദിക്കാമെന്നുവെച്ചാല്‍, ആരും മൈന്‍ഡ് ചെയ്യുന്നേയില്ല. മുന്‍പേ ഗമിക്കുന്ന ഗോവിന് പിന്‍പേ എന്നപോലെ ആള്‍കൂട്ടത്തെ പിന്തുടര്‍ന്നു ഞാന്‍ ഒടുവില്‍ ത്രിമ്പകേശ്വരന് മുന്നില്‍ എത്തി.

അമ്പലത്തിനടുത്തേക്ക് അടുക്കാനേ വയ്യ. മനുഷ്യര്‍ ഉറുമ്പുകളെ പോലെ പരക്കം പായുകയാണ്. ഞാനും അതിലൊന്നായി. അമ്പലത്തിനു മുന്നിലെത്തി. പുറത്തു നിന്നു ഒരു വീക്ഷണം. അകത്തു പിന്നെ കയറാം. ഇപ്പോള്‍ കയറാമെന്നു മോഹിക്കുകയും വേണ്ട. ആദ്യം സ്ഥലമെല്ലാം ഒന്നു ചുറ്റിക്കാണണം. നാളെയാവാം ദര്‍ശനം. ഞാന്‍ അതുവഴിയെല്ലാം ചുറ്റി കറങ്ങി. ആ കറക്കം രാത്രി പന്ത്രണ്ടുവരെ നീണ്ടു. ഇനി എവിടെയെങ്കിലും തങ്ങണം. ഒറ്റയ്ക്ക് വരുന്നവര്‍ക്ക് മുറി തരില്ല. ഗുരുവായൂര്‍ പോയാലും ഇതൊക്കെ തന്നെയാണല്ലോ സ്ഥിതി! ഒടുവില്‍ മൂന്നൂനാലുപേര്‍ ചേര്‍ന്ന് മുറി ഷെയര്‍ ചെയ്യുന്നൊരു പദ്ധതിയില്‍ അംഗമായി. എവിടെ വേണമെങ്കിലും കിടക്കാവുന്നതേയുള്ളൂ, പക്ഷെ ഫോണ്‍ ചാര്‍ജ് ചെയ്യണം. അതാണല്ലോ നമ്മുടെ വലിയ അത്യാവശ്യം. അതുകൊണ്ടാണൊരു മുറി എടുക്കാന്‍ തീരുമാനിച്ചത്. ഉറക്കമൊക്കെ കണക്കായിരുന്നു. അതുകൊണ്ട് പുലര്‍ച്ചെ തന്നെ എഴുന്നേറ്റൂ.

രാത്രി കണ്ടതല്ല, പകല്‍ എന്നെ കാത്തിരുന്നത്. ചുറ്റും നിരന്നു നില്‍ക്കുന്ന മലകള്‍, നല്ല തണുത്ത കാറ്റ്. മലമുകളില്‍ മഞ്ഞോ മേഘമോ എന്നറിയില്ല. മനുഷ്യനെ പ്രകൃതിയോളം ഫ്രഷ് ആക്കി മാറ്റുന്ന വേറെ ഒന്നും ഇല്ല. 

കുളി കഴിഞ്ഞ് വീണ്ടും പുറത്തേക്കിറങ്ങി. പ്രധാന ക്ഷേത്രം കൂടാതെ നിരവധി ചെറിയ ചെറിയ മന്ദിറുകള്‍. എല്ലായിടത്തും കയറിയിറങ്ങി കണ്ടു. ഒരിടത്ത് ചെന്നപ്പോള്‍ അവിടെ നീണ്ട ക്യൂ. ഭക്ഷണത്തിനായുള്ളതാണ്. എന്നാല്‍ പിന്നെ ആ ക്യൂവിലെ ഒരംഗമാകാമെന്ന് കരുതി. ഭക്ഷണം കൊടുക്കുന്നത് ഒരു ഹാളിലാണ്. ഏതാണ്ട് മൂന്നൂറോളം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. പാത്രത്തിലല്ല, ഇലയിലാണ് ഭക്ഷണം വിളമ്പുന്നത്. വട്ടത്തിലുള്ള ഉണങ്ങിയ ഇല. മഞ്ഞനിറത്തിലുള്ള ചോറ്. കപ്പലണ്ടി, ഉരുളക്കിഴങ്ങ് കറി, കേസരി; ഇതൊക്കെയാണ് ഭക്ഷണം. നല്ല സ്വാദ്.  കഴിച്ചു കഴിഞ്ഞാല്‍ ഇല കളയരുത്. അത് സംഘാടകരെ തിരികെ ഏല്‍പ്പിക്കണം. അതവര്‍ വാങ്ങി അടുക്കി വയ്ക്കുന്നുണ്ട്. ഈ ഇലകള്‍ തന്നെയാവുമോ അടുത്തവര്‍ക്കും കൊടുക്കുക?

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും നടന്നൂ. ഒരാല്‍മരം കണ്ടു. അവിടെ ചിലര്‍ ഇരുന്നു വിശ്രമിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇരിക്കാന്‍ പോയില്ല, നിവര്‍ന്നങ്ങു കിടന്നു. ആ കിടപ്പിലാണ് ഞാന്‍ അഘോരികളെ കുറിച്ച് ഓര്‍ത്തത്. കുംഭമേളകള്‍ എന്നു പറഞ്ഞാല്‍ ആദ്യം മനസില്‍ വരുന്നത് അഘോരികളെയാണ്. അവരുടെ രൂപം. നാന്‍ കടവുള്‍ കണ്ടതില്‍ പിന്നെ എന്നെങ്കിലും ഒരു അഘോരിയെ നേരില്‍ കണ്ട് പരിചയപ്പെടണമെന്ന് തോന്നിയിട്ടുണ്ട്. ഈ യാത്രയ്ക്ക് അങ്ങനെയൊരു ഉദ്ദേശവും ഉണ്ട്. പക്ഷെ ഇവിടെയിപ്പോള്‍ മരുന്നിനുപോലും ഒന്നിനെയും കാണുന്നില്ല. 

ചെറിയൊരു മയക്കത്തില്‍ നിന്ന് എന്നെ എഴുന്നേല്‍പ്പിച്ചത് ആള്‍ക്കാരുടെ ബഹളമാണ്. കുറെപ്പേര്‍ വട്ടംകൂടി നില്‍ക്കുകയാണ്. കൗതുകത്തോടെ അവര്‍ക്കിടയിലേക്ക് ചെന്നു. അതാ നില്‍ക്കുന്നു ഒരു അഘോരി! ആഹാ… കക്ഷി ചില്ലറക്കാരനല്ല. സ്വന്തം ലിംഗം മൂത്രസഞ്ചിയോട് ചേര്‍ത്ത് താഴിട്ടു പൂട്ടിയിരിക്കുന്നു. വിശ്വാസമാകുന്നില്ലല്ലേ… സത്യമാണ്. എനിക്ക് അങ്ങേരെ കണ്ടപ്പോള്‍ കൗതുകമാണ് വന്നതെങ്കിലും അവിടെ കൂടി നിന്നവര്‍ക്ക് അതല്ലായിരുന്നു ഭാവം. വലിയ ആരാധന. അവര്‍ സ്വാമിയുടെ അനുഗ്രഹത്തിനായി തിരക്കു കൂട്ടുന്നു. പണം എറിഞ്ഞു കൊടുക്കുന്നു. ചിലരൊക്കെ, ഭദ്രമായി പൂട്ടിവച്ചിരിക്കുന്ന ലിംഗത്തില്‍ ഒന്നു തൊട്ട് സായൂജ്യമടയാന്‍ തിക്കിത്തിരക്കുന്നുണ്ട്. കരുണാമയനായ സ്വാമി തന്റെ കൈയിലുള്ള മയില്‍പ്പീലി തണ്ടുകൊണ്ട് ഭക്തരെയെല്ലാം തലോടി അനുഗ്രഹിക്കുന്നു. സ്വാമിയെ ആരും അനുകരിക്കാതിരുന്നാല്‍ മതിയായിരുന്നു.

ഞാന്‍ എന്റെ അന്വേഷണം വീണ്ടും ആരംഭിച്ചു… ഒരിടത്തു തന്നെ തറച്ചു നില്‍ക്കുന്ന സ്വഭാവം പണ്ടേയില്ല.

എന്റെ യാത്രയെ മുടക്കാനായി കൊണ്ട് മഴ ചെറുതായി ചാറിത്തുടങ്ങി അത് വക വയ്ക്കാതെ ഞാന്‍ നടന്നു. ഇപ്പോള്‍ ഒരു മൊട്ടക്കുന്നിന്റെ പുറത്താണ്. അതുവരെ തൂളി നിന്ന മഴ, അപ്പോഴേക്കും ശക്തിയായി. ഓടിക്കയറിയത് ഒരു കടയുടെ ഉള്ളിലേക്കാണ്. മഴ മാറുന്നതും നോക്കി നില്‍ക്കുമ്പോഴാണ് ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നൊൊരു ത്രിശൂലം കാണുന്നത്. അതെന്നെ അത്ഭുതപ്പെടുത്തി. ഇത്രയും വലിയൊരു ശൂലം ആദ്യമായാണ് കാണുന്നത്. അതെവിടെയാണെന്ന് അടുത്തു നിന്നൊരാളോട് ചേദിച്ചു മനസ്സിലാക്കി. ഞാന്‍ കയറിയിറങ്ങിയപോലെ മറ്റൊരു മന്ദിറിലാണ് അതും. സ്‌റ്റെപ്പ് കയറി മുകളിലേക്ക് പോകണം. മഴയൊന്നു മാറാന്‍ കാത്തു നിന്നു. മനസ്സിലെ ധൃതി കൊണ്ട് ബാക്കി നിന്ന ചാറ്റലിനെ വകവയ്ക്കാതെ പുറത്തേക്കിറങ്ങി. പടികള്‍ കയറി മുകളിലേക്ക് നടന്നു. ആ നടപ്പില്‍ ഞാന്‍ അവിടെയെത്തിയ ശേഷം ആദ്യമായി മറ്റൊരു ഗന്ധം അനുഭവിക്കാന്‍ തുടങ്ങി. നല്ല കഞ്ചാവിന്റെ മണം. ഉറവിടം കാണുന്നില്ല. എന്നാലും തലപെരുക്കുന്ന മണം. കയറ്റത്തിനൊടുവില്‍ ആ മന്ദിറിലെത്തി. അവിടെ നിന്നു താഴേക്കു നോക്കിയാല്‍ ത്രിമ്പകേശ്വരം മൊത്തം കാണാം. നല്ല വ്യൂ. ത്രീശൂലം മാത്രമല്ല, വലിയൊരു ശിവലിംഗവുമുണ്ട്. അത്രവലിയ ഒന്ന് അത്ഭുതമാണ്. മന്ദിറില്‍ കുറച്ചു നേരം ചെലവിട്ടപ്പോഴാണ് വീണ്ടുമൊരു ശബ്ദകോലാഹലം. അടുത്തുള്ളൊരു ഹാളില്‍ നിന്നാണ്. നിറയെ ആളുകളുണ്ട്. കുറെ സ്വാമിമാരും. ഭക്തര്‍ സ്വാമിമാരെ ആരതിയുഴിഞ്ഞും തൊഴുതും ജപങ്ങള്‍ മുഴക്കിയും ആരാധിക്കുകയാണ്. സ്വാമിമാരുടെ മുന്നിലെ തട്ടത്തില്‍ പണം വീണു നിറയുകയാണ്. ദൈവാരാധനയെക്കാള്‍ ഇവിടെ നടക്കുന്നത് മനുഷ്യാരാധന തന്നെ.

അധികനേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. പുറത്തേക്കിറങ്ങിയത് അതിലും വലിയ ബഹളത്തിലേക്കാണ്. ഏതോ ഒരു ശിവസ്‌തോത്രം ഉച്ചത്തില്‍ മുഴങ്ങുന്നു. അതില്‍ ലയിച്ചു ഭക്തര്‍ ആനന്ദനടനം ചെയ്യുന്നൂ. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കുറെ പോലീസുകാരും നൃത്തം ചെയ്യുന്നുണ്ട്. കാഴ്ച്ച രസമുള്ളതാണ്.


സമയം വൈകുന്നേരമായിരിക്കുന്നു. ഇവിടെ എത്തിയപ്പോള്‍ ഒന്നുറപ്പായി. ഞാന്‍ കാണാന്‍ കാത്തിരുന്നവര്‍ ഇവിടെ എവിടെയോ ഉണ്ട്. തെറ്റിയില്ല. എന്റെ നടത്തം ചെന്നെത്തിയത് ആഘോരി കൂട്ടങ്ങളുടെ നടുവിലേക്കാണ്. നഗ്നതയുടെ സ്വാതന്ത്ര്യത്തില്‍ ഭക്തിയുടെ ലഹരിയില്‍ പുകഞ്ഞു നടക്കുന്നവര്‍. അവരെക്കാള്‍ ഉന്മത്തതയോടെ അവര്‍ക്കു ചുറ്റും കൂടിയ ഭക്തര്‍. എല്ലാവരും അനുഗ്രഹം യാചിക്കുന്നു. ചിലര്‍ സങ്കടങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു. അഘോരികള്‍ മയില്‍പ്പീലി തണ്ടാല്‍ ഉഴിഞ്ഞ് മനുഷ്യദു:ഖങ്ങള്‍ ആട്ടിയകറ്റുന്നു. എനിക്ക് വേണ്ടത് ഇവരുടെ ഫോട്ടോയാണ്. ക്യാമറ കണ്ടാല്‍ ആഘോരികളുടെ ഭാവം മാറുന്നു. ആരും സമ്മതിക്കുന്നില്ല. കുറച്ചുനേരം നിരാശയോടെ നടന്നു. ഒരു ഫോട്ടോപോലും ഇല്ലാതെ എങ്ങനെയാ? പെട്ടെന്ന് തന്നെ ടെക്‌നിക്ക് പിടികിട്ടി. ദക്ഷിണ നല്‍കുക! കാശ് കൈയില്‍ ചെന്നാല്‍ ആഘോരികള്‍ ഏതു പോസിനും നിന്നു തരും. പിന്നെ കാര്യങ്ങള്‍ എളുപ്പമായി. അതിനടയ്ക്ക് മറ്റൊരു അത്ഭുതം. ഒരു സ്വാമി നീളമുള്ളൊരു വടി തന്റെ ലിംഗം കൊണ്ട് ചുറ്റി കാലിന് ഇടയില്‍ കൂടി പിടിച്ചിരിക്കുന്നു. മറ്റൊരു സ്വാമി ആ വടിയില്‍ കയറി നില്‍ക്കുന്നൂ. ഹോ… ഇത്രയും കരുത്തോ! എന്തായാലും എനിക്ക് ആവശ്യത്തിനും ഫോട്ടോയും കൂട്ടത്തില്‍ അനുഗ്രഹങ്ങളും കിട്ടി. ഇനിയും ഇവിടെ നിന്നാല്‍ ശരിയാകില്ല. പലരും പ്രസാദം സ്വീകരിക്കാന്‍ വിളിക്കുന്നുണ്ട്. അവരുടെ പ്രസാദം എന്താണെന്നു അറിയാല്ലോ… നമ്മുടെ കിളി പോകും. 

പിറ്റേദിവസം ത്രിമ്പകേശ്വരം ക്ഷേത്രദര്‍ശനം തന്നെയായിരുന്നു മുഖ്യപരിപാടി. രാവിലെ ആറ് മണിക്കു ചെല്ലുമ്പോഴെ ഭയപ്പെടുത്തുന്ന ക്യൂ. നാലു മണിക്കൂര്‍ നില്‍ക്കേണ്ടി വന്നൂ. നല്ല ചൂട്. വിയര്‍ത്തൊലിക്കുകയാണ്. കല്ലില്‍ തീര്‍ത്തതാണ് ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കം. ഉള്ളില്‍ കടന്നപ്പോള്‍ മനസും ശരീരവും മൂടുന്ന തണുപ്പ്. താഴെയായാണ് ശിവലിംഗം. മനസ്സ് വല്ലാത്തൊരു നിര്‍വൃതിയില്‍. എന്തുകൊണ്ടാണ് ജനങ്ങള്‍ ഈ തിക്കും തിരക്കുമെല്ലാം കൂട്ടി ഇവിടെയെത്തുന്നതെന്ന് മനസിലായി. ഇത് മറ്റൊരു അനുഭവമാണ്. മനുഷ്യജന്മത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടത്. പക്ഷേ മറ്റൊന്ന് എന്നെ പേടിപ്പിച്ചു.

അമ്പലത്തിന് പുറത്തായി ഒരു കുളമുണ്ട്. ജന്മപാപങ്ങളെല്ലാം കഴുകി കളയുന്ന കുളം. ഒന്നുമുങ്ങിയാല്‍ സകലപാപവും തീരും. പക്ഷെ മുങ്ങാന്‍ തോന്നിയില്ല. അത്ര കണ്ട് വൃത്തിഹീനം. മനുഷ്യന്‍ ദൈവത്തെ മലിനപ്പെടുത്തിയിരിക്കുന്നു. പുറത്തു കടന്നപ്പോള്‍ ഏതാണ്ട് പന്ത്രണ്ടു മണിയായി. കുറച്ചുനേരം നിന്നപ്പോള്‍ പെട്ടെന്ന് പൊലീസുകാരുടെ ബഹളം. എല്ലാവരെയും മാറ്റി ബാരിക്കേഡുകള്‍ നിരത്തുന്നു. മലമുകളില്‍ നിന്ന് അഘോരികള്‍ ഇറങ്ങുന്നു. വലിയ വി ഐ പികള്‍ വരുന്നതുപോലെ ചാനല്‍ കാമറകളും നിരന്നിട്ടുണ്ട്. ഹോ… ഈ അഘോരികള്‍ അപ്പോള്‍ ശരിക്കും ഒരു സംഭവം തന്നെയാണ് കേട്ടോ…!

എനിക്ക് ഇനിയും കാണേണ്ടിയിരുന്നത് ത്രിമ്പകേശ്വരനെ ആയിരുന്നു… ജനങ്ങള്‍ ഒഴുകുകയാണ്….എങ്കിലും ഒരിക്കല്‍ കൂടി ഞാന്‍ ആ മഹാ ജ്യോതിര്‍ലിംഗം കണ്ടു വണങ്ങി….തൃപ്തിയാകാത്ത മനസുമായാണ് തിരികെ പോന്നത്.  ഒരിക്കല്‍ കൂടി വരണം എന്നുണ്ട്. ഇനി പന്ത്രണ്ടുവര്‍ഷം കഴിയണം. നടക്കുമോ? എല്ലാം ശിവനറിയാം….

(സിനിമയില്‍ പബ്ലിസിറ്റി ഡിസൈനര്‍ ആയി പ്രവര്‍ത്തിക്കുകയാണ് മനു മൈക്കിള്‍ ജോസഫ്)

 (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍