UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് നല്ല ആചാരമല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

1400 കൊല്ലമായി തുടരുന്ന വിവാഹ മോചനരീതി ഭരണഘടനാ വിരുദ്ധമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും കപില്‍ സിബല്‍

മുത്തലാഖ് നല്ല ആചാരമല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. മുത്തലാഖില്‍ മാറ്റം വേണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ അറിയിച്ചു. അതേസമയം ഇതില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി ഹാജരായ മുന്‍ കേന്ദ്രനിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ കോടതിയെ ധരിപ്പിച്ചു.

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മ്മികത പരിശോധിക്കേണ്ടതില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിലപാടെടുത്തു. മുത്തലാഖ് മുസ്ലിം വിശ്വാസത്തിന്റെ ഭാഗമാണ്. 1400 കൊല്ലമായി തുടരുന്ന വിവാഹ മോചനരീതി ഭരണഘടനാ വിരുദ്ധമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും കപില്‍ സിബല്‍ ചോദിച്ചു. മറ്റു മതവിശ്വാസങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം കാലം മുസ്ലിം സമുദായത്തിന്റെ വിശ്വാസവും ഇഴകീറി പരിശോധിക്കാനാകില്ല.

ചീഫ് ജസ്റ്റിസ് ജെഎസ് കേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. മുത്തലാഖ് ഇസ്ലാമികമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെയും ബോര്‍ഡ് ചോദ്യം ചെയ്തു. രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന ഹിന്ദുമത വിശ്വാസം പോലെയാണ് മുത്തലാഖും. 637-ാം ആണ്ട് മുതല്‍ മുത്തലാഖ് നിലവിലുണ്ട്. അത് ഇസ്ലാമികമല്ലെന്ന് ആര്‍ക്കും പറയാനാകില്ല. ഭരണഘടനാപരമായ സമത്വത്തിന്റെയോ ധര്‍മ്മത്തിന്റെയോ ചോദ്യം ഇവിടെ ഉയരുന്നില്ല.

മുസ്ലിം വിവാഹവും വിവാഹ മോചനവും മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള കരാറാണ്. മറ്റുള്ളവര്‍ക്ക് ഇതിലെന്താണ് പ്രശ്‌നം. എല്ലാവിധത്തിലുമുള്ള തലാഖ് സമ്പ്രദായങ്ങള്‍ സുപ്രിംകോടതി റദ്ദാക്കുകയാണെങ്കില്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവരും. ഈ നിയമം പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്നും സിബല്‍ ചോദിക്കുന്നു. പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍