UPDATES

മുത്തലാഖ് നിര്‍ത്തലാക്കല്‍; സി പി എം മുസ്ലിം സ്ത്രീകളോടൊപ്പം

അഴിമുഖം പ്രതിനിധി

ഏകപക്ഷീയമായി മുസ്ലിം പുരുഷന്മാര്‍ സ്ത്രീകളെ വിവാഹമോചനം നടത്തുന്ന മുത്തലാഖ് നിര്‍ത്തലാക്കണമെന്ന മുസ്ലിം സ്ത്രീകളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി സി പി എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. മുത്തലാഖ് ബഹുഭൂരിപക്ഷം മുസ്ലിം രാജ്യങ്ങളിലും അനുവദനീയമല്ല. ഈ രീതി നിര്‍ത്തലാക്കുന്നത് ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ആശ്വാസം നല്കും. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഏകീകൃത സിവില്‍ കോഡ് അജണ്ട സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേല്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഏകനീതി എന്നത് തുല്യത പ്രധാനം ചെയ്യുന്ന ഉറപ്പല്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ഹിന്ദു സമുദായത്തിലെ സ്ത്രീകളുടെ വ്യക്തി നിയമങ്ങള്‍ ഇതിനകം പരിഷ്ക്കരണ വിധേയമായിട്ടുണ്ടെന്ന സര്‍ക്കാര്‍ വക്താക്കളുടെ അവകാശ വാദം തുല്യത ഉറപ്പാക്കലല്ല അവരുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചു മുസ്ലിംകളാണ് അവരുടെ ലക്ഷ്യം എന്നും പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. സ്വത്തവകാശം, ദത്തെടുക്കല്‍, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിലെ വ്യക്തി നിയമങ്ങള്‍ കൂടി പരിഷ്കരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.  

ഇതേ സമയം മുത്തലാഖ് സമ്പ്രദായം ഭൂരിപക്ഷം മുസ്ലിം രാജ്യങ്ങളിലും നിലവിലില്ലെന്നും ഇതിന് മുസ്ലിം മതവിശ്വാസവുമായി ബന്ധമില്ലെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട് പിന്തിരിപ്പനാണെന്നും മുത്തലാഖ് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന മുസ്ലിം സ്ത്രീകളുടെ ആവശ്യത്തോടൊപ്പം നില്‍ക്കുമെന്നും മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ബി ജെ പി സര്‍ക്കാര്‍ മുത്തലാഖ് വിഷയത്തെ കാണുന്നത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള വഴി മാത്രമായിട്ടാണ്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. പ്രണയ വിവാഹത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വധിക്കുന്ന ഖാപ്പ് പഞ്ചായത്തുകളെ നിരോധിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറാകുമോ എന്നും സതി അനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു തെരുവിലിറങ്ങുന്നവരെ നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകുമോ എന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗവും മഹിളാ അസോസിയേഷന്‍ നേതാവുമായ വൃന്ദ കാരാട്ട് ചോദിച്ചു.

എല്ലാ സമുദായങ്ങളിലെയും സ്ത്രീകള്‍ക്ക് തുല്യത ഉറപ്പ് വരുത്താന്‍ വ്യക്തി നിയമ പരിഷ്കരണം വഴി മാത്രമേ സാധ്യമാകൂ. അപര്യാപ്തമായ നിയമങ്ങള്‍ ഏകരീതിയില്‍ കൊണ്ടുവന്നു തുല്യത ഉറപ്പാക്കാന്‍ കഴിയില്ല. മത നിരപേക്ഷ നിയമങ്ങള്‍ പരിഷ്കരിക്കുകയും വികസിപ്പിക്കുകയുമാണ് വേണ്ടതെന്ന് മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍